രാഹുൽ ഗാന്ധി
ഡെറാഡൂൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡെറാഡൂൺ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ തയാറെടുപ്പുകൾക്കിടെയുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് മരിച്ചു.
സംഘാടക സമിതി അംഗമായ അമർ മേത്തയാണ് ഡെറാഡൂണിലെ ഒരു സ്കൂളിലുണ്ടായ അപകടത്തിൽ മരിച്ചത്. വേദി നിർമാണത്തിന്റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ മുകളിൽ നിന്ന് ഭാരമേറിയ ഇരുമ്പ് കട്ടർ തലയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിയുടെ പന്തൽ നിർമാണമാണ് സ്കൂൾ മൈതാനത്ത് നടന്നിരുന്നത്.
ഇതിന്റെ മേൽനോട്ടം വഹിക്കാനാണ് അമർ മേത്ത ഇവിടെയെത്തിയത്. വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്റ്റേജിന് സമീപം നിൽക്കുമ്പോൾ മുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയുടെ കൈയിൽ നിന്നും ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രം അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
Tags : Accident Rahul Gandhi Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash