ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ഹൈഡ്രജൻ ട്രെയിന് പച്ചക്കൊടി വീശുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയിൽമന്ത്രി അശ്വനി വൈഷ്ണവ് സമീപം.
ഹൈഡ്രജൻ ട്രെയിൻ പദ്ധതി നടപ്പാക്കിയ അമേരിക്ക, ജർമനി, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നു. എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വലിയൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇപ്പോൾ സർവീസ് നടത്തുന്ന ഹൈഡ്രജൻ ട്രെയിനുകൾക്കു പരമാവധി നാല് പാസഞ്ചർ കോച്ചുകൾ മാത്രമാണുള്ളത്. അതേസമയം, ഇന്ത്യ നിർമിച്ചത് പത്തു കോച്ചുകളുള്ള വമ്പൻ പാസഞ്ചർ ട്രെയിനാണ്. ഏകദേശം 2,600 പേർക്ക് ഒരേസമയം യാത്ര ചെയ്യാം..
ന്യൂഡൽഹി: ഇന്ത്യയുടെ ഹരിതറെയിൽവേ സ്വപ്നങ്ങൾ ചിറകുവിരിച്ച് പറക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ റെയിൽവേശൃംഖലയെ പൂർണമായും കാർബൺ വിമുക്തമാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പായി മാറിയിരിക്കുകയാണ് ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്പോൾ, ഭാവിയിലെ വലിയ മാറ്റത്തിലേക്കാണ് ട്രെയിൻ ചൂളംവിളിച്ച് കുതിച്ചുപാഞ്ഞത്. ജിന്ദിൽനിന്ന് സോണിപഥിലേക്കുള്ള 89 കിലോമീറ്റർ സഞ്ചാരം, ചരിത്രയാത്രയായി!
പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച ട്രെയിൻ, അന്തരീക്ഷത്തിലെ ഓക്സിജനും ഹൈഡ്രജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ചാണ് സഞ്ചരിക്കുന്നത്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ പദ്ധതി നടപ്പാക്കുന്നത്. ഈ അത്യാധുനിക ഹരിത ട്രെയിനിന്റെ പ്രവർത്തനതത്വം, സവിശേഷതകൾ, പ്രയോജനങ്ങൾ, നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള പ്രധാനവിവരങ്ങൾ അറിയാം.
നേട്ടം എന്തൊക്കെ...
പരമ്പരാഗത ഡീസൽ ട്രെയിനുകളോ അല്ലെങ്കിൽ ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന ഇലകട്രിക് ട്രെയിനുകളോ പോലെയല്ല ഹൈഡ്രജൻ ട്രെയിനുകളുടെ പ്രവർത്തനം. ഈ ട്രെയിനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളാണ് ഇതിന്റെ പവർ ഹൗസ്.
ഫ്യൂവൽ സെല്ലിനുള്ളിലേക്ക് ഉയർന്ന സമ്മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ വാതകവും അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനും കടത്തിവിടുന്നു. ഇവ തമ്മിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഉയർന്ന അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിൻ ചലിക്കുന്നത്.
പരമ്പരാഗത ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവ പുറന്തള്ളപ്പെടുമ്പോൾ, ഹൈഡ്രജൻ ഫ്യൂവൽ സെല്ലിലെ രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഏക ഉപോത്പന്നം ജലബാഷ്പം മാത്രമാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണം പൂർണമായും ഒഴിവാകുന്നു.
ഹൈഡ്രജൻ വാഹനം ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി ഇപ്പോൾ നേരിടുന്ന ആഘാതങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിയും. കാർബൺ വിമുക്തയാത്ര തന്നെയാണ് എടുത്തുപറയേണ്ടത്. ഡീസൽ ഇന്ധനത്തിനു പകരമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം ലക്ഷക്കണക്കിന് ടൺ കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ റെയിൽവേയ്ക്കു സാധിക്കും. ഇന്ധനക്ഷമതയിലും ഇത്തരം ട്രെയിനുകൾ മുന്നിലാണ്. കൽക്കരിയോ ഡീസലോ കത്തിച്ച് ഊർജം ഉത്പാദിപ്പിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ഊർജക്ഷമത ഹൈഡ്രജനുണ്ട്. കൂടാതെ പരമ്പരാഗത ഐസി എൻജിനുകളേക്കാൾ കാര്യക്ഷമത ഫ്യൂവൽ സെല്ലുകൾക്കുണ്ട്.
