Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഇനി പിൻമാറാൻ സാധിക്കില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. കരാറിൽ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ പ്രവീൺകുമാർ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഏകപക്ഷീയമായ ഈ പദ്ധതിയിൽനിന്ന് കേരളം ഇപ്പോൾ പിന്മാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി സഭയെ അറിയിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ 304 സ്കൂളുകൾക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് ലഭിക്കുക.
ഇതുവഴി തൊള്ളായിരം കോടിയിൽപരം രൂപയാണ് സ്കൂളുകളുടെ വികസനത്തിനായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാൽ പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഈ തുക ലഭിക്കില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ അന്യായമായി മറ്റു കേന്ദ്രഫണ്ടുകൾ കൂടി കേന്ദ്രം തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ ഇത്തരത്തിൽ ഫണ്ടുകൾ തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സർക്കാർ ഈ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതുതന്നെ ഇത്തരത്തിൽ വരാനുള്ള മറ്റ് കേന്ദ്ര ഫണ്ടുകൾ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. സംസ്ഥാനം പിന്മാറിയാൽ സമഗ്ര ശിക്ഷാ കേരളത്തിന് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും.
അങ്ങനെവരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
International
ന്യൂഡൽഹി: ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധത്തിൽ ഇളവ് വരുത്തുന്നതാണ് ഈ പുതിയ നീക്കം. മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനും ഇതുമൂലമുണ്ടായ ആഗോള ഊർജ പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തിയതിന് പിന്നാലെയാണിത്.
അമേരിക്കൻ നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ നിലവിൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ഇവയ്ക്ക് പുറമേ ഇറാനിലേക്ക് ആവശ്യമായ സാധനങ്ങളും കന്നുകാലികൾക്കുള്ള തീറ്റയും വഹിച്ചുകൊണ്ടുള്ള മറ്റ് രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാന്റെ തുറമുഖങ്ങളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താത്കാലിക സമാധാന കരാറിന്റെ ഔദ്യോഗിക ധാരണാപത്രം വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ എണ്ണ - വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വരും ദിവസങ്ങളിൽ പൂർണമായും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് നാല് ശതമാനത്തിലധികം കുറഞ്ഞു. എന്നിരുന്നാലും മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടൽപ്പാതയിൽ മൈനുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കപ്പലുകളുടെ പൂർണമായ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ സാധാരണ നിലയിലാകൂ എന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ വിലയിരുത്തുന്നു.
International
വാഷിംഗ്ടൺ ഡിസി: ലോകത്തെയാകെ പ്രതിസന്ധിയിലാക്കി തുടർന്നുവന്ന പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകുന്നു.
സമാധാനക്കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ് എന്നിവർ ഞായറാഴ്ച വെർച്വലായി ഒപ്പിട്ടതായി യുഎസ് വൃത്തങ്ങൾ ഇന്നലെ രാത്രി അറിയിച്ചു.
കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. കരാറിലെ വ്യവസ്ഥകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കരാർ സംബന്ധിച്ച വിവരം അമേരിക്കൻ സമയം ഞായറാഴ്ച രാത്രി എട്ടോടെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പുറത്തുവിട്ട മറ്റൊരു സന്ദേശത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി അറിയിച്ചു.
ഇന്ത്യൻ എണ്ണക്കപ്പലാണ് ആദ്യം ഹോർമുസ് കടന്നതെന്ന് റിപ്പോർട്ടുണ്ട്. യുഎസ് ഉപരോധവും എല്ലാ മുന്നണികളിലെയും യുദ്ധവും സമാധാനക്കരാറിലൂടെ അവസാനിച്ചതായി ഇറാൻ വ്യക്തമാക്കി. അതേസമയം, കരാറിലെ വ്യവസ്ഥകളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.
ഹോർമുസിൽ കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന് ഇറാൻ അറിയിച്ചപ്പോൾ കപ്പൽയാത്ര സൗജന്യമായിരിക്കുമെന്നാണ് യുഎസ് വൃത്തങ്ങൾ അറിയിച്ചത്.
വെള്ളിയാഴ്ച കരാറിൽ ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഇറേനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം തുടരുമെന്ന് യുഎസ് സൈനിക ഉപദേശകസമിതി അറിയിച്ചു.
അതേസമയം, തങ്ങൾ ഈ കരാറിന്റെ ഭാഗമല്ലെന്ന് ആവർത്തിച്ച ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രേലി സൈന്യം തെക്കൻ ലബനനിൽ തുടരുമെന്നും വ്യക്തമാക്കി.
ഞായറാഴ്ച ലബനനിൽനിന്ന് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേരേ ആക്രമണം നടത്തിയതോടെ ഇസ്രയേൽ ഇന്നലെ പുലർച്ചെ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ശക്തമായ ആക്രമണം നടത്തി.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം 108-ാം ദിവസമാണ് അവസാനിക്കുന്നത്.
സമാധാനക്കരാറിന്റെ അന്തിമ രൂപരേഖ തയാറാക്കാനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഈയാഴ്ച നടക്കും.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനികമേധാവി അസിം മുനീറിന്റെയും മധ്യസ്ഥതയിൽ രണ്ടു മാസമായി തുടരുന്ന ചർച്ചകളാണ് ഒടുവിൽ വിജയത്തിലെത്തുന്നത്. ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ ഖത്തർ, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളും നിർണായക പങ്ക് വഹിച്ചു.
ഏകദേശം 7,500നും 10,000ത്തിനും ഇടയിൽ ആളുകളാണ് മൂന്നു മാസം പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം മരണങ്ങളും ഇറാനിലും ലബനനിലുമാണ്. 13 അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടമായി.
International
മോസ്കോ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ പുതിയ നയതന്ത്ര നീക്കം. അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തുടരുന്ന താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ റഷ്യ ഒപ്പുവച്ചു. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്.
ഇതോടെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി റഷ്യ. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്റെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഏർപ്പെട്ടത്.
റഷ്യ പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ സൈന്യത്തെ അയയ്ക്കുമോ എന്നതാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
റഷ്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുകയാണെന്നും താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.
Leader Page
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച തുടങ്ങുന്നതിന് ഒരു ധാരണാപത്രം. അതാണ് അമേരിക്കയും ഇറാനും ഇന്നലെ കൈമാറിയത്. ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകൾ എന്നാണു റിപ്പോർട്ട്. 30 ദിവസത്തിനകം തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാക്കാനാണ് ധാരണാപത്രത്തിൽ പറയുന്നത്. അത്രയും എത്തിയതു ലോകത്തിനു വലിയ ആശ്വാസമായി.
കുറേ സമയത്തേക്ക് ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയെത്തി. ഓഹരിവിപണികൾ കുതിച്ചു. ധാരണാപത്രം പഠിച്ച ശേഷം ഇറാൻ നൽകുന്ന പ്രതികരണം അനുസരിച്ചാകും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഇനിയുള്ള ഗതി. ഒന്നുരണ്ടു ദിവസത്തിനകം പ്രതികരണമറിയാം. ആദ്യം മുതലേ ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറുമാണ് ഇപ്പോഴും യുഎസ് നയതന്ത്ര നീക്കങ്ങൾ നയിക്കുന്നത്.
69 ദിവസം മുമ്പ് ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനു നേരേ വ്യോമാക്രമണം ആരംഭിച്ചത്. തിരിച്ച് ഇറാൻ, ഇസ്രയേലിനും യുഎസ് താവളങ്ങളുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
1979 മുതലുള്ള കണക്കുകൾ
ഈ യുദ്ധത്തിന്റെ മാത്രം അന്ത്യം കുറിക്കാനല്ല ധാരണാപത്രം ഉദ്ദേശിക്കുന്നത്. 1979 മുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ തീരാനുണ്ട്. അതു മാത്രമല്ല, ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള വിഷയങ്ങളും ഇറാൻ-ഇസ്രയേൽ വിഷയങ്ങളും തീർക്കേണ്ടതുണ്ട്.
1979ൽ പഹ്ലവി വംശത്തിലെ ഷായെ പുറത്താക്കി ഷിയാ മുസ്ലിം പുരോഹിതവൃന്ദം ഇറാന്റെ ഭരണം പിടിച്ചപ്പോൾ മുതലുള്ളതാണു പ്രശ്നങ്ങൾ. സമീപത്തെല്ലാം സുന്നി മുസ്ലിം ഭരണകൂടങ്ങൾ. സൗദിയിലെ തീർഥാടനകേന്ദ്രങ്ങൾ അടക്കമുള്ളവയുടെ നിയന്ത്രണം പിടിക്കാൻ ഷിയാകൾ പണ്ടേ ശ്രമിക്കുന്നതാണ്. മതപരമായ ആ വിഷയത്തിൽനിന്നു തുടങ്ങുന്ന പരസ്പര സംശയവും ഭീതിയും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ കഴിഞ്ഞ അര നൂറ്റാണ്ട് കരിനിഴലിലാക്കി. പല ഗൾഫ് രാജവംശങ്ങൾക്കും ഇറാനിലെ ഭരണകൂടം പേടിസ്വപ്നമാണ്. ഇറാനിൽനിന്നു ഷായോടൊപ്പം പുറത്തായ അമേരിക്കയ്ക്ക് അന്ന് എംബസി ജീവനക്കാരെ ബന്ദികളാക്കിയതും രക്ഷാപ്രവർത്തനത്തിൽ തോറ്റു തുന്നംപാടിയതും അടക്കം നാണക്കേടിന്റെ പല കണക്കുകളും തീർക്കാനുണ്ട്.
മൂന്നു വിഷയങ്ങൾ
അമേരിക്കയ്ക്കും, ഇസ്രയേലും സൗദി അറേബ്യയുമടക്കം അമേരിക്കൻ സംരക്ഷണം സ്വീകരിച്ചിട്ടുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമുള്ള പ്രധാന വിഷയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്: ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ. അവയുടെ ലക്ഷ്യം തങ്ങളാണെന്ന് ഇറാന്റെ ഗൾഫ് അയൽക്കാരും ഇസ്രയേലും ഭയപ്പെടുന്നു. ഇറാൻ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പോലെ ദുർബലമല്ല. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാമ്പത്തിക നിലയിലും അയൽരാജ്യങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. അവർക്ക് അണ്വായുധ, ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ശേഷികൾ ഉണ്ടായാൽ യൂറോപ്പിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും ഇന്ധനസമൃദ്ധമായ പ്രദേശം അവരുടെ വരുതിയിലായാൽ ലോകത്തിന്റെ നിയന്ത്രണം ടെഹറാനിൽ നിന്നാകും. അതിനാൽ ഭീഷണിയാകാത്തവിധം ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ ചുരുക്കണം.
