NRI
മാഞ്ചസ്റ്റർ: വചന പ്രഘോഷകൻ ഡോ. ഡി. ജോൺ സാൽഫോഡിൽ അഭിഷേകാഗ്നി ശുഷ്രൂഷ നയിക്കുന്നു. സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോമലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം 13ന് വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് നടക്കുക.
വിലാസം: സെന്റ് എവുപ്രാസ്യ സീറോമലബാർ കാത്തലിക് ചർച്ച് ഓക്സ്ഫോഡ് സ്ട്രീറ്റ് സാൽഫോഡ്
M30 0FW.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സാന്റോ - 07918266158, സാജു വർഗീസ് - 07809 827074.
NRI
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിംഗ്ഹാം മരിയന് പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര് സഭ നയിക്കുന്ന തീര്ഥാടനം ഈ മാസം 18ന് നടക്കും. ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് രൂപതയുടെ അധ്യക്ഷൻ മാര് ജോസഫ് സ്രാമ്പിക്കല് മുഖ്യകാർമികത്വം വഹിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര് വിശ്വാസ സമൂഹം മുൻവർഷങ്ങളിലെ പോലെ തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും അലങ്കാരങ്ങളും തിരുനാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാം തീർഥാടനത്തിൽ പ്രസുദേന്തിമാരായി പങ്കുചേരുവാൻ ഉള്ള അനുഗ്രഹീത അവസരം ഉപയോഗിക്കുവാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്ലയറിലെ QR-CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് രൂപതയുടെ ആഭിമുഖ്യത്തില് ഇത് പത്താം തവണയാണ് തീര്ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര് വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ വാത്സിംഗ്ഹാം മരിയൻ തീര്ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും പുണ്യഭുമിയുമാണ്.
വര്ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
വാത്സിംഗ്ഹാം തീർഥാടന തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേര്ന്ന് മാതൃമാധ്യസ്ഥതയിൽ ദൈവീക കൃപാകൾക്കും അനുഗ്രഹങ്ങൾക്കും ഉദ്ദിഷ്ഠ കാര്യ സാഫല്യത്തിനും പ്രാർഥനാ നിറവിൽ ആയിരിക്കുവാൻ തിരുനാള് കമ്മിറ്റി ഭാരവാഹികള് വിശ്വാസികളോട് അഭ്യർഥിച്ചു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന, 10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്), 11 - കൊടിയേറ്റ്, 12 - പ്രസുദേന്തി വാഴിയ്ക്കൽ, 12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, 13 45 - ആഘോഷമായ പരിശുദ്ധ കുർബാന - മാർ ജോസഫ് സ്രാമ്പിക്കൽ, 15.45 - നന്ദി പ്രകാശനം.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walshingham, Houghton St. Giles Norfolk,NR22 6AL.
NRI
വെസ്റ്റ് യോർക്ക്ഷയർ: പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ "The Secret Letter - Season2 UK Tour' എന്ന മെഗാ മെന്റലിസം ഷോയുടെ ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. സെപ്റ്റംബർ 20ന് വെസ്റ്റ് യോർക്ക്ഷയറിൽ അരങ്ങേറുന്ന പരിപാടിയുടെ ടിക്കറ്റിന്റെ ആദ്യ വിൽപ്പന ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.
ജൂൺ ഏഴിന് ബ്രാഡ്ഫോർഡിൽ റിമി ടോമിയെ അണിനിരത്തി വൻവിജയം നേടിയ ഷോയ്ക്ക് പിന്നാലെയാണ് WizMagic Entertainment Ltd, LADS Eventsന്റെ സഹകരണത്തോടെ പുതിയ മെഗാ ഷോ ഒരുക്കുന്നത്.
പരിപാടിയുടെ ആദ്യ ടിക്കറ്റ് ചാക്കോ കോട്ടേജസ് ഉടമകളായ ചാക്കോയും ലീനുമോളും ചേർന്ന് ചാണ്ടി ഉമ്മനിൽ നിന്ന് ഏറ്റുവാങ്ങി.
NRI
ലണ്ടൻ: യുകെയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ സ്വർണക്കൊള്ളകൾ അതീവ ഗുരുതരമായ രീതിയിൽ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
യുകെയിലെ വെസ്റ്റ് യോർക്ക്ഷെയർ മേഖലയിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ഏഷ്യൻ സ്വർണം ലക്ഷ്യമിട്ടുള്ള മോഷണങ്ങളിൽ 2,000 ശതമാനത്തിലധികം റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവരവകാശ നിയമ അപേക്ഷയ്ക്ക് മറുപടിയായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് പ്രവാസി കമ്യൂണിറ്റികളെ ഭീതിയിലാഴ്ത്തുന്ന ഈ വിവരങ്ങളുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റിക്കാർഡിൽ എത്തിനിൽക്കുന്നതും യുകെയിലെ കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയുമാണ് ക്രിമിനൽ സംഘങ്ങളെ ഏഷ്യൻ കുടുംബങ്ങളിലേക്ക് ആകർഷിക്കുന്നത്.
എന്തുകൊണ്ട് "ഏഷ്യൻ സ്വർണം' ലക്ഷ്യമിടുന്നു?
യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്വർണത്തെ അപേക്ഷിച്ച് ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണത്തിന് മാറ്റും ശുദ്ധിയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിപണിയിൽ വലിയ വില ലഭിക്കും.
നിലവിലെ ഉയർന്ന സ്വർണ്ണനിരക്ക് പ്രകാരം ചെറിയൊരു സ്വർണാഭരണത്തിന് പോലും നൂറുകണക്കിന് പൗണ്ട് മൂല്യമുണ്ട്. വിവാഹാവസരങ്ങളിലും മറ്റും മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പാരമ്പര്യ ആഭരണങ്ങൾ ഭൂരിഭാഗം ഏഷ്യൻ കുടുംബങ്ങളും വീടുകളിലാണ് സൂക്ഷിക്കുന്നത് എന്ന് മനസിലാക്കിയാണ് കുറ്റവാളികൾ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്നത്.
നാല് വർഷത്തിനിടെ എട്ടിൽ നിന്ന് 173-ലേക്ക്; ലക്ഷങ്ങളുടെ നഷ്ടം
പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ സ്വർണക്കവർച്ചയുടെ ഭീതിദമായ അവസ്ഥ താഴെ നൽകുന്നു:
2022-ൽ വെസ്റ്റ് യോർക്ക്ഷെയറിൽ വെറും എട്ട് ഏഷ്യൻ സ്വർണക്കവർച്ചകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കഴിഞ്ഞ വർഷം അത് 173 കേസുകളായി കുതിച്ചുയർന്നു. 2026 ഏപ്രിൽ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ മാത്രം നൂറോളം കവർച്ചകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
2022-ൽ 50,000 പൗണ്ടിന്റെ സ്വർണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ, കഴിഞ്ഞ വർഷം അത് 7,37,022 പൗണ്ടായി (ഏകദേശം 7.6 കോടി രൂപ) ഉയർന്നു. ഈ വർഷം ഇതുവരെ മാത്രം അഞ്ച് ലക്ഷത്തിലധികം പൗണ്ടിന്റെ സ്വർണം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
നഷ്ടപ്പെടുന്നത് പാരമ്പര്യവും വൈകാരിക ബന്ധങ്ങളും
സ്വർണത്തിന്റെ സാമ്പത്തിക മൂല്യത്തിനപ്പുറം തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യവും വൈകാരികമായ ഓർമകളുമാണ് കവർച്ചയിലൂടെ പ്രവാസികൾക്ക് നഷ്ടപ്പെടുന്നത്.
ബ്രാഡ്ഫോർഡിലെ ഒരു വീട്ടിൽ നടന്ന കവർച്ചയിൽ തന്റെ അന്തരിച്ച അമ്മ നൽകിയ ആഭരണങ്ങൾ ഉൾപ്പെടെ 15,000 പൗണ്ടിന്റെ സ്വർണം നഷ്ടപ്പെട്ടതായി പ്രവാസിയായ ഉടമ പറഞ്ഞു.
മോഷണം നടക്കുമ്പോൾ ഞങ്ങൾ ജോലിയിലായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീട് തകർത്ത നിലയിൽ കണ്ടത്. കള്ളന്മാർ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ പോലീസിന് വിരലടയാളം പോലും കിട്ടിയില്ലെന്ന് അവർ അറിയിച്ചു.
തങ്ങളുടെ ഭാവി സുരക്ഷയ്ക്കായും അടുത്ത തലമുറയ്ക്ക് കൈമാറാനുമായി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന സ്വർണം ഇപ്പോൾ പുറത്തു ധരിച്ചുനടക്കാൻ പോലും ഭയമാണെന്ന് ബ്രാഡ്ഫോർഡിലെ ഖിദ്മത് കമ്യൂണിറ്റി സെന്ററിലെ പ്രവാസി സ്ത്രീകൾ പറയുന്നു.
പലരും ഭയം മൂലവും പാരമ്പര്യ സ്വത്ത് നഷ്ടപ്പെട്ടതിലുള്ള മാനക്കേട് കാരണവും മോഷണവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്ന് സെന്റർ മാനേജർ ഡോ. സോഫിയ ബൻസി ചൂണ്ടിക്കാട്ടി.
പ്രതിരോധ നടപടികളുമായി പോലീസ്; സുരക്ഷാ നിർദേശങ്ങൾ
സ്വർണക്കവർച്ച വ്യാപകമായതോടെ വെസ്റ്റ് യോർക്ക്ഷെയർ പോലീസ് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്ന് പോലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
വിശേഷ ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ പുറത്ത് പോകുന്ന അവസരം മുതലെടുത്താണ് വീടുകളിൽ കവർച്ച കൂടുന്നത് എന്നതിനാൽ ഈ സമയങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്.
സ്വർണാഭരണങ്ങൾ സാധാരണ അലമാരകളിൽ സൂക്ഷിക്കാതെ വീടുകളിൽ സുരക്ഷിതമായ ഡിജിറ്റൽ അല്ലെങ്കിൽ വോൾ സേഫുകൾ സ്ഥാപിച്ച് അതിൽ സൂക്ഷിക്കുകയൊ, ദീർഘകാലത്തേക്ക് ഉപയോഗിക്കാത്ത വലിയ ആഭരണങ്ങൾ വീട്ടിൽ വെക്കാതെ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുകയൊ ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.
മോഷ്ടിക്കപ്പെടുന്ന സ്വർണം ജ്വല്ലറികളിൽ വിൽക്കുന്നത് തടയാൻ, സ്വർണം വാങ്ങാൻ എത്തുന്നവരുടെ കൃത്യമായ ഐഡി കാർഡുകളും രേഖകളും പരിശോധിക്കാൻ യുകെയിലെ എല്ലാ ജ്വല്ലറികൾക്കും കർശന നിയമം കൊണ്ടുവരണമെന്ന് ഇതോട് അനുബന്ധിച്ച് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
യുകെയിലെ മലയാളി കമ്യൂണിറ്റികളും വരും ദിവസങ്ങളിൽ തങ്ങളുടെ സ്വർണ സമ്പാദ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിവിധ അസോസിയേഷനുകൾ ഓർമിപ്പിക്കുന്നു.
NRI
അബർഡീൻ: ആത്മീയ നവീകരണത്തിനും മാതൃ മധ്യസ്ഥത്തിനുംഅനുഗ്രഹീത സന്നിധിയായ "കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു.
യുകെയിൽ കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും അന്ന് പങ്കുചേരുവാൻ കഴിയാതെ പോയ നിരവധിയായ മാതൃഭക്തരുടെ അഭ്യർഥന പരിഗണിച്ചുമാണ് കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
അബർഡീൻ കത്തോലിക്കാ രൂപതയുടെ അധ്യക്ഷൻ ബിഷപ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ. ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർഥനയിൽ വെളിവായ അമ്മയുടെ അഭിലാഷം മനസിലാക്കി ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓഗസ്റ്റ് 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചിന് സമാപിക്കുന്നതാണ്. കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.
St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland.
NRI
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13ന് സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.
ക്രോളി മലയാളി കമ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു.
ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.
NRI
കാർഡിഫ്: യുകെയിലെ മലയാളി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന "ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ഓൾ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്' ഞായറാഴ്ച കാർഡിഫിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും സമ്മാനത്തുകയും സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ വൻകിട കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. കാർഡിഫിലെ പോണ്ട്കാന ഫീൽഡ്സിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകൾ അണിനിരക്കുന്ന ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം ഒരു മഹത്തായ ലക്ഷ്യത്തിനായാണ് ഈ ടൂർണമെന്റഅ വേദിയാകുന്നത്.
മത്സരത്തിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂർണമായും തലച്ചോറിലെ ട്യൂമർ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനയായ ദി ബ്രെയിൻ ട്യൂമർ ചാരിറ്റിക്ക് സംഭാവനയായി നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
യുകെയിലെ പ്രമുഖ മലയാളി ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.
മാറ്റുരയ്ക്കുന്ന കരുത്തരായ 12 ടീമുകൾ:
ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ട്രോഫിക്കായി യുകെയുടെ വിവിധ കോണുകളിൽ നിന്നും എത്തുന്ന ടീമുകളും അവരുടെ നായകന്മാരും താഴെ പറയുന്നവരാണ്:
വുൾഫ്സ് ക്രിക്കറ്റ് ക്ലബ്, വോൾവർഹാംപ്ടൺ (ക്യാപ്റ്റൻ: ആൽബിൻ ചാക്കോ).
സ്വൻസി സ്പാർട്ടൻസ്, സ്വാൻസി (ക്യാപ്റ്റൻ: വിമൽ തോമസ്).
ഇൻഫിനിറ്റി വാരിയേഴ്സ്, കോവെൻട്രി (ക്യാപ്റ്റൻ: സാം രാജൻ).
റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ്, എക്സറ്റർ (ക്യാപ്റ്റൻ: രഞ്ജു തോമസ്).
സിഎംഎ ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: ആൽബിൻ സേവ്യർ).
സഹൃദയ റോയൽസ് സിസി, ടൺബ്രിഡ്ജ് വെൽസ് (ക്യാപ്റ്റൻ: സെബാസ്റ്റ്യൻ എബ്രഹാം).
വെൽഷ് സ്റ്റാലിയൻസ് ഇലവൻ, കാർഡിഫ് (ക്യാപ്റ്റൻ: ജിത്തു തോമസ്).
ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്, ന്യൂപോർട്ട് (ക്യാപ്റ്റൻ: ജോയൽ ജോണി).
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: സുധീർ കുമാർ സുരേന്ദ്രൻ നായർ).
കാർഡിഫ് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: ജോസഫ് സെബാസ്റ്റ്യൻ).
റേച്ചൽസ് സ്റ്റാലിബോൺ, അബെറിസ്റ്റ്വിത്ത് (ക്യാപ്റ്റൻ: അനൂപ് മേനോൻ).
റോയൽ ചലഞ്ചേഴ്സ് കാർഡിഫ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: സനീഷ് ചന്ദ്രൻ).
ആകർഷകമായ സമ്മാനങ്ങൾ
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം: 2000 പൗണ്ടും ട്രോഫിയും. രണ്ടാം സമ്മാനം: 1000 പൗണ്ടും ട്രോഫിയും. സെമി ഫൈനലിസ്റ്റുകൾ: സെമിയിൽ പുറത്താകുന്ന മറ്റ് രണ്ട് ടീമുകൾക്ക് 500 പൗണ്ട് വീതം ലഭിക്കും.
വ്യക്തിഗത പുരസ്കാരങ്ങൾ: ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.
വിപുലമായ സ്പോൺസർഷിപ്പ് പിന്തുണ
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാർഡിഫ് പ്രധാന സ്പോൺസറായി എത്തുന്ന ഈ പരിപാടിക്ക് യുകെയിലെ പ്രമുഖ സ്ഥാപനങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആംപിൾ മോർട്ഗേജസ്, ഇൻഫിനിറ്റി മോർട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സ്, ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റേഴ്സ്, ടോംടൺ ട്രാവൽസ്, ബ്രൂവറി ഫീൽഡ് റസ്റ്റോറന്റ്, ആപ്റ്റസ് ലീഗൽ, ജെഡി സ്റ്റോർസ്, കെയർ ക്രൂ, തെരേസാസ് ലണ്ടൻ, ദ ഡഫ്രിൻ ആംസ്, കൈരളി സ്പൈസസ് സെന്റർ കാർഡിഫ്, നാക്രെ ഹെയർ ആൻഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യൻ ക്വിസിൻ ന്യൂപോർട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും കായികമേളയുടെ വിജയത്തിനായി കൈകോർക്കുന്നു.
ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്ക് വേണ്ടി ഡോ. ടിബിൻ ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ടിബിൻ ജോസഫ് - +44(0)7479005892.
NRI
പീറ്റർബറോ: കേരളത്തിന്റെ അഞ്ചുവിളക്കിന്റെ നാടും സാംസ്കാരിക - സാമൂഹിക ചരിത്രതാളുകളിൽ തനത് മുഖമുദ്ര ചാർത്തിയിട്ടുമുള്ള ചങ്ങനാശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ഈ മാസം 21ന് പീറ്റർബറോയിൽ നടക്കുന്നു.
ചങ്ങനാശേരിയുടെ മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി സംഗമത്തിൽ പങ്കുചേരും.
യുക്മ നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായി, ഐഒസി നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയേൽ തുടങ്ങിയവരും അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സ്നേഹക്കൂട്ടായ്മയിൽ അതിഥികളായെത്തും.
ചങ്ങനാശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമകളും വീണ്ടും അനുഭവിക്കാൻ ഉതകുന്ന തരത്തിൽ കലാ-സാംസ്കാരികവും സംവേദനാത്മകവുമായ പരിപാടികൾ, സംഗീതവിരുന്ന്, വിനോദപരിപാടികൾ എന്നിവ പ്രവാസി സംഗമത്തിന്റെ ഭാഗമായി അരങ്ങേറും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 21നു ഉച്ചകഴിഞ്ഞു മൂന്നിന് നിലവിളക്കു കൊളുത്തി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കപ്പെടും. സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വിവിധങ്ങളായ പരിപാടികൾ രാത്രി എട്ടു വരെ നീണ്ടു നിൽക്കുന്നതാണ്.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുക, പിറന്ന മണ്ണിനോടുള്ള സൗഹൃദവും പ്രതിബദ്ധതയും വികസനോന്മുഖ ചിന്തകളും ഉദ്ധീപിപ്പിക്കുക്ക അടക്കം ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ചങ്ങനാശേരി സ്നേഹക്കൂട്ടായ്മയിൽ പ്രമുഖ കോക്കനട്ട് & കറി ഫുഡ് സ്റ്റോൾ വിഭവ സമൃദ്ധവും രുചികരവുമായ കേരളത്തിന്റെ തനത് രുചികൾ ചൂടോടെ വിളമ്പും.
പഴയ സുഹൃത്തുക്കളെയും, നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ അഭിമാനാർഹമായ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുവാനും ഈ സംഗമം വേദിയാവും. പ്രവാസി സംഗമത്തിൽ മനോജ് തോമസ്, ജോമോൻ മാമ്മൂട്ടിൽ, ഫെബി ഫിലിഫ് എന്നിവർ കോർഡിനേറ്റർമാരാണ്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും, കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
https://forms.gle/68obB9YCsNvoyZ4k6. Feby Philip: 07597 671197 (Peterborough), Manoj Thomas:07846 475589, Jomon Mammoottil: 07930431445.
MANOR FARM COMMUNITY CENTRE, 70 HIGH STREET EYE, PETERBOROUGH, PE6 7UY.
International
ലണ്ടൻ: ഒരു നല്ല പ്രമോഷൻ, മികച്ച സാലറി ഇതൊക്കെയാണ് ശരാശരി ജീവനക്കാരന്റെ വലിയ ആഗ്രഹം. എന്നാൽ തന്റെ കഴിവുകൾ വരുമാന മാർഗമാക്കി സന്പാദ്യം സൃഷ്ടിക്കുന്ന ഒരു വനിത ഇവരിൽ വ്യത്യസ്ഥയാകുകയാണ്. ലണ്ടനിൽ താമസമാക്കിയ മലയാളി വനിത അദിതി മിശ്രയാണ് താൻ മാസം സന്പാദിക്കുന്ന തുക സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് ശ്രദ്ധേയയായത്. മാസം 63 ലക്ഷം രൂപയാണ് അദിതിയുടെ വരുമാനം. അദിതിയുടെ വരുമാന മാർഗം ഏവരെയും അന്പരിപ്പിക്കും.
ജോലിയിൽനിന്ന് മാത്രം വരുമാനം കണ്ടെത്തുന്ന തലമുറയ്ക്ക് അദിതി അത്ഭുതമാണ്. തന്റെ ജോലിയേക്കാൾ കഴിവുകൾ വിറ്റ് വരുമാനമാക്കുകയാണ് അദിതിയുടെ വഴി. ലോസ് ഏഞ്ചൽസിലെ ഒരു ഫിൻടെക് സ്റ്റാർട്ടപ്പിൽ മുഴുവൻ സമയ ജോലിക്കാരിയാണ് അദിതി.
സ്വയം ഒരു "ഫുൾ-ടൈം കോർപ്പറേറ്റ് ഗേൾ' എന്നും "പാർട്ട് ടൈം കണ്ടന്റ് ക്രിയേറ്റർ' എന്നുമാണ് അദിതി വിശേഷിപ്പിക്കുന്നത്. ജോലിക്കായി ചിലവഴിക്കുന്ന സമയത്തിനപ്പുറം അദിതി തന്റെ കഴിവുകൾ എങ്ങനെ വരുമാനമാക്കി മാറ്റാം എന്ന് ചിന്തിച്ചു. ഈ വിജയ വഴിയാണ് യുവ പ്രൊഫഷണൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോയായി ചിത്രീകരിച്ചത്.
ഇന്ത്യൻ പ്രൊഫഷണൽ ഒരു മാസത്തിനുള്ളിൽ 50,000 പൗണ്ടിലധികം സന്പാദിച്ചതായാണ് തുറന്നുപറച്ചിൽ. ലണ്ടൻ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പിൽ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ അവർക്ക് ലഭിക്കുന്ന ശന്പളത്തേക്കാൾ കൂടുതലാണിത്.
ആറ് വരുമാന സ്രോതസ്:
തന്റെ വരുമാനം എങ്ങനെയെന്ന് അദിതി ഇൻസ്റ്റാഗ്രാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്്. 2.2 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അദിതി തന്റെ കഴിവുകളെ വിലയിരുത്തി മൂർച്ചകൂട്ടി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിച്ചു.
അഫിലിയേറ്റ് മാർക്കറ്റിംഗ് വരുമാനത്തിലൂടെ താൻ 12 പൗണ്ട് സന്പാദിക്കുന്നതായി അദിതി പറഞ്ഞു. 40,000 ത്തിലധികം വായനക്കാരള്ള പെയ്ഡ് ന്യൂസ്ലെറ്ററുകളാണ് തന്റെ രണ്ടാം വരുമാന മാർഗമെന്നും അദിതി വ്യക്തമാക്കി. ഇതിലൂടെ അവർ 490 പൗണ്ട് സന്പാദിക്കുന്നു.
വർക്ഷോപ്സ്:
മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ള അദിതി സ്ഥാപനങ്ങൾക്കുവേണ്ടി കണ്സൾട്ടിംഗും ചെയ്യുന്നു. ഇതിലൂടെ അവർ ഏകദേശം 5,000 പൗണ്ട് (ഏകദേശം 6.3 ലക്ഷം രൂപ) സന്പാദിച്ചിട്ടുണ്ട്.
നാലാമത്തേത് പൊതുപ്രസംഗങ്ങളും വർക്ഷോപ്പുകളുമാണ്. സൗജന്യവും പണമടച്ചുള്ളതുമായ രണ്ട് തരം ജോലികൾ. ഇതിൽ നിന്ന് 9,500 പൗണ്ട് സന്പാദിക്കാൻ കഴിയുന്നതായും ലണ്ടനിലെ കോർപ്പറേറ്റ് ജീവനക്കാരി പറഞ്ഞു.
അദിതിയുടെ വലിയ വരുമാന സ്രോതസ് ഉള്ളടക്ക സൃഷ്ടിയാണ്. യുജിസി ഉള്ളടക്കത്തിലൂടെ അവർ 10,000 പൗണ്ട് സന്പാദിച്ചു. ന്ധഒരു ബ്രാൻഡിനായി ഉള്ളടക്കം സൃഷ്ടിക്കുന്നു, ബ്രാൻഡ് അത് അവരുടെ പേജിൽ പോസ്റ്റ് ചെയ്യുന്നു, മികച്ച വരുമാനവും ലഭിക്കുന്നു.
എന്റെ ഏറ്റവും വലിയ വരുമാന മാർഗം ബ്രാൻഡ് ഡലുകളാണ്. മാസം 25,102 പൗണ്ട് സന്പാദിച്ചു. അത് തികച്ചും ആവേശമാണ്, അവർ വെളിപ്പെടുത്തി.
അദിതി തന്റെ സൈഡ് ഹസ്റ്റലുകളിൽനിന്ന് ആകെ 50,102 പൗണ്ട് (ഏകദേശം 63 ലക്ഷം) മാസം സന്പാദിച്ചു എന്നത് ഏവരെയും ഞെട്ടിച്ചു. ഇത് ഒരു വലിയ സംഖ്യയാണ്, വീഡിയോയുടെ തുടക്കത്തിൽ തന്നെ അവർ അഭിമാനവും നേട്ടവും വിശദീകരിച്ചു.
യുകെയിൽ വർക് വിസയിലാണ് അദിതിയുടെ താമസം. ഇൻസ്റ്റാഗ്രാമിൽ അവരുടെ വീഡിയോയ്ക്ക് നിരവധി അഭിനന്ദന കമന്റുകൾ ലഭിച്ചു. ന്ധകുറച്ചു കാലമായി ഞാൻ നിങ്ങളുടെ ഇമെയിലുകൾ വായിക്കുന്നുണ്ട്, നിങ്ങൾ അതിശയകരമാണ്, ചിന്തിക്കാനും പ്രവർത്തിക്കാനും വ്യക്തത നൽകുന്നുണ്ട്,എന്നായിരുന്നു ഒരു കമന്റ്.
NRI
ബോൺമൗത്ത്: യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാപ്രേമികളുടെയും ശ്രദ്ധേയമായ സംഗമമായി മാറിയ മഴവിൽ സംഗീതം 2026 വൻ വിജയമായി.
സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ പരിപാടി കാണികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ച ഓരോ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി.
അതുപോലെ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും ഗായികമാരും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി. സന്തോഷ് നമ്പ്യാർ നയിച്ച ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മാറ്റുകൂട്ടി.
പതിവുപോലെ അദ്ദേഹത്തിന്റെയും ടീമിന്റെയും സംഗീതവിരുന്ന് പ്രേക്ഷകരുടെ വലിയ കൈയടി നേടി. രാത്രി 11.30 ഓടെയാണ് പരിപാടി സമാപിച്ചത്.
ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡിന്റെ ബിനു നോർത്താംപ്ടൺ ശബ്ദ-വെളിച്ച സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തപ്പോൾ, കളർ മീഡിയ ഒരുക്കിയ എൽഇഡി വാൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.
റോസ് ഡിജിറ്റൽ വിഷന്റെ ജിസ്മോൻ പോളും ബീയോഡ് ദ ബോർഡേഴ്സിന്റെ ജസ്റ്റിനും വീഡിയോഗ്രാഫി നിർവഹിക്കുകയും പരിപാടിയുടെ തത്സമയ സംപ്രേഷണം യൂട്യൂബിലൂടെ വിജയകരമായി നടത്തുകയും ചെയ്തു.
ഫോട്ടോഗ്രാഫർമാരായ റോണി ജോർജ്, ബെറ്റർ ഫ്രെയിംസ്, അനീസ് ജോയ് എന്നിവർ പകർത്തിയ ചിത്രങ്ങൾ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. മഴവിൽ സംഗീതം ചെയർമാൻ അനീഷ് ജോർജ് തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷിനു സിറിയക് നന്ദിപ്രകാശനം നടത്തി. കമ്മിറ്റി അംഗങ്ങളായ സിജു ജോസഫ്, പ്രേംജിത്ത് തോമസ്, റോബിൻസ് പഴുകയ്യിൽ, റോബിൻ പീറ്റർ, ടെസ്മോൾ ജോർജ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
അനുശ്രീ നായർ, സിൽവി ജോസ്, പത്മരാജ് (പാപ്പൻ), റിയ (സൗന്ദര്യ) എന്നിവർ നിർവഹിച്ച അവതരണം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. ചടുലമായ അവതരണശൈലിയിലൂടെ അവർ പ്രേക്ഷകരെ മുഴുവൻ സമയവും പരിപാടിയോട് ചേർത്ത് നിർത്തുന്നതിൽ വിജയിച്ചു.
NRI
ലണ്ടൻ: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുവാൻ തീരുമാനമെടുത്ത് ബ്രിട്ടൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ പ്രസംഗത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.
ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, ടിക്ടോക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കാണ് വിലക്ക്. എന്നാൽ കുട്ടികൾക്ക് സാധാരണ രീതിയിൽ ഫോണിൽ സംസാരിക്കുന്നതിനും മെസേജുകൾ അയക്കുന്നതിനും വാട്ട്സ്ആപ്പിനും വിലക്കുണ്ടാകുകയില്ല, ഇത് സംബന്ധിച്ച നിയമ നിർമ്മാണം ഈ വര്ഷം അവസാനത്തോടെ പാസാക്കുമെന്നും 2027 ഏപ്രിൽ മാസ ത്തോടെ നിയമം പ്രാബല്യത്തിൽ വരുത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ നടത്തിയ പഠനങ്ങൾക്കും ആലോചനകൾക്കും ശേഷമാണ് ബ്രിട്ടൻ ഈ കടുത്ത തീരുമാനത്തിലേക്ക് പോയത്. കുട്ടികളിൽ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കവും പഠനത്തിനുള്ള ശ്രദ്ധയില്ലായ്മയും ഉറക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നനങ്ങളും കണക്കിലെടുത്താണ് ബ്രിട്ടൻ ഈ തീരുമാനത്തിലേക്ക് പോകുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2025 ഡിസംബറിൽ ഓസ്ട്രേലിയയിൽ ആണ് ലോകത്താദ്യമായി ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത്, പിന്നീട് ഗ്രീസും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു.
ഓസ്ട്രേലിയയ്ക്കും ഗ്രീസിനും ബ്രിട്ടനും പിന്നാലെ ഫ്രാൻസ്, ഓസ്ട്രിയ ഉൾപ്പടെ ഉള്ള നിരവധി യുറോപ്യൻ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താനുള്ള നിയമ നിർമാണം നടത്താനുള്ള തയാറെടുപ്പിലാണ്.
NRI
ലണ്ടൻ: കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ദ്വിദിന അഭിനയ പരിശീലന കളരി ഈ മാസം 27, 28 തീയതികളിൽ ലണ്ടനിൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, അഭിനയ കലയുടെ വിവിധ ഘടകങ്ങളിലൂടെ ആശയവിനിമയ മികവ്, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉദേശിച്ചുള്ളതാണ്.
സംസാരശേഷി, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, ശരീരഭാഷയുടെ ഫലപ്രദമായ പ്രയോഗം, വികാരപ്രകടനം, വേദി അവതരണ മികവ്, പൊതുപ്രസംഗ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് അക്കാദമികവും തൊഴിൽപരവുമായ നേട്ടങ്ങൾക്ക് പുറമെ വ്യക്തമായ ആശയവിനിമയ ശേഷിയും സാമൂഹിക ഇടപെടൽ നൈപുണ്യങ്ങളും അനിവാര്യമാണ്.
ഈ സാഹചര്യത്തിൽ അഭിനയ പരിശീലനം കലാപരമായ കഴിവുകൾ വളർത്തുന്നതിനപ്പുറം ആത്മവിശ്വാസം വർധിപ്പിക്കാനും ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുമുള്ള കഴിവ് വികസിപ്പിക്കാനും സഹായിക്കുന്ന ഫലപ്രദമായ പഠനമാർഗമായി കണക്കാക്കപ്പെടുന്നു.
കുട്ടികളിൽ സൃഷ്ടിപരമായ ചിന്ത, കേൾവിക്കഴിവ്, സഹകരണ മനോഭാവം, വികാരബോധം എന്നിവ വളർത്തുന്നതിനും മുതിർന്നവരിൽ നേതൃത്വപാടവം, പൊതുപ്രസംഗ മികവ്, വ്യക്തിപരമായ അവതരണശേഷി, സാമൂഹിക ഇടപെടൽ നൈപുണ്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഈ പരിശീലന പരിപാടി പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത അഭിനയ പരിശീലകനും കമ്യൂണിക്കേഷൻ കോച്ചുമായ എസ്.എസ്. ശരൺ പരിശീലനത്തിന് നേതൃത്വം നൽകും. സംവേദനാത്മക പഠനരീതികൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഇംപ്രൊവൈസേഷൻ പരിശീലനങ്ങൾ, അവതരണ സെഷനുകൾ, കഥാപാത്രാവിഷ്കാര അഭ്യാസങ്ങൾ എന്നിവയിലൂടെ പങ്കാളികൾക്ക് സമഗ്രമായ പഠനാനുഭവം ലഭ്യമാക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത.
ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി പ്രായോഗിക പരിശീലനം തേടുന്ന എല്ലാവർക്കും ഈ പരിശീലന കളരി മികച്ച അവസരമായിരിക്കും.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 07841613973, ഇമെയിൽ: [email protected].
NRI
ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിൽ ഒരു വീടിന്റെ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന അതീവ അപൂർവമായ രണ്ട് ഇന്ത്യൻ വെങ്കല ശില്പങ്ങൾ മോഷണം പോയി.
ഒൻപതാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ തെക്കേ ഇന്ത്യ ഭരിച്ചിരുന്ന ചോള രാജവംശത്തിന്റെ കാലഘട്ടത്തിലെ പുരാതന വിഗ്രഹങ്ങളുടെ അതീവ കൃത്യതയോടെയുള്ള പകർപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്.
തമിഴ്നാട്ടിൽ വച്ച് പൂർണമായും കൈകൊണ്ട് നിർമിച്ചെടുത്തതാണ് ഈ വെങ്കല വിഗ്രഹങ്ങൾ. കേംബ്രിഡ്ജ്ഷെയറിലെ ഈലിക്ക് സമീപമുള്ള സട്ടണിലെ ചർച്ച് ലെയ്നിലുള്ള ഒരു വീട്ടിൽ നിന്നാണ് കഴിഞ്ഞ ഏപ്രിൽ 26നും 29-നും ഇടയിലുള്ള ദിവസങ്ങളിൽ ഈ ശില്പങ്ങൾ മോഷ്ടിക്കപ്പെട്ടതെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടി അപ്പീൽ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
സൂക്ഷ്മമായ കൊത്തുപണികൾ; വൈകാരിക മൂല്യം
ഒരു കണ്ണാടിയിൽ നോക്കി സ്വയം ഭംഗി ആസ്വദിക്കുന്ന അതീവ സുന്ദരിയായ ഒരു ഇന്ത്യൻ സ്ത്രീയുടെ രൂപത്തിലാണ് ഈ വെങ്കല ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്. പരമ്പരാഗതമായ ആഭരണങ്ങളും വസ്ത്രധാരണ രീതിയും വ്യക്തമാക്കുന്ന തരത്തിലുള്ള സൂക്ഷ്മമായ കൊത്തുപണികൾ ഇതിലുണ്ട്.
വീട്ടിലെ മനോഹരമായ പൂന്തോട്ടത്തിലാണ് ഇവ സ്ഥാപിച്ചിരുന്നത്. വിപണിയിലെ മൂല്യത്തിനപ്പുറം വൈകാരികമായി തനിക്ക് ഏറെ പ്രിയപ്പെട്ട ശില്പങ്ങളായിരുന്നു ഇവയെന്നും അതിനാൽ എങ്ങനെയെങ്കിലും ഇവ തിരികെ കിട്ടിയാൽ മതിയെന്നുമാണ് വിഗ്രഹങ്ങളുടെ ഉടമസ്ഥൻ പോലീസിനോട് പറഞ്ഞത്.
സോഷ്യൽ മീഡിയ വഴിയുള്ള വിൽപ്പനയ്ക്ക് സാധ്യത; പോലീസ് നിരീക്ഷണത്തിൽ
ആരെങ്കിലും ഈ ശില്പങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ അതല്ലെങ്കിൽ യുകെയിലെ പ്രാദേശിക വിപണികൾ വഴിയോ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദയവായി എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസ് വക്താവ് ഔദ്യോഗികമായി അറിയിച്ചു.
യുകെയിൽ അടുത്ത കാലത്തായി ഇന്ത്യൻ പുരാവസ്തുക്കൾക്കും പൈതൃക ശില്പങ്ങൾക്കും വലിയ വിപണി മൂല്യമുള്ളതിനാൽ ഇത്തരം ആസൂത്രിത മോഷണങ്ങൾ വർധിച്ചുവരികയാണ്. കവർച്ചയ്ക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ ശില്പങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ യുകെ പോലീസിന്റെ 101 എന്ന നമ്പറിലോ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Tech
ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. ജൂൺ 15 തിങ്കളാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
16 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിക്കും, സ്റ്റാർമർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു സമ്പൂർണ്ണ നിരോധനമാണ് ശരിയായ മാർഗ്ഗമെന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാക്കുക അത്ര എളുപ്പമല്ലെങ്കിലും, വൻകിട സാങ്കേതിക കമ്പനികളുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കൃത്യമായ അധികാരമുണ്ടെന്ന് പ്രധാന മന്ത്രി കീർ സ്റ്റാർമർ .
ടെക് കമ്പനികൾക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രായപരിശോധന കർശനമാക്കുക, അൽഗോരിതങ്ങളിൽ മാറ്റം വരുത്തുക, മൊബൈൽ ഫോണുകളിലൂടെ കുട്ടികൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ മുൻപും ഉന്നയിച്ചിരുന്നു. എന്നാൽ, കുട്ടികൾ ഓൺലൈനിൽ അമിത സമയം ചെലവഴിക്കുന്നത് മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നിരോധനത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിയും, യുകെയിലെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഡിസംബർ മുതൽ ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നും 16 വയസ്സിൽ താഴെയുള്ള കുട്ടികളെ ഓസ്ട്രേലിയ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കരുതി കൂടുതൽ രാജ്യങ്ങൾ സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി രാജിവെച്ചു. ആഗോളതലത്തിൽ ഭീഷണികൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിലും സൈന്യത്തിനായി ആവശ്യത്തിന് പണം ചിലവഴിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് രാജി.
പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് അയച്ച കത്തിലാണ് ജോൺ ഹീലി തന്റെ അതൃപ്തി വ്യക്തമാക്കിയത്. നിലവിലെ അപകടകരമായ സാഹചര്യങ്ങളെ നേരിടാൻ സർക്കാരിന്റെ പ്രതിരോധ നിക്ഷേപ പദ്ധതികൾ ഒട്ടും പര്യാപ്തമല്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിരോധ മന്ത്രാലയവും ധനകാര്യ വകുപ്പും തമ്മിൽ ബഡ്ജറ്റ് വിഹിതത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായും, ഇതേതുടർന്ന് പ്രതിരോധ നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുന്നത് വൈകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ സെക്രട്ടറിയുടെ അപ്രതീക്ഷിത രാജി.
NRI
സ്റ്റോക്ക്മെൻസ് ഫോറം സംഗമം വൻ വിജയംമെൻസ് ഫോറം സംഗമം വൻ വിജയം ഓൺ ട്രെൻഡ്: യുണൈറ്റഡ് കിംഗ്ഡത്തിലെ സീറോമലബാർ രൂപതാ മെൻസ് ഫോറം പ്രവർത്തനങ്ങൾക്ക് പുതുജീവനും ഐക്യശക്തിയും പകർന്ന്, സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ ഒഎൽപിഎച്ച് മെൻസ് ഫോറം സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് വൻ വിജയമായി സമാപിച്ചു.
ഇംഗ്ലണ്ടിന്റെ ഹൃദയഭൂമിയായ സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ നോർത്ത്വുഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ സ്റ്റോക്ക് ലയൺസ് ചാമ്പ്യൻമാരായി കിരീടം ചൂടി. ഇടവക ആഘോഷങ്ങളുടെ പരിമിതികൾ ഭേദിച്ച്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഇരുപതോളം ടീമുകളാണ് ഏകമനസ്സോടെ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
മിശിഹായുടെ സാക്ഷികളായി വിവിധ ഇടവകകളെ ഒരുമിപ്പിച്ചു കൊണ്ട്, സ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായി മാറാൻ ഈ വടംവലി മാമാങ്കത്തിലൂടെ ഒഎൽപിഎച്ച് മെൻസ് ഫോറത്തിന് സാധിച്ചു.
പ്രൗഢഗംഭീരമായ തുടക്കം
പ്രാർഥനാഗാനത്തോടെ രാവിലെ 10.30ന് ആരംഭിച്ച ചാമ്പ്യൻഷിപ്പ് സ്റ്റോക്ക്-ഓൺ-ട്രെൻഡ് ഡെപ്യൂട്ടി ലോർഡ് മേയർ കൗൺസിലർ ക്രിസ് റോബിൻസൺ, ഡെപ്യൂട്ടി ലേഡി മേയറസ് ജോയ് റോബിൻസൺ, ബർച്ചസ് ഹെഡ് ആൻഡ് നോർത്ത്വുഡ് കൗൺസിലർ ലൂക്ക് ഷെന്റൺ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ റവ. ഫാ. ജോർജ് എട്ടുപാറയിൽ, റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിൽ, റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിൽ, ഇൻഫിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡ് പ്രതിനിധി ജഗ്ഗി ജോസഫ്, ഒഎൽപിഎച്ച് മെൻസ് ഫോറം പ്രസിഡന്റ് സിറിൾ മഞ്ഞൂരാൻ, ടഗ് ഓഫ് വാർ കോഓർഡിനേറ്റർ സുദീപ് എബ്രഹാം, ബെന്നി പാലട്ടി എന്നിവരും മെൻസ് ഫോറം കോർ കമ്മിറ്റി അംഗങ്ങൾ, വുമൺസ് ഫോറം പ്രസിഡന്റ്, കൈക്കാരന്മാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വർണവസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്ന പരേഡും നിഥ സിജു, നിഷ മാർട്ടിൻ എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ആവേശകരമായ മത്സരങ്ങൾ; ജേതാക്കൾ ഇവർ:
ഉദ്ഘാടനത്തിന് പിന്നാലെ മൈതാനത്ത് ആവേശത്തിന്റെ തീപ്പൊരി പടർന്ന മത്സരങ്ങളാണ് അരങ്ങേറിയത്.
കാണികളുടെ ആർപ്പുവിളികൾക്ക് നടുവിൽ നടന്ന ഫൈനൽ പോരാട്ടത്തിനൊടുവിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഒഎൽപിഎച്ച് ഇടവക ടീമായ "സ്റ്റോക്ക് ലയൺസ്' ഒന്നാം സ്ഥാനവും 2000 പൗണ്ടും മെൻസ് ഫോറം ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: സെന്റ് ഫ്രാൻസിസ് അസീസി മിഷന്റെ വോർസെസ്റ്റർ തെമ്മാഡീസ് (1000 പൗണ്ടും ട്രോഫിയും).
മൂന്നാം സ്ഥാനം: സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്ററിന്റെ കീഴിലുള്ള സെന്റ് മേരീസ് ഹെർഫോർഡ് (500 പൗണ്ടും ട്രോഫിയും).
നാലാം സ്ഥാനം: ഹോളി ഫാമിലി മിഷൻ മാഞ്ചസ്റ്ററിന്റെ കീഴിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ഓൾഡ്ഹാം (250 പൗണ്ടും ട്രോഫിയും).
കൂടാതെ, ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തിയ ടീമിനുള്ള പ്രത്യേക സമ്മാനം റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിലിന്റെ നേതൃത്വത്തിൽ എത്തിയ 'സെക്രഡ് ഹാർട്ട് മിഷൻ, കിംഗ്സ്ലിൻ& ബോസ്റ്റൺ' സ്വന്തമാക്കി.
ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തിൽ എത്തിയ "കാഡിഫ് സെന്റ് തോമസ് മിഷൻ' നേടി.
NRI
ബോൺമത്ത്: യുകെയിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ സാംസ്കാരിക വേദികളിലൊന്നായ മഴവിൽ സംഗീതത്തിന്റെ പതിമൂന്നാം എഡിഷൻ ശനിയാഴ്ച (ജൂൺ 13) ബോൺമത്തിലെ ബാരിംഗ്ടൺ തിയറ്ററിൽ അരങ്ങേറും.
കഴിഞ്ഞ 13 വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാകാരികളെയും ഒരുമിപ്പിച്ച് സംഗീത-നൃത്ത പരിപാടികളുടെ വേദിയായി മാറിയിരിക്കുന്ന മഴവിൽ സംഗീതം ഇത്തവണയും വൈവിധ്യമാർന്ന കലാപരിപാടികളുമായി പ്രേക്ഷകരെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
പരിപാടിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും മഴവിൽ സംഗീതം ചെയർമാൻ അനീഷ് ജോർജ് അറിയിച്ചു. സംഗീത-നൃത്ത പരിപാടികൾക്കൊപ്പം കുടുംബസമേതം ആസ്വദിക്കാവുന്ന നിരവധി ആകർഷണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് ഏഞ്ചലിയ ടീമിന്റെ ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഇതോടൊപ്പം വിവിധ കലാസംഘങ്ങളുടെ നൃത്താവിഷ്കാരങ്ങളും വേദിയെ സജീവമാക്കും.
മലയാളി സമൂഹത്തോടൊപ്പം വിവിധ കമ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാസംഘങ്ങളുടെയും പങ്കാളിത്തം പരിപാടിക്ക് കൂടുതൽ വൈവിധ്യവും സാംസ്കാരിക സമ്പന്നതയും നൽകും.
സംഗീതവും നൃത്തവും മാത്രമല്ല, മട്ടാഞ്ചേരി കേറ്ററിംഗ് ഒരുക്കുന്ന കേരള സ്റ്റൈൽ ഫുഡ് സ്റ്റാളും സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമാണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം എത്തി സംഗീതവും നൃത്തവും രുചികരമായ ഭക്ഷണവും ആസ്വദിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സംഗീതം, നൃത്തം, വൈവിധ്യമാർന്ന കലാപരിപാടികൾ, കേരളത്തിന്റെ തനത് രുചികൾ എന്നിവയൊരുക്കി കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു സാംസ്കാരിക വിരുന്നായിരിക്കും ഇത്തവണത്തെ മഴവിൽ സംഗീതം മെഗാ ഇവന്റ്.
പ്രവേശനം പൂർണമായും സൗജന്യമായതിനാൽ ബോൺമത്തിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ കലാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വേദി: Barngton Theatre, Bournemouth, BH22 9TH. തീയതി: ജൂൺ 13, ശനിയാഴ്ച. സമയം: ഉച്ചയ്ക്ക് രണ്ട് മുതൽ
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ് - 07915 061105, ഷിനു സിറിയക് - 07888 659644.
International
ലണ്ടൻ: ദക്ഷിണലണ്ടനിലെ ആഡംബര അപ്പാർട്ട്മെന്റിന്റെ 36ാം നിലയിൽ നിന്നുചാടി ഇന്ത്യൻ വംശജരായ ദമ്പതികളും ഒൻപതുവയസുകാരനായ മകനും മരിച്ചു. മകനെ താഴേക്കിട്ടശേഷം ദമ്പതികൾ ചാടി ജീവനൊടുക്കിയതാകാമെന്നാണു ലണ്ടൻ പോലീസിന്റെ പ്രാഥമിക നിഗമനം. ഫിനാൻസ് കൺസൾട്ടന്റായ രാകേഷ് പൈ (47), കൺസ്ട്രക്ഷൻ കൺസൾട്ടന്റായ അദിതി പരാൽക്കർ (46) ഇവരുടെ മകൻ സിഡ് എന്നിവരാണ് മരിച്ചത്.
ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിൽ പ്രദേശത്തുള്ള 45 നിലകളുള്ള ടവറിലെ 36-ാം നിലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. തറനിരപ്പിൽ നിന്ന് ഏകദേശം 400 അടി ഉയരത്തിലുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണയിൽനിന്നാണ് മൂവരും താഴേക്കു വീണത്. കുട്ടിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണു മാതാപിതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്കു നയിച്ചതെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. ജന്മനാ വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഒൻപതുകാരൻ.
മകന്റെ ചികിത്സയുടെ ഭാഗമായി ദമ്പതികൾ ഇന്ത്യയിലും എത്തിയിരുന്നു. എന്നാൽ, രോഗം ഭേദമാകാത്തതിനെതുടർന്ന് കഴിഞ്ഞവർഷമാണ് ഇരുവരും ലണ്ടനിലേക്കു മടങ്ങിയത്.
NRI
ലണ്ടൻ: യുകെയിലെ റോഡുകളിൽ വണ്ടിയോടിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ഇൻഷുറൻസ് കമ്പനികളും പോലീസും രംഗത്ത്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ക്രിമിനൽ സംഘങ്ങൾ കൃത്രിമമായി റോഡപകടങ്ങൾ സൃഷ്ടിക്കുന്ന "ക്രാഷ് ഫോർ കാഷ്' തട്ടിപ്പ് യുകെയിൽ വൻതോതിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്യാജ അപകടങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ, അപകടസ്ഥലത്ത് വച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന പുതിയ രീതിയും (Identity Theft) ഇപ്പോൾ ക്രിമിനലുകൾ വ്യാപകമാക്കിയിട്ടുണ്ട്.
യുകെയിലെ ഇൻഷുറൻസ് ഫ്രോഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഇത്തരത്തിലുള്ള വ്യാജ ക്ലെയിമുകൾ വഴി കമ്പനികൾക്കുണ്ടാകുന്നത്.
ഇത് ഒടുവിൽ പ്രീമിയം തുക വർധനവിലൂടെ സാധാരണക്കാരായ യാത്രക്കാരുടെ പക്കൽ നിന്നാണ് ഈടാക്കുന്നത്.
തട്ടിപ്പുകാർ ഇരകളെ കുടുക്കുന്ന പ്രധാന രീതികൾ
പെട്ടെന്ന് ബ്രേക്ക് ഇടുക: തട്ടിപ്പുകാർ നിങ്ങളുടെ വാഹനത്തിന് തൊട്ടുമുന്നിൽ വന്ന് യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഇടുന്നു. പിന്നിലുള്ള വാഹനം ഇടിച്ചാൽ സാധാരണയായി കുറ്റം പിന്നിലെ ഡ്രൈവർക്കാകും എന്ന നിയമം മുതലെടുത്താണ് ഈ തട്ടിപ്പ് നടത്തുന്നത്.
ലൈറ്റ് ഫ്ലാഷ് ചെയ്ത് പറ്റിക്കുക: ജംഗ്ഷനുകളിലോ മെയിൻ റോഡിലോ വച്ച് നിങ്ങൾക്ക് കടന്നുപോകാൻ അവർ ലൈറ്റ് ഫ്ലാഷ് ചെയ്യുകയോ കൈകാണിക്കുകയോ ചെയ്യും.
എന്നാൽ നിങ്ങൾ വണ്ടിയെടുക്കുന്ന നിമിഷം അവർ മനഃപൂർവം വന്ന് നിങ്ങളെ ഇടിക്കുകയും നിങ്ങൾ നിയമം തെറ്റിച്ചുവെന്ന് വാദിക്കുകയും ചെയ്യും.
ബൈക്കുകളും മൊപ്പഡുകളും: അടുത്ത കാലത്തായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡെലിവറി ബൈക്കുകളും മൊപ്പഡുകളും ഉപയോഗിച്ച് കാറുകളിൽ വന്ന് ഇടിക്കുന്നത് വളരെ വർധിച്ചിട്ടുണ്ട്.
വാഹനം ചെറുതാണെങ്കിലും വലിയ തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നു.
വ്യാജ യാത്രികർ: അപകടം നടക്കുമ്പോൾ ക്രിമിനലുകളുടെ വണ്ടിയിൽ ഒരാൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ വലിയ തുക നഷ്ടപരിഹാരം കിട്ടാനായി വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും അവർക്കെല്ലാം പരിക്കേറ്റുവെന്നും കാണിച്ച് ഇവർ വ്യാജ മെഡിക്കൽ രേഖകൾ ചമയ്ക്കും.
വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന പുതിയ തട്ടിപ്പ്
അപകടം നടന്ന ഉടൻ തന്നെ ക്രിമിനൽ സംഘങ്ങൾ കാറിൽ നിന്നിറങ്ങി ഇരകളെ ഭയപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്യും. തുടർന്ന് ഇൻഷുറൻസ് കാര്യങ്ങൾക്കെന്ന വ്യാജേന നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെയോ ഇൻഷുറൻസ് സർട്ടിഫിക്കറ്റിന്റെയോ ഫോട്ടോ മൊബൈലിൽ പകർത്തുന്നതാണ് ഇവരുടെ പുതിയ രീതി.
ഇത്തരത്തിൽ കൈക്കലാക്കുന്ന നിങ്ങളുടെ പേര്, ജനനത്തീയതി, ലൈസൻസ് നമ്പർ എന്നിവ ഉപയോഗിച്ച് അവർ ഡാർക്ക് വെബിൽ വിൽക്കുകയോ, മറ്റ് വ്യാജ ഇൻഷുറൻസ് പോളിസികൾ എടുക്കുകയോ ലോണുകൾക്ക് അപേക്ഷിക്കുകയോ ചെയ്ത് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു.
പ്രായമായവർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ, ഡെലിവറി വാനുകൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
എങ്ങനെ സ്വയം സംരക്ഷിക്കാം?
മുന്നിലുള്ള വാഹനവുമായി എപ്പോഴും സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പ്രധാനമാണ്. ഇത് പെട്ടെന്ന് മുന്നിലെ വാഹനം ബ്രേക്ക് ഇട്ടാലും അപകടം ഒഴിവാക്കാൻ സഹായിക്കും.
അതേപോലെ കാറിന്റെ മുന്നിലും പിന്നിലും ഡാഷ് കാമറകൾ ഘടിപ്പിക്കുന്നത് ഇത്തരം വ്യാജ അപകടങ്ങളുടെയും കേർട്ടസി വേവ് തട്ടിപ്പുകളുടെയും സത്യം ഇൻഷുറൻസ് കമ്പനികൾക്ക് മുന്നിൽ തെളിയിക്കാൻ സഹായിക്കും.
അപകടമുണ്ടായാൽ നിയമപരമായി നൽകേണ്ട നിങ്ങളുടെ പേര്, വിലാസം, വണ്ടി നമ്പർ എന്നിവയൊഴികെ മറ്റൊന്നും കൈമാറരുത്. ഡ്രൈവിംഗ് ലൈസൻസോ മറ്റ് രേഖകളോ മൊബൈലിൽ ഫോട്ടോ എടുക്കാൻ ഒരുകാരണവശാലും ക്രിമിനലുകളെ അനുവദിക്കരുത്.
അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തോന്നിയാൽ ശാന്തത പാലിക്കുക. എതിർകക്ഷിയുടെ വണ്ടിയിലുള്ളവരുടെ എണ്ണം, വണ്ടി നമ്പർ എന്നിവ കൃത്യമായി കുറിച്ചുവെക്കുക.
ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെയും പോലീസിനെയും വിവരം അറിയിക്കുക. ആവശ്യം വരുന്ന പക്ഷം ഐഎഫ്ബിയുടെ "ചീറ്റ്ലെെൻ' (0800 422 0421) എന്ന നമ്പറിലും വിവരങ്ങൾ കൈമാറാവുന്നതാണ്.
NRI
വാറിംഗ്ടൺ: നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ വാറിംഗ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും.
കായികമേള വൻ വിജയമാക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളായ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വാരകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (ജനറൽ സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ദേശീയ റീജിയണൽ ഭാരവാഹികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് കായികമേളയുടെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
റീജിയണൽ കമ്മിറ്റിക്ക് പൂർണ പിന്തുണയുമായി യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, കുര്യൻ ജോർജ്, അലക്സ് വർഗീസ്, ജാക്സൺ തോമസ് എന്നിവരും പ്രവർത്തിച്ചുവരുന്നു. കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരം ഉണ്ട്.
50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോംഗ് ജമ്പ്, സ്റ്റാൻഡിംഗ് ലോംഗ് ജംബ് തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവേറെ മത്സരങ്ങൾ ആണ് നടക്കുക.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. രാവിലെ 8.30ന് രജിസ്ട്രേഷൻ തുടർന്ന് ഒമ്പതിന് ഉദ്ഘാടനത്തോടെആരംഭിക്കുന്ന കായികമത്സരങ്ങൾ കാണുവാനും പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടന്നു വരുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് (ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക്) ഈ മാസം 20ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണാവസരവും ലഭിക്കും.
കായികമേളയുടെ വിശദമായ നിയമാവലി യുക്മയുടെ അംഗ അസോസിയേഷനുകൾക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നോർത്ത് വെസ്റ്റിലെ തങ്ങളുടെ പ്രാദേശിക യുക്മ അംഗ അസോസിയേഷനുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബിനോയ് മാത്യു - 07533094770, [email protected].
കായിക മേള നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം: Victoria Park Stadium Warrington, Knutsford Rd, Latchford, Warrington, WA4 1AG.
NRI
ബോൺമൗത്ത്: യുകെയിലെ മലയാളി കലാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവിൽ സംഗീതം "മെഗാ മ്യൂസിക് & ഡാൻസ് ഫെസ്റ്റ്' ഈ മാസം 13ന് ബോൺമൗത്തിൽ അരങ്ങേറും.
മഴവിൽ സംഗീതത്തിന്റെ 13-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ "മെഗാ ഇവന്റ്' സംഗീതത്തിന്റെയും നൃത്തത്തിന്റെയും വർണാഭമായ ആഘോഷവേദിയാകും.
12 വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവിൽ സംഗീതം.
കലാസ്നേഹികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതൽ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്. ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന "വോക്സ് ആൻജെല' ടീമിന്റെ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മധുരസമ്മിശ്രണത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നിറപ്പകിട്ടാർന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും.
യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഏജൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസറാകുന്ന ഈ മെഗാ ഇവന്റിൽ വിവിധ കമ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും.
വ്യത്യസ്ത സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും സംഗമത്തിലൂടെ വൈവിധ്യവും ഐക്യവും ആഘോഷിക്കുന്ന ഒരു സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ തനതായ രുചികൾ ആസ്വദിക്കാൻ മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. മിതമായ നിരക്കിൽ വിവിധ കേരളീയ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.
ഈ മാസം 13ന് ഉച്ചയ്ക്ക് രണ്ടിന് പരിപാടി ആരംഭിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഗീതവും നൃത്തവും രുചിവിരുന്നും ആസ്വദിക്കാനുള്ള ഈ അപൂർവ അവസരത്തിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ കോഓർഡിനേറ്റർ അനീഷ് ജോർജ് അറിയിച്ചു.
പ്രവേശനം പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ് - 07915 061105, ഷിനു സിറിയക് - 07888 659644.
വേദി: Barrington Theatre, Bournemouth, BH22 9TH.
NRI
ലണ്ടൻ: യുകെയിലെ ആരോഗ്യ - സാമൂഹിക ക്ഷേമ മേഖലകളിൽ (എൻഎച്ച്എസ്/കെയർ സെക്ടർ) സേവനമനുഷ്ഠിക്കുന്ന വിദേശ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നേരെ കടുത്ത നടപടികളുമായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം.
മാതാപിതാക്കൾക്ക് യുകെയിൽ തുടരാൻ നിയമപരമായ അനുമതിയുണ്ടെങ്കിലും അവരുടെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ള ആശ്രിതർ ഉടനടി രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസ് കത്തുകൾ അയച്ചുതുടങ്ങി.
നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ച് രാജ്യാന്തര വീസ നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് യുകെയിലെത്തിയ കുടുംബങ്ങളെയാണ് പുതിയ നീക്കം ബാധിച്ചിരിക്കുന്നത്.
ആറ് മാസം ഗർഭിണിയായ ഒരു സ്ത്രീയോട് ഭർത്താവിനെ യുകെയിൽ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും ഹോം ഓഫീസ് അയച്ചിട്ടുണ്ട്.
ഈ പുതിയ നടപടി യുകെയിലെ മലയാളി കെയർ ജീവനക്കാർക്കിടയിലും വലിയ ആശങ്ക പടർത്തിയിരിക്കുകയാണ്.
ശ്രീലങ്കയിൽ നിന്നും ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളോടെ യുകെയിലെത്തി സ്കോട്ലൻഡിലെ പെർത്തിൽ കെയർ വർക്കറായി ജോലി ചെയ്യുന്ന വരുണി ആരച്ചിഗെ എന്ന സ്ത്രീയുടെ കുടുംബം നേരിടുന്ന അനുഭവം ഇതിന് ഉദാഹരണമാണ്.
കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഡണ്ടി സർവകലാശാലയിൽ നിന്ന് എംഎസി ബിരുദവുമുള്ള വരുണിയുടെ കെയർ വീസ നീട്ടിനൽകിയ ഹോം ഓഫീസ്, എന്നാൽ കൂടെയുള്ള ഭർത്താവിനോടും എട്ടും അഞ്ചും വയസുള്ള രണ്ട് മക്കളോടും രാജ്യം വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഞങ്ങൾ 2022 ക്രിസ്മസ് ദിനത്തിലാണ് പൂർണമായും നിയമപരമായ വീസയിൽ യുകെയിലെത്തിയത്. എന്റെ വീസ കാലാവധി 2031 വരെ നീട്ടിനൽകിയിട്ടുമുണ്ട്.
വീസയ്ക്കായി ആയിരക്കണക്കിന് പൗണ്ട് ഞങ്ങൾ ഹോം ഓഫീസിന് ഫീസായി നൽകി, കൃത്യമായി നികുതി അടയ്ക്കുന്നു, സർക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും കൈപ്പറ്റുന്നതുമില്ല.
കുട്ടികൾ ഇവിടുത്തെ സ്കൂളുകളുമായി നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞങ്ങളെ പൂർണമായി തകർക്കുന്നതാണ് ഈ കത്തെന്നു വരുണി പറഞ്ഞു.
സമാനമായ രീതിയിൽ നോർത്തുമ്പ്രിയ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം കെയർ ജോലി ചെയ്യുന്ന രസിക സമരസിംഗെ എന്നയാളുടെ ഭാര്യയോടും 12, 9, 8 വയസുള്ള മൂന്ന് കുട്ടികളോടും നിരവധി മലയാളികൾക്കും ഇതിനോടകം രാജ്യം വിടാൻ ഉത്തരവുണ്ട്.
ഇവിടുത്തെ സ്കൂളുകളിൽ പഠിക്കുന്ന തന്റെ ഇളയ മകന് ഇംഗ്ലീഷ് ഭാഷ മാത്രമാണ് സംസാരിക്കാനും എഴുതാനും അറിയുന്നതെന്നും കുട്ടികളോട് ഈ വിവരം എങ്ങനെ പറയുമെന്ന് അറിയില്ലെന്നും മാഞ്ചസ്റ്ററിൽ താമസിക്കുന്ന വിവേക് കണ്ണീരോടെ പറയുന്നു.
കെയർ വീസയിലെത്തുന്നവർ വൻതോതിൽ കുടുംബങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയാൻ കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടീഷ് സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.
2024 മാർച്ചിൽ കെയർ ജീവനക്കാർക്ക് പങ്കാളികളെയോ കുട്ടികളെയോ ആശ്രിതരായി യുകെയിലേക്ക് കൊണ്ടുവരുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തി. 2025 ജൂലൈയിൽ കെയർ മേഖലയിലേക്കുള്ള വിദേശ റിക്രൂട്ട്മെന്റുകൾക്ക് സമ്പൂർണ നിരോധനം കൊണ്ടുവന്നു.
യുകെയിൽ സ്ഥിരതാമസം (പിആർ/സെറ്റിൽമെന്റ്) ലഭിക്കുന്നതിനുള്ള കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്നും 15 വർഷമായി ഉയർത്താൻ സർക്കാർ ആലോചിക്കുമ്പോൾ വീസ ചട്ടങ്ങൾ മാറുന്നതിന് മുൻപ് എത്തിയ കുട്ടികൾക്കും പങ്കാളികൾക്കും ഡിപ്പോർട്ടേഷൻ കത്ത് നൽകി തിരികെ അയയ്ക്കാനാണു ഹോം ഓഫീസ് തീരുമാനം.
പിആർ കാലാവധി 15 വർഷമാക്കിയാൽ 69 ശതമാനം കെയർ ജീവനക്കാരും യുകെ വിടുമെന്ന് മുന്നറിയിപ്പുണ്ട്. കെയർ ജീവനക്കാരുടെ കൂട്ടപ്പലായനം ഉണ്ടായാൽ ആഴ്ചയിൽ 42 ലക്ഷം മണിക്കൂറിന്റെ കെയർ സേവനം യുകെയ്ക്ക് നഷ്ടമാകും.
കെയർ ജീവനക്കാരുടെ കൂട്ടപ്പലായനത്തിന് സാധ്യത
സ്ഥിരതാമസത്തിനുള്ള കാലാവധി 15 വർഷമാക്കാനുള്ള നീക്കത്തിനെതിരേ യുകെയിലെ കെയർ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലിഫ്റ്റഡ് എന്ന സംഘടന നടത്തിയ സർവേയിൽ 69 ശതമാനം കെയർ ജീവനക്കാരും ഈ നിയമം വന്നാൽ യുകെ വിടുമെന്ന് വ്യക്തമാക്കി.
നിലവിൽ വിദേശ കെയർ ജീവനക്കാർ ആഴ്ചയിൽ 42 ലക്ഷം മണിക്കൂറിലധികം സമയമാണ് യുകെയിലെ 2.8 ലക്ഷത്തോളം വരുന്ന രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഇവരുടെ കൂട്ടപ്പലായനം യുകെയുടെ ആരോഗ്യ സംവിധാനത്തെ പൂർണമായി തകർക്കും.
എന്നാൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ അഭൂതപൂർവമായ കുടിയേറ്റം നിയന്ത്രിക്കാനും അതിർത്തികളിൽ ക്രമീകരണം കൊണ്ടുവരാനുമാണ് ഈ പരിഷ്കാരങ്ങളെന്നാണ് ഹോം ഓഫീസ് വക്താവ് വ്യക്തമാക്കുന്നത്.
യുകെയിൽ സ്ഥിരതാമസം എന്നത് ഒരു അവകാശമല്ലെന്നും അത് ചട്ടങ്ങൾ പാലിച്ച് കഠിനാധ്വാനത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എന്തായാലും ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയും ലോണെടുത്തും യുകെയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാർക്ക് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ് ഈ കത്തുകൾ.
International
ലണ്ടൻ: യുകെ റോയൽ നേവി ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് നാവികസേനാംഗങ്ങൾ മരിച്ചു. പരിശീലനത്തിനിടെയായിരുന്നു അപകടം.
