ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സാലിസ്ബറി: യുക്മയിലെ ഏറ്റവും ശക്തമായ റീജിയണുകളിൽ ഒന്നായ സൗത്ത് വെസ്റ്റ് റീജിയൺ കലാമേള സാലിസ്ബറിയിലെ ചാഫിൻ ഗൊഡോൾഫിൻ സീനിയർ സ്കൂളിൽ ഇന്ന് അരങ്ങേറും. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി കലാമേള ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിൽ യുക്മ മുൻ നാഷണൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് & ഡീൻ ഡപ്യൂട്ടി മേയറുമായ സജീഷ് ടോം, യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, യുക്മ മുൻ നാഷണൽ പ്രസിഡന്റും യൂത്ത് കോഓർഡിനേറ്ററുമായ ഡോ.ബിജു പെരിങ്ങത്തറ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വൈകുന്നേരം ചേരുന്ന സമാപനയോഗത്തിൽ യുക്മ ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി എന്നിവർ മുഖ്യാതിഥിമാരായിരിക്കും.
റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ദേശീയ സമിതിയംഗം രാജേഷ് രാജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗീസ്, കലാമേള കോഓർഡിനേറ്റർ ബിജോയ് പി. വർഗീസ്, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉൾപ്പടെയുള്ള നാഷണൽ, റീജിയണൽ ഭാരവാഹികൾ കലാമേളയുടെ വിവിധ ഘട്ടങ്ങളിൽ കലാമേള നഗറിലെത്തും. യുകെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽട്ടൺഹാമിൽ നടക്കും.
യുക്മയുടെ ഏഴ് ശക്തമായ റീജിയണുകളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളാണ് ദേശീയ കലാമേളയിൽ മാറ്റുരയ്ക്കുന്നത്.
വിവിധ റീജിയണുകളിൽ നിന്നെത്തുന്ന മികച്ച കലാപ്രതിഭകൾ ഒരേ വേദിയിൽ സംഗമിക്കുമ്പോൾ, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കലാമാമാങ്കങ്ങളിലൊന്നായി ഇത്തവണത്തെ ദേശീയ കലാമേള മാറുമെന്ന പ്രതീക്ഷയിലാണ് യുക്മ.
മാസങ്ങളായി നിരന്തര പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുമ്പോൾ, റീജിയണൽ കലാമേള വേദികളുടെ ഒരുക്കങ്ങളും അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർഥികൾ സംഗീതം, നൃത്തം, സാഹിത്യം, പ്രസംഗം തുടങ്ങി നിരവധി ഇനങ്ങളിൽ പങ്കെടുക്കും.
മത്സരത്തിലെ വിജയത്തിനപ്പുറം, യുകെയിൽ വളരുന്ന പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയോടും കലകളോടും പാരമ്പര്യത്തോടും ആത്മബന്ധം വളർത്തുന്ന സാംസ്കാരിക വേദി കൂടിയാണ് യുക്മ കലാമേള.
ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിൽ മലയാളി സമൂഹത്തിന്റെ സമ്പന്നമായ കലാ - സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനും മറ്റു സമൂഹങ്ങളുമായി കൂടുതൽ ശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ നിർണായക പങ്കുവഹിക്കുന്നു.
അംഗ അസോസിയേഷനുകൾ, റീജിയണൽ കമ്മിറ്റികൾ, കലാകാരന്മാർ, പരിശീലകർ, മാതാപിതാക്കൾ, വിധികർത്താക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനമാണ് ഓരോ കലാമേളയുടെയും വിജയത്തിന് പിന്നിൽ.
Tags : UKMA SouthWestRegion ArtsFestival NRINews