രണ്ട്: മറ്റു രാജ്യങ്ങളിൽ ഇറാൻ പോറ്റിവളർത്തുന്ന സായുധ വിഭാഗങ്ങൾ. സൗദി അറേബ്യയുടെ തെക്ക് യെമനിലെ ഹൗതികൾ, ഗാസയിലും പലസ്തീനിലുമുള്ള ഹമാസ്, ലബനനിലും ഇറാഖിലും ഉള്ള ഹിസ്ബുള്ള എന്നീ സായുധസേനാ വിഭാഗങ്ങളാണു പ്രധാനപ്പെട്ടവ. ഇവയ്ക്ക് ആയുധവും പരിശീലനവും പണവും നൽകുന്നതും ആക്രമണങ്ങൾ നിർദേശിക്കുന്നതും ഇറാനാണ്. ഇവയെ ബലപ്പെടുത്തി സൗദി അറേബ്യയിലടക്കം ഭരണം പിടിക്കാൻ ഇറാൻ ഉദ്യമിക്കുമെന്നും ആ രാജ്യങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഇറാൻ ആ സംഘങ്ങൾക്കുള്ള സഹായം അവസാനിപ്പിക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിലെ കപ്പൽച്ചാൽ. ഇത് യുദ്ധം തുടങ്ങിയ ശേഷമുള്ള വിഷയമാണ്. കപ്പൽച്ചാൽ ഇറാൻ അടച്ചു. സ്വന്തമായതായി പ്രഖ്യാപിച്ചു. കപ്പലുകൾക്കു ടോളും നിശ്ചയിച്ചു. അതു തുടർന്നാൽ ഗൾഫ് രാജ്യങ്ങളുടെ വാണിജ്യം ഇറാന്റെ ദയാദാക്ഷിണ്യത്തിലാകും. ബഹറിനും കുവൈറ്റും ഒമാനും യുഎഇയും സൗദി അറേബ്യയും ഇറാനോടു വിധേയപ്പെട്ടു നിൽക്കേണ്ടിവരും.
വഴങ്ങാനാകില്ല
ഈ വിഷയങ്ങൾ ഇറാന്റെയും മൗലിക വിഷയങ്ങളാണ്. ആണവ, മിസൈൽ പദ്ധതികളിൽ വഴങ്ങിയാൽ തങ്ങൾ ഒരു സൈനികശക്തിയല്ലാതാകും എന്ന് അവർക്കറിയാം. പോറ്റിവളർത്തുന്ന സായുധസംഘങ്ങളാണ് അയൽരാജ്യങ്ങളെ വരുതിയിൽ നിർത്താൻ ഇറാനെ സഹായിക്കുന്നത്. ഹോർമുസാണു ലോകശക്തികളോടു വിലപേശാൻ ഇറാനുള്ള ഏക ബലം. മൂന്നിലും ഇറാനു വിട്ടുവീഴ്ച എളുപ്പമല്ല.
ഈ കാര്യങ്ങളിൽ നിലവിലെ സ്ഥിതിയോ മുൻപത്തെ സ്ഥിതിയോ തുടരുന്നതു ഗൾഫ് രാജ്യങ്ങൾക്കും സ്വീകാര്യമല്ല. അങ്ങനെ വന്നാൽ ഇറാനിൽനിന്നുള്ള ആക്രമണമോ ഇറാൻ പ്രേരിപ്പിക്കുന്ന വിപ്ലവമോ ഭയന്നു തങ്ങൾ കഴിയേണ്ടിവരും എന്ന് ആ ഭരണാധികാരികൾക്കറിയാം.
ഇല്ലെങ്കിൽ ബോംബിംഗ്
ധാരണാപത്രം ഇറാൻ സ്വീകരിച്ചില്ലെങ്കിൽ ബോംബിംഗ് പുനരാരംഭിക്കും എന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. എങ്കിലും വിവിധ സ്രോത്രസുകൾ ഇറാൻ ധാരണയ്ക്കു വഴങ്ങും എന്ന സൂചന നൽകുന്നു. യുഎസ് നാവിക ഉപരോധം ഇറാന്റെ വ്യാപാരങ്ങൾ തീരെ കുറച്ചു. അതു വരുമാനം കുറച്ചു. രാജ്യത്തു സാമ്പത്തിക ദുരിതം വ്യാപകമായി. അതാണ് അവരെ ധാരണയുടെ സമീപത്തേക്കു നയിച്ചത്.
ഇറാനിലെ രാഷ്ട്രീയ നേതൃത്വം യുദ്ധം തീർക്കാൻ ആഗ്രഹിച്ചാണ് ആഴ്ചകളായി നീങ്ങിയിരുന്നത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐആർജിസി) അതിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയുമാണ് കരാറിന് എതിരു നിൽക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫും മറ്റും കരാർ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഖാലിബാഫ് നയിച്ച ആദ്യചർച്ച ഇടയ്ക്കു നിർത്തിച്ച വാഹിദി പിന്നീടു ഖാലിബാഫിനെ ചർച്ചാസംഘത്തിൽനിന്നു രാജിവയ്പിച്ചു എന്നാണു കരുതപ്പെടുന്നത്. 270 അംഗ ഇറാൻ പാർലമെന്റിൽ ഖാലിബാഫിന്റെ നിലപാടിനെ എതിർക്കാൻ മുപ്പതോളം തീവ്രവാദികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു റിപ്പോർട്ടുകൾ. പക്ഷേ, തീവ്രവാദികൾക്കു പിന്നിൽ ഐആർജിസി ഉണ്ടായിരുന്നതുകൊണ്ട് നയതന്ത്ര പരിശ്രമങ്ങൾ ആഴ്ചകളോളം പുരോഗതിയില്ലാതെ നീണ്ടു. ഇറാന്റെ പരസ്യവും രഹസ്യവുമായ കപ്പൽ ഗതാഗതം തടയപ്പെടുന്നവിധം ഉപരോധം ബലപ്പെട്ടു വന്നതോടെ നയതന്ത്ര നീക്കങ്ങൾക്കു വേഗം കൂടി. 30 ദിവസ പരിധിവച്ചു പുതിയ ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായി.
ഷിയെ കാണും മുമ്പ്
അമേരിക്കയ്ക്കും ഒരു താത്കാലിക ധാരണ അത്യാവശ്യമാണ്. അടുത്ത വ്യാഴാഴ്ച ട്രംപ് ചൈന സന്ദർശിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കടുത്ത വിലപേശൽ നടത്താനുണ്ട്. അതു വിജയകരമായി നടത്തണമെങ്കിൽ ഇറാൻ കാര്യത്തിൽ തനിക്കു മേൽക്കയുള്ള കരാറിലേക്കു വഴി തെളിയണം. ഇറാനെ യുദ്ധത്തിലും മറ്റു കാര്യങ്ങളിലും സഹായിക്കുന്ന രാജ്യമാണു ചൈന. ഇറാൻ അമേരിക്കയ്ക്കു വഴങ്ങുന്ന നിലയിലായാൽ ഷിയുടെ വിലപേശൽ ശേഷി കുറയും, ട്രംപിന്റെ ശേഷി കൂടും.
