റിബേഷ് രാമകൃഷ്ണൻ.
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ ജാമ്യം. അറസ്റ്റ് സാധ്യതയും പ്രതി ചേർക്കപ്പെടാനുള്ള സാഹചര്യവും മുന്നിൽക്കണ്ടാണ് റിബേഷ് കോടതിയെ സമീപിച്ചത്. ഇതിന് പുറമെ കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജിയും കോടതി തള്ളി.
വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവുകൾ. പ്രതിയായ ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് പോലീസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും ജിതിന് സിപിഎം നേതാക്കൾ സ്വീകരണം നൽകിയിരുന്നു.
സ്വീകരണ യോഗത്തിൽ പോലീസിനും സർക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് വേറെയും കേസെടുത്തിരുന്നു.
എന്നാൽ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. പ്രതിയെ കുടുക്കാൻ പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Tags : AnticipatoryBail KafirScreenshotCase DYFIleader BailGranted BreakingNews