ശബ്ദമലിനീകരണം കുറയുന്നു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിനുകൾ വളരെ നിശബ്ദമായാണ് സർവീസ് നടത്തുന്നത്. ഇതു യാത്രക്കാർക്കും റെയിൽപ്പാതയ്ക്ക് ഇരുവശവുമുള്ള ജനങ്ങൾക്കും മികച്ച അന്തരീക്ഷം ഉറപ്പുനൽകുന്നു. കൂടാതെ, വൈദ്യുതി ലൈനുകൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടുള്ള മലയോര മേഖലകളിലും ദുർഘടപാതകളിലും വലിയ ചെലവില്ലാതെ ഹരിത ഗതാഗതം സാധ്യമാക്കാൻ ഇത് സഹായിക്കും.
വെല്ലുവിളികൾ എന്തൊക്കെ...
സാങ്കേതികമായി വലിയ നേട്ടമാണെങ്കിലും ചില പ്രായോഗിക വെല്ലുവിളികളും പദ്ധതിക്ക് അഭിമുഖീകരിക്കേണ്ടിവരും. അതിൽ ഏറ്റവും പ്രധാനം ഉയർന്ന ഉത്പാദന ചെലവാണ്. ജലത്തിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുതി, സൗരോർജം പോലെയുള്ള ഊർജസ്രോതസുകളിൽ നിന്നാകുമ്പോൾ മാത്രമേ അതിനെ പൂർണമായും ഗ്രീൻ ഹൈഡ്രജൻ എന്നു വിളിക്കാൻ സാധിക്കൂ. നിലവിൽ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു വരുന്നതേയുള്ളൂ.
മറ്റൊരു വെല്ലുവിളി സംഭരണവും സുരക്ഷയുമാണ്. ഹൈഡ്രജൻ പ്രകൃതിയിലെ ഏറ്റവും ഭാരം കുറഞ്ഞ വാതകമായതിനാൽ സംഭരിക്കാൻ വലിയ ടാങ്കുകളും ഉയർന്ന മർദവും ആവശ്യമായിവരും. അത്യധികം ജ്വലനശേഷിയുള്ള വാതകമായതിനാൽ നേരിയ ചോർച്ച പോലും വലിയ അപകടങ്ങൾക്കു കാരണമാകും. അതുകൊണ്ടുതന്നെ അതീവ സുരക്ഷിതമായ റീഫ്യൂവലിംഗ് സ്റ്റേഷനുകളും സംഭരണ സംവിധാനങ്ങളും രാജ്യത്തുടനീളം നിർമിക്കുക എന്നതു വലിയ സാമ്പത്തിക ബാധ്യതവരുത്തും.
ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ആവിഷ്കരിച്ചിരിക്കുന്നത്. തദേശീയമായി ഹൈഡ്രജൻ ട്രെയിനുകൾ വികസിപ്പിക്കുക എന്നത് ഇതിന്റെ ഭാഗമാണ്. പ്രാരംഭവെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതോടെ, വരും വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ (അമേരിക്ക, ജർമനി, ചൈന, ജപ്പാൻ) ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നു. എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വലിയൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. നിലവിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം ഹൈഡ്രജൻ ട്രെയിനുകൾക്കും പരമാവധി നാല് പാസഞ്ചർ കോച്ചുകൾ മാത്രമാണുള്ളത്. അതേസമയം, ഇന്ത്യ നിർമിച്ചത് പത്തു കോച്ചുകളുള്ള വമ്പൻ പാസഞ്ചർ ട്രെയിനാണ്. ഏകദേശം 2,600 പേർക്ക് ഒരേസമയം യാത്ര ചെയ്യാം..!
Tags : PrimeMinisterModi IndianRailway GreenRevolution HydrogenTrain AshwaniVaishnaw