ട്രംപിനു വിജയമോ?
പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്ന തരം ധാരണാപത്രം ഉണ്ടായാൽ അതു ട്രംപിന്റെ മഹാവിജയമാകും. 48 വർഷമായി ഏഴു പ്രസിഡന്റുമാർ ശ്രമിച്ചിട്ടു സാധിക്കാത്ത കാര്യം ട്രംപ് സാധിക്കുന്നു എന്നാകും. പശ്ചിമേഷ്യയിൽ ലോകരാജ്യങ്ങൾക്കു ഭീഷണിയായി ഉയർന്നു വന്ന ആണവ ശക്തിയെ പിടിച്ചുകെട്ടി എന്നു ട്രംപിന് അവകാശപ്പെടാം. സാംസ്കാരികവും മതപരവുമായ പലതരം വ്യാഖ്യാനങ്ങൾ നൽകപ്പെട്ട വലിയ പോരാട്ടത്തിന്റെ ഒരു നിർണായക ഘട്ടമാണു ട്രംപ് നയിച്ചത്. അത് അനിവാര്യമായിരുന്നു എന്നു കരുതുന്നവരും അനാവശ്യമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. പക്ഷേ മുൻപറഞ്ഞതുപോലെ ഒരു കരാറിൽ കാര്യങ്ങൾ സമാപിച്ചാൽ ട്രംപിനു ചെറുതല്ലാത്ത തിളക്കം കിട്ടും.
അതുകൊണ്ടു പക്ഷേ ലോകത്തിലെ സംഘർഷങ്ങൾ കുറയുകയില്ല. അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അക്രമിസംഘങ്ങൾക്കെതിരേ നടന്ന യുദ്ധങ്ങൾക്കു ശേഷവും ആഗോള സംഘർഷം കുറഞ്ഞിട്ടില്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കു ശേഷവും ലോകത്തിൽ സമാധാനം പുലർന്നിട്ടില്ല. അതു ചരിത്രപാഠം.
ചരിത്രത്തിന്റെ പാഠം എന്തായാലും ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയിൽനിന്നു രക്ഷപ്പെടാൻ കളമൊരുങ്ങുന്നു എന്നു വേണം കരുതാൻ. കരുതൽ ഇല്ലാതിരുന്ന സാഹസിക ഉദ്യമത്തിന്റെ ഫലം. അതു ലോകത്തിനും അമേരിക്കയ്ക്കും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ് - ട്രംപിനെ അതിജീവിക്കുന്ന ദൂരവ്യാപക മാറ്റങ്ങൾ.
International
അങ്കാറ: തുർക്കിയും സൗദിയും വീസരഹിത കരാറുണ്ടാക്കുന്നു. ഇരു രാജ്യങ്ങളിലെ ഓർഡിനറി, ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർക്ക് വീസ കൂടാതെ പരസ്പരം സന്ദർശിക്കാനാകും.
തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇന്നു നടത്തുന്ന കൂടിക്കാഴ്ചയിൽ കരാർ ഒപ്പുവയ്ക്കും.
ഖഷോഗിവധത്തത്തുടർന്ന് മോശമായ സൗദി-തുർക്കി ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുടെ തുടർച്ചയാണിത്. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂൾ നഗത്തിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു.
സൗദി ഭരണകൂടമാണ് കൊലയ്ക്കു പിന്നിലെന്നു തുർക്കി ചൂണ്ടിക്കാട്ടിയതാണ് രാജ്യങ്ങൾ തമ്മിലെ ബന്ധം വഷളാക്കിയത്. 2021ൽ തുർക്കി ആരോപണം പിൻവലിച്ചതോടെയാണു ബന്ധം മെച്ചപ്പെടാൻ തുടങ്ങിയത്.
International
ബെതുദാഹരി (പശ്ചിമ ബംഗാള്‍): തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും കോൺഗ്രസുമായും ബിജെപി ഡീൽ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി.
പശ്ചിമ ബംഗാളില്‍നിന്നുള്ള നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരായി അയച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമബംഗാളില്‍ ഏകദേശം 500 ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ മാറ്റിയതെന്ന് മമത ആരോപിച്ചു. തൃണമൂല്‍ സ്ഥാനാര്‍ഥികളെ പിന്തുണച്ചുകൊണ്ട് നാദിയ ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം, മാംസം, മുട്ട എന്നിവ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എസ്ഐആര്‍ കാരണം ബംഗാളില്‍ 250 പേര് മരിച്ചു.
ബിജെപി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ കുറച്ചുകാലം താമസിച്ചവര്‍ക്ക് പൗരത്വം നല്‍കിയത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. നാളെ ഭബാനിപുര്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
Business
കൊച്ചി: സിഗ്നിഫൈയുടെ ഇലക്ട്രിക്കൽ ബ്രാൻഡായ ഇക്കോലിങ്ക്, ടി20 സീസണിനായി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഔദ്യോഗിക പങ്കാളിയായി.
മൈതാനങ്ങളിലെ പ്രവർത്തനങ്ങൾ, ഹെൽമറ്റ് അടക്കമുള്ള ഉപകരണങ്ങളിലെ ബ്രാൻഡ് പ്രദർശനം, സംയോജിത പ്രചാരണങ്ങൾ എന്നിവയിലാണു കരാറെന്ന് അധികൃതർ അറിയിച്ചു.
International
ന്യൂഡൽഹി: വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവച്ചത്.
കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്. കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ജനുവരിയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.
Business
കൊച്ചി: സമുദ്ര മേഖലയിലെ വൈദ്യുത ഗതാഗതം വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നതിന് സംയുക്ത സംരംഭത്തിനുള്ള കരാറിൽ കൊച്ചി കപ്പൽശാലയും എച്ച്ബിഎൽ എൻജിനിയറിംഗ് ലിമിറ്റഡും ഒപ്പുവച്ചു.
ഇതിന്റെ ഭാഗമായി ഉയർന്ന നിലവാരമുള്ള മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ഇലക്ട്രോണിക്സ്, പവർ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനാണു ലക്ഷ്യമിടുന്നത്.
ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളെ ലക്ഷ്യമിട്ട് ഈ സംയുക്തസംരംഭം പ്രവർത്തിക്കും. ലോകവ്യാപകമായി പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ മറൈൻ പരിഹാരങ്ങളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.
പുതിയ സംരംഭം കൊച്ചി കപ്പൽശാലയ്ക്കു മാത്രമല്ല രാജ്യത്തിന്റെ മറൈൻ മേഖലയ്ക്കാകെ ഗുണകരമാകുമെന്ന് കൊച്ചി കപ്പൽശാല സിഎംഡിയുടെ ചുമതല വഹിക്കുന്ന ഡയറക്ടർ (ഫിനാൻസ്) വി.ജെ. ജോസ് പറഞ്ഞു.
International
ടെൽ അവീവ്: ഇറാനുമായി ധാരണയുണ്ടാക്കി പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കൻ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇറാൻ തയാറാവില്ലെന്നാണ് ഇസ്രേലി അനുമാനമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും ക്രിയാത്മക ചർച്ചകൾ നടത്തിയെന്ന് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും വരും ദിവസങ്ങളിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുമെന്ന് പിന്നാലെ റിപ്പോർട്ടുകളുണ്ടായി. എന്നാൽ, ട്രംപിന്റെ അവകാശവാദം നുണയാണെന്നു പറഞ്ഞ് ഇറാൻ തള്ളിക്കളയുകയാണുണ്ടായത്. ഇതിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകളും തൊടുത്തു.
ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണം എന്ന ഡിമാൻഡ് ആയിരിക്കും ഇറാനു മുന്നിൽ അമേരിക്ക വയ്ക്കുകയെന്ന് ഇസ്രേലി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ ഇത് അംഗീകരിക്കാൻ കൂട്ടാക്കില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇസ്രേലി-അമേരിക്കൻ സേനകളുണ്ടാക്കിയ നാശനഷ്ടങ്ങൾ ചർച്ചയ്ക്കു വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമെന്ന് ട്രംപ് കരുതുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.
National
ഗോഹട്ടി: ആസാമിൽ കോൺഗ്രസും റായിജോർ ദൾ പാർട്ടികൾ സീറ്റ് ധാരണയിലെത്തി. 11 സീറ്റുകളിലാണ് റായ്ജോർ ദൾ മത്സരിക്കുക. നിരവധി ദിവസത്തെ ചർച്ചയ്ക്കൊടുവിലാണ് ഇരു പാർട്ടികളും ധാരണയിലെത്തിയത്.
രണ്ടു സീറ്റിൽ ഇരു പാർട്ടികളും സൗഹൃദമത്സരം നടത്തും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയിയും റായിജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയിയും സീറ്റ്ധാരണ കരാറിൽ ഒപ്പുവച്ചു.
അഖിൽ ഗൊഗോയി ശിവസാഗർ മണ്ഡലത്തിൽ മത്സരിക്കും. അഖിലിന്റെ സിറ്റിംഗ് മണ്ഡലമാണിത്. കഴിഞ്ഞ തവണ ജയിലിലായിരുന്ന സമയത്താണ് ശിവസാഗറിൽ അഖിൽ വിജയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തിന്റെ പേരിലാണ് അഖിൽ ഗൊഗോയി ജയിലിലായത്.
പ്രതീക് ബർദലോയിക്കു നല്കിയ മാർഗരീറ്റ സീറ്റ് റായിജോർ ദളിനു നല്കി. പിതാവ് പ്രദ്യുത് ബർദലോയി ബിജെപിയിൽ ചേർന്നതിനാൽ മത്സരിക്കാനില്ലെന്ന് പ്രതീക് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
കോൺഗ്രസ് സഖ്യത്തിൽ റായിജോർ ദൾ, ആസാം ജതിയ പരിഷത്, സിപിഎം, എപിഎച്ച്എൽസി എന്നീ പാർട്ടികളാണുള്ളത്.
Business
കൊച്ചി: എഐ അധിഷ്ഠിത ഗെയിം അടിസ്ഥാനത്തിലുള്ള പുനരധിവാസ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ബീഏബിള്‍ ഹെല്‍ത്ത്, നാഡീരോഗബാധിതരായ കുട്ടികള്‍ക്കായി എഐ അധിഷ്ഠിത സഹകരണത്തിന് ജീവനീയം റിസര്‍ച്ച് സെന്റര്‍, ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ എന്‍ട്രപ്രണര്‍ഷിപ്പ് (സിഎഫ്എച്ച്ഇ) ഐഐടി എന്നിവയുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, എഡിഎച്ച്ഡി എന്നിവയുള്‍പ്പെടെയുള്ള നാഡീവികസന സംബന്ധമായ അവസ്ഥകളുള്ള കുട്ടികള്‍ക്കായി ചെലവുകുറഞ്ഞ എഐ അധിഷ്ഠിത പുനരധിവാസ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ക്ലിനിക്കല്‍ തലത്തില്‍ പരിശോധിക്കുകയും ചെയ്യുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
ഇതോടനുബന്ധിച്ച് ആയുര്‍വേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും നടത്തുന്ന ജീവനീയം എന്‍എബിഎച്ച് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ച ജീവനീയം മെഡിപോളിസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.
ജീവനീയം ഹോസ്പിറ്റല്‍സ് സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ്, ബീഏബിള്‍ ഹെല്‍ത്ത് സിഇഒയും സഹസ്ഥാപകനുമായ ഹബീബ് അലി എന്നിവർ സന്നിഹിതരായിരുന്നു.
