യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച തുടങ്ങുന്നതിന് ഒരു ധാരണാപത്രം. അതാണ് അമേരിക്കയും ഇറാനും ഇന്നലെ കൈമാറിയത്. ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകൾ എന്നാണു റിപ്പോർട്ട്. 30 ദിവസത്തിനകം തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാക്കാനാണ് ധാരണാപത്രത്തിൽ പറയുന്നത്. അത്രയും എത്തിയതു ലോകത്തിനു വലിയ ആശ്വാസമായി.
കുറേ സമയത്തേക്ക് ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയെത്തി. ഓഹരിവിപണികൾ കുതിച്ചു. ധാരണാപത്രം പഠിച്ച ശേഷം ഇറാൻ നൽകുന്ന പ്രതികരണം അനുസരിച്ചാകും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഇനിയുള്ള ഗതി. ഒന്നുരണ്ടു ദിവസത്തിനകം പ്രതികരണമറിയാം. ആദ്യം മുതലേ ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറുമാണ് ഇപ്പോഴും യുഎസ് നയതന്ത്ര നീക്കങ്ങൾ നയിക്കുന്നത്.
69 ദിവസം മുമ്പ് ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനു നേരേ വ്യോമാക്രമണം ആരംഭിച്ചത്. തിരിച്ച് ഇറാൻ, ഇസ്രയേലിനും യുഎസ് താവളങ്ങളുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
1979 മുതലുള്ള കണക്കുകൾ
ഈ യുദ്ധത്തിന്റെ മാത്രം അന്ത്യം കുറിക്കാനല്ല ധാരണാപത്രം ഉദ്ദേശിക്കുന്നത്. 1979 മുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ തീരാനുണ്ട്. അതു മാത്രമല്ല, ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള വിഷയങ്ങളും ഇറാൻ-ഇസ്രയേൽ വിഷയങ്ങളും തീർക്കേണ്ടതുണ്ട്.
1979ൽ പഹ്ലവി വംശത്തിലെ ഷായെ പുറത്താക്കി ഷിയാ മുസ്ലിം പുരോഹിതവൃന്ദം ഇറാന്റെ ഭരണം പിടിച്ചപ്പോൾ മുതലുള്ളതാണു പ്രശ്നങ്ങൾ. സമീപത്തെല്ലാം സുന്നി മുസ്ലിം ഭരണകൂടങ്ങൾ. സൗദിയിലെ തീർഥാടനകേന്ദ്രങ്ങൾ അടക്കമുള്ളവയുടെ നിയന്ത്രണം പിടിക്കാൻ ഷിയാകൾ പണ്ടേ ശ്രമിക്കുന്നതാണ്. മതപരമായ ആ വിഷയത്തിൽനിന്നു തുടങ്ങുന്ന പരസ്പര സംശയവും ഭീതിയും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ കഴിഞ്ഞ അര നൂറ്റാണ്ട് കരിനിഴലിലാക്കി. പല ഗൾഫ് രാജവംശങ്ങൾക്കും ഇറാനിലെ ഭരണകൂടം പേടിസ്വപ്നമാണ്. ഇറാനിൽനിന്നു ഷായോടൊപ്പം പുറത്തായ അമേരിക്കയ്ക്ക് അന്ന് എംബസി ജീവനക്കാരെ ബന്ദികളാക്കിയതും രക്ഷാപ്രവർത്തനത്തിൽ തോറ്റു തുന്നംപാടിയതും അടക്കം നാണക്കേടിന്റെ പല കണക്കുകളും തീർക്കാനുണ്ട്.
മൂന്നു വിഷയങ്ങൾ
അമേരിക്കയ്ക്കും, ഇസ്രയേലും സൗദി അറേബ്യയുമടക്കം അമേരിക്കൻ സംരക്ഷണം സ്വീകരിച്ചിട്ടുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമുള്ള പ്രധാന വിഷയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്: ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ. അവയുടെ ലക്ഷ്യം തങ്ങളാണെന്ന് ഇറാന്റെ ഗൾഫ് അയൽക്കാരും ഇസ്രയേലും ഭയപ്പെടുന്നു. ഇറാൻ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പോലെ ദുർബലമല്ല. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാമ്പത്തിക നിലയിലും അയൽരാജ്യങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. അവർക്ക് അണ്വായുധ, ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ശേഷികൾ ഉണ്ടായാൽ യൂറോപ്പിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും ഇന്ധനസമൃദ്ധമായ പ്രദേശം അവരുടെ വരുതിയിലായാൽ ലോകത്തിന്റെ നിയന്ത്രണം ടെഹറാനിൽ നിന്നാകും. അതിനാൽ ഭീഷണിയാകാത്തവിധം ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ ചുരുക്കണം.
