ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിംഗ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭ നയിക്കുന്ന തീര്‍ഥാടനം ഈ മാസം 18ന് നടക്കും. ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം മുൻവർഷങ്ങളിലെ പോലെ തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും അലങ്കാരങ്ങളും തിരുനാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാം തീർഥാടനത്തിൽ പ്രസുദേന്തിമാരായി പങ്കുചേരുവാൻ ഉള്ള അനുഗ്രഹീത അവസരം ഉപയോഗിക്കുവാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്ലയറിലെ QR-CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ വാത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും പുണ്യഭുമിയുമാണ്.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
വാത്സിംഗ്ഹാം തീർഥാടന തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്ന് മാതൃമാധ്യസ്ഥതയിൽ ദൈവീക കൃപാകൾക്കും അനുഗ്രഹങ്ങൾക്കും ഉദ്ദിഷ്ഠ കാര്യ സാഫല്യത്തിനും പ്രാർഥനാ നിറവിൽ ആയിരിക്കുവാൻ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യർഥിച്ചു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന, 10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്), 11 - കൊടിയേറ്റ്, 12 - പ്രസുദേന്തി വാഴിയ്ക്കൽ, 12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, 13 45 - ആഘോഷമായ പരിശുദ്ധ കുർബാന - മാർ ജോസഫ് സ്രാമ്പിക്കൽ, 15.45 - നന്ദി പ്രകാശനം.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walshingham, Houghton St. Giles Norfolk,NR22 6AL.
Tags : Eparchial Walsingham Pilgrimage Great Britain UK