പ്രതീകാത്മക ചിത്രം
കോഴിക്കോട്: ചുവപ്പുനാടകള്‍ ഒഴിവാക്കി ഭരണം കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് പ്രോഗ്രാം മാനേജ്മെന്റ് ഡിവിഷന് (സിപിഎംഡി) എന്ന പേരില്‍ പുതിയ സംവിധാനം.
ഭരണസംവിധാനത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയെന്നതടക്കമുള്ള ഒട്ടനവധി ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയുള്ള കേന്ദ്രീകൃത സംവിധാനമാണു സിപിഎംഡി. മുഖ്യമന്ത്രിയുടെ ഓഫീസിനും ചീഫ് സെക്രട്ടറിയുടെ ഓഫീസിനും പിന്തുണ നല്കി ഈ വിഭാഗം പ്രവര്‍ത്തിക്കും. പ്ലാനിംഗ് ബോര്‍ഡിന്റെ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലെ പ്രഫഷണല്‍ വിഭവശേഷിയും ഇതിനായി പ്രയോജനപ്പെടുത്തും.
സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ പ്രഖ്യാപനങ്ങളും വിവിധ മുന്‍ഗണനാ പദ്ധതികളും കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമാണ് സിപിഎംഡി രൂപവത്കരിക്കുന്നതെന്നു പൊതുഭരണ (അതീവരഹസ്യ) വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്ന പെര്‍ഫോമന്‍സ് മാനേജ്മെന്റ് സംവിധാനമാണ് ഇതിന്റെ പ്രധാന സവിശേഷത. തന്ത്രപരമായ പ്രാധാന്യമുള്ളതോ ഉന്നതതല പരിഗണന ആവശ്യമുള്ളതോ ആയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ ഏകോപന വിഭാഗത്തിന് ചുമതലയുണ്ട്. അന്തര്‍ സംസ്ഥാന പ്രശ്നങ്ങളിലും ഇടപെടും.
അടിയന്തര സാഹചര്യങ്ങളിലും ദുരന്ത പ്രതിസന്ധി ഘട്ടങ്ങളിലും സമയബന്ധിതമായ പ്രതികരണത്തിനായി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ബന്ധിപ്പിക്കുന്ന നോഡല്‍ കോ-ഓര്‍ഡിനേഷന്‍ സംവിധാനമായി പ്രവര്‍ത്തിക്കും. ജുഡീഷല്‍, ഭരണഘടനാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കലും പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള എംപിമാരുടെ മീറ്റിംഗുകളുടെ ഏകോപനവും നിര്‍വഹിക്കും.
അതേസമയം, പതിവ് ഭരണക്രമത്തിലോ വകുപ്പുകളുടെ നിയമപരമായ ചുമതലകളിലോ ഈ വിഭാഗം ഇടപെടുകയോ അവ ഏറ്റെടുക്കുകയോ ഇല്ല.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും സിപിഎംഡിയുടെ പ്രവര്‍ത്തനം. മറ്റു വകുപ്പുകളില്‍നിന്നുള്ള പുനര്‍വിന്യാസത്തിലൂടെ മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കും. ഓരോന്നുവീതം അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, മൂന്ന് അസിസ്റ്റന്റുകള്‍, ഒരു കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിവയാണ് സിപിഒഡിയുടെ പ്രവര്‍ത്തനത്തിനായി സജ്ജമാക്കുന്നത്.
ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും
അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ്, നിക്ഷേപ സൗകര്യവത്കരണം, പൊതുസേവനം തുടങ്ങിയ പ്രധാന മേഖലകളില്‍ വകുപ്പുകള്‍ തമ്മിലുള്ള സംയോജിത ആസൂത്രണവും തന്ത്രപരമായ ഏകോപനവും സിപിഎംഡി ഉറപ്പാക്കും. ബജറ്റ് പ്രഖ്യാപനങ്ങളുടെയും മറ്റു സര്‍ക്കാര്‍ സംരംഭങ്ങളുടെയും പുരോഗതി. ഡിജിറ്റല്‍ മോണിറ്ററിംഗ് സംവിധാനങ്ങള്‍, ഡാഷ്ബോര്‍ഡുകള്‍ എന്നിവ വഴി ക്രമബദ്ധമായി പിന്തുടരും.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍, സിഎസ്എസ് ഫണ്ട്-ഫ്ളോ അവലോകനം, എംപി ലാഡ്സ് പദ്ധതികളുടെ നിരീക്ഷണം എന്നിവ സിപിഎംഡി ഏകോപിപ്പിക്കും. അന്തര്‍സംസ്ഥാന പ്രശ്നങ്ങളിലും ഇടപെടും. അടിയന്തര സാഹചര്യങ്ങളിലും ദുരന്ത പ്രതിസന്ധി ഘട്ടങ്ങളിലും സമയബന്ധിതമായ പ്രതികരണത്തിനായി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ബന്ധിപ്പിക്കുന്ന നോഡല്‍ കോ-ഓര്‍ഡിനേഷന്‍ സംവിധാനമായി പ്രവര്‍ത്തിക്കും.
ജുഡീഷല്‍, ഭരണഘടനാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കലും പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള എംപിമാരുടെ മീറ്റിംഗുകളുടെ ഏകോപനവും നിര്‍വഹിക്കും.
Tags : CPMD Accelerate Governance CheifSecretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews