അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച സുമതിയുടെ വീട്.
കുടയത്തൂർ (ഇടുക്കി): കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിക്കു ജീവൻ നഷ്ടമായത് മകൻ രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
ഉരുൾപൊട്ടലുണ്ടായപ്പോൾ രവിയും സുമതിയും വീടിനു മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു രതീഷ്. ഭർത്താവ് രവി ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ പുലർച്ചെ ആറോടെയാണ് വീടിന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. സുമതിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രതീഷിനെയും സുമതിയെയും രക്ഷിക്കുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കെഎസ്ആർടിസി കണ്ടക്ടറുമായ മഷികല്ലേൽ എം.വി. വിഭാഷിന്റെ വീട്ടിൽ നിലവിളിയോടെ രവി ഓടിയെത്തി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
അടുക്കളയുടെ സ്ലാബിനടിയിൽ കിടന്ന് നിലവിളിച്ച രതീഷിന്റെ ശബ്ദംകേട്ട് പ്രദേശവാസികളായ എളങ്ങനാൽ ജെമിനീഷും വഴീപുരയ്ക്കൽ രാഹുലും ചേർന്ന് മണ്ണുംകല്ലും നീക്കി അരമണിക്കൂറിനുള്ളിൽ രതീഷിനെ പുറത്തെടുത്തു. രതീഷിന്റെ കൈ മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. രതീഷിന് വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി.
അടുത്തുനിൽക്കുന്ന ആളിനെപ്പോലും കാണാനാകാത്ത വിധം ദുരന്തമേഖലയാകെ കോടമഞ്ഞ് നിറഞ്ഞനിലയിലായിരുന്നു. പ്രദേശത്തെ ഊരുമൂപ്പനായ പുത്തൻപുരയ്ക്കൽ നൈനാൻ, പുത്തൻപുരയ്ക്കൽ ജോണ്, മഷികല്ലേൽ വിഭാഷ് എന്നിവരുടെ വീടിനു സമീപത്തുകൂടിയാണ് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെ ത്തിയത്.
Tags : FlashFlood HeavyRain Mazha Urulpottal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash