ഐഎന്‍ആര്‍ കണക്ട് അവതരണ ചടങ്ങില്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി ദീപം തെളിക്കുന്നു.
പുതുപ്പള്ളി: റബര്‍ ബോര്‍ഡ് രൂപംനല്കിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ഐഎന്‍ആര്‍ കണക്ട്’നിലവിൽവന്നു. കേന്ദ്രസര്‍ക്കാരിന്റെ റിഫോംസ് ഉത്സവ് പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി റബര്‍ ഗവേഷണകേന്ദ്രത്തിലാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനു രൂപംനൽകിയത്. പുതുതലമുറയെ കാര്‍ഷികമേഖലയിലേക്കും റബര്കൃഷിയിലേക്കും ആകര്‍ഷിക്കുകയാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഎന്‍ആര്‍ കണക്ട് അവതരിപ്പിച്ചു പ്രസംഗിക്കവെ റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി പറഞ്ഞു.
ബോര്‍ഡ് ഉദ്യോഗസ്ഥന് വി. മനോജ് കുമാര്‍ ഐഎന്‍ആര്‍ കണക്ട് സംവിധാനം പരിചയപ്പെടുത്തി. തുടര്‍ന്നു നടന്ന ആശയവിനിമയത്തില്‍ ടാപ്പര്‍മാര്‍, റബര്‍ ഉത്പാദകസംഘം പ്രതിനിധികള്‍, റബര്‍ അധിഷ്ഠിത സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു. ഷാജിമോന്‍ ജോസഫ്, വി.പി. ഫിലിപ്പ്, സി. ഗോപകുമാര്‍, സനല്‍കുമാര്‍, റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ ഡോ. ടി. സിജു, ജോയിന്റ് റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകര്‍, തൊഴിലാളികള്‍, ഏജന്‍സികള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കും
പുതുപ്പള്ളി: റബര്‍ കര്‍ഷകര്‍, ടാപ്പിംഗ് തൊഴിലാളികള്‍, തോട്ടങ്ങള്‍ ഏറ്റെടുത്തു ടാപ്പിംഗ് നടത്താന്‍ താത്പര്യമുള്ള ഏജന്‍സികള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഐഎന്‍ആര്‍ കണക്ട്. റബര്‍ ബോര്‍ഡ് വെബ്സൈറ്റിലും പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാകും. റബര്‍ ടാപ്പിംഗ് സേവനം നല്കുന്നവര്ക്കും ആവശ്യമുള്ളവര്‍ക്കും ഡിജിറ്റലായി പ്രയോജനം നേടാം. തോട്ടം ഉടമകള്‍, ടാപ്പര്‍, ഏജന്‍സി എന്നിവര്‍ക്കു ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഒരേക്കറില്‍ കുറയാതെ തോട്ടമുള്ള ഉടമകൾക്കും ഒരേക്കറില്‍ ടാപ്പിംഗ് നടത്തുന്ന ടാപ്പര്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ലളിതമായ പത്തു ഘട്ടങ്ങളുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ആദ്യം വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ രജിസ്ട്രേഷന് നടത്തണം. തുടര്‍ന്ന് അപേക്ഷ സമര്‍പ്പണം. ഫീസ് അടയ്ക്കല്‍, പരിശോധനയും സാധൂകരണത്തിനുംശേഷം സ്വീകാര്യമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ തള്ളുകയോ ചെയ്യും. താത്പര്യമുള്ളവര്‍ക്ക് സംസാരിക്കാനുള്ള അവസരം ലഭിക്കും. സ്വീകാര്യമായവര്ക്കു കരാറില്‍ ഏര്‍പ്പെടാം. ഉത്പാദനവിവരങ്ങള് വ്യക്തമാക്കുന്നതോടെ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കാം. ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങള്‍ റബര്‍ ബോര്‍ഡ് അധികൃതര്‍ നിരീക്ഷിക്കുകയും ചെയ്യും.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണു രജിസ്ട്രേഷന് നടത്തേണ്ടത്. റബര്‍ കര്‍ഷകര്‍ക്ക് 100 രൂപയും ഏജന്‍സികള്‍ക്ക് 1,000 രൂപയുമാണ് ഒറ്റത്തവണ രജിസ്ട്രേഷന് ഫീസ്. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയാല്‍ റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫിസുകള്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധനയ്ക്കുശേഷമാണ് വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുക.
ടാപ്പിംഗ് തൊഴിലാളികളുടെ കുറവ്, ടാപ്പിംഗ് ഏറ്റെടുത്തുനടത്താന്‍ താത്പര്യമുള്ള ഏജന്‍സികളെയും തൊഴിലാളികളെയും തോട്ടമുടമകളുമായി ബന്ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ നിരവധി റബര്‍ തോട്ടങ്ങള്‍ ടാപ്പിംഗ് നടത്താതെ കിടക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയും പ്രകൃതിദത്ത റബര്‍മേഖലയിലെ തോട്ടമുടമകള്‍, ടാപ്പര്‍മാര്‍, ടാപ്പിംഗ് ഏജന്‍സികള്‍ എന്നിവര്‍ക്കിടയില്‍ ഫലപ്രദമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുകയാണ് ഐഎന്‍ആര്‍ കണക്ട് ലക്ഷ്യമിടുന്നത്.
Tags : RubberBoard INRConnect DigitalPlatform DigitalInnovation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash