മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: അമേരിക്കൻ കന്പനിയായ കോറോ ഹെൽത്ത് പിരിച്ചുവിട്ട ജീവനക്കാരിൽ പരമാവധി പേർക്ക് നിയമനം നൽകുമെന്ന് ടെക്നോളജി കന്പനികളുടെ കൂട്ടായ്മയായ ജി-ടെക് അറിയിച്ചതായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.
കേരളത്തിലെ ഓഫീസുകൾ പൂട്ടി കോറോ ഹെൽത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ജി-ടെക് പ്രതിനിധികളും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.
കന്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐടി കന്പനികളിൽ പുനർനിയമനം നൽകാൻ ചർച്ചയിൽ ധാരണയായി. ഇതിനായി തൊഴിൽ രഹിതരായ ജീവനക്കാരുടെ പ്രൊഫൈലുകൾ ജിടെക് അംഗങ്ങളായ കന്പനികൾക്ക് കൈമാറും.
നൂറ് ശതമാനം പേർക്കും ജോലി നൽകുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും, യോഗ്യരായ പരമാവധി ജീവനക്കാർക്ക് നിയമനം നൽകുമെന്നും ജി-ടെക് പ്രതിനിധികൾ അറിയിച്ചു.
Tags : GTech CorroHealth employees Kunhalikutty