Business
കൊച്ചി: ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട് കൊച്ചി താജ് വിവാന്തയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ബിസിനസ് പ്രമുഖരും നിക്ഷേപകരും വ്യാപാര രംഗത്തെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്), ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) എന്നിവ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒസിസിഐ)യുമായി സഹകരിച്ച് നടത്തിയ സെമിനാറില്‍ ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വ്യാപാര, നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ച.
ഇന്‍മെക് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീന് ആമുഖ പ്രഭാഷണം നടത്തി. ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ പി. മുഹമ്മദാലി ഒമാനി പ്രതിനിധികളെ ആദരിച്ചു.
Kerala
തിരുവനന്തപുരം: എൻടിപിസിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്നു വർഷത്തേക്ക് കൂടി നീട്ടാൻ കെഎസ്ഇബിഎല്ലിന് മന്ത്രിസഭ അനുമതി നൽകി.
സഹകരണ സർവീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.
ടെക്നോപാർക്കിന്റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി കെ സ്പേസിന് കൈമാറ്റം ചെയ്യാൻ അനുമതി നൽകി.
ടെക്നോപാർക്ക് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിർമാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഗവൺമെന്റ് സ്തംഭനം ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ നിർണായക ധാരണയിലെത്തി.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.ഈ സാമ്പത്തിക വർഷത്തെ ബാക്കി കാലയളവിലേക്ക് അഞ്ച് പ്രധാന ചെലവ് ബില്ലുകൾ പാസാക്കാൻ ധാരണയായി.
ആഭ്യന്തര സുരക്ഷാ വകുപ്പിന് രണ്ട് ആഴ്ചത്തേക്ക് കൂടി താൽക്കാലികമായി ഫണ്ട് നൽകും. ഇമിഗ്രേഷൻ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ സമയം ഉപയോഗിക്കും.
റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ ഈ ധാരണയെ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
മിനിയാപൊളിസിൽ ഫെഡറൽ ഏജന്റിന്റെ വെടിയേറ്റ് അമേരിക്കൻ പൗരനായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ടതിനെത്തുടർന്ന് കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ബോഡി ക്യാമറകൾ ധരിക്കണമെന്നും തിരച്ചിലുകൾക്ക് വാറണ്ട് നിർബന്ധമാക്കണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നു.
ട്രംപ് ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. നികുതി, താരിഫ് നയങ്ങളെ യോഗം പ്രശംസിച്ചെങ്കിലും, ഇമിഗ്രേഷൻ വിഷയത്തിൽ വിമർശനം നേരിടുന്ന ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം യോഗത്തിൽ സംസാരിച്ചില്ല.
National
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി അതിവിപുല വ്യാപാര കരാറിനാണു രാജ്യം ഒരുങ്ങുന്നതെന്നു വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ചർച്ചകൾ അവസാനഘട്ടത്തിലാണ്. കരാറിനായുള്ള അന്തിമചർച്ച ഈ മാസം 27 നു നടന്നേക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോറോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്നും 25 മുതൽ 27 വരെ ഇന്ത്യയിലുണ്ടാകും.
NRI
കൊച്ചി: എയര്‍ ഇന്ത്യയും സൗദി അറേബ്യന്‍ എയര്‍ലൈനായ സൗദിയയും തമ്മില്‍ കോഡ് ഷെയറിംഗ് ആരംഭിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയധികം പ്രയോജനകരമാകുന്ന ഈ കരാര്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
നേരിട്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്ത ഇടങ്ങളിലേക്ക് ഒന്നിലേറെ വിമാനകമ്പനികള്‍ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിംഗ്. എയര്‍ ഇന്ത്യയില്‍ ജിദ്ദയിലേക്കോ റിയാദിലേക്കോ പോകുന്ന യാത്രക്കാര്‍ക്ക് ഒറ്റ ടിക്കറ്റില്‍ അവിടെ നിന്നും സൗദിയ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിലൂടെ ദമാം, അബഹ, ഗസിം, ജിസാന്‍, മദീന, തായിഫ് എന്നിവിടങ്ങളിലേക്ക് കണക്ഷന് വിമാനങ്ങള്‍ ലഭിക്കും.
ജിദ്ദ - റിയാദ് റൂട്ടില്‍ കോഡ്ഷെയര്‍ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഒരു നഗരത്തില്‍ എത്തി മറ്റൊരു നഗരത്തില്‍ നിന്ന് മടങ്ങാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് ലഭിക്കും. തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകളും ഈ വര്‍ഷം ആരംഭിക്കും.
മുംബൈ, ഡല്‍ഹി വഴി ഇന്ത്യയിലെത്തുന്ന സൗദിയയുടെ യാത്രികര്‍ക്ക് അവിടുന്ന് കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ, ജയ്പുര്‍ ഉള്‍പ്പടെ 15ലധികം ഇടങ്ങളിലേക്ക് ഇന്റര്‍ലൈന്‍ സംവിധാനത്തിലൂടെ യാത്ര ചെയ്യാനാകും.
2022-ലെ സ്വകാര്യവത്കരണത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ആഗോള നെറ്റ്വര്‍ക്ക് ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. നിലവില്‍, ലോകമെമ്പാടുമുള്ള മുന്‍നിര വിമാനക്കമ്പനികളുമായി 24 കോഡ്ഷെയര്‍ പങ്കാളിത്തങ്ങളും ഏകദേശം 100 ഇന്റര്‍ലൈന്‍ കരാറുകളും എയര്‍ ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്.
ഇതിലൂടെ യാത്രികര്‍ക്ക് ആഗോളതലത്തില്‍ 800ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സുതാര്യമായ യാത്രയാണ് ഒരുക്കുന്നത്.
Education
തിരുവനന്തപുരം: കേരളത്തിന്റെ പ്രഫഷണലിസം മികച്ചതെന്നു ഡെന്മാര്ക്ക് മിനിസ്റ്റര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്.
കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്സും ഡെന്മാര്ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മിലുളള കരാര്‍ ഒപ്പിട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്.
പുതിയ കരാര്‍ കേരളത്തിനും ഡെന്മാര്ക്കിനും ഒരുപോലെ ഗുണകരമാകും. ആരോഗ്യമേഖലയുടെ മികവും ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്നിന്റെ വിജയവുമാണ് കേരളത്തിലേക്ക് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റിന് ആകര്‍ഷിച്ചതെന്നും മെറ്റെ കിയര്‍ക്ക്ഗാര്‍ഡ് പറഞ്ഞു.
കേരളസമൂഹത്തിന്റെ ക്ഷേമ, വികസന കാഴ്ചപ്പാടുകള്‍ ഡെന്മാര്ക്കുമായി യോജിച്ചു പോകുന്നതാണ്. 2024ല്‍ ഒപ്പിട്ട ഇന്ത്യാ ഡെന്മാര്ക്ക് മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. ഇത് ഡെന്മാര്ക്കിനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണെന്ന് ഇന്ത്യയിലെ ഡെന്മാര്ക്ക് അംബാസഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്സന് പറഞ്ഞു.
ഡെന്മാര്ക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പേഴ്സ് എന്നീ പ്രൊഫഷനുകളിലേക്കാണ് റിക്രൂട്മെന്റ്.
District News
തിരുവനന്തപുരം: വി.കെ. പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കുമെന്നു തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.വി. രാജേഷ്. വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ പറയാനാകൂ. കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കും.
കാലഹരണപ്പെട്ട കരാറുകള്‍ പരിശോധിക്കും. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓഫീസ് വേണം. വാണിജ്യ കോംപ്ലക്സുകള്‍ക്ക് കൃത്യമായ വാടക ലഭിക്കണമെന്നും മേയര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിയമപരമായ എന്തൊക്കെ ഇളവുകള്‍ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കുമെന്നും മേയര്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ രേഖകളും പരിശോധിക്കും. വാടകയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ നോട്ടീസ് അയക്കും. വാടകയ്ക്ക് നല്കിയ തീരുമാനം റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്. വാടകയ്ക്ക് എടുത്തവര്‍ അത് സബ് ലീസിനു കൊടുത്ത കേസുകളുണ്ട്. ഇത്തരം കേസുകള്‍ പരിശോധിച്ചു കരാര്‍ റദ്ദാക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു.
വി.കെ. പ്രശാന്തിനെ പിന്തുണച്ച് സ്പീക്കർ
തിരുവനന്തപുരം: ഓഫീസ് വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ പിന്തുണച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ഓഫീസ് കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട കൗണ്‍സിലറുടെ നടപടി അപക്വമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു സ്പീക്കർ നൽകിയ മറുപടി.
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ല. എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ല. കൗണ്‍സിലർ എങ്ങനെയാണ് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത്. പ്രോട്ടോകോൾ പ്രകാരം കൗണ്‍സിലർക്ക് മുകളിലാണ് എംഎൽഎ. വളരെയധികം പരിചയ സന്പന്നതയുള്ള ആളുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ നടപടിയായാണ് ഇതിനെ കാണുന്നത്. തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ആർ. ശ്രീലേഖയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ജനസേവനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് അനായാസം എത്തിച്ചേരാനും എംഎൽഎയെ സന്ദർശിക്കാനും കാര്യങ്ങൾ പറയാനുമാണ് ആ ഓഫീസ് ആരംഭിച്ചത്. അത് ഇങ്ങനെ വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഈ ഓഫീസ് എംഎൽഎയുമായി ബന്ധപ്പെട്ട ആരെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ പോകുന്നില്ല.
എംഎൽഎ മറ്റൊരു ഓഫീസ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇതു വിവാദമാക്കേണ്ട കാര്യമില്ലാത്ത ചെറിയൊരു സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഈ വിഷയത്തെ അനാവശ്യമായി ലൈവ് ആക്കി നിർത്തി വിവാദം കൊഴുപ്പിക്കുകയാണെന്നും സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി.
വി.കെ. പ്രശാന്തിന് എതിരേ കെ. മുരളീധരൻ
തിരുവനന്തപുരം: ഓഫീസ് കെട്ടിടവിവാദത്തിൽ വി.കെ. പ്രശാന്ത് എംഎൽഎക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. വി.കെ. പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലെ മുറി എന്തു ചെയ്യുന്നുവെന്നു പരിശോധിക്കണമെന്നും താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന എട്ടുവർഷവും എംഎൽഎ ഹോസ്റ്റലിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം നിലവിലുണ്ട്. മുറി മറ്റാവശ്യത്തിനായി ഉപയോഗിച്ചാൽ സ്പീക്കറാണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കാർത്തികേയനും എൻ. ശക്തനും സ്പീക്കറായിരുന്ന കാലത്തു മുറികളുടെ ഉപയോഗം അവർ കർശനമായി നിരീക്ഷിച്ചിരുന്നു.
എംഎൽഎ ഹോസ്റ്റലിലേക്കു വരാൻ ആളുകൾക്ക് പ്രയാസമാണെന്ന വാദവും അദ്ദേഹം തള്ളി. താൻ എംഎൽഎ ആയിരുന്നപ്പോൾ എട്ടു വർഷവും എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ കേന്ദ്രഭാഗമായതിനാൽ ജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ താൻ രണ്ടാമത് തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗണ്‍സിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: വി.കെ. പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വി.കെ. പ്രശാന്ത് എംഎൽഎ വ്യക്തമാക്കി.
കേരളത്തിലെ 140 മണ്ഡലത്തിലെ എംഎൽഎമാർക്കും എംഎൽഎ ഹോസ്റ്റലിൽ മുറി അനുവദിച്ചിരിക്കുന്നതു നിയമസഭ സമ്മേളനം നടക്കുന്പോൾ വിശ്രമിക്കാനാണ്.
കഴിഞ്ഞ ഏഴു വർഷമായി തന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ്. ഇത്രയും വർഷക്കാലമായിട്ടും താൻ ഓഫീസ് മാറണമെന്നു ശബരിനാഥോ പ്രതിപക്ഷ പാർട്ടി നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ല.
ബിജെപിയെക്കാളും വലിയ ആവേശമാണ് തന്റെ ഓഫീസ് മാറ്റുന്ന കാര്യത്തിൽ ശബരിനാഥനുള്ളതെന്നു പ്രശാന്ത് പറഞ്ഞു. കോർപറേഷൻ കൗണ്‍സിലിന്റെ അനുമതിയോടെ വാടക നൽകിയാണു തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ ബുൾഡോസർ രാജിനു കോണ്‍ഗ്രസ് ഒത്താശ ചെയ്യുന്നതിനു തുല്യമാണ് ശബരിനാഥന്റെ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്.
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ 26 വാർഡുകളുടെ ഹൃദയഭാഗത്താണ് തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്കു വിവിധ ആവശ്യങ്ങൾക്കു തന്നെ കാണാനും സംസാരിക്കാനുമാണു ഓഫീസ് അവിടെ പ്രവർത്തിപ്പിക്കാൻ കാരണം. നിയമാനുസൃതമായാണു തന്റെ ഓഫീസിന്റെ പ്രവർത്തനമെന്നും വി.കെ. പ്രശാന്ത് ദീപികയോടു പറഞ്ഞു.
വി.കെ. പ്രശാന്ത് ശാസ്തമംഗലത്ത ഓഫീസ് ഒഴിയണമെന്നു
കൗൺസിലർ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നു കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ്. ശബരിനാഥൻ. എംഎൽഎ ഹോസ്റ്റലിൽ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥൻ ചോദിച്ചു.
എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നന്പരിലായി രണ്ടു മുറികൾ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ. മുരളീധരൻ, ആന്റണി രാജു എംഎൽഎ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് എംഎൽഎ ഹോസ്റ്റലിലാണ്. വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം.
കോർപ്പറേഷനിലെ മുഴുവൻ കൗണ്‍സിലർമാർക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാർഡുകളിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണു ശബരിനാഥൻ ഈ ആവശ്യം മുന്നോട്ട് വച്ചത്. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്നും കൗണ്‍സിലർ ആർ. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാക്കു കയും ചെയ്തിരുന്നു.
International
ബാങ്കോക്ക്: വെടിനിർത്തൽ കരാർ കംബോഡിയ ലംഘിച്ചതായി തായ്ലൻഡ്. ഞായറാഴ്ച രാത്രി 250 ഡ്രോണുകൾ കംബോഡിയൻ ഭാഗത്തുനിന്നു പറന്നുയർന്നതായി തായ്ലൻഡ് സൈന്യം ആരോപിച്ചു.
വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ അതനുസരിച്ചു പ്രവർത്തിക്കാൻ തായ്ലൻഡ് ബാധ്യസ്ഥമായിരിക്കുമെന്നു സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തടവിലാക്കപ്പെട്ട 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നും തായ്ലൻഡ് മുന്നറിയിപ്പു നൽകി. എന്നാൽ, സംഭവത്തിൽ കംബോഡിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്കാണു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ആക്രമണങ്ങൾ അവസാനിപ്പിക്കാനും അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ മടങ്ങിവരാൻ അനുവദിക്കാനും ഇരുപക്ഷവും സമ്മതിച്ചിരുന്നു.
ചൈനയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കു ശേഷമായിരുന്നു വെടിനിർത്തലുണ്ടായത്.
Sports
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.
രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന് അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
Business
കൊച്ചി: ഡിപി വേൾഡ് ഓപ്പറേറ്റ് ചെയ്യുന്ന വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) അതിന്റെ കാർഗോ ഹാൻഡ്ലിംഗ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊച്ചിൻ പോർട്ട് അഥോറിറ്റിയുമായി (സിഒപിഎ) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, വാട്ടർവേ മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ സഹകരണം, സംസ്ഥാനത്തെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് പ്രാപ്തി എന്നിവയിൽ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ്.
കൊച്ചിൻ പോർട്ട് അഥോറിറ്റി ചെയർപേഴ്സൺ ബി. കാശിവിശ്വനാഥൻ, ഡിപി വേൾഡിന്റെ മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ റിസ്വാൻ സൂമർ എന്നിവർ ധാരണാപത്രം കൈമാറി. കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരു കൂട്ടരും സഹകരിക്കും.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ, കൊച്ചിയിലെ ഡിപി വേൾഡിന്റെ ടെർമിനലിൽ ഭാവിയിലെ കപ്പൽ ആവശ്യകതകൾക്കനുസൃതമായി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
International
കയ്റോ: ആണവ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കുന്നതിനുള്ള കരാർ ഇറാനും രാജ്യാന്തര ആണവോർജ ഏജൻസിയും (ഐഎഇഎ) തമ്മിൽ വീണ്ടും ഒപ്പുവച്ചു. ഈജിപ്തിന്റെ തുടർച്ചയായ നയതന്ത്ര ശ്രമങ്ങളെ തുടർന്നാണ് കരാർ സാധ്യമായത്.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും ഐഎഇഎ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയും തമ്മിലുള്ള കരാർ ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലാറ്റിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. എന്നാൽ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തത്കാലം അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.
ഏതുതരം പരിശോധനയാണ് അനുവദിക്കേണ്ടത് എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഇറാനിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇറാൻ അണുബോംബ് ഉണ്ടാക്കാൻ തയാറെടുക്കുന്നുവെന്നാരോപിച്ച് ജൂണിൽ ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു.