പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം
കോട്ടയം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമുള്ളതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ദിയ നിവേദനം നൽകി.
സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവധി സഹായിക്കുമെന്നാണ് ചെയർപേഴ്സൺ പറയുന്നത്.
ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുമെന്നും ദിയ വ്യക്തമാക്കി.
Tags : WorldCup final Holiday school college DiyaPulikkakandam BreakingNews