തെക്കുപടിഞ്ഞാൻ ഇംഗ്ലണ്ടിലെ ഡെവോൺ കൗണ്ടിയിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. മെർലിൻ എംകെ4 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
NRI
ലണ്ടൻ: യുകെയിൽ കെയർ വീസയിലെത്തി ജോലി ലഭിക്കാതെ കടുത്ത ദാരിദ്ര്യത്തിലായ മലയാളി യുവാവിന് നിയമപോരാട്ടത്തിൽ ചരിത്ര വിജയം. ഒരൊറ്റ ദിവസം പോലും ജോലി നൽകാതെ ഒരു വർഷത്തോളം വഞ്ചിച്ച യുകെയിലെ കെയർ കമ്പനി, യുവാവിന് 30 ലക്ഷത്തിലധികം രൂപ വേതനമായി നൽകാൻ ബ്രിട്ടനിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.
കേരളത്തിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഷബിൻ ഷാജി (33) എന്ന യുവാവാണ് യുകെയിലെ റിക്രൂട്ട്മെന്റ് തട്ടിപ്പിനെതിരേ പോരാടി ഈ ലാൻഡ്മാർക്ക് വിധി (Landmark case) സ്വന്തമാക്കിയത്. "സ്വാൻ കെയർ സൊല്യൂഷൻസ് ലിമിറ്റഡ്' എന്ന കമ്പനിക്കെതിരേയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
യുകെയിൽ ആരോഗ്യമേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടെന്ന പരസ്യങ്ങൾ കണ്ട്, ഒരു യൂട്യൂബ് ഇൻഫ്ലുവൻസർ വഴി പരിചയപ്പെട്ട ഏജന്റുമാർക്ക് 17 ലക്ഷം രൂപയോളം നൽകിയാണ് ഷബിൻ യുകെയിലെത്തിയത്.
വാട്സ്ആപ് വഴി നടത്തിയ അഭിമുഖത്തിന് ശേഷം സ്വാൻ കെയർ സൊല്യൂഷൻസ് കമ്പനി ഇദ്ദേഹത്തിന് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് (CoS) നൽകി. എന്നാൽ 2023-ൽ യുകെയിലെ സ്റ്റാഫോർഡിൽ എത്തിയ ഷബിന്, ഡ്രൈവിംഗിനായി കാർ വാങ്ങുകയും ഓൺലൈൻ പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടും കമ്പനി ഷിഫ്റ്റുകൾ ഒന്നും നൽകിയില്ല.
ജോലി ചോദിച്ചപ്പോഴൊക്കെ "നിങ്ങളുടെ ഊഴം വരുമ്പോൾ അറിയിക്കാം' എന്ന് പറഞ്ഞ് കമ്പനി അധികൃതർ കൈമലർത്തുകയായിരുന്നു. സ്പോൺസേർഡ് വിസയിലായതിനാൽ ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ മറ്റ് ജോലികൾ ചെയ്യാനും ഇദ്ദേഹത്തിന് നിയമപരമായി സാധിക്കുമായിരുന്നില്ല.
ജോലിയും കൂലിയുമില്ലാതെ യുകെയിൽ അകപ്പെട്ടുപോയ തന്റെ ദുരിതകാലത്തെക്കുറിച്ച് ഷബിൻ കോടതിയിൽ പറഞ്ഞത് കണ്ണീരണിയിക്കുന്നതായിരുന്നു. "പണമില്ലാതെ പൂർണമായും ഞാൻ തകർന്നുപോയി. വെള്ളം കുടിച്ചും കാലാവധി തീരാറായ വിലകുറഞ്ഞ ബ്രെഡ് വാങ്ങിയുമാണ് ജീവൻ നിലനിർത്തിയതെന്നും ഷബിൻ ഷാജി പറഞ്ഞു.
യുകെയിലെ തൊഴിലാളി സംരക്ഷണ ചാരിറ്റിയായ വർക്ക് റൈറ്റ്സ് സെന്ററിന്റെ സഹായത്തോടെയാണ് ഷബിൻ നിയമപോരാട്ടം നടത്തിയത്. ഒരു തൊഴിലാളി ജോലി ചെയ്യാൻ തയാറായി ഇവിടെയുള്ളപ്പോൾ അവർക്ക് വേതനം നൽകാതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് എംപ്ലോയ്മെന്റ് ജഡ്ജ് കേറ്റ് എഡ്മണ്ട്സ് വ്യക്തമാക്കി. കമ്പനി ഷബിനെ ഒരു സീറോഅവർ തൊഴിലാളിയെപ്പോലെയാണ് പരിഗണിച്ചതെന്നും എന്നാൽ വീസ നിയമപ്രകാരം അത് തെറ്റാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ശമ്പള കുടിശികയ്ക്ക് പുറമെ, കൃത്യമായ തൊഴിൽ കരാർ നൽകാത്തതിനും പരാതി പരിഹരിക്കാതിരുന്നതിനും കമ്പനിക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഈ കമ്പനിയുടെ വീസ സ്പോൺസർഷിപ്പ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.
യുകെയിൽ കെയർ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി ആളുകളെ എത്തിക്കുകയും പിന്നീട് ജോലി നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന കെയർ കമ്പനികൾക്കുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് ലണ്ടനിലെ പ്രവാസി സംഘടനകൾ വിലയിരുത്തി.
വീസ നിയമങ്ങളിൽ അടിയന്തിര പരിഷ്കാരം കൊണ്ടുവരണമെന്ന് വർക്ക് റൈറ്റ്സ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡോറ ഒലിവിയ ആവശ്യപ്പെട്ടു.
NRI
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് ഈ മാസം 12 മുതൽ 14 വരെ താമസിച്ചുള്ള ത്രിദിന "ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു.
ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോർജ് പനക്കൽ, റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോൾ പള്ളിച്ചംകുടിയിലും സംയുക്തമായിട്ടാവും "റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം 147:3). ദൈവീക തിരുസാന്നിധ്യത്തിൽ, ഉള്ളം തുറന്നു പ്രാർഥിച്ച്, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും വേദനകളും മനോതലത്തിൽ ഉണർത്തി, വിടുതലിന്റെ നാഥനിലൂടെ സൗഖ്യം നേടുവാൻ അനുഗ്രഹദായകമായ തിരുക്കർമങ്ങളും പ്രാർഥനകളും ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, ഈ മാസം 12ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷകൾ 14ന് വൈകുന്നേരം 4.30ന് സമാപിക്കും. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
മാനസ്സിക നവീകരണത്തിനും ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാനശുശ്രുഷയിലേക്ക് ഏവരെയും ഫാ. ജോസഫ് എടാട്ട്, ഫാ.പോൾ എന്നിവർ സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 11ന് വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
രജിസ്ട്രേഷൻ: https://www.divineuk.org/residential-retreats. കൂടുതൽ വിവരങ്ങൾക്ക്: +447474787890. ഇമെയിൽ: [email protected], Website:www.divineuk.org.
വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.
NRI
കോവെൻട്രി: പ്രവാസി കേരള കോൺഗ്രസ് യുകെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും ജൂൺ ആറിന് രാവിലെ 10ന് കോവെൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് എംപി, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ തോമസ് ഉണ്ണിയാടൻ, വർഗീസ് മാമ്മൻ, റെജി ചെറിയാൻ, ഷിബു തെക്കുംപുറം, വിനു ജോബ് എന്നിവരുള്പ്പെടെ കേരള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ, ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ എന്നിവർ സമ്മേളന വിവരം അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷൻ നടത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.
രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/PK8VBqUaFHjSG6Q76. കൂടുതൽ വിവരങ്ങൾക്ക്: ബിജു മാത്യു ഇളംതുരുത്തിയിൽ (പ്രസിഡന്റ്) - +44 7846 194373, ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ (ജനറൽ സെക്രട്ടറി) - +44 7453 288745.
NRI
ലണ്ടൻ: ആശുപത്രികളുടെ നാല് ചുവരുകൾക്കുള്ളിൽ കൃത്രിമ വെളിച്ചത്തിലും വെന്റിലേറ്റർ ശബ്ദങ്ങൾക്കുമിടയിൽ ശ്വാസംമുട്ടുന്ന തീവ്രപരിചരണ വിഭാഗത്തിലെ രോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യത്തെ റൂഫ്ടോപ്പ് തീവ്രപരിചരണ വാർഡ് ബ്രിട്ടനിൽ തുറന്നു.
സൗത്ത് ലണ്ടനിലെ പ്രമുഖ ആശുപത്രിയായ കിംഗ്സ് കോളജ് ഹോസ്പിറ്റലിലാണ് രോഗികൾക്ക് പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ചികിത്സ നൽകാൻ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ആകാശവും പച്ചപ്പും കാണാൻ കഴിയുന്ന ഈ തുറന്ന വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തന്നെ പുറത്തെ ശുദ്ധവായുവും സൂര്യപ്രകാശവും ഏൽക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ട് മാസത്തിലേറെയായി ഐസിയുവിൽ കഴിഞ്ഞിരുന്ന 29 വയസുകാരിയായ ഹോളി അലൻ ആണ് ഈ ഓപ്പൺ എയർ വാർഡിലെത്തിയ ആദ്യ രോഗി.
ഹൃദയസംബന്ധമായ ഗുരുതരമായ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ഹോളിയെ നീല യൂണിഫോം ധരിച്ച നഴ്സുമാർ ബെഡോടെ ലിഫ്റ്റിൽ റൂഫ്ടോപ്പിലേക്ക് എത്തിക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്ന് സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ ഹോളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആശുപത്രിക്ക് പുറത്തെ ലോകം എങ്ങനെയുണ്ടെന്ന് ഞാൻ പൂർണമായും മറന്നുപോയിരുന്നു. ഒരു മുറിക്കുള്ളിൽ തന്നെ മാസങ്ങളോളം കഴിയുമ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹവും പോരാടാനുള്ള ഊർജ്ജവും നമുക്ക് നഷ്ടപ്പെടും.
ഇത്രയും മനോഹരമായ അന്തരീക്ഷത്തിലേക്ക് വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് വികാരാധീനയായി ഹോളി പറഞ്ഞു. കടുത്ത ഇടിമിന്നലുള്ള സമയമാണെങ്കിൽ പോലും താൻ ഈ തുറന്ന അന്തരീക്ഷത്തിൽ കിടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹോളി കൂട്ടിച്ചേർത്തു.
അത്യാധുനിക സൗകര്യങ്ങളോടെ ‘Ward in a Meadow’
മെഡിക്കൽ രംഗത്ത് യുകെയ്ക്ക് മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയൊരു മാതൃകയാണ് ഈ വാർഡ്. ഒരേസമയം ആറ് രോഗികളെ വരെ കിടത്താൻ ഇവിടെ സൗകര്യമുണ്ട്.
രോഗികളുടെ കിടക്കകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പ്രത്യേക വാട്ടർപ്രൂഫ് ക്യാബിനറ്റുകളിലാണ് ഓക്സിജൻ സപ്ലൈയും വൈദ്യുതിയും ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിച്ചിരിക്കുന്നത്.
ഇത് വെന്റിലേറ്ററിലോ മറ്റ് ലൈഫ് സപ്പോർട്ടിലോ ഉള്ള അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും സുരക്ഷിതമായി പുറത്തിറങ്ങാൻ വഴിയൊരുക്കുന്നു.
2012 ലണ്ടൻ ഒളിമ്പിക്സ് പാർക്ക് രൂപകൽപ്പന ചെയ്ത പ്രശസ്ത ഗാർഡൻ ഡിസൈനർ സാറാ പ്രൈസും ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റായ നൈജൽ ഡണറ്റും ചേർന്നാണ് ‘ward in a meadow’ (പുൽമേട്ടിലെ വാർഡ്) എന്ന ആശയത്തിൽ ഇത് ഒരുക്കിയത്.
മുല്ല, ലാവെൻഡർ തുടങ്ങിയ സുഗന്ധമുള്ള പൂച്ചെടികളും പുല്ലുകളും രോഗികൾക്ക് കിടക്കയിൽ നിന്ന് തന്നെ തൊട്ടറിയാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കിങ്സ് കോളേജ് ഹോസ്പിറ്റൽ ചാരിറ്റിയിലൂടെ സമാഹരിച്ച 20 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 22 കോടിയിലധികം രൂപ) കൊണ്ട് നിർമ്മിച്ച ആറ് ബെഡുകളുള്ള ഈ വാർഡിൽ നിന്ന് വെന്റിലേറ്റർ മാറ്റാതെ തന്നെ രോഗികളെ പുറത്തെത്തിക്കാൻ സാധിക്കും. കൂടാതെ വാട്ടർപ്രൂഫ് മെഡിക്കൽ സപ്ലൈ ക്യാബിനറ്റുകളാണ് വാർഡിനുള്ളത്.
ഗുരുതര രോഗം ബാധിച്ചവർ ദിവസങ്ങളോളം ഐസിയുവിൽ കഴിയുമ്പോൾ അവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള ‘ICU ഡെലീരിയം’ (മാനസിക വിഭ്രാന്തിയും ആശയക്കുഴപ്പവും) കുറയ്ക്കാൻ ശുദ്ധവായുവും പ്രകൃതിയോടുള്ള സമ്പർക്കവും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
റൂഫ്ടോപ്പ് വാർഡിലെ കാറ്റും വെളിച്ചവും രോഗികളുടെ ശ്വസനരീതിയിലും രക്തസമ്മർദ്ദത്തിലും ഉണ്ടാക്കുന്ന നല്ല മാറ്റങ്ങൾ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.
ഞങ്ങൾ രോഗികളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്, അവരെ എത്രയും വേഗം തങ്ങളുടെ പഴയ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതുക്കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം.
ആശുപത്രി അന്തരീക്ഷത്തിൽ നിന്ന് മാറി പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് രോഗികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കുമെന്ന് - കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ഫിൽ ഹോപ്കിൻസ് പറഞ്ഞു.
രോഗികൾക്ക് പുറമെ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഐസിയുവിലെ നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും തങ്ങളുടെ ബ്രേക്ക് സമയങ്ങളിൽ വിശ്രമിക്കാനായി ഈ റൂഫ്ടോപ്പ് ഗാർഡൻ ഉപയോഗിക്കാം.
ഈ പുതിയ പരീക്ഷണം വിജയകരമാകുന്നതോടെ രോഗികൾക്ക് ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും നാഷണൽ ഹെൽത്ത് സർവീസിന്റെ മറ്റ് ആശുപത്രികളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
NRI
റാംസ്ഗേറ്റ്: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടത്തപ്പെടും.
വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ് പനക്കലച്ചൻ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ചയാണ് (ജൂൺ ഏഴ്) കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുക.
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.' (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവൻഷൻ നയിക്കപ്പെടുക. രാവിലെ 8.30നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം അഞ്ചോ ടെ സമാപിക്കും.
റാംസ്ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും പ്രാർഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോഓർഡിനേറ്റർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.
Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.
NRI
ലണ്ടൻ: ചികിത്സയ്ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജനായ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കി.
യുകെയിലെ ഹാംഷെയറിൽ ജനറൽ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹൻ ബാബുവിനെയാണ് (49) യുകെയിലെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) ആജീവനാന്ത വിലക്കേർപ്പെടുത്തി മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കിയത്.
ഇരകളാക്കിയത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ
ഹാംഷെയറിലെ ഹാവന്റ് എന്ന സ്ഥലത്ത് താത്കാലിക ഡോക്ടറായി (Locum GP) ജോലി ചെയ്യവെയായിരുന്നു മോഹൻ ബാബുവിന്റെ ക്രൂരതകൾ. 2019 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
ശാരീരികമായും മാനസികമായും അതീവ ഗുരുതരാവസ്ഥയിലുള്ളതും ദുർബലരുമായ വനിതാ രോഗികളെയാണ് ഇയാൾ മനഃപൂർവം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
മൂന്ന് വനിതാ രോഗികളെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോർട്സ്മൗത്ത് ക്രൗൺ കോടതി 2024 ഏപ്രിലിൽ മോഹൻ ബാബുവിന് മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ജയിലിലാണ്.
കോടതി വിചാരണ വേളയിൽ ഇരകളായ സ്ത്രീകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ കോടതിയെപ്പോലും കണ്ണീരിലാഴ്ത്തിയിരുന്നു. പീഡനത്തിനിരയായ ഒരു രോഗി പിന്നീട് അർബുദം ബാധിച്ച് മരണപ്പെട്ടിരുന്നു.
അവയവങ്ങൾ തളർന്ന് മരണത്തോട് മല്ലിട്ട അവരുടെ അവസാന നാളുകളെ ഈ ഡോക്ടർ അശുദ്ധമാക്കിയെന്ന് അവരുടെ സഹോദരൻ കോടതിയിൽ പറഞ്ഞു. ഈ ക്രൂരത തന്റെ ജീവിതം തന്നെ തകർത്തുകളഞ്ഞുവെന്ന് രണ്ടാമത്തെ സ്ത്രീയും സംഭവത്തിന് ശേഷം താൻ കടുത്ത വിഷാദ രോഗത്തിലേക്ക് വീണുപോയതായി മൂന്നാമത്തെ സ്ത്രീയും മൊഴി നൽകി വ്യക്തമാക്കി.
രോഗികളെ സഹായിക്കുകയാണെന്ന വ്യാജേനയാണ് ഇയാൾ അതിക്രമങ്ങൾ കാട്ടിയത്. പരിശോധനാ മുറിയിൽ വച്ച് തുണി അഴിച്ചുമാറ്റി നഗ്നത പ്രദർശിപ്പിക്കുകയും താൻ രോഗിയെ സഹായിക്കുന്നതിനാൽ തിരിച്ച് തന്നെയും സ്പർശിക്കണമെന്ന് ഒരു സ്ത്രീയോട് ഇയാൾ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരു രോഗിയെ ബലമായി ചുംബിക്കുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതായും കോടതി രേഖകളിൽ വ്യക്തമാക്കുന്നു. ജയിലിൽ കഴിയുന്ന മോഹൻ ബാബു എംപിടിഎസ് ട്രിബ്യൂണൽ വിചാരണയിൽ പങ്കെടുക്കാൻ തയാറായിരുന്നില്ല.
എന്നാൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഇനി ഒരിക്കലും യുകെയിൽ ഡോക്ടറായി ജോലി ചെയ്യാൻ യോഗ്യതയില്ലെന്ന് ട്രിബ്യൂണൽ വിധിക്കുകയായിരുന്നു.
തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഡോ. മോഹൻ ബാബു നടത്തിയത് ആസൂത്രിതവും ആവർത്തിച്ചുള്ളതുമായ പീഡനങ്ങളാണ്.
ഇരപിടിയനെപ്പോലെയുള്ള ഇയാളുടെ പെരുമാറ്റം ഒരു ഡോക്ടർക്ക് ഒരിക്കലും യോജിച്ചതല്ല. രോഗികൾക്ക് ഡോക്ടർമാരിലുള്ള വിശ്വാസ്യത തകർക്കുന്നതാണ് ഈ സംഭവമെന്നു - ട്രിബ്യൂണൽ വിധിന്യായത്തിൽ വ്യക്തമാക്കി.
കർണാടകയിലുള്ള മെഡിക്കൽ കോളേജ് നിന്നുമാണ് ഇയാൾ 2000-ൽ തന്റെ എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. അതിനുശേഷം ഇന്ത്യയിൽ കുറച്ചുകാലം കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി ജോലി ചെയ്ത ശേഷമാണ് 2006-ൽ ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് കുടിയേറിയത്.
പൗരന്മാരുടെ ജീവനും സുരക്ഷയ്ക്കും വലിയ വില കൽപ്പിക്കുന്ന ബ്രിട്ടനിൽ, ചികിത്സ നൽകേണ്ട ഡോക്ടറിൽ നിന്ന് തന്നെ രോഗികൾക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത് യുകെയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
NRI
എയ്ൽസ്ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമ്മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ൽസ്ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒൻപതാമത് "എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം' ആത്മീയ ആഘോഷമായി മാറി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകിയ തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.
എയിൽസ്ഫോർഡ് പ്രയറിയിലെ റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെന്റ് ജോസഫ് ചാപ്പൽ, സെന്റ് ആൻ ചാപ്പൽ എന്നിവിടങ്ങളിലും വിശാലമായ ഓപ്പൺ എയർ പിയാസയിലും ഉൾപ്പടെ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വിശ്വാസികളാണ് തിരുക്കർമങ്ങളിൽ പങ്കുകൊണ്ടത് .
ഉച്ചയ്ക്ക് 11 ഓടുകൂടി കൊടിയേറ്റിനു ശേഷം സ്വർഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് തുടക്കമായി. കർമ്മലമാതാവിനെ തിരുസ്വരൂപം തോളിൽ സംവഹിച്ചുകൊണ്ട് ജപമാല പ്രാർഥനയിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കുചേർന്നു.
തുടർന്ന് പിതാവിനോടൊപ്പം വികാരി ജനറൽ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, കാന്റർബറി റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അഞ്ചാനിക്കൽ, തീർഥാടനം കോഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ, ഒപ്പം രൂപതയിലെ വിവിധ ഇടവക മിഷനുകൾ എന്നിവയിൽ നിന്നുമെത്തിയ വൈദികരും ചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു.
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുന്നാൾ ദിനമായ ജൂലൈ 16ന് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ വിശുദ്ധ കുർബാന മധ്യേയുള്ള വചന പ്രഘോഷണത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു.
NRI
ലണ്ടൻ: യുകെയിൽ ജനജീവിതം അസഹനീയമാക്കി അസാധാരണമായ കനത്ത ഉഷ്ണതരംഗം തുടരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച കെന്റിലെ ഫ്രിറ്റൻഡനിൽ രേഖപ്പെടുത്തി.
ഇവിടെ താപനില 30.5 ഡിഗ്രി സെൽഷ്യസിലെത്തി. മേയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ യുകെയിൽ താപനില 30 ഡിഗ്രി കടക്കുന്നത് അത്യപൂർവമായാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നത്.
ഇതിന് മുൻപ് 2012 മേയ് 25നാണ് രാജ്യത്ത് സമാനമായ രീതിയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് ഇനിയും വർധിക്കുമെന്നാണ് ലണ്ടൻ മെറ്റ് ഓഫീസിന്റെ പുതിയ മുന്നറിയിപ്പ്.
80 വർഷത്തെ റിക്കാർഡ് തകർന്നേക്കും
ബാങ്ക് അവധി ദിനമായ തിങ്കളാഴ്ച രാജ്യത്തെ താപനില 33 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുകയാണെങ്കിൽ, 1944 മേയ് മാസത്തിൽ രേഖപ്പെടുത്തിയ 32.8 ഡിഗ്രി സെൽഷ്യസ് എന്ന എക്കാലത്തെയും ഉയർന്ന റിക്കാർഡ് തകരും.
ലണ്ടൻ, കാർഡിഫ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഞായറാഴ്ചയോടെ ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മുൻ ദശകങ്ങളെ അപേക്ഷിച്ച് യുകെയിൽ കടുത്ത ചൂടുള്ള ദിവസങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൂട് കനത്തതോടെ ആരോഗ്യ മേഖല വലിയ ജാഗ്രതയിലാണ്. വിവിധ പ്രദേശങ്ങളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു:
ആംബർ അലർട്ട്: മിഡ്ലാൻഡ്സ്, ഈസ്റ്റേൺ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്. (ഈ പ്രദേശങ്ങളിൽ ഉയർന്ന താപനില ആരോഗ്യത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്). യെല്ലോ അലർട്ട്: ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങൾ.
കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
അനാവശ്യമായി വെയിലത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.
വില്ലൻ ആഗോള കാലാവസ്ഥാ വ്യതിയാനം
മേയ് മാസത്തിൽ സാധാരണയായി അനുഭവപ്പെടാറുള്ള സുഖകരമായ കാലാവസ്ഥയ്ക്ക് വിപരീതമായി ഉണ്ടായ ഈ കടുത്ത ചൂടിന് പിന്നിൽ ആഗോള കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രജ്ഞർ അടിവരയിട്ട് പറയുന്നു.
വരും ആഴ്ചകളിലും ഉയർന്ന താപനില ഇതേപടി തുടർന്നേക്കും. ചൂട് കൂടിയതോടെ യുകെയിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ കടുത്ത അസ്വസ്ഥതയിലാണ്.
വീടുകളിൽ എയർ കണ്ടീഷണർ സംവിധാനങ്ങൾ കുറവുള്ള യുകെയിൽ, പെട്ടെന്നുണ്ടാകുന്ന ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
തടാകങ്ങളിലും നദികളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ നീന്താൻ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NRI
ലണ്ടൻ: യുകെയിലെ കംബ്രിയയിലുള്ള പ്രശസ്തമായ "ഹോളി ട്രിനിറ്റി കെൻഡൽ പാരീഷ്' പള്ളിപ്പറമ്പിൽ നിന്ന് കണ്ടെത്തിയ 900 വർഷത്തോളം പഴക്കമുള്ള 66 മനുഷ്യരുടെ അസ്ഥികൂട അവശിഷ്ടങ്ങൾ പൂർണമായ ആദരവോടെ വീണ്ടും അടക്കം ചെയ്യുന്നു.
2022-ൽ പരിസ്ഥിതി ഏജൻസി പ്രദേശത്ത് നടത്തിയ വെള്ളപ്പൊക്ക പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ മധ്യകാല അവശിഷ്ടങ്ങൾ അപ്രതീക്ഷിതമായി കണ്ടെത്തിയത്.
കണ്ടെത്തിയവരിൽ ഒരു മധ്യവയസ്കയായ സ്ത്രീയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ മുഖരൂപം ഡിജിറ്റലായി പുനർനിർമിച്ചിരുന്നു.
ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ "ഫേസ് ലാബ്' ശാസ്ത്രജ്ഞരാണ് സ്ത്രീയുടെ മുഖം പുനർനിർമിച്ചത്.
നീലക്കണ്ണുകളും തലയിൽ ഇരുണ്ട ടർബനും ധരിച്ച ഈ മധ്യകാല സ്ത്രീയുടെ ചിത്രം ചരിത്രപ്രേമികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
NRI
ലണ്ടൻ: യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലെ കിർക്ലീസിൽ രണ്ട് പതിറ്റാണ്ട് മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആസൂത്രിതമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ 20 പ്രതികൾക്ക് ആകെ 277 വർഷം തടവുശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി.
വെസ്റ്റ് യോർക്ക്ഷെയർ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നായ ഈ കേസിൽ, ദശാബ്ദങ്ങൾക്ക് ശേഷമാണ് പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചത്.
ഇരകളുടെ സുരക്ഷ മുൻനിർത്തി കേസിന്മേൽ ഏർപ്പെടുത്തിയിരുന്ന കർശനമായ മാധ്യമവിലക്കുകൾ കോടതി പൂർണമായി നീക്കിയതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിടാൻ സാധിച്ചതെന്ന് പലീസ് വ്യക്തമാക്കി.
പീഡനം തുടങ്ങിയത് പന്ത്രണ്ടാം വയസിൽ
യുകെയിലെ ഡ്യൂസ്ബറി, ബാറ്റ്ലി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 1995 മുതൽ 2003 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ക്രൂരകൃത്യങ്ങൾ അരങ്ങേറിയത്. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെയാണ് പ്രതികൾ മദ്യവും മയക്കുമരുന്നും നൽകി വർഷങ്ങളോളം ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
പീഡനം ആരംഭിക്കുമ്പോൾ ഇരകളിൽ ഒരു പെൺകുട്ടിക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രാദേശികമായി ശക്തരായ പ്രതികൾ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തുപറയാൻ പെൺകുട്ടികൾക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നത്.
പിന്നീട് മുതിർന്ന സ്ത്രീകളായ ശേഷമാണ് ഇവർ തങ്ങൾ നേരിട്ട ക്രൂരതകൾക്കെതിരേ പൊലീസിനെ സമീപിക്കാൻ ധീരത കാണിച്ചത്.
ആറ് വിചാരണകൾ; പ്രതികൾക്ക് കടുത്ത ശിക്ഷ
കേസിന്റെ വിചാരണാ നടപടികൾ 2023 ജൂലൈയിലാണ് ലീഡ്സ് ക്രൗൺ കോടതിയിൽ ആരംഭിച്ചത്. പ്രതികളുടെ എണ്ണക്കൂടുതലും കേസുകളുടെ സങ്കീർണ്ണതയും കാരണം ആറ് വ്യത്യസ്ത വിചാരണകളായിട്ടാണ് കേസ് കോടതി കേട്ടത്.
2024 സെപ്റ്റംബറോടെ വിചാരണകൾ പൂർത്തിയാവുകയും 2025-ഓടെ എല്ലാ പ്രതികൾക്കുമുള്ള കടുത്ത ശിക്ഷാവിധികൾ കോടതി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികളിൽ പ്രധാനികളായ ചിലർക്ക് ലഭിച്ച ശിക്ഷാവിവരങ്ങൾ:
സജിദ് മജീദ്: 28 വർഷം കഠിനതടവ്. മനാഫ് ഹുസൈൻ: 25 വർഷം തടവ്. താരിഖ് അസം: 24 വർഷം തടവ്. സുൽഫിക്കർ അലി: 22 വർഷം ആറ് മാസം തടവ്.
ഔറംഗസേബ് അസം: 20 വർഷം തടവ് (ഇയാൾ മാത്രം പത്ത് ബലാത്സംഗ കുറ്റങ്ങളിലാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്).
ഷക്കീൽ ഹഖ്:19 വർഷം തടവ്. റഫീഖ് പട്ടേൽ, സഹീദ് അലി നാവ്സർക്ക: 18 വർഷം വീതം തടവ്.
കൂടാതെ, അൻസാർ മഹ്മൂദ് ഖയൂം എന്ന പ്രതിക്ക് ഈ കേസിൽ ലഭിച്ച 10 വർഷത്തെ തടവ് ഇയാളുടെ മുൻപത്തെ മറ്റൊരു ശിക്ഷയ്ക്കൊപ്പം ചേർത്തതോടെ ആകെ ശിക്ഷ 30 വർഷമായി ഉയർന്നു.
സംഘത്തിലുണ്ടായിരുന്ന ദോണ ലിൻ എന്ന 45 വയസ്സുകാരിക്ക് വേശ്യാവൃത്തി നിയന്ത്രിക്കുകയും പെൺകുട്ടികളെ സംഘത്തിലേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്തതിന് മൂന്ന് വർഷം തടവുശിക്ഷയും കോടതി വിധിച്ചു.
കോടതി നടപടികളും മാധ്യമവിലക്കും
ഇരകളായ സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയും, വിചാരണയെ ബാധിക്കാതിരിക്കാനും കോടതി കർശനമായ വാർത്താ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒന്നിന് പുറകെ ഒന്നായി നടന്ന വിചാരണകളിൽ പ്രതികൾ എല്ലാവരും ശിക്ഷിക്കപ്പെട്ടതോടെയാണ് ഈ വിലക്ക് നീക്കാൻ കോടതി അനുമതി നൽകിയത്.
ബ്രിട്ടനിലെ ഏഷ്യൻ കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള ചില സംഘങ്ങൾ ഇത്തരം പെൺവാണിഭങ്ങൾ നടത്തുന്നതിനെതിരെ യുകെയിൽ വലിയ ജനകീയ പ്രതിഷേധങ്ങൾ മുൻപും നടന്നിട്ടുണ്ട്.
"വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾ നേരിട്ട ആഘാതത്തിൽ നിന്നും പതറാതെ ഇരകൾ കോടതിയിൽ മൊഴി നൽകാൻ തയ്യാറായി. ഈ വേട്ടക്കാർ ഒടുവിൽ ജഴിക്കുള്ളിലായി എന്നത് നീതിയുടെ വിജയമാണ്.
വൈകിയാണെങ്കിലും ഇരകൾക്ക് അർഹിച്ച നീതി ഉറപ്പാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന്." വെസ്റ്റ് യോർക്ക്ഷെയർ പോലീസ് ഡിസിഐ റോബ് സ്റ്റീവൻസ് പറഞ്ഞു.
ഈ ചരിത്രവിധി യുകെയിലെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് കമ്മ്യൂണിറ്റി നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും വിലയിരുത്തി.
NRI
ബെർലിൻ: ഗ്ലോബൽ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ "സഭയും പ്രവാസ ജീവിതവും' എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര വെർച്വൽ വെബിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വെബിനാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളെ ഒരേ വേദിയിൽ അണിനിരത്തും.
യുകെയിലെ മുൻ മേയറും ബ്രിസ്റ്റൾ - ബ്രാഡ്ലിസ്റ്റോക്ക് കൗൺസിലറുമായ ടോം ആദിത്യ ആണ് വെബിനാറിലെ മുഖ്യപ്രഭാഷകൻ. ഗ്ലോബൽ കത്തോലിക്ക കോൺഗ്രസിന്റെ ഗ്ലോബൽ ടീമാണ് പരിപാടിയുടെ സംഘാടന ചുമതല വഹിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വെബിനാർ സമയം (വിവിധ രാജ്യങ്ങളിൽ): ഇന്ത്യ - രാത്രി 8:30 മുതൽ 9:30 വരെ, യുകെ - വൈകുന്നേരം നാല് മുതൽ അഞ്ച് വരെ, ജർമനി - വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ.
Join Zoom Meeting: https://us05web.zoom.us/j/88403951815?pwd=RLCrxmqaOtJUIapqtwvxSnUblqtzGU.1.
Meeting chat link: https://us05web.zoom.us/launch/jc/88403951815.
മീറ്റിംഗ് ഐഡി: 884 0395 1815, പാസ്കോഡ്: 2026.
NRI
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ ശനിയാഴ്ച (മേയ് 23) നടത്തുന്ന ഒൻപതാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ.
കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയണുകളും എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷനുമാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
ശനിയാഴ്ച രാവിലെ 11ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, തുടർന്ന് 11.30ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും.
1.15ന് പ്രസുദേന്തി വാഴ്ച, ഉച്ചയ്ക്ക് 1.30ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും.
എയ്ൽസ്ഫോഡിൽ തീർഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും എസ്എംവെെഎമ്മിന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകൾ, ഭക്തസാധനങ്ങളുടെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/pJZLd5RoNP4pQ61X9
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ - 07920690343. വിലാസം: The Friars, Aylesford, Kent, ME20 7BX.
International
ലണ്ടന്: യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഇന്ത്യന് വംശജനായ തുഷാര് കുമാര്.
എല്സ്ട്രി ആന്ഡ് ബോറെഹാംവുഡ് നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റതോടെ ബ്രിട്ടന്റെ ചരിത്രത്തില് മേയര്പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന് വംശജനെന്ന ബഹുമതിയാണ് ഈ ഇരുപത്തിമൂന്നുകാരന് സ്വന്തമാക്കിയത്.
ലണ്ടനിലെ കിംഗ്സ് കോളേജില്നിന്ന് പൊളിറ്റിക്കല് സയന്സില് ബിരുദം നേടിയ തുഷാര്, ഈ പദവിയിലേക്ക് എത്തുന്നതിനു മുന്പ് ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഈ പദവി ലഭിച്ചത് വലിയൊരു ബഹുമതിയാണെന്നും തന്റെ യാത്രയില് പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തുഷാര് കുമാര് പ്രതികരിച്ചു.
കഴിഞ്ഞ ഒരു വര്ഷമായി നഗരത്തെ നയിച്ച മുന് മേയര് ഡാന് ഒസാരോവിനോട് തനിക്ക് നല്കിയ മാര്ഗനിര്ദ്ദേശങ്ങള്ക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
NRI
ലണ്ടൻ: യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി മലയാളിയായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ലേബർ പാർട്ടി കൗൺസിലറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരേസമയം കൗണ്ടി കൗൺസിലറും ബറോയുടെ ഡെപ്യൂട്ടി മേയറുമാകുന്ന ആദ്യ മലയാളിയാണ് സജീഷ് ടോം. 2021 മുതൽ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിലെ പോപ്പിലി വാർഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, യുകെയിലെ മേയറൽ പ്രോട്ടോകോൾ അനുസരിച്ച് അടുത്ത വർഷം മേയിൽ മേയർ പദവിയിലെത്തും.
കോട്ടയം ജില്ലയിൽ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിൽ തെക്കൻ പറവൂരിലാണ്. ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐസിയു ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി സിസ്റ്ററാണ്. മകൾ അലീന ലണ്ടനിൽ ജോലി ചെയ്യുന്നു.
International
ലണ്ടൻ: യുകെയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഹിന്ദുജ കുടുംബം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നലെ പുറത്തിറങ്ങിയ സൺഡേ ടൈംസ് റിച്ച് ലിസ്റ്റിലാണ് ഹിന്ദുജമാർ ഒന്നാംസ്ഥാനം നിലനിർത്തിയത്.
സഞ്ജയ് ഹിന്ദുജ, ധീരജ് ഹിന്ദുജ സഹോദരന്മാരുടെ കുടുംബം തുടർച്ചയായ അഞ്ചാം വർഷമാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇവരുടെ പിതാവ് ഗോപി ഹിന്ദുജ കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്.
3800 കോടി പൗണ്ടാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. 30 രാജ്യങ്ങളിൽഹിന്ദുജ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. മൊബിലിറ്റി, ഡിജിറ്റൽ ടെക്നോളജി, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, മീഡിയ, ഊർജം, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിനു നിക്ഷേപമുണ്ട്.
International
കൊച്ചി/ലണ്ടൻ: യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി മലയാളിയായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ലേബർ പാർട്ടി കൗൺസിലറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരേസമയം കൗണ്ടി കൗൺസിലറും ബറോയുടെ ഡെപ്യൂട്ടി മേയറുമാകുന്ന ആദ്യ മലയാളിയാണ് സജീഷ് ടോം.
2021 മുതൽ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിലെ പോപ്പിലി വാർഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, യുകെയിലെ മേയറൽ പ്രോട്ടോകോൾ അനുസരിച്ച് അടുത്ത വർഷം മേയിൽ മേയർ പദവിയിലെത്തും.
കോട്ടയം ജില്ലയിൽ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിൽ തെക്കൻ പറവൂരിലാണ്. ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐസിയു ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി സിസ്റ്ററാണ്. മകൾ അലീന ലണ്ടനിൽ ജോലി ചെയ്യുന്നു.
International
ലണ്ടൻ: ബ്രിട്ടണിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കീയർ സ്റ്റാർമർക്കെതിരേ പടയൊരുക്കം ശക്തം. നേതൃമാറ്റത്തിന് സമയക്രമം നിശ്ചയിക്കാൻ ഒരുകൂട്ടം മന്ത്രിമാർ ആവശ്യപ്പെട്ടു.
എന്നാൽ, നിർണായക മന്ത്രിസഭാ യോഗത്തിൽ, താൻ രാജിവയ്ക്കില്ലെന്ന് സ്റ്റാമർ പ്രഖ്യാപിച്ചു. ലേബർ പാർട്ടിയുടെ എഴുപതിലധികം എംപിമാരും സ്റ്റാർമർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കു പിന്നാലെ മന്ത്രിമാരുടെ നാല് ഉപദേശകർ രാജിവച്ചതും സ്റ്റാർമർക്കുമേൽ സമ്മർദമേറ്റിയിരുന്നു. എന്നാൽ, ഭരിക്കാനാവശ്യമായ പിന്തുണ ഇപ്പോഴും തനിക്കുണ്ടെന്നാണ് സ്റ്റാർമർ വാദിക്കുന്നത്.
കുറഞ്ഞത് 81 ലേബർ എംപിമാരെങ്കിലും എതിരായെങ്കിൽ മാത്രമേ സ്റ്റാർമർക്ക് പുറത്തുപോകേണ്ടിവരൂ. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ്, വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ എന്നിവരുൾപ്പെടെ മുതിർന്ന കാബിനറ്റംഗങ്ങൾ സ്റ്റാർമർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്.
ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി, പ്രതിരോധ സെക്രട്ടറി ജോൺ ഹീലി എന്നിവരും സ്റ്റാർമറെ നീക്കുന്നതിനെ അനുകൂലിക്കുന്നതായാണ് കരുതപ്പെടുന്നത്.
സ്റ്റാർമറിന്റെ പകരക്കാരുടെ നിരയിൽ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ എന്നിവരാണു മുന്നിലുള്ളത്. 2024ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന സ്റ്റാർമർക്ക്, രണ്ടു വർഷത്തിനുള്ളിൽ സ്വന്തം പാർട്ടിയിൽനിന്നുതന്നെ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നിരിക്കുകയാണ്.
International
ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് ലേബർ പാർട്ടിക്കുള്ളിൽ കലാപം രൂക്ഷമാകുമ്പോഴും പദവിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ. ചൊവ്വാഴ്ച നടന്ന നിർണായക ക്യാബിനറ്റ് യോഗത്തിൽ, താൻ രാജിവെക്കില്ലെന്നും ഭരണം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു.
തന്നെ പുറത്താക്കാൻ ആവശ്യമായ പിന്തുണ (20% എം.പിമാർ) ആർക്കും ലഭിച്ചിട്ടില്ലെന്ന് സ്റ്റാമർ ചൂണ്ടിക്കാട്ടി. ഒരു നേതൃമാറ്റത്തിന് പാർട്ടി തയ്യാറെടുത്തിട്ടില്ലെന്നും അതിനാൽ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജൂനിയർ ഹൗസിംഗ് മിനിസ്റ്ററായ മിയാറ്റ ഫാൻബുല്ലെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. സ്റ്റാമറുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയൊരു ടീം വരണമെന്നും ആവശ്യപ്പെട്ടാണ് രാജി.
ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ഫോറിൻ സെക്രട്ടറി യുവെറ്റ് കൂപ്പർ തുടങ്ങിയ മുതിർന്ന മന്ത്രിമാർ സ്റ്റാമർ ഒഴിഞ്ഞുപോകേണ്ട തീയതി പ്രഖ്യാപിക്കണമെന്ന് സ്വകാര്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 80-ഓളം ലേബർ എംപിമാരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.
രാഷ്ട്രീയ അസ്ഥിരത രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ഭിന്നതകൾ മാറ്റിവെച്ച് മുന്നോട്ട് പോകണമെന്നും സ്റ്റാമർ ക്യാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 1500-ഓളം സീറ്റുകളാണ് ലേബർ പാർട്ടിക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് 2024 ജൂലൈയിൽ അധികാരമേറ്റ സ്റ്റാമറുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നത്.
ബ്രിട്ടൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരെ കണ്ടുകഴിഞ്ഞു എന്നതും പുതിയൊരു നേതൃമാറ്റം രാജ്യത്തിന് നൽകുന്ന സന്ദേശം മോശമായിരിക്കുമെന്നും സ്റ്റാമർ അനുകൂലികൾ വാദിക്കുന്നു.
NRI
ലണ്ടൻ: യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി ജോര്ജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാർട്ടേഡ് അക്കൗണ്ടന്റായ ജോർജി ഹാറോവിലെ റജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു കുടുംബമായി താമസിച്ചിരുന്നത്.
യുകെയിലെ മലയാളി സാംസ്കാരിക - സാമൂഹിക രംഗങ്ങളില് സജീവ സാന്നിധ്യമായിരുന്നു ജോർജി. ഭാര്യ: റെൻജു. മകൾ: കാരൻ.
NRI
വോൾവർഹാംപ്ടൺ: യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം ശനിയാഴ്ച വോൾവർഹാംപ്ടണിലെ യുകെകെസിഎ ഹാളിൽ നടക്കും.
അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ തയാറെടുപ്പുകളാണ് പൂർത്തിയായിരിക്കുന്നത്.
"Educate, Envision, Liberate' എന്ന മുദ്രാവാക്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന ഈ ദേശീയ സമ്മേളനം ഇതിനോടകം തന്നെ യുകെയിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗത്തിന്റെ പിന്തുണ നേടി കഴിഞ്ഞു.
ശനിയാഴ്ച രാവിലെ 9.30ന് തുടങ്ങുന്ന സമ്മേളനം തികച്ചും പ്രഫഷണൽ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ എൻഎംസി സീനിയർ നഴ്സിംഗ് അഡ്വൈസർ പൗള മക്ലാരൻ സ്പെഷ്യൽ ഗസ്റ്റായി പങ്കെടുക്കുമ്പോൾ ഡഡ്ലി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ട്രാൻസ്ഫോർമേഷൻ & ഇംപ്രൂവ്മെന്റ് മാനേജർ ലോല ഒമോട്ടോസൊ ഗസ്റ്റ് ഓഫ് ഓണർ ആയിരിക്കും.
യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ, ഡോ. ഹുസൈൻ ഖാക്കി, മാർഗരറ്റ് ഗാർബറ്റ്, സാമന്ത മക്ഡണൽ, കെവിൻ ക്രിമ്മൻസ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. യുകെയിലെ നഴ്സിംഗ് അധ്യാപന, സേവന മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
യുകെയിലെ മലയാളി നഴ്സസിനെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ നഴ്സുമാരുടെ പത്ത് ടീമുകളാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങളിൽ പങ്കെടുക്കുന്നത്. യുക്മ ദേശീയ ഭാരവാഹികൾ, ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ കമ്മിറ്റികൾ എന്നിവർ പൂർണ പിന്തുണയോടെ സംഘാടക സമിതിക്കൊപ്പമുണ്ട്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ യു എൻ എഫ് ദേശീയ സമ്മേളനത്തിന്റെ മാറ്റുകൂട്ടും. നഴ്സിംഗ് സമൂഹത്തിന്റെ ഐക്യം, കഴിവ്, സാംസ്കാരിക വൈവിധ്യം എന്നിവയെ ഒരുമിപ്പിക്കുന്ന അഭിമാനകരമായ ആഘോഷമായിരിക്കും ഈ സമ്മേളനം.
കൂടുതൽ വിവരങ്ങൾക്ക് യുക്മ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (07450964670), യുക്മ നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ് സോണിയ ലൂബി (07729473749) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
സമ്മേളനം നടക്കുന്ന വേദിയുടെ വിലാസം: UKKCA COMMUNITY
NRI
മിഡ്ലാൻഡ്സ്: 102 സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യുകെയിലുടനീളം വ്യാപിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.
ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.
NRI
ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളജിന്റെയും (എസ്ബി) അസംപ്ഷൻ കോളജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ തോമസ് തറയിലിന് ഊഷ്മള സ്വീകരണവും ഇന്ന് വൈകുന്നേരം നാല് മുതൽ ഏഴ് വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വിപുലമായി നടക്കും.
കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ എസ്ബി, അസംപ്ഷൻ കോളജുകളുടെ സംയുക്ത അലുമ്നി സമ്മേളനത്തിൽ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപുമായ മാർ തോമസ് തറയിൽ പങ്ക് ചേരുന്നതാണ്.
തോമസ് പിതാവിന് അലുമ്നി സമ്മേളനത്തിൽ വച്ച് ഉജ്വല വരവേൽപ്പ് നല്കുമെന്നും പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിൽ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകർ പറഞ്ഞു.
അലുമ്നി സമ്മേളനത്തിൽ പങ്കുചേരുവാനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പൂർവവിദ്യാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
വേദി: Marston Moretaine Village Hall, Bedford Road, Marston Moretaine, Bedford MK43 0LD.
NRI
ലണ്ടൻ: യുകെയിലെ പ്രമുഖ ഇന്ത്യൻ ലൈവ് ബാൻഡുകളെ കണ്ടെത്താൻ രാജ്യവ്യാപകമായി തെരച്ചിൽ ആരംഭിച്ചിരിക്കുന്നത് പിവിഎൻ എന്റർടെയിൻമെന്റ് എന്ന സ്ഥാപനമാണ്. യുകെയിലുടനീളം നാല് പ്രമുഖ പ്രാദേശിക ഇന്ത്യൻ ലൈവ് ബാൻഡുകളാണ് രൂപീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നത്.
ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായ ടാലന്റ് സെർച്ച് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, മിഡ്ലൻഡ്സ്, സൗത്ത് മേഖലകളെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഗായകരെയും വാദ്യകലാകാരന്മാരെയും ഇപ്പോൾ ഓഡിഷനുകൾക്ക് ക്ഷണിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റൽ സമർപ്പണത്തിലൂടെയാണ് ആരംഭിക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മേയ് 16ന് ബ്ലാക്ക്പൂളിൽ നടക്കുന്ന ലൈവ് ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യൻ പ്രവാസികളുടെ സമ്പന്നമായ സംഗീത പാരമ്പര്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം, വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രഫഷണൽ വേദിയിൽ പ്രകടനം നടത്താനുള്ള അവസരം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ സംരംഭത്തിന് ആനന്ദ് മീഡിയ, എക്സലന്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, മാസ് ഹൈപ്പർ മാർക്കറ്റ് എന്നിവരാണ് പുതിയ ബാൻഡുകളുടെ സ്പോൺസർമാർ.
ബാൻഡുകളിൽ പെർഫോം ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിക്കേണ്ട വിധം:
കലാകാരന്മാർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുവാൻ അവരുടെ പ്രകടനത്തിന്റെ വീഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്ട്രേഷൻ ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLSf8yVqlQ07Yk7QbuO35bmuxvYhSwhItSKpA9l_rRL_2ZHQmJA/viewform?usp=header
താഴെ കൊടുത്തിരിക്കുന്ന ഇ - മെയിലിലൂടെയും ബന്ധപ്പെടാവുന്നതാണ്:
[email protected].
NRI
കവൻട്രി: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കവൻട്രിയിലെ സെന്റ് ഓസ്ബർഗ് കാത്തലിക് ഹാളിൽ നടന്നു. സംഘടനയുടെ 15 യൂണിറ്റുകളിൽ നിന്നായി 70 ഓളം പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് "കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രാഷ്ട്രീയ നിരീക്ഷകൻ ഡോ. പ്രേംകുമാർ "പ്രോപഗണ്ട കാലത്ത് ആഗോള മലയാളികൾ എന്ന പ്രതീക്ഷ' എന്ന വിഷയത്തിൽ സംസാരിച്ചു.
നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. വി.പി.പി. മുസ്തഫ പുതിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംഘടനകളിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു.
നാഷ്ണൽ കമ്മിറ്റിയിൽ വന്ന ഒഴിവുകൾ നികത്തികൊണ്ട് നിലവിലുള്ള 11 നാഷ്ണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ജി. ശ്രീജിത്ത്, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി. ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം. ജോർജ് എന്നിവരെ നാഷ്ണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
NRI
ലെസ്റ്റർ: സാംസ്കാരിക വൈവിധ്യങ്ങളും കലയും ഒത്തുചേർന്ന ആവേശകരമായ അന്തരീക്ഷത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ (എൽകെസി) ഈസ്റ്റർ - ഈദ് - വിഷു ആഘോഷമായ "യൂണിറ്റി ഫെസ്റ്റിവൽ 2026' സമാപിച്ചു.
പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, വിവിധ കമ്യൂണിറ്റികളുടെ ഒത്തൊരുമയുടെ വേദിയായി മാറി. കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഒപ്പന, മാർഗംകളി, തിരുവാതിര എന്നിവ കോർത്തിണക്കിയ ഫ്യൂഷൻ ഡാൻസുകൾ കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.
മലയാളികൾക്കൊപ്പം തമിഴ്, തെലുങ്ക്, കന്നട കമ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും ഇത്തവണ വേദി പങ്കിട്ടു എന്നത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസുകൾ, ഗാനമേള, ഇൻസ്ട്രുമെന്റൽ പെർഫോമൻസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്.
NRI
തിരുവനന്തപുരം: സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കണ്വൻഷൻ ജൂണ് 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
NRI
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് യുകെയുടെ ഓൺലൈൻ യോഗം ചേർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചര്ച്ചയായി.
കേരള കോൺഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടി കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു. പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരള ഐടി & പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ ജയ്സൺ ജോസ് ഓലിക്കൽ യോഗത്തിൽ സംസാരിച്ചു.
കേരള കോൺഗ്രസിന്റെ ദൗത്യവും ഭാവി പദ്ധതികളും അപു ജോൺ ജോസഫ് വിശദീകരിച്ചു. മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാര സാധ്യതകൾ വർധിപ്പിക്കുക വഴി കേരളത്തിൽ നിന്ന് യുവജനങ്ങളുടെ കുടിയേറ്റം കുറയ്ക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പുതുമയാർന്ന ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള കോൺഗ്രസ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലക്ഷ്യങ്ങൾ സഫലമാക്കാൻ പ്രവാസി കേരള കോൺഗ്രസ് യ.കെ. പ്രവർത്തകർ കേരളത്തിൽ നിക്ഷേപിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അപു ജോൺ ജോസഫ് അഭ്യർഥിച്ചു.
കൂടാതെ, യുകെയിലെ വിവിധ കൗൺസിലുകളും കേരളത്തിലെ പഞ്ചായത്തുകളും തമ്മിൽ സഹോദരനഗര പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ക്രിസ്, ജിൽസൺ ഓലിക്കൽ, ലിട്ടു ടോമി, ജെഫ് താഴത്തെത്ത്, തോമസ് കന്തത്തിങ്കര, ജെറി ഉഴുന്നലിൽ, ജോയാസ് ജോൺ, ജോഷി എടത്തിപ്പറമ്പിൽ, ബേബി ജോൺ, ബിറ്റാജ് ഓഗസ്റ്റിൻ, സിബി കാവുകാട്ട്, തോമസ് ജോണി, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
NRI
ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു.
മേയ് ഒന്നിനു വെെകുന്നേരം ആറിന് കൊടിയേറ്റുകയും ഏഴിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.
മേയ് രണ്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി. റവ. ഫാ. രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിക്കും.
തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ.ഫാ. സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികൾ ഏവരും ബർമിംഗ്ഹാം യാർഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ: ഇടവക വികാരി റെവ ഫാ സിബി വാലയിൽ (+44 7769 390235), ട്രസ്റ്റി: നിതിൻ ബേബി (07474 544447), സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
NRI
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ 15 ക്നാനായ മിഷനുകളിലേയും മാസ് സെന്ററുകളിലേയും അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ ക്നാനായ കലോത്സവം "തെക്കൻസ് ഫെസ്റ്റ്' ശനിയാഴ്ച (ഏപ്രിൽ 18) ബർമിംഗ്ഹാമിനു സമീപമുള്ള ഡഡ്ലിയിലെ ബിഷപ് മില്നർ കാത്തലിക് കോളജിൽ നടക്കും.
രജിസ്ട്രേഷനുകൾ പൂർത്തിയാവുമ്പോൾ 600 മത്സരാർഥികളാണ് വിവിധ കലാ മത്സരങ്ങളിൽ മാറ്റുരായ്ക്കാനെത്തുന്നത്. ക്നാനായ തനതു കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കലാ-സാംസ്കാരിക വളർച്ചയും ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ കലാമേളയിൽ 16 ഇനങ്ങളിലായി യുകെയിലെ ക്നാനായ കലാപ്രതിഭകൾ തങ്ങളുടെ സർഗാത്മക സൃഷ്ടികൾ അവതരിപ്പിക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനുമായി നൂറുകണക്കിനാളുകൾ വിവിധ മിഷനുകളിൽ നിന്നും എത്തിച്ചേരും.
അവർക്കു വേണ്ട വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ആതിഥേയരായ ബർമിംഗ്ഹാം ക്രൈസ്റ്റ് ദ കിംഗ് മിഷനും സംഘാടകരും. കാണികളെ ആവേശത്തിലാക്കുന്ന തരത്തിൽ വിഭാവനം ചെയ്ത് രണ്ട് റൗണ്ടുകളായി ഒരുക്കിയിരിക്കുന്ന "ക്നാനായ മന്നൻ', "ക്നാനായ മങ്ക' മത്സരം കലാമേളയുടെ പ്രധാന ആകർഷക ഇനങ്ങളിലൊന്നാണ്.
രാവിലെ 9.30 മുതൽ നാല് വേദികളിലായി തുടർച്ചയായി മത്സരങ്ങൾ അരങ്ങേറും. രാത്രി ഏഴിനാണ് സമ്മാനദാന ചടങ്ങുകൾ നടക്കുക. ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ബെന്നി മാവേലിൽ, സോജൻ തോമസ്, ഷെറി ബേബി, മേബിൾ അനു എന്നിവരടങ്ങുന്ന മുഖ്യ സംഘാടക സമിതിയാണ് കലാമേളയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
15 ക്നാനായ മിഷനുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കോഓർഡിനേറ്റർമാരാണ് കലാമേളയുടെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്. കലാമേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
Lifeline Protect Mortgage and Insurance പ്രധാന സ്പോൺസർ ആയിട്ടുള്ള തെക്കൻസ് ഫെസ്റ്റിന്റെ മത്സരാർഥികൾക്കുള്ള രജിസ്ട്രേഷനും കാണികൾക്കുള്ള പ്രവേശനവും പൂർണമായും സൗജന്യമായിട്ടാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
കലാമേളയ്ക്ക് എത്തുന്നവർക്ക് രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണം നൽകുന്നതിനുവേണ്ടി വിവിധ സ്റ്റാളുകൾ ഉണ്ടായിരിക്കും. കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ക്നാനായ കാത്തലിക് മിഷൻ യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു.
NRI
ലണ്ടൻ: ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശേരി എസ്ബി കോളജിലും ചങ്ങനാശേരി അസംപ്ഷൻ കോളജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യുകെയിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ യുകെ സംഗമം സംഘടിപ്പിക്കുന്നു.
മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ബെഡ്ഫോർഡിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷനും എസ്ബി അസംപ്ഷൻ കോളജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
എസ്ബി, അസംപ്ഷൻ കോളജുകളിലെ പൂർവവിദ്യാർഥികളായിരുന്ന യുകെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ, ബാച്ച്, പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
NRI
ഹാംപ്ഷയർ: ബേസിംഗ്സ്റ്റോക്കിലെ സെന്റ് മാർക്കോസ് ക്നാനായ ദേവാലയത്തിന്റെ അഞ്ചാം വാർഷിക വലിയ പെരുന്നാൾ ഈ മാസം 26ന് (ഞായറാഴ്ച) ഭക്തി നിർഭരമായ ചടങ്ങുകളോടെ വിപുലമായി ആഘോഷിക്കുന്നു.
വിശുദ്ധ മാർക്കോസ് സുവിശേഷകന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ ഓർമപ്പെരുന്നാളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കാർ അറിയിച്ചു.
പരിപാടി ക്രമം
ഉച്ചയ്ക്ക് 1.15ന് - കൊടിയേറ്റ്. 1.30ന് - പ്രഭാത പ്രാർഥന. രണ്ടിന് - വിശുദ്ധ കുർബാന - മുഖ്യകാർമികൻ: റവ. ഫാ. ബിൻസു എബ്രഹാം, വികാരി: റവ. ഫാ. മാത്യൂസ് എബ്രഹാം. മൂന്നിന് - മധ്യസ്ഥ പ്രാർഥന, നാലിന് - റാസ, 4.30ന് - സ്നേഹവിരുന്ന്. 5.30ന് - ഹാർവെസ്റ്റ് ഫെസ്റ്റിവൽ, 6.30ന് - ആശിർവാദം.
ദേവാലയ വിലാസം: St. Mark’s Church, Homesteads Road, Kempshott, Basingstoke, Hampshire, RG22 5LQ.
വിശുദ്ധ കുർബാന: എല്ലാ മാസവും നാലാം ഞായറാഴ്ച
ഹാംപ്ഷയർ, ബെർക്ക്ഷയർ, വിൽറ്റ്ഷയർ എന്നിവിടങ്ങളിലെയും ബേസിംഗ്സ്റ്റോക്ക്, റീഡിംഗ്, ന്യൂബറി, സ്വിൻഡൺ, ആൾഡർഷോട്ട്, സാലിസ്ബറി, സൗത്താംപ്ടൺ, ബോർണ്മത്ത്, പോർട്സ്മത്ത്, ഗിൽഫോർഡ്, സ്ലൗ, ബ്രാക്ക്നൽ, വോക്കിംഗ് എന്നിവിടങ്ങളിലുമുള്ള ക്നാനായ സമുദായാംഗങ്ങൾ ഈ ഇടവകയിൽ കൂടിവരുന്നു.
പരിശുദ്ധ മാർക്കോസ് സബ്രോനെയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ച് പ്രാർഥിക്കുവാനും നേർച്ചകാഴ്ചകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കർത്താവിന്റെ നാമത്തിൽ ക്ഷണിക്കുന്നതായി ഇടവകക്കാർക്ക് വേണ്ടി ട്രസ്റ്റി: എബിമോൻ ജേക്കബ് - 07577 738234, സെക്രട്ടറി: ജോമോൻ എബ്രഹാം - 07944 397832 എന്നിവർ അറിയിച്ചു..
ഈ വർഷത്തെ പെരുന്നാൾ താഴെപ്പറയുന്ന കുടുംബങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്നു:
ജോപ്പു സഖറിയാസ് (കിഴക്കേമുറിയിയിൽ), ജോമോൻ എബ്രഹാം (ഇളംപുരയിടത്തിൽ), ജോയൽ ജേക്കബ് സ്റ്റീഫൻ (കാവുങ്കൽ), ഹാരിസ് ജിം (വട്ടപുരയിടത്തിൽ), ജാക്സൺ ജെസ്റ്റിൻ (കൊന്നിക്കൽ), ആൽവിൻ ജോസ് (കൊച്ചുപുറയ്ക്കൽ).
NRI
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച (ഏപ്രിൽ 10 മുതൽ 12) വരെ താമസിച്ചുള്ള ത്രിദിന "ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു.
റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചംകുടിയിലും ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും "റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.
ദൈവീക തിരുസാന്നിധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാർഥിക്കുവാനും അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും വേദനകളും മനോതലത്തിലെത്തിക്കുവാനും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കർമങ്ങളും പ്രാർഥനകളും ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഞായറാഴ്ച വൈകുന്നേരം നാല് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
മാനസിക നവീകരണത്തിനും ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ ബിജു എന്നിവർ സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
രജിസ്ട്രേഷൻ: https://www.divineuk.org/residential-retreats. കൂടുതൽ വിവരങ്ങൾക്ക്: +447474787890, Email: [email protected], വെബ്സെെറ്റ്: www.divineuk.org.
District News
കാഞ്ഞങ്ങാട്: മലയാളി യുവതി യുകെയില് കയാക്കിംഗിനിടെ പുഴയില് വീണ് മരിച്ചു.
യുകെയില് ആരോഗ്യമേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന വെള്ളിക്കോത്ത് സ്വദേശിനി കീര്ത്തി രാജഗോപാല് (25) ആണ് മരിച്ചത്.
വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ട. സൈനികന് രാജഗോപാലിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജൂണിയർ സൂപ്രണ്ട് റീനയുടെയും മകളാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സഹോദരന്: വിനായക്.
NRI
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് തുടക്കമായി. രൂപതയുടെ നൂറിൽ പരം വരുന്ന കേന്ദ്രങ്ങളിൽ നടന്ന ഓശാന തിരുനാൾ ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത്.
NRI
ഡബ്ലിൻ: കോർക്ക് സീറോമലബാർ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം ഈ മാസം 29ന് ഓശാന ഞായറാഴ്ച ആരംഭിക്കും.
Dennhy’s Cross ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ഓശാന തിരുക്കർമങ്ങളോടെയാണ് ധ്യാനപരിപാടികൾക്ക് തുടക്കമാകുന്നത്. പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
തുടർന്ന് 30ന്, 31ന് ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും അതിന് ശേഷം രാത്രി ഒമ്പത് വരെ ധ്യാനശുശ്രൂഷകൾ നടക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കർത്താവായ യേശുക്രിസ്തുവിന്റെ പീഢാനുഭവം, കുരിശുമരണം, ഉഥാനം എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ ആഴ്ചയിലേക്കുള്ള ആത്മീയ തയാറെടുപ്പായി ഈ ധ്യാനത്തിൽ പങ്കുചേർന്ന് നോമ്പിന്റെയും പരിത്യാഗത്തിന്റെയും ആത്മസാരാംശം ഉൾക്കൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ചാപ്ലൈൻ റവ. ഫാ. ജിൽസൺ കൊക്കണ്ടത്തിൽ അറിയിച്ചു.
NRI
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായുള്ള ആറാമത് ടി10 ക്രിക്കറ്റ് ടൂർണമെന്റ് മേയ് 24ന് നടക്കും.
എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസായി 1200 പൗണ്ടും സീന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക.
എട്ടു ടീമുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തുടർച്ചയായി ആറാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് റോംസിയിലെ വിശാലമായ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡ് ഗ്രൗണ്ടിലാകും നടക്കുക.
പത്ത് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ എട്ടിന് തന്നെ ആരംഭിക്കും. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ (മട്ടാഞ്ചേരി കിച്ചൻ) സംഘാടകർ ഒരുക്കുന്നുണ്ട്.
പ്രസിഡന്റ് എം.പി. പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോഓർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്.
ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവാൻ 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. ടൂർണമെന്റിന്റെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കുവാൻ BTM ഫോട്ടോഗ്രാഫി ഇത്തവണയും രംഗത്തുണ്ട്.
അകാലത്തിൽ വിട്ടുപിരിഞ്ഞ എസ്എംഎം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ടൂർണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: HUNT'S FARM PLAYING FIELD, TIMSBURY, SO51 0NG.
NRI
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തുടർച്ച ഉറപ്പാക്കുന്നതിനായി രൂപീകരിച്ച എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പിന്റെ പ്രവർത്തനോദ്ഘാനം നടന്നു.
ശനിയാഴ്ച നടന്ന ഓൺലൈൻ സമ്മേളനത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇടതുപക്ഷ അനുഭാവികൾ പങ്കെടുത്തു. മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നവകേരള നിർമിതിയിൽ പ്രവാസികൾക്കുള്ള പങ്കിനെക്കുറിച്ചും ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ പ്രവാസികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വികസന രേഖയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. യൂത്ത് ഫ്രണ്ട് എം പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് കൺവീനർ രാജേഷ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തവർക്ക് എഐസി ബ്രിട്ടൻ ആൻഡ് അയർലൻഡ് സെക്രട്ടറി സി.എൻ. ജനേഷ് സ്വാഗതം ആശംസിച്ചു.
എ.കെ. ഷിനിത്ത് (ക്രാന്തി അയർലൻഡ് ആൻഡ് ജോയിന്റ് കൺവീനർ, എൽഡിഎഫ് യുകെ - അയർലൻഡ്), ഗിരികൃഷ്ണൻ (സംസ്കാര ജർമനി), നവീൻ (കൈരളി യുകെ), അരുൺ ബെന്നി (യുവധാര മാൾട്ട - സെക്രട്ടറി), മിഥുൻ (പോളണ്ട് - ലോക കേരള സഭ അംഗം), സണ്ണി ജോസഫ് (കെഎഫ്പിഎസ് സ്വിറ്റ്സർലൻഡ്) തുടങ്ങിയവർ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ചു.
ജർമനിയിൽ നിന്നുള്ള ശിവഹരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കേരളത്തിലെ വികസന തുടർച്ചയ്ക്കായി യൂറോപ്പിലെമ്പാടുമുള്ള പ്രവാസി മലയാളികളെ അണിനിരത്തിക്കൊണ്ട് വിപുലമായ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.