മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും.
കൊച്ചി: ഒരേ വേദിയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി.ഡി.സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. മുഖ്യമന്ത്രിയായ ശേഷം സതീശൻ ആദ്യമായി ഒരു കലാലയ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു എറണാകുളം എസ്എച്ച് കോളജിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കെഎസ്യു-മുഖ്യമന്ത്രി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു. താൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരായ നേതാക്കളെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് തനിക്ക് മറുപടിയില്ലെന്നും അലോഷ്യസ് പറഞ്ഞു.
കെഎസ്യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് എല്ലാവരും ഓർക്കണം. തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത് അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു വ്യക്തിപരമായ വിമർശനമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ സാധിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്നും അലോഷ്യസ് വ്യക്തമാക്കി.
ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥി സംഘടനയുടെ ആശങ്കകൾ അദ്ദേഹവുമായി നേരിട്ട് പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.
Tags : AloysiusXavier V.D. Satheesan KsuPresident BreakingNews