മണ്ണിടിച്ചിലിൽ ഭാഗികമായി തകർന്ന വീട്
മൂവാറ്റുപുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനു പുറമേ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളിലും വെള്ളം കയറി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിൽ 200 വീടുകളിൽ വെള്ളം കയറി
മൂവാറ്റുപുഴയാറില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ കടാതി ആനിക്കാകുടി, ഇലാഹിയ നഗര്‍ കോളനി, കാളചന്ത, കൊച്ചങ്ങാടി, രണ്ടാര്‍ കവളക്കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 200ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
വാഴപ്പിള്ളി ജെബി സ്കൂള്‍, ടൗണ്‍ യുപി സ്കൂള്‍, മാറാടി യുപി സ്കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കടാതി സണ്‍ഡേ സ്കൂള്‍, കാവുങ്കര വനിതാ സെന്റര്‍, കുര്യന്മല കമ്യൂണിറ്റി സെന്റര്‍, ലൊറേറ്റോ ആശ്രമം എന്നിവിടങ്ങളില്‍ തുടങ്ങിയിരിക്കുന്ന ക്യാമ്പുകളിലേക്കാണ് കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ അടിയന്തര സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു. ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും മുന്‍കൂട്ടിക്കണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര
ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ നിലവിലെ മഴയുടെ തീവ്രത, നദികളിലെ ജലനിരപ്പ്, വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നടത്തി.
മഴക്കാല ദുരന്തസാധ്യത നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ മുന്കരുതുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആളുകള്‍ ഭയാശങ്കരാകരുതെന്നും ജാഗ്രത ഉണ്ടായാല്‍ മതിയെന്നും എംഎല്‍എയും ചെയര്‍പേഴ്സണും അറിയിച്ചു.
മഴുവന്നൂര്‍ പഞ്ചായത്തിലെ മഞ്ചനാട് തോട് നിറഞ്ഞ് കവിഞ്ഞ് പാടശേഖരത്തില്‍ വെള്ളം കയറി. തുടര്‍ച്ചയായ മഴയും മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതുമാണ് ഒറ്റ ദിവസം കൊണ്ട് വെള്ളം കയറാന്‍ കാരണമായത്. മോട്ടോര്‍ പുരകളിലെല്ലാം വെള്ളം കയറി.
മഞ്ചനാട് ക്ഷേത്ര റോഡും വെള്ളത്തില്‍ മുങ്ങി. കിഴക്കേ റോഡ് വഴിയേ ക്ഷേത്രത്തിലെത്താന്‍ ഇപ്പോള്‍ മാര്‍ഗമുള്ളു. ജല അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമുള്ള തോടാണ് കര കവിഞ്ഞത്. പമ്പ് ഹൗസിന്റെ കിണറിന് ഉയരത്തിലുള്ള ചുറ്റുമതില്‍ ഉള്ളതിനാല്‍ നിലവില്‍ വെള്ളം കയറാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
കോതയാറും കാളിയാറും കരകവിഞ്ഞു
പോത്താനിക്കാട്: കനത്തമഴ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം വിതച്ചു. കോതയാറും, കാളിയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കമ്പിമുക്ക് പ്രദേശങ്ങളിലെ 20 ഓളം വീടുകളില്‍ വെള്ളം കയറി. കുടമുണ്ടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കോതയാറിനു കുറുകെയുള്ള കുടമുണ്ട, മണിക്കിണര്‍ പാലങ്ങള്‍ വെള്ളത്തിനടയിലായതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കാളിയാര്‍പുഴ കരകവിഞ്ഞ് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാല് വീടുകളില്‍ വെള്ളം കയറി. അത്തിമറ്റം കടവ്, ചേലക്കടവ് പ്രദേശങ്ങളിലെ അഞ്ചോളം വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. കാളിയാര്‍ പുഴയുടെ കൈവഴിയായ പുളിന്താനം തോട് കരകവിഞ്ഞ് ഏക്കറുകണക്കിന് കൃഷിഭൂമിയും വെള്ളത്തിനടയിലായി.
ഇറമ്പില്‍ സാറാമ്മയുടെ വീട്ടിലെ കിണര്‍ മണ്ണുമൂടി. ചെല്ലാംകുന്നത്ത് സന്തോഷിന്റെ വീടിന്റെ പിന്‍വശത്ത് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ഫാം റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തലക്കോട് മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടിയില്‍ വെള്ളം കയറി .
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
വാഴക്കുളം: കനത്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തൊടുപുഴ- മൂവാറ്റുപുഴയാറിൽ വെള്ളം കര കവിഞ്ഞ് പുരയിടങ്ങളിൽ വെളളം കയറി. ജാഗ്രതാ നിർദേശമുള്ളതിനാൽ താഴ്ന്ന പ്രദേശത്തെ വീടുകളിലുള്ളവർ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. പുഴ പെട്ടെന്ന് കര കവിഞ്ഞതിനാൽ പുഴയോര കെട്ടിടങ്ങൾക്കും മറ്റും അപ്രതീക്ഷിത നഷ്ടങ്ങളുണ്ടായി. ആവോലി വള്ളിക്കടയിൽ ചില വീടുകളിലും വെള്ളം കയറി. വഴികൾ വെള്ളം നിറഞ്ഞ് യാത്ര തടസപ്പെട്ടിട്ടുമുണ്ട്.
കനത്ത മഴയില്‍ കദളിക്കാട് പിരളിമറ്റം നെടുമലയില്‍ മണ്ണിടിഞ്ഞ് പത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കനത്ത മഴയേ തുടര്‍ന്ന് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായത്. മഞ്ഞള്ളൂര്‍ മുന്‍ പഞ്ചായത്തംഗമായ അനിത റെജിയുടെ വീടിന്റെ പിന്‍ഭാഗത്തെ മുറികള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയ്ക്കും വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. കൊത്തളത്തില്‍ കെ.യു. സോമന്റെ വീടിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
വെള്ളപ്പൊക്ക ഭീഷണിയില്‍
തിരുമാറാടി: പഞ്ചായത്തിലെ കാക്കൂര്‍ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ വില്ലേജ് ഓഫീസറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജ് ഓഫീസര്‍ രാകേഷ് പിള്ള, 15-ാം വാര്‍ഡ് അംഗം ബിനോയ് കള്ളാട്ടുകുഴി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് തൊട്ടുകുന്നേല് ടി.കെ. അനില്‍കുമാറിന്റെ വീട്ടില്‍ വെള്ളം കയറി. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളായ തൊട്ടുകുന്നേല്താഴം, വാരപ്പെട്ടി ഭാഗം, വെള്ളേലി ചെക്ക്ഡാം എന്നിവിടങ്ങളിലെ 12ഓളം കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിന്റെ ഭിത്തിയിടിഞ്ഞു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ മീമ്പാറ തിരുവാണിയൂര്‍ റോഡിന്റെ ഭിത്തി ഇടിഞ്ഞ് തോട്ടില്‍ പതിച്ചു.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫും മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.