ഭൂമിക്കൊരു കുട പദ്ധതി മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : കേവലമായ വൃക്ഷം നടീല്‍ മാത്രമല്ല പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമെന്നും പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളിലും മറ്റു കലാലയങ്ങളും നടപ്പിലാക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ.
ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ലവ്ദാതോ സി - ഭൂമിക്കൊരു കുട പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് പ്രവര്‍ത്തനോദ്ഘാടനം നിവഹിച്ചമന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വൃക്ഷ വ്യാപന രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് നേടിയ നന്മമരം ഗ്ലോബല്‍ ഫൗണ്ടേഷന് സംസ്ഥാന ചീഫ് കോ - ഓര്‍ഡിനേറ്റര്‍ ജേക്കബ് എസ്. മുണ്ടപ്പുളത്തെ ആദരിച്ചു.
മേയര്‍ എ.കെ. ഹഫീസ് ജീവന് സംരക്ഷണ സമിതി അംഗങ്ങള്‍ക്കും ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ നഴ്സിംഗ് കോളജ്, സ്കൂള്‍ പ്രതിനിധികള്‍, ലവ്ദാതോസി - പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. സി.ആര്. നീലകണ്ഠന് മുഖ്യപ്രഭാഷണം നടത്തി.
ഭൂമിക്കൊരു കുടയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന് വിവരിച്ചു. രൂപത പിആര്‍ഒ ഫാ. ലാസര്‍ എസ്. പട്ടകടവ്, ബിഷപ് ബെന്‍സിഗര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി,ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗ് ഡയറക്ടര്‍ ഫാ. ഷാനി ഫ്രാന്‍സിസ്, ജീവന് സംരക്ഷണ സമിതി ജനറല്‍ കോ-ഓർഡിനേറ്ററും രൂപത അസോസിയേറ്റ് പിആര്‍ഒയുമായ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ജേക്കബ് എസ്. മുണ്ടപ്പുളം എന്നിവര്‍ പ്രസംഗിച്ചു.