പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അപ്രതീക്ഷിത ചികിത്സാ ചെലവുകൾ കുടുംബങ്ങൾക്കു സാന്പത്തിക ബാധ്യത സൃഷ്ടിക്കാതിരിക്കാൻ യുഡിഎഫ് സർക്കാർ കൊണ്ടുവരുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്തു വൈകാതെ നടപ്പാക്കാനൊരുങ്ങുന്നു. 100 ദിന കർമപദ്ധതിയിൽ പെടുത്തി യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.
മുഴുവൻ കുടുംബങ്ങളേയും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും. പാവപ്പെട്ടവർക്ക് സൗജന്യമായും നിശ്ചിത വരുമാനത്തിനു മുകളിലുള്ളവരിൽ നിന്ന് പ്രത്യേക നിരക്ക് ഈടാക്കിയുമാകും ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക.
സർക്കാർ ആശുപത്രികളെയും ഗവണ്മെന്റ് മെഡിക്കൽ കോളജുകളെയും കൂടാതെ സ്വകാര്യ ആശുപത്രികളെയും ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതു സംസ്ഥാനത്തു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വിദഗ്ധ സമിതി പഠിച്ചു വരുന്നു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഫണ്ടിൽ പ്രവർത്തിക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പദ്ധതി, കാരുണ്യ ലോട്ടറിയുടെ ഫണ്ടിൽ പ്രവർത്തിക്കുന്ന മാരക രോഗങ്ങളുടെ ചികിത്സയ്ക്കുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം, 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടപ്പാക്കുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതിയായ ശ്രുതിതരംഗം, ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഹൃദ്യം തുടങ്ങിയവയെല്ലാം ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ലയിപ്പിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) അഞ്ചു ലക്ഷം രൂപ വരെയാണ് ചികിത്സാ ഇൻഷ്വറൻസ് ലഭിക്കുക. ബിപിഎൽ വിഭാഗത്തിലെ 42 ലക്ഷം കുടുംബങ്ങളും വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങളും അടക്കം 64 ലക്ഷം ഗുണഭോക്താക്കളാണ് ഉള്ളത്. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് അടക്കമുള്ള പദ്ധതികൾ ഇവിടെ ഇതിന്റെ ഭാഗമാണ്.
ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ സഹായത്തോടെ സംസ്ഥാനം മാത്രം നടപ്പാക്കുന്ന മാരക രോഗങ്ങൾക്കുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് അടക്കമുള്ളവയും ഇതിൽ ലയിപ്പിക്കും. ആരോഗ്യ വകുപ്പിനു കീഴിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ഇൻഷ്വറൻസ് പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി കാരുണ്യ പദ്ധതി നടപ്പാക്കണമെന്ന വാദവും ഉയരുന്നുണ്ട്.