National
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന തകർന്നു വീഴുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
National
ഹാമിര്‍പുര്‍: സ്കൂളിലേക്കു റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപതാക കൈകളിലലേന്തി സ്കൂള്‍ വിദ്യാര്‍ഥികള്‍ ജില്ലാ കളക്്ടറേറ്റിലേക്ക് തിരംഗയാത്ര.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് ആല്‍ഫ തലമുറയുടെ വേറിട്ട പ്രതിഷേധം. റോഡില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, കര്‍ഷകരും രോഗികളുമെല്ലാം കഷ്ടപ്പെടുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരും പങ്കുചേർന്ന് അഞ്ചു കിലോമീറ്ററ്റര്‍ താണ്ടിയാണ് സമരക്കാർ കളക്്ടറേറ്റില്‍ എത്തിയത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിർമിച്ചിട്ടേയില്ലെന്നു സമരക്കാർ പറഞ്ഞു. മുദ്രാവാക്യം വിളിച്ച് കളക്്ടറേ റ്റിനു മുന്നിൽ കുത്തിയിരുന്നതോടെ അധികൃതർ ഉണർന്നു.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഭിഷേക് കുമാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചു. റോഡ് നിര്‍മാണം തുടങ്ങുംവരെ സമരമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അധികൃതരുടെ ആവർത്തിച്ചുള്ള ഉറപ്പിനെത്തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു .
Kerala
ആലപ്പുഴ: ഈമാസം 13ന് ഓണപ്പരീക്ഷ ആരംഭിക്കുന്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആശങ്കയിലാണ്. കനത്ത മഴയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം സ്കൂളുകളിൽ പഠനദിനങ്ങൾ നഷ്ടപ്പെടുകയും സിലബസ് പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തതോടെ സംസ്ഥാനത്തെ ഓണപ്പരിക്ഷ കടുത്ത പ്രതിസന്ധിയിൽ.
ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർത്തത്. സിലബസ് തീരാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അക്കാഡമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായില്ല.
ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധിയും അധ്യയന ദിവസങ്ങളെ ബാധിച്ചു. വെള്ളപ്പൊക്കം മൂലം പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികളുമുണ്ട്.
ഈ മാസം ആദ്യവാരം തന്നെ കനത്തമഴയെ തുടർന്ന് ഭൂരിഭാഗം ജില്ലയിലും വിദ്യാഭ്യാസ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ അവധി കൊടുക്കേണ്ടി വന്നു. ഇതിന് പുറമെ ജൂലൈയിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരേ നിയോഗിച്ചതും പരിശീലനങ്ങളും സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണമായി തടസപ്പെടുകയായിരുന്നു. ടൈം ടേബിൾ പ്രകാരം 13ന് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓണപ്പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗത്തിൽ 14നും പരീക്ഷകൾ തുടങ്ങും. സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന ഈ മാസം 21നാണ് പരീക്ഷകൾ അവസാനിക്കുന്നത്.
നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി സ്പെഷൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം പല വിദ്യാർഥികളിലേക്കും ഇത് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പറയുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാന വിഷയങ്ങൾ ഒരേ ദിവസം പരീക്ഷയായി വരുന്നത് വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദവും ഉണ്ടാക്കുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ചു തീർക്കാതെ പരീക്ഷ നടത്തുന്നത് കുട്ടികളുടെ രണ്ടാം ടേം പരീക്ഷകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.
Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിന് തുടക്കമായി. അതേസമയം, ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.
Kerala
കോട്ടയം: മഴയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
Kerala
പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. ജില്ലയിൽ ഇന്ന് റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾക്കു വരെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് ആണ്.
