പ്രതീകാത്മക ചിത്രം
ലണ്ടൻ: ഇംഗ്ലണ്ടിൽ വരും വർഷങ്ങളിൽ ഭവനരഹിതരാകുന്നവരുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വൻ വർധനവുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്.
ശക്തമായ നയങ്ങളും അടിയന്തിര നടപടികളും സ്വീകരിച്ചില്ലെങ്കിൽ 2030-ഓടെ രാജ്യത്ത് നിലവിലുള്ള റിക്കാർഡ് നിരക്കിനേക്കാൾ അമ്പതിനായിരത്തോളം പേർ കൂടി തെരുവുകളിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നു.
യുകെയിൽ ഭരണമാറ്റത്തിന് ശേഷം പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ നിർണായക റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറിയിരിക്കുന്നത്.
2030-ഓടെ ഭവനരഹിതർ 2.3 ലക്ഷം കവിയും
"ഐപിപിആർ നോർത്ത്' എന്ന തിങ്ക് ടാങ്കും ക്രൈസിസ് എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് യുകെയെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളുള്ളത്.
നിലവിൽ ഇംഗ്ലണ്ടിൽ ഹോസ്റ്റലുകളിലും താത്കാലിക താമസസ്ഥലങ്ങളിലുമായി കഴിയുന്ന ഭവനരഹിതരുടെ ഔദ്യോഗിക കണക്ക് 1,80,000ത്തിന് മുകളിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് മാത്രം 4,793 പേർ തെരുവിൽ അന്തിയുറങ്ങുന്നതായി കണ്ടെത്തിയിരുന്നു.
കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം തേടേണ്ടി വരുന്ന ഭവനരഹിതരുടെ എണ്ണം നിലവിലെ 1,82,540ൽ നിന്ന് 2029-30 സാമ്പത്തിക വർഷത്തോടെ 2,31,299 ആയി കുതിച്ചുയരുമെന്നാണ് കണക്കാക്കുന്നത്.
കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സോഷ്യൽ ഹൗസിംഗുകളുടെയും കുറഞ്ഞ വാടകയ്ക്കുള്ള വീടുകളുടെയും കടുത്ത ക്ഷാമമാണ് യുകെയിൽ ഭവനരഹിതരുടെ എണ്ണം റിക്കാർഡ് നിരക്കിലെത്തിച്ചത്. വാടക കുതിച്ചുയരുമ്പോഴും സർക്കാർ നൽകുന്ന ഹൗസിംഗ് അലവൻസുകൾ അതിനനുസരിച്ച് വർധിക്കാത്തത് പ്രത്യേകിച്ച് ലണ്ടൻ പോലുള്ള നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഹോസ്റ്റലുകൾ, ബി ആൻഡ് ബി തുടങ്ങിയ താത്കാലിക താമസസൗകര്യങ്ങൾക്കായി പ്രാദേശിക കൗൺസിലുകൾക്ക് കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് കൗൺസിലുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2009-10 കാലഘട്ടത്തിൽ താത്കാലിക താമസത്തിനായി ഇംഗ്ലണ്ടിലെ കൗൺസിലുകൾ 7.03 കോടി പൗണ്ട് മാത്രം ചിലവഴിച്ച സ്ഥാനത്ത് 2024-25ൽ ഇത് 130 കോടി പൗണ്ടായി (£1.3bn) വർധിച്ചു. കഴിഞ്ഞ വർഷം മാത്രം യുകെ സർക്കാർ ഈ മേഖലയിൽ ആകെ 380 കോടി പൗണ്ടാണ് ചിലവഴിച്ചത്.
"ഹൗസിംഗ് ഫസ്റ്റ്' അജണ്ടയുമായി ആൻഡി ബേൺഹാം
അധികാരമേറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ തെരുവിൽ കിടന്നുറങ്ങുന്നവരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള കുറവുണ്ടാക്കണമെന്നാണ് ആൻഡി ബേൺഹാം തന്റെ ഉപദേശകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മുൻപ് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായിരുന്ന സമയത്ത് അദ്ദേഹം വിജയകരമായി നടപ്പിലാക്കിയ "എ ബെഡ് എവരി നൈറ്റ്' എന്ന ജനപ്രിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു. തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ കിടക്കയും വ്യക്തിഗത പിന്തുണയും നൽകുന്നതാണ് ഈ പദ്ധതി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൗൺസിൽ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുമെന്നും ബേൺഹാം ഉറപ്പുനൽകിയിട്ടുണ്ട്. കീർ സ്റ്റാർമറുടെ സർക്കാർ 2029 ഓഗസ്റ്റോടെ 15 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി സോഷ്യൽ-അഫോർഡബിൾ വീടുകളുടെ നിർമാണത്തിന് ബേൺഹാം സർക്കാർ മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലപ്രദമല്ലാത്ത താത്കാലിക സംവിധാനങ്ങൾക്കായി കോടിക്കണക്കിന് പൗണ്ട് പൊതുപണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും ഭവനരഹിതരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കിയ ഒരു നേതാവിലൂടെ യുകെയ്ക്ക് ഇതൊരു സുവർണാവസരമാണെന്നും ക്രൈസിസ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ഡൗണി വ്യക്തമാക്കി.
യുകെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ വാടകക്കാർക്ക് ആശ്വാസമേകുന്ന വീടുകൾ വിപണിയിൽ എത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Tags : UK Homeless 25 percent