രണ്ട്: മറ്റു രാജ്യങ്ങളിൽ ഇറാൻ പോറ്റിവളർത്തുന്ന സായുധ വിഭാഗങ്ങൾ. സൗദി അറേബ്യയുടെ തെക്ക് യെമനിലെ ഹൗതികൾ, ഗാസയിലും പലസ്തീനിലുമുള്ള ഹമാസ്, ലബനനിലും ഇറാഖിലും ഉള്ള ഹിസ്ബുള്ള എന്നീ സായുധസേനാ വിഭാഗങ്ങളാണു പ്രധാനപ്പെട്ടവ. ഇവയ്ക്ക് ആയുധവും പരിശീലനവും പണവും നൽകുന്നതും ആക്രമണങ്ങൾ നിർദേശിക്കുന്നതും ഇറാനാണ്. ഇവയെ ബലപ്പെടുത്തി സൗദി അറേബ്യയിലടക്കം ഭരണം പിടിക്കാൻ ഇറാൻ ഉദ്യമിക്കുമെന്നും ആ രാജ്യങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഇറാൻ ആ സംഘങ്ങൾക്കുള്ള സഹായം അവസാനിപ്പിക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിലെ കപ്പൽച്ചാൽ. ഇത് യുദ്ധം തുടങ്ങിയ ശേഷമുള്ള വിഷയമാണ്. കപ്പൽച്ചാൽ ഇറാൻ അടച്ചു. സ്വന്തമായതായി പ്രഖ്യാപിച്ചു. കപ്പലുകൾക്കു ടോളും നിശ്ചയിച്ചു. അതു തുടർന്നാൽ ഗൾഫ് രാജ്യങ്ങളുടെ വാണിജ്യം ഇറാന്റെ ദയാദാക്ഷിണ്യത്തിലാകും. ബഹറിനും കുവൈറ്റും ഒമാനും യുഎഇയും സൗദി അറേബ്യയും ഇറാനോടു വിധേയപ്പെട്ടു നിൽക്കേണ്ടിവരും.
വഴങ്ങാനാകില്ല
ഈ വിഷയങ്ങൾ ഇറാന്റെയും മൗലിക വിഷയങ്ങളാണ്. ആണവ, മിസൈൽ പദ്ധതികളിൽ വഴങ്ങിയാൽ തങ്ങൾ ഒരു സൈനികശക്തിയല്ലാതാകും എന്ന് അവർക്കറിയാം. പോറ്റിവളർത്തുന്ന സായുധസംഘങ്ങളാണ് അയൽരാജ്യങ്ങളെ വരുതിയിൽ നിർത്താൻ ഇറാനെ സഹായിക്കുന്നത്. ഹോർമുസാണു ലോകശക്തികളോടു വിലപേശാൻ ഇറാനുള്ള ഏക ബലം. മൂന്നിലും ഇറാനു വിട്ടുവീഴ്ച എളുപ്പമല്ല.
ഈ കാര്യങ്ങളിൽ നിലവിലെ സ്ഥിതിയോ മുൻപത്തെ സ്ഥിതിയോ തുടരുന്നതു ഗൾഫ് രാജ്യങ്ങൾക്കും സ്വീകാര്യമല്ല. അങ്ങനെ വന്നാൽ ഇറാനിൽനിന്നുള്ള ആക്രമണമോ ഇറാൻ പ്രേരിപ്പിക്കുന്ന വിപ്ലവമോ ഭയന്നു തങ്ങൾ കഴിയേണ്ടിവരും എന്ന് ആ ഭരണാധികാരികൾക്കറിയാം.
ഇല്ലെങ്കിൽ ബോംബിംഗ്
ധാരണാപത്രം ഇറാൻ സ്വീകരിച്ചില്ലെങ്കിൽ ബോംബിംഗ് പുനരാരംഭിക്കും എന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. എങ്കിലും വിവിധ സ്രോത്രസുകൾ ഇറാൻ ധാരണയ്ക്കു വഴങ്ങും എന്ന സൂചന നൽകുന്നു. യുഎസ് നാവിക ഉപരോധം ഇറാന്റെ വ്യാപാരങ്ങൾ തീരെ കുറച്ചു. അതു വരുമാനം കുറച്ചു. രാജ്യത്തു സാമ്പത്തിക ദുരിതം വ്യാപകമായി. അതാണ് അവരെ ധാരണയുടെ സമീപത്തേക്കു നയിച്ചത്.
ഇറാനിലെ രാഷ്ട്രീയ നേതൃത്വം യുദ്ധം തീർക്കാൻ ആഗ്രഹിച്ചാണ് ആഴ്ചകളായി നീങ്ങിയിരുന്നത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐആർജിസി) അതിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയുമാണ് കരാറിന് എതിരു നിൽക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫും മറ്റും കരാർ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഖാലിബാഫ് നയിച്ച ആദ്യചർച്ച ഇടയ്ക്കു നിർത്തിച്ച വാഹിദി പിന്നീടു ഖാലിബാഫിനെ ചർച്ചാസംഘത്തിൽനിന്നു രാജിവയ്പിച്ചു എന്നാണു കരുതപ്പെടുന്നത്. 270 അംഗ ഇറാൻ പാർലമെന്റിൽ ഖാലിബാഫിന്റെ നിലപാടിനെ എതിർക്കാൻ മുപ്പതോളം തീവ്രവാദികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു റിപ്പോർട്ടുകൾ. പക്ഷേ, തീവ്രവാദികൾക്കു പിന്നിൽ ഐആർജിസി ഉണ്ടായിരുന്നതുകൊണ്ട് നയതന്ത്ര പരിശ്രമങ്ങൾ ആഴ്ചകളോളം പുരോഗതിയില്ലാതെ നീണ്ടു. ഇറാന്റെ പരസ്യവും രഹസ്യവുമായ കപ്പൽ ഗതാഗതം തടയപ്പെടുന്നവിധം ഉപരോധം ബലപ്പെട്ടു വന്നതോടെ നയതന്ത്ര നീക്കങ്ങൾക്കു വേഗം കൂടി. 30 ദിവസ പരിധിവച്ചു പുതിയ ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായി.
ഷിയെ കാണും മുമ്പ്
അമേരിക്കയ്ക്കും ഒരു താത്കാലിക ധാരണ അത്യാവശ്യമാണ്. അടുത്ത വ്യാഴാഴ്ച ട്രംപ് ചൈന സന്ദർശിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കടുത്ത വിലപേശൽ നടത്താനുണ്ട്. അതു വിജയകരമായി നടത്തണമെങ്കിൽ ഇറാൻ കാര്യത്തിൽ തനിക്കു മേൽക്കയുള്ള കരാറിലേക്കു വഴി തെളിയണം. ഇറാനെ യുദ്ധത്തിലും മറ്റു കാര്യങ്ങളിലും സഹായിക്കുന്ന രാജ്യമാണു ചൈന. ഇറാൻ അമേരിക്കയ്ക്കു വഴങ്ങുന്ന നിലയിലായാൽ ഷിയുടെ വിലപേശൽ ശേഷി കുറയും, ട്രംപിന്റെ ശേഷി കൂടും.
ട്രംപിനു വിജയമോ?
പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്ന തരം ധാരണാപത്രം ഉണ്ടായാൽ അതു ട്രംപിന്റെ മഹാവിജയമാകും. 48 വർഷമായി ഏഴു പ്രസിഡന്റുമാർ ശ്രമിച്ചിട്ടു സാധിക്കാത്ത കാര്യം ട്രംപ് സാധിക്കുന്നു എന്നാകും. പശ്ചിമേഷ്യയിൽ ലോകരാജ്യങ്ങൾക്കു ഭീഷണിയായി ഉയർന്നു വന്ന ആണവ ശക്തിയെ പിടിച്ചുകെട്ടി എന്നു ട്രംപിന് അവകാശപ്പെടാം. സാംസ്കാരികവും മതപരവുമായ പലതരം വ്യാഖ്യാനങ്ങൾ നൽകപ്പെട്ട വലിയ പോരാട്ടത്തിന്റെ ഒരു നിർണായക ഘട്ടമാണു ട്രംപ് നയിച്ചത്. അത് അനിവാര്യമായിരുന്നു എന്നു കരുതുന്നവരും അനാവശ്യമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. പക്ഷേ മുൻപറഞ്ഞതുപോലെ ഒരു കരാറിൽ കാര്യങ്ങൾ സമാപിച്ചാൽ ട്രംപിനു ചെറുതല്ലാത്ത തിളക്കം കിട്ടും.
അതുകൊണ്ടു പക്ഷേ ലോകത്തിലെ സംഘർഷങ്ങൾ കുറയുകയില്ല. അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അക്രമിസംഘങ്ങൾക്കെതിരേ നടന്ന യുദ്ധങ്ങൾക്കു ശേഷവും ആഗോള സംഘർഷം കുറഞ്ഞിട്ടില്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കു ശേഷവും ലോകത്തിൽ സമാധാനം പുലർന്നിട്ടില്ല. അതു ചരിത്രപാഠം.
ചരിത്രത്തിന്റെ പാഠം എന്തായാലും ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയിൽനിന്നു രക്ഷപ്പെടാൻ കളമൊരുങ്ങുന്നു എന്നു വേണം കരുതാൻ. കരുതൽ ഇല്ലാതിരുന്ന സാഹസിക ഉദ്യമത്തിന്റെ ഫലം. അതു ലോകത്തിനും അമേരിക്കയ്ക്കും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ് - ട്രംപിനെ അതിജീവിക്കുന്ന ദൂരവ്യാപക മാറ്റങ്ങൾ.
ആക്സിയോസ് എന്ന യുഎസ് വെബ് സൈറ്റും ലണ്ടൻ ആസ്ഥാനമായുള്ള പ്രവാസി ഇറാൻകാരുടെ വക ഇറാൻ ഇന്റർനാഷണൽ വെബ്സൈറ്റും ‘ഒറ്റപ്പേജ് ധാരണാപത്രം’ സംബന്ധിച്ചു ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിലെ പ്രധാന കാര്യങ്ങൾ ഇവയാണ്.
ഒന്ന്: ആണവ സമ്പുഷ്ടീകരണത്തിനു മോറട്ടോറിയം പ്രഖ്യാപിക്കാൻ ഇറാൻ തയാറാണ്. മോറട്ടോറിയം കാലാവധി 12 വർഷമോ 15 വർഷമോ ആകും. അമേരിക്ക ആവശ്യപ്പെട്ടത് 20 വർഷമായിരുന്നു. ഇറാൻ മുമ്പ് ഓഫർ ചെയ്തത് അഞ്ചു വർഷം. മോറട്ടോറിയം കഴിയുമ്പോൾ ഇറാനു 3.67 ശതമാനം സമ്പുഷ്ടീകരണം അനുവദിക്കും. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്നു നീക്കുന്നതു ചർച്ച ചെയ്തു തീരുമാനിക്കും. അത് അമേരിക്കയിലേക്കു മാറ്റിയാൽ ഇറാന്റെ തടഞ്ഞുവച്ച ആസ്തിയിൽ 2,000 കോടി ഡോളർ വിട്ടു നൽകും.
രണ്ട്: ഹോർമുസിലെ കപ്പൽ ഗതാഗതം സ്വതന്ത്രമാക്കും. ഇതിനു സമാന്തരമായി ഹോർമുസിലെ യുഎസ് നാവിക ഉപരോധം നീക്കും. ഇറാന്റെ തടഞ്ഞു വച്ചിട്ടുള്ള സമ്പത്ത് ക്രമേണ വിട്ടുനൽകും. മറ്റ് സാമ്പത്തിക ഉപരോധങ്ങളും ക്രമേണ നീക്കും.
മൂന്ന്: 30 ദിവസത്തിനകം അന്തിമകരാർ ഉണ്ടാക്കുന്നതിനു വിധേയമായിട്ടാണ് ആദ്യത്തെ കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുക. അണ്വായുധം ഉണ്ടാക്കാൻ ശ്രമിക്കില്ലെന്നും ഭൂമിക്കടിയിൽ ആണവ സംവിധാനങ്ങൾ സ്ഥാപിക്കില്ലെന്നും ഇറാൻ എഴുതി നൽകണം.
നാല്: യുദ്ധം അവസാനിക്കുന്നതായി പ്രഖ്യാപിച്ച ശേഷം കരാറിനുള്ള ചർച്ചകൾ ഇസ്ലാമാബാദിലോ ജനീവയിലോ നടത്തും.
അഞ്ച്: ചർച്ചകൾ വിജയിച്ചില്ലെങ്കിൽ അമേരിക്ക ആക്രമണമോ ഉപരോധമോ പുനരാരംഭിക്കും.