District News
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങൾ പുകയിലവിരുദ്ധ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. കല്ലാമൂല ജിഎൽപി സ്കൂളിൽ നടന്ന പ്രഖ്യാപന യോഗം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും പുകയില വിമുക്ത മേഖലകളായി പ്രഖ്യാപനം നടത്തി. വിദ്യാലയങ്ങളുടെ നൂറുവാര അകലത്തിൽ കടകളിൽ നോ സ്മോക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. സ്കൂളുകളിലേക്ക് പ്രഖ്യാപന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സബിത സമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജുമൈല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, മെംബർമാരായ വി.പി. ഹസ്കർ, ജോയ്സി കുര്യാക്കോസ്, ബുഷ്റ ഫളിൽ, കെ. സീനത്ത്, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ അസീസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. മൻസൂർ റഹിമാൻ എന്നിവർ സംബന്ധിച്ചു.
National
മുംബൈ: കൂടുതൽ കൊഴുപ്പും പഞ്ചസാരയുടെ സാന്നിധ്യവുമുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കു മഹാരാഷ്ട്രയിലെ സ്കൂൾ പരിസരത്ത് നിരോധനം. സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിലാണ് സംസ്കരിച്ചു പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും ശീതളപാനിയൾക്കും നിരോധനം.
ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും ചേർത്ത പാനീയങ്ങളുടെയും വിൽപനയാണു വിലക്കിയതെന്ന് ഭക്ഷ്യ കമ്മിഷണർ തുക്കാറാം മുണ്ടെ അറിയിച്ചു. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകുന്നവർക്കും ലൈസൻസ് നിർബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ. ഓണാവധിക്കുശേഷം 31 ന് സ്കൂളുകൾ തുറക്കും.
ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. സ്കൂളുകളിലെ ഓണാഘോഷം 21 ന് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
National
ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് മണിപ്പൂരിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിനു പിന്നാലെയാണ് മണിപ്പൂരിലും അവധി പ്രഖ്യാപിച്ചത്.
മേഘാലയയിലും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ പറഞ്ഞു.
Kerala
കോട്ടയം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമുള്ളതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ദിയ നിവേദനം നൽകി.
സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവധി സഹായിക്കുമെന്നാണ് ചെയർപേഴ്സൺ പറയുന്നത്.
ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുമെന്നും ദിയ വ്യക്തമാക്കി.
District News
പാലക്കാട്: ജിഎംഎംജിഎച്ച്എസ്എസിൽ ജൂണ്‍ മാസത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾ തയാറാക്കിയ ‘സഹയാത്രിക’ സ്കൂൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. പ്രീജ പ്രകാശനകർമം നിർവഹിച്ചു.
ഒന്‍പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിഷ, അലിയ, സനുഷ എന്നിവരുൾപ്പെടുന്ന 11 അംഗ വിദ്യാർഥിസംഘമാണ് ന്യൂസ് ലെറ്റർ തയാറാക്കിയത്.
National
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സമയത്തിന് വൈദ്യസഹായം നൽകാത്തതുമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. 12 വയസുകാരനായ വിദ്യാർഥിയാണ് മരിച്ചത്.
കുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ച്, സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് തനിക്ക് സുഖമില്ലെന്ന് കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അധ്യാപകർ ഉടനടി ശ്രദ്ധ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
ക്ലാസ്മുറിയിലേക്ക് മടങ്ങുനതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് മറ്റ് വിദ്യാർഥികളും ജീവനക്കാരും ചേർന്ന് കുട്ടിയെ വീണ്ടും ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്നും കുഴഞ്ഞുവീണ് 45 മിനിറ്റുകൾക്ക് ശേഷമാണ് മാതാപിതാക്കളെ വിവരം അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
വിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: റാഗിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി തല്ലിച്ചതച്ചത്. മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾ സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇതിനെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്ലസ് ടു വിദ്യാർഥികൾ തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ പക്കൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
District News
പാറശാല: പാറശാല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് കൊടവിളാകം ഗവ.എല്‍പി സ്കൂളില്‍ തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന് നിര്‍വഹിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. താര മുഖ്യ പ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് വികസനകര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി. എസ്. സുനില്‍കുമാര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെന്‍സിലാലി, പഞ്ചായത്ത് അംഗങ്ങളായ ഗോപകുമാര്‍, വിഷ്ണു, അമ്പിളി,സ്കൂള്‍ പ്രധാന അധ്യാപിക ബി. ആര്.പ്രദീപകുമാരി, സീനിയര്‍ അസിസ്റ്റന്റ് അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് 4791 സ്കൂളുകൾ അടച്ചുപൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒരു ദിവസം ശരാശരി 13ലധികം സ്കൂളുകൾ കഴിഞ്ഞവർഷം അടച്ചുപൂട്ടലിനു വിധേയമായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഏറ്റവും കൂടുതൽ സ്കൂൾ അടച്ചുപൂട്ടിയത് മധ്യപ്രദേശിലാണ്. 2426 സ്കൂളുകൾ. പശ്ചിമ ബംഗാൾ -568, ആന്ധ്രാപ്രദേശ് -474, തമിഴ്നാട് -369, കർണാടക -281, ഹിമാചൽ പ്രദേശ് -266 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
International
ബർലിൻ: തെക്കൻ ജർമനിയിലെ ബവേറിയയിൽ സ്കൂളിലുണ്ടായ അക്രമണത്തിൽ രണ്ടു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ബവേറിയൻ പട്ടണമായ ഷൊൻഗാവിലെ വെൽഫൻ ജിംനേഷ്യം സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
തോക്കും കത്തിയുമായി എത്തിയ പതിനാറുകാരനാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റതായും ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. അക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് പിടികൂടി.
പ്രതിയെ കണ്ടെത്താനായി ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ചാണു പോലീസ് തെരച്ചിൽ നടത്തിയത്. പിടിയിലായ കൗമാരക്കാരൻ ഈ സ്കൂളിലെതന്നെ വിദ്യാർഥിയാണോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
District News
ഏറ്റുമാനൂർ: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ഗേൾസ് സ്കൂളിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്കവിഭാഗക്ഷേമ മന്ത്രി കെ.എ. തുളസി മിന്നൽ പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ഒരു മണിക്കൂറോളം സ്കൂളിൽ ചെലവഴിച്ച മന്ത്രി അവിടെ പഠിക്കുന്ന വിദ്യാർഥിനികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
താമസ സൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുട്ടികളുടെ അഭിപ്രായങ്ങൾ തേടിയ മന്ത്രി സ്കൂളിലെ അടുക്കള, ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങൾ, പഠനമുറികൾ, കുട്ടികളുടെ താമസ മുറികൾ, സ്കൂൾ അങ്കണം എന്നിവ നേരിട്ട് സന്ദർശിച്ച് നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ഗേൾസ് സ്കൂളുകൾ, പ്രീ മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മന്ത്രി കെ.എ. തുളസി സന്ദർശനം നടത്തുകയും വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റുമാനൂരിലെ സന്ദർശനം.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ റംപാൻ ജില്ലയിൽ ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ വിദ്യാർഥിയെ സ്കൂൾ ജീവനക്കാർ പൂട്ടിയിട്ടു. മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ കുടുങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥിക്ക് കാൽനടയാത്രക്കാരൻ രക്ഷയായി. സ്കൂളിലെ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ബനിഹാളിലെ സർക്കാർ സ്കൂളിൽ 15 ദിവസത്തെ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്.
ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്ത് കൂടി കടന്നുപോയ കാൽനടയാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേട്ട് സ്കൂളിലേക്കെത്തിയത്. ഇദ്ദേഹം ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർഥിയെ രക്ഷിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഇതേ തുടർന്ന് മുഖ്യ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും സംഭവത്തിൽ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. വിദ്യാർഥിയുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലാത്ത സാഹചര്യമാണ് സംഭവത്തിലുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബനിഹാളിലെ ക്രാവായിലെ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്തത്. അധ്യാപക അനധ്യാപക ജീവനക്കാർ അടക്കം ഒൻപത് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
District News
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റും ലഹരിക്കെതിരേ ഐക്യദാർഢ്യം പ്രഖ്യാപിച്ചും അല്ലെസ്- 2026 സംഘടിപ്പിച്ചു.
