National
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് പുരസ്കാരം. ഇന്ത്യയുടെ നാരീശക്തി പുരസ്കാര ജേതാവു കൂടിയാണ് ദേവകി അമ്മ.
അൺസംഗ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചത്. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തിൽ മൂവായിരത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും പരിപാലിക്കുന്നു. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിർമിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനയ്ക്കാണ് അംഗീകാരം.
അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ഭഗ്വദാസ് റായ്ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കാഷ്മീർ), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.
District News
കൽപ്പറ്റ: വിഖ്യാത പരിസ്ഥിതി വിദഗ്ധൻ പ്രഫ. മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ സിപിഐ(എംഎൽ)റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള സമഗ്ര പഠനത്തിലും പരിസ്ഥിതി സംരക്ഷണത്തിൽ പൊതുബോധം സൃഷ്ടിക്കുന്നതിലും അടിത്തട്ട് പ്രവർത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പരിസ്ഥിതി വിദഗ്ധനായിരുന്നു പ്രഫ. ഗാഡ്ഗിലെന്ന് യോഗം അനുസ്മരിച്ചു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയാതെ വികസന പദ്ധതികൾ നടപ്പാക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ലാഭ താത്പര്യങ്ങളിൽ ഊന്നിയുള്ള അശാസ്ത്രീയ ഇടപെടലുകളെ പ്രഫ. ഗാഡ്ഗിൽ എതിർത്തു. അശാസ്ത്രീയ ഇടപെടലുകൾ പശ്ചിമഘട്ട പർവതനിരകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ സൂചനകളും നിർദേശങ്ങളുമായിരുന്നു 2011ലെ ഗാഡ്ഗിൽ റിപ്പോർട്ട്.
ഏറ്റവും ഒടുവിൽ വയനാട് പുഞ്ചിരിമട്ടം ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിലും പരിസ്ഥിതി സംരക്ഷണത്തിനു ജനകീയ ചെറുത്തുനിൽപ്പുകൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രഫ. ഗാഡ്ഗിലിന്റെ വേർപാട് ജനകീയ ശാസ്ത്ര ലോകത്തിന് കനത്ത ആഘാതമാണെന്ന് യോഗം വിലയിരുത്തി. സെക്രട്ടറി കെ.വി. പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.എം. ജോർജ്, ബിജി ലാലിച്ചൻ, അഡ്വ. സുനിൽ ജോസഫ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ്, എം.കെ. ബിജു എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: പ്രഫ. മാധവ് ഗാഡ്ഗിൽ ദുരമൂത്ത വികസനഭ്രാന്തിനെതിരേ നിലകൊണ്ട പരിസ്ഥിതി ശാസ്ത്രജ്ഞനാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അനുസ്മരിച്ചു.
ആധുനിക മനുഷ്യന്റെ അശാസ്ത്രീയ വികസനത്വരമൂലം ഉൻമൂലനം ചെയ്യപ്പെടുന്ന പ്രകൃതി ഭൂമിയിലും ജീവജാലങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിപ്പുനൽകുകയും അത്തരം വികസനത്തെ ചെറുക്കണമെന്ന് നിരന്തരം ഉദ്ബോധിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് പ്രഫ. ഗാഡ്ഗിൽ. പശ്ചിമഘട്ടത്തിന്റെ നാശത്തിൽ അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നു. പശ്ചിമഘട്ടത്തിലുടനീളം സഞ്ചരിച്ച പ്രഫ. ഗാഡ്ഗിൽ ജൈവവൈവിധ്യത്തെക്കുറിച്ചും ഭൂഘടനയെക്കറിച്ചും മാത്രമല്ല, മനുഷ്യരെക്കുറിച്ചും ആഴത്തിൽ പഠിച്ചു.
ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമട്ട വിദഗ്ധ സമിതിയുടെ ശിപാർശകൾ യഥാർഥ സത്തയിൽ ജനങ്ങൾ മുന്പാകെ അവതരിപ്പിക്കാൻ ഭരണാധികാരികൾക്ക് സാധിച്ചില്ല. റിപ്പോർട്ടിനെതിരേ പദ്മവ്യൂഹം ചമച്ചവർ പശ്ചിമഘട്ടത്തിൽ അധിവസിക്കുന്ന മൂന്നു കോടി അധഃസ്ഥിതരുടെയും കർഷകരുടെയും മാഗ്നകാർട്ട ആകുമായിരുന്ന ചരിത്ര സംരംഭത്തെ ഗളച്ഛേദം നടത്തുകയാണ് ചെയ്തത്.
കേരളത്തിലെ മഹാപ്രളയം പ്രകൃതിക്ഷോഭമല്ല, മനുഷ്യനിർമിത ദുരന്തമാണെന്നു ആദ്യം വിളിച്ചുപറഞ്ഞത് ഗാഡ്ഗിലാണ്. 2019ലെ പുത്തുമല ഉരുൾപൊട്ടലിന്നുശേഷം അദ്ദേഹം വയനാട്ടിൽ വരികയും ദുരന്തഭൂമിയിൽ സന്ദർശനം നടത്തുകയും ഇരകളെ കാണുകയും ചെയ്തു.
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ വൻ പ്രക്ഷോഭം അരങ്ങേറിയ വയനാട്ടിൽ അദ്ദേഹത്തെ കേൾക്കാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
പുഞ്ചിരിമട്ടം ദുരന്തമുണ്ടായപ്പോൾ വയനാട്ടിലെത്താൻ പ്രഫ. ഗാഡ്ഗിൽ ശ്രമിച്ചെങ്കിലും അനാരോഗ്യം കാരണം സാധിച്ചില്ല. വയനാട് തുരങ്കപാതയെക്കുറിച്ച് സർക്കാർതലത്തിൽ ആലോചന തുടങ്ങിയപ്പോൾത്തന്നെ പദ്ധതിയെശക്തിയുക്തം എതിർത്ത പ്രഫ. ഗാഡ്ഗിൽ തുരങ്കനിർമാണം വലിയ ദുരന്തങ്ങൾക്കിടവരുത്തുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ, ഉത്തരവാദപ്പെട്ടവർ ഇതിനു കാതുകൊടുത്തില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലന്പാടി, തോമസ് അന്പലവയൽ, എം. ഗംഗാധരൻ, സണ്ണി മരക്കടവ്, പി.എം. സുരേഷ്, രാമകൃഷ്ണൻ തച്ചന്പത്ത്, എ.വി. മനോജ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ സിപിഐ(എംഎൽ) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
ഭൂമിയുടെയും സകലാചരാചരങ്ങളുടെയും നിലനിൽപ്പിനു ജീവിതം സമർപ്പിച്ച പ്രകൃതിസ്നേഹിയാണ് പ്രഫ. ഗാഡ്ഗിലെന്ന് യോഗം അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. കുഞ്ഞിരാമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അസി. സെക്രട്ടറി സാം പി. മാത്യു പ്രസംഗിച്ചു.