ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദമാം: സാഹിത്യസ്നേഹികളുടെ സംഗമമായി നവയുഗം വായനവേദി പ്രതിമാസപരിപാടിയായ അക്ഷരസദസിന്റെ നാലാമത് അധ്യായം ദമാമിൽ അരങ്ങേറി.
ദമാം റോസ് ഓഡിറ്റോറിയത്തിൽ വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന അക്ഷരസദസ്, നവയുഗം കേന്ദ്രകമ്മിറ്റി അംഗം മനോജ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും, പുസ്തകങ്ങളുടെ പ്രാധാന്യവും, വായനയുടെ ആവശ്യകതയും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ വിശദീകരിക്കുകയുണ്ടായി.
നവയുഗം കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി യോഗത്തിനു സ്വാഗതം പറഞ്ഞു. വായനവേദി സെക്രട്ടറി ബിനുകുഞ്ഞ് അടുത്തിടെ വിടവാങ്ങിയ കല,സാംസ്ക്കാരിക,സാഹിത്യപ്രതിഭകളുടെ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.
അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് അക്ഷരസദസ്സിൽ വിലയിരുത്തപ്പെട്ടത്.

"ഒരിക്കൽ' (എൻ.മോഹനൻ) പ്രിജി കൊല്ലവും, "കിശോര രാമായണം' (ശ്രീനിലയം രതീശൻ) ലാലു ദിവാകരനും, "ഒരു സങ്കീർത്തനം പോലെ' (പെരുമ്പടവം ശ്രീധരൻ) സൗമ്യ മനോജും "അർദ്ധരാത്രി 12 മണിക്ക് ശേഷം' (അഖിൽ പി ധർമ്മജൻ) സജീഷ് പട്ടാഴിയും, "രണ്ട് നഗരങ്ങളുടെ കഥ' (ചാൾസ് ഡിക്കൻസ്) ബെൻസി മോഹനും അവതരിപ്പിച്ചു.
പ്രശസ്തകവി മധുസൂദനൻ നായരുടെ "ഇരുളിന് മഹാനിദ്രയില്' എന്ന കവിത സംഗീതാ സന്തോഷും, "വാക്ക്' എന്ന കവിത ബൈജു ആയൂരും മനോഹരമായി ആലപിച്ചത് പരിപാടിയെ വളരെ മികവുറ്റതാക്കി.
സമകാലീന ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളിൽ വായനക്കുള്ള പങ്കിനെ കുറിച്ച് ഹുസൈൻ നിലമേൽ സംസാരിക്കുകയുണ്ടായി. നവയുഗത്തിന്റെ മുതിർന്ന അംഗം ഉണ്ണി പൂചെടിയിൽ, നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, തമ്പാൻ നടരാജൻ, ഷാലിം എന്നിവർ അക്ഷര സദസിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വച്ച് ലാലു ദിവാകരൻ ശ്രീനിലയം രതീശന്റെ "കിശോര രാമായണം എന്ന പുസ്തകവും, ബെൻസി മോഹൻ അമിഷിന്റെ Shiva Trilogy 3 - "The Oath of the Vayuputras' എന്ന പുസ്തകവും നവയുഗം ലൈബ്രറിയിലേക്ക് നൽകുകയുണ്ടായി.
സെക്രട്ടറി ബിനു കുഞ്ഞും, പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരും പുസ്തകങ്ങൾ ഏറ്റുവാങ്ങി. അക്ഷര സദസിന്റെ അഞ്ചാം ഭാഗം നവംബർ 19ന് നടത്തുവാൻ തീരുമാനിച്ചു.
കേന്ദ്രകമ്മിറ്റി അംഗം ബിജു വർക്കി അക്ഷരസദസിവി നന്ദി രേഖപ്പെടുത്തി.
Tags : Navayugam Vayanavedi Aksharasadas Dammam