ആയിരത്തഞ്ഞൂറിലധികം വിദ്യാർഥിനികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽ അണിനിരന്നായിരുന്നു വൺ മില്യൺ തൂഫാൻ ഗോൾ അടിച്ചത്. വടക്കഞ്ചേരി സിഐ എം.പി. എബി ഉദ്ഘാടനം ചെയ്തു. ലൂർദ് മാതാ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, പിടിഎ പ്രസിഡന്റ് രാജീവ് എ. പറമ്പിൽ, പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആഗ്നൽ ഡേവിഡ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭാ റോസ് എന്നിവർ പരിപാടികൾക്കു നേതൃത്വംനൽകി.
District News
കാഞ്ഞിരപ്പള്ളി: മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തിയ അങ്കണവാടിയില്‍ പാമ്പിനെ കണ്ടെത്തുന്നവരെ പഠനം തുടരേണ്ടെന്ന് തീരുമാനം. ശനിയാഴ്ച നടന്ന എഎല്‍എംഎസ് സമിതി യോഗത്തിലാണ് തീരുമാനം.
ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊടുവന്താനം ടോപ്പില്‍ പ്രവര്‍ത്തിക്കുന്ന 62ാം നമ്പര്‍ അങ്കണവാടി പരിസരത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്തിനാല്‍ പ്രവര്ത്തനയോഗ്യമല്ലാതായതായും പരാതി ഉയര്‍ന്നു. പുതിയ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഇന്ന് മെംബറുടെ നേതൃത്വത്തില്‍ പ്രദേശവാസികളും ചേര്‍ന്ന് അങ്കണവാടി പരിസരം വൃത്തിയാക്കുവാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍, സിഡിപിഒ ബിന്ദു റാണി, ഐസിഡിഎസ് ഓഫീസര്‍ വിഷ്ണുപ്രിയ, പ്രദേശവാസികളായ ഷാജി കൊച്ചേടം, ഫസിലി കൊടുവന്താനം, സുശീലാമ്മ ദേവീ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
എടത്വ: സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ അലോഷ്യന്‍ ഡേ ആചരണവും മെറിറ്റ് ഡേ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു.
പൂര്‍വ വിദ്യാര്‍ഥിയും അലോഷ്യസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലുമായ പ്രഫ പി.വി. ജെറോം മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍, ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ്, പിടിഎ പ്രസിഡന്റ് ജിജി അട്ടിയില്‍, ഷിനോ സെബാസ്റ്റ്യന്‍, പ്രോഗ്രാം കണ്‍വീനര്‍ ജസ്റ്റില് എന്നിവര്‍ പ്രസംഗിച്ചു.
District News
ചിറ്റാരിക്കാൽ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫുട്ബ്ലാസ്റ്റ് സംഘടിപ്പിച്ചു.
ലോകകപ്പ് താരങ്ങളുടെ 40 അടി ഉയരമുള്ള ഫ്ലക്സ് പ്രദർശിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്ബോൾ തീം ഡാൻസ്, അർജൻറീന - പോർച്ചുഗൽ ടീമുകളുടെ ആരാധകർ തമ്മിലുള്ള ഫുട്ബോൾ മത്സരം എന്നിവ നടത്തി. വിവിധ ടീമുകളുടെ ജേഴ്സികളണിഞ്ഞ് വിദ്യാർഥികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
District News
പാലാ: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിലൂടെ പ്രസിദ്ധമായ കുറിച്ചിത്താനം കെ.ആര്. നാരായണന് ഗവ. എല്‍പി സ്കൂളിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ആര്. നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ക്കു നിവേദനം നല്കി.
നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം ശോച്യാവസ്ഥയിലാണ്. മഴയത്ത് ചോര്‍ന്നൊലിച്ച് മേല്‍ക്കൂര നശിച്ച് അപകടാവസ്ഥയിലുമാണ്. ഗവ. എല്‍പി സ്കൂള്‍ ആയിരുന്ന സ്കൂളിന് കെ.ആര്. നാരായണനോടുള്ള ആദരവിന്റെ ഭാഗമായാണ് അന്ന് മന്ത്രിയായിരുന്ന പി.ജെ. ജോസഫ്, ഉഴവൂര്‍ വിജയന് എന്നിവര്‍ മുന്‍കൈയെടുത്ത് കെ.ആര്. നാരായണന് ഗവ. എല്‍പി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തത്.
കെ.ആര്. നാരായണന് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരിക്കേ സ്കൂളില്‍ എത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറ ലൈബ്രറി കെട്ടിടം നിര്‍മിച്ചു നല്‍കുകയും വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ നനയാതിരിക്കാന്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടേണ്ട ഗതികേടിലാണ്.
അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു.
District News
വല്ലച്ചിറ: ഗവ. യുപി സ്കൂളിന് നേരെ ആക്രമണം. സ്കൂളിന്റെ ജനൽച്ചില്ല് സാമൂഹ്യവിരുദ്ധർ കല്ലെറിഞ് തകർത്തു. വല്ലച്ചിറ ഗവ. യുപി സ്കൂളിൽ ഒന്നാം ക്ലാസ് പ്രവർത്തിക്കുന്ന മുറിക്ക് നേരെയാണ് ആക്രമണം നടന്നത്. ക്ലാസ്മുറിയുടെ ജനൽ ചില്ല് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു.
ഇന്നലെരാവിലെ സ്കൂൾ തുറന്ന അധ്യാപകരാണ് ക്ലാസ് മുറിയുടെ ജനൽ ചില്ല് കല്ലെറിഞ് തകർത്തതായി കാണുന്നത്. സംഭവത്തിൽ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനാധ്യാപിക ടി.ഗീത ചേർപ്പ് പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: സ്കൂളുകളിലെ തസ്തിക നിർണയം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിലെ 2026-27 അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള ഇൻവാലിഡ് യുഐഡി ഉള്ള കുട്ടികളുടെ യുഐഡി വാലിഡ് ആക്കി സമന്വയയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 25 വരെ ദീർഘിപ്പിച്ചു.
ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ യുഐഡിക്ക് അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുന്നതുമായ ഇഐഡി നന്പർ മാത്രമുള്ള കുട്ടികൾക്ക് യുഐഡി ഹാജരാക്കാൻ ജൂലൈ 14 വരെ സാവകാശം അനുവദിച്ചു.
യുഐഡി ലഭിക്കാത്ത കുട്ടികൾ ഉള്ള സ്കൂളുകളിലും യുഐഡി വാലിഡേറ്റ് ചെയ്യാൻ സമയം നീട്ടിയിട്ടുള്ള സ്കൂളുകളിലും ആറാം പ്രവർത്തിദിന കണക്കുകൾ പ്രകാരം അധിക തസ്തിക വരാൻ സാധ്യത ഉണ്ടെങ്കിൽ ചട്ടപ്രകാരമുള്ള സ്കൂൾ സന്ദർശന നടപടികൾ ഇപ്പോൾതന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൂർത്തിയാക്കാവുന്നതാണ്.
യുഐഡി ഹാജരാക്കാൻ ജൂലൈ 14 വരെ സമയം ദീർഘിപ്പിച്ചു നല്‍കിയിട്ടുള്ള കുട്ടികൾ ഉള്ള സ്കൂൾ ഒഴികെ മറ്റ് എല്ലാ സകൂളുകളിലെയും സംരക്ഷണ അവകാശമുള്ള അധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ 14 നു വൈകുന്നേരം അഞ്ചിനു മുന്‍പായി എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും സമന്വയ മുഖേനെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്‍കണം.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
NRI
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചിൽ ഒരാൾക്ക് വീതം പ്രത്യേക വിദ്യാഭ്യാസ സഹായം (Special Educational Needs - SEND) ആവശ്യമാണെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) പുതിയ ഔദ്യോഗിക കണക്കുകൾ.
സ്കൂളുകളിൽ പ്രത്യേക പിന്തുണ വേണ്ട കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്പെഷ്യൽ എജ്യുക്കേഷൻ സംവിധാനം കടുത്ത സാമ്പത്തിക - അടിസ്ഥാനസൗകര്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്.
ഇഎച്ച്സിപി ആനുകൂല്യം തേടുന്നവരുടെ എണ്ണം കുതിച്ചുയർന്നു
സർക്കാർ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, കുട്ടികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്ന എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് കെയർ പ്ലാൻ (ഇഎച്ച്സിപി) ആനുകൂല്യം തേടുന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം വർധിച്ചു.
58,000 കുട്ടികൾ പുതുതായി പട്ടികയിൽ എത്തിയതോടെ ആകെ എണ്ണം 5,38,500 ആയി. ഇംഗ്ലണ്ടിലെ മൊത്തം സ്കൂൾ കുട്ടികളിൽ ആറ് ശതമാനം പേർക്ക് ഇപ്പോൾ ഇഎച്ച്സിപി സഹായം ലഭിക്കുന്നുണ്ട്.
21 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സഹായം വേണം
ഇഎച്ച്സിപിക്ക് പുറമെ, ഔദ്യോഗിക പ്ലാൻ ഇല്ലെങ്കിലും സ്കൂളുകളിൽ നിന്ന് പ്രത്യേക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിലും മൂന്ന് ശതമാനം വർധനവുണ്ടായി. ഇത് ഏകദേശം 14 ലക്ഷം കുട്ടികളാണ്.
രണ്ട് വിഭാഗങ്ങളും കൂട്ടിയാൽ ഇംഗ്ലണ്ടിലെ ആകെ സ്കൂൾ ജനസംഖ്യയുടെ 21 ശതമാനം പേരും അതായത് അഞ്ചിൽ ഒരാൾ വീതം, ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ നീഡ്സ് ഉള്ളവരാണ്.
ഓട്ടിസം ബാധിതർ മൂന്നിലൊന്ന്
ഈ കുട്ടികളിൽ മൂന്നിലൊന്ന് പേരും ഓട്ടിസം ബാധിതരാണ്. അഞ്ചിലൊന്ന് കുട്ടികൾക്ക് സംസാരിക്കുന്നതിനും ഭാഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകളുണ്ട്.
പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെങ്കിലും അടുത്തിടെയായി പെൺകുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
ഫണ്ടില്ല, ജീവനക്കാരില്ല: സ്കൂളുകൾ പ്രതിസന്ധിയിൽ
കണക്കുകൾ കുതിച്ചുയരുമ്പോഴും ആവശ്യത്തിന് ഫണ്ടോ ജീവനക്കാരോ ഇല്ലാതെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് (NAHT) ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ പറഞ്ഞു.
"ഈ കണക്കുകൾക്ക് പിന്നിൽ സഹായം കിട്ടാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളുമുണ്ട്. വർധിച്ച ആവശ്യങ്ങൾ നേരിടാൻ സാമ്പത്തിക ഭദ്രതയോ, ജീവനക്കാരോ, സ്ഥലസൗകര്യങ്ങളോ, പരിശീലനം ലഭിച്ച അധ്യാപകരോ യുകെയിലെ സ്കൂളുകൾക്ക് ഇല്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
400 കോടി പൗണ്ടിന്റെ അടിയന്തിര പാക്കേജ്
പ്രതിസന്ധി മറികടക്കാൻ 400 കോടി പൗണ്ടിന്റെ (£4bn) പുതിയ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചു. സ്കൂളുകളിലേക്ക് നേരിട്ട് വിദഗ്ധ സഹായം എത്തിക്കാനും, എല്ലാ അധ്യാപകർക്കും സ്പെഷ്യൽ നീഡ്സ് കുട്ടികളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം നൽകാനുമാണ് പദ്ധതി.
