എംഎസ്സി എൽസ -3 കപ്പൽ കടലിൽ മുങ്ങിയപ്പോൾ (ഫയൽ ചിത്രം)
കൊച്ചി: എംഎസ്സി എൽസ -3 കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ അടിഞ്ഞ കണ്ടെയ്നറുകളും രാസവസ്തുക്കളും പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടോയെന്ന പരിശോധനയ്ക്ക് ഇന്ത്യൻ നേവിയുടെ സേവനം കിട്ടുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി.
ഇക്കാര്യം പ്രതിരോധ മന്ത്രാലയം അറിയിക്കണമെന്ന് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആഴക്കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് നിരീക്ഷക് എന്ന കപ്പൽ സ്വന്തമായുള്ള നേവിക്ക് സങ്കീർണമായ കടൽ പര്യവേക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന അമികസ് ക്യൂറി റിപ്പോർട്ട്കൂടി പരിഗണിച്ചാണ് ഉത്തരവ്.
കപ്പലപകടത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനുൾപ്പെടെ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജികളിലാണ് ഉത്തരവ്. ഹർജി വീണ്ടും ഓഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി.
‘സ്വകാര്യ ഏജൻസിയുടെ പഠനം ആധികാരികമല്ല’
എംഎസ്സി എൽസ -3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കു വേണ്ടി ബ്രാൻഡ് മറൈൻ കൺസൾട്ടന്റ്സ് എന്ന സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പരിസ്ഥിതിക്ക് ദോഷകരമായതൊന്നും കടലിൽ പതിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ആധികാരികതയില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ ശാസ്ത്രീയ വൈദഗ്ധ്യമുള്ള കൺസൾട്ടന്റിനെയോ സ്വതന്ത്ര ഏജൻസിയെയോ ചുമതലപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും കേന്ദ്രം നിലപാട് അറിയിക്കണമെന്നും നിർദേശം നൽകി.
കപ്പലിലുണ്ടായിരുന്ന കാൽസ്യം കാർബൈഡ് ഉൾപ്പെടെ മാരക രാസവസ്തുക്കളടങ്ങുന്ന ഭൂരിപക്ഷം ചരക്കും കടലിനടിയിൽ തന്നെയാണെന്ന് നേരത്തേ കോടതി വിലയിരുത്തിയിരുന്നു.
Tags : Environmental threat KeralaHighCourt Navy services SunkenShip Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews