NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്സ് ഈ മാസം 26 മുതൽ സർവീസ് പുനരാരംഭിക്കുന്നു. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലേക്കുള്ള സർവീസാണ് പുനരാരംഭിക്കുന്നത്. സൗദിയിലെ ദമാം വഴിയാണ് സർവീസ് നടത്തുക.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിമാനക്കമ്പനിയുടെ ഈ തീരുമാനം. നേരിട്ടുള്ള സർവീസുകൾക്ക് പകരം ദമാം വഴിയുള്ള ഈ റൂട്ട് യാത്രക്കാർക്ക് വലിയ ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനോടകം തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാകുമെന്നും കുവൈറ്റ് എയർവേയ്സ് അറിയിച്ചു.
NRI
ദമാം: നവയുഗം സാംസ്കാരികവേദി ദമാം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും നേർക്കാഴ്ചയായി മാറി.
ദമ്മാം കൊദറിയയിലെ കൂൾഗേറ്റ് കമ്പനി ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ ദല്ലാ മേഖലയിലെ നൂറുകണക്കിന് പ്രവാസി തൊഴിലാളികളും, കുടുംബങ്ങളും പങ്കെടുത്തു.
നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികളായ എം.എ.വാഹിദ്, ജമാൽ വില്യാപ്പള്ളി, ദാസൻ രാഘവൻ, മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, തമ്പാൻ നടരാജൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ശരണ്യ എന്നിവരും ദമാമിലെ സാമൂഹിക സാംസ്ക്കാരികമേഖലയിലെ പ്രമുഖരും ഇഫ്താറിൽ പങ്കെടുത്തു.
നവയുഗം ദല്ല മേഖല ഭാരവാഹികളായ നിസ്സാം കൊല്ലം, നന്ദകുമാർ, ഷാഫുദ്ദീൻ, വർഗീസ്, ശ്രീകുമാർ കായംകുളം, ജയേഷ്, റഷീദ് പുനലൂർ, രാജൻ കായംകുളം, ജിൻസൺ, അനസ്, സൈഫുദ്ദീൻ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
Kerala
കൊച്ചി: ഗള്ഫ് രാജ്യങ്ങളിലേക്ക് ഇറാന് ആക്രമണം തുടരുന്ന സാഹചര്യത്തില് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് 56 വിമാന സര്വീസുകള് റദ്ദാക്കി. ഗള്ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്വീസുകളും കൊച്ചിയിലേക്കുള്ള 28 സര്വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില് നിന്നും 17 സര്വീസുകള് ഇന്ന് ഗള്ഫ് രാജ്യങ്ങളിലേക്ക് നടക്കും.
27 വിമാനങ്ങള് കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ദോഹയിലേക്കുള്ള ഏഴു സര്വീസുകളും ദോഹയില് നിന്നുള്ള ഏഴു സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈന്, ദമാം എന്നീ രാജ്യങ്ങളിലേക്കും സര്വീസ് നടക്കുന്നില്ല. കുവൈറ്റിലേക്കുള്ള ഫ്ലൈറ്റുകള് റദ്ദു ചെയ്തെങ്കിലും കുവൈറ്റില് നിന്നും ഒരു വിമാനം കൊച്ചിയില് എത്തും.
ദുബായ്-കൊച്ചി റൂട്ടില് അങ്ങോട്ടും ഇങ്ങോട്ടുമായി എട്ട് സര്വീസുകള് നടക്കും. എട്ടു സര്വീസുകള് റദ്ദു ചെയ്തിട്ടുണ്ട്. ജിദ്ദ, അബുദാബി, മസ്കറ്റ്, റാസല്ഖൈമ, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്വീസ് നടക്കും. ഈ രാജ്യങ്ങളില് നിന്നുള്ള വിമാനങ്ങള് കൊച്ചിയിലെത്തും. എന്നാല് ചിലത് റദ്ദാക്കിയിട്ടുണ്ട്.
NRI
ദമാം: "യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്' എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് നവയുഗം സാംസ്കാരിക വേദി ദമാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദമാം റോസ് റസ്റ്റാറന്റ് ഹാളിൽ നടന്ന ഇഫ്താറിൽ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവർത്തകരും കുടുംബങ്ങളും പ്രവാസി സംഘടനനേതാക്കളും പൗരപ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
NRI
ദമാം: തിരുവനന്തപുരത്ത് നടക്കാന് പോകുന്ന ലോക കേരള സഭയുടെ സമ്മേളനത്തില് പ്രതിനിധികളായി പങ്കെടുക്കാന് നവയുഗം സാംസ്കാരികവേദി ഭാരവാഹികളായ നാല് നേതാക്കള്ക്ക് ക്ഷണം ലഭിച്ചു.
നവയുഗം ജനറല് സെക്രട്ടറി എം.എ. വാഹിദ് കാര്യറ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണികുട്ടന്, കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ദാസൻ രാഘവൻ, കേന്ദ്ര കമ്മിറ്റി അംഗവും ജീവകാരുണ്യപ്രവർത്തകനുമായ ഷിബു കുമാർ എന്നിവരെയാണ് പ്രതിനിധികളായി ലോക കേരള സഭ തെരഞ്ഞെടുത്തത്.
സംസ്ഥാന സര്ക്കാരില് നിന്നും നവയുഗം സാംസ്കാരികവേദിക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. എല്ലാ നേതാക്കളും കൃത്യമായി സമ്മേളനത്തില് മുഴുവന് സമയവും പങ്കെടുക്കുകയും പ്രവാസികളുടെ പ്രശ്നങ്ങള് സര്ക്കാരിന്റെ ശ്രദ്ധയില് കൊണ്ടുവരാന് കൂട്ടായി പരിശ്രമിക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
NRI
ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് കലയുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കി പത്മശ്രീ കെ.എസ്. ചിത്ര നയിച്ച "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ-2025' മെഗാ ഷോ വിജയകരമായി അരങ്ങേറി.
ദമാം ലൈഫ് പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറിയ പരിപാടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്. നവയുഗം സാംസ്കാരികവേദി, ഇആർ ഇവന്റ്സുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തിയത്.
കെ.എസ്. ചിത്രയും സംഘവും ആദ്യമായാണ് ദമാമിൽ ഒരു സമ്പൂർണ സംഗീത പരിപാടി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ഷോയെ ശ്രദ്ധേയമാക്കി. ഇത് പ്രവാസികൾക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായി ദമാം വിമാനത്താവളത്തിൽ ചിത്രയ്ക്കും ടീമിനും ഉജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ മികച്ച നർത്തകർ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകുന്നേരം ആരംഭിച്ച സംഗീത നിശ, രാത്രി ഏറെ വൈകിയും നീണ്ടുനിന്നു. പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യം വ്യക്തമാക്കി, സംഗീതത്തിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന താളങ്ങൾ ഒരു വേദിയിലേക്ക് കൊണ്ടുവന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ ചിത്ര ആലപിച്ചപ്പോൾ തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ കരഘോഷത്തോടെഅവ ഏറ്റെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രയുടെ ശബ്ദമാധുര്യം നേരിൽ ആസ്വദിക്കാൻ സാധിച്ചത് പ്രവാസികൾക്ക് നവ്യാനുഭവമായി.
പിന്നണി ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ എന്നിവരും വളരെ മികച്ച വാദ്യോപകരണ കലാകാരന്മാരും ചിത്രയോടൊപ്പം വേദിയിൽ അണിനിരന്നു. ഗാനങ്ങളുടെ തെരഞ്ഞെടുപ്പും അവതരണ രീതിയും ഏറെ ശ്രദ്ധേയമായി. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പഴയ ഗാനങ്ങളും പുതിയ തലമുറയുടെ ഇഷ്ടഗാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതയാത്ര സദസിനെ പിടിച്ചിരുത്തി.
വേദിയിലെ ആദ്യ സംഗീതസ്വരം ഉയർന്ന ക്ഷണം മുതൽ, ഒരു പ്രത്യേക ഊർജം മുഴുവൻ അന്തരീക്ഷത്തിലും പരന്നു. ഓരോ ഗായകനും തന്റെ വ്യക്തിമുദ്രയോടെ അവതരിപ്പിച്ച പാട്ടുകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ വേറിട്ട താളം പകർന്നു.
കോവിഡിന് ശേഷമുള്ള കാലയളവിൽ ദമാമിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായിരുന്നു "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ'. നവയുഗം സാംസ്കാരികവേദിയുടെയും ഇആർ ഇവന്റ്സിന്റെയും സംഘാടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഇരിപ്പിട ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും പരിപാടിയുടെ വിജയത്തിന് സഹായകമായി.
"റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ' അടുത്ത കാലത്തൊന്നും മറക്കാനാവാത്ത ഒരു സംഗീതാനുഭവമായി ദമാമിലെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു. സൗദി അറേബ്യയിൽ വിനോദ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഇത്തരം വലിയ പരിപാടികൾക്ക് ലഭിക്കുന്ന അനുമതി, പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്.
NRI
ദമാം: "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' മെഗാഷോയിൽ പങ്കെടുക്കാൻ ദമാമിൽ എത്തിച്ചേർന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് നവയുഗം സാംസ്കാരികവേദി ദമാം വിമാനത്താവളത്തിൽ സ്വീകരണം നൽകി.
നവയുഗം ഭാരവാഹികളും സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ.എസ്. ചിത്രയെയും ടീമിനെയും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഭർത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ്. ചിത്ര എത്തിയത്. കെ.എസ്. ചിത്രയെക്കൂടാതെ ഗായകരായ അഫ്സൽ, ശ്രീരാഗ് ഭരതൻ എന്നിവരും ഓർക്കസ്ട്ര ടീമുമാണ് കേരളത്തിൽ നിന്നും ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ ദമാം വിമാനത്താവളത്തിൽ എത്തിയത്.
അനാമിക ഉൾപ്പെടെ മറ്റുള്ള കലാകാരൻമാർ വൈകുന്നേരത്തെ ഫ്ലൈറ്റിൽ എത്തും. ഇ.ആർ. ഇവന്റ്സുമായി സഹകരിച്ച് നവയുഗം നടത്തുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' പ്രോഗ്രാം ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ദമാം ലൈഫ് പാർക്കിലാണ് അരങ്ങേറുന്നത്.
പ്രഫഷണൽ സംഗീതത്തോടൊപ്പം, നൃത്തപ്രകടനങ്ങളും നിറയുന്ന മെഗാ ഷോ രാത്രി 10 വരെ നീണ്ടു നിൽക്കും. ദമാം ലൈഫ് പാർക്കിൽ നടക്കുന്ന പരിപാടിയുടെ പ്രധാന സ്റ്റേജ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.