2030 സെപ്റ്റംബർ വരെ നിലവിലുള്ള ഇഎച്ച്സിപി പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രാദേശിക കൗൺസിലുകൾ സാമ്പത്തിക ഞെരുക്കത്തിൽ
എന്നാൽ വർധിച്ചുവരുന്ന ചെലവുകൾ പ്രാദേശിക കൗൺസിലുകളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. "തകർന്നുകിടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കാരണം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണ്.
സ്പെഷ്യൽ അധ്യാപകർക്കായി കൂടുതൽ തുക അടിയന്തിരമായി അനുവദിക്കണം" എന്ന് ഭിന്നശേഷി ചാരിറ്റിയായ സെൻസ് ഡയറക്ടർ ഹാരിയറ്റ് എഡ്വേർഡ്സ് ആവശ്യപ്പെട്ടു.
മലയാളി കുടുംബങ്ങൾക്കും ആശങ്ക
കുട്ടികളുടെ എണ്ണം കൂടിയതോടെ യുകെയിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കും സ്കൂളുകളിൽ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നീളുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
District News
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന "വണ്‍ മില്യണ്‍ തൂഫാൻ ഗോൾസ്@വേൾഡ്കപ്പ് 2026’ പദ്ധതിയുടെ ഭാഗമായി എച്ച്ഐഎം യുപി സ്കൂൾ ലയണ്‍സ് ടർഫിൽ സ്കൂൾ ലോകകപ്പ് സംഘടിപ്പിച്ചു.
ഫിഫ ലോകകപ്പിൽ പോരടിക്കുന്നതിൽ 15 രാജ്യങ്ങളുടെ പേരിലും അതത് ടീമുകളുടെ ജഴ്സി അണിഞ്ഞും കുട്ടികൾ കളത്തിലിറങ്ങി. വാശിയേറിയ മത്സരത്തിൽ "ഇറാൻ’ കപ്പിൽ മുത്തമിട്ടു. ഫുട്ബോൾ താരം അലക്സ് സജി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.കെ. നവാസ്, പ്രധാനാധ്യാപകൻ അലി, അധ്യാപകരായ വി.വി. സലിം, നിധിൻ, ജാഫർ , അയ്യൂബ്, ആദിത്ത്, സബാഹ് എന്നിവർ നേതൃത്വം നൽകി.വിജയികൾക്കു ഫിഫ ലോകകപ്പിന്റെ മാതൃക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം നടന്ന പട്ടം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ മതില് ഇടിഞ്ഞുവീണു. ക്ലാസ് മുറികളോട് ചേര്‍ന്നുള്ള മതിലാണ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.
മതിലിന്റെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് ചിതറിക്കിടക്കുന്നത് കാരണം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സമീപത്തെ മറ്റ് മതിലും ഇടിയുമെന്ന സ്ഥിതിയിലാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് മതില് ഇടിഞ്ഞ് വീണത്. ഈ സമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. അതേസമയം, മതില് അപകടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി.സതീശന് ഈ സ്കുളിലാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്, ആരോഗ്യമന്ത്രി കെ. മുരളീധരന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.
Kerala
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യൂണിയൻ നേതാക്കളുമായി സർക്കാർ ചർച്ച നടത്തുമെന്നു മന്ത്രി എൻ. ഷംസുദീൻ ഉറപ്പുനൽകിയതായി സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ-എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ അറിയിച്ചു.
പാചകത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മന്ത്രിയെ സന്ദർശിച്ച യൂണിയൻ സംസ്ഥാന ഭാരവാഹികൾക്കാണു മന്ത്രി ഉറപ്പുനൽകിയത്.
പി.ജി. മോഹനൻ, വൈസ് പ്രസിഡന്റുമാരായ പി. പ്രദീപ്, അനിത അപ്പുക്കുട്ടൻ, സെക്രട്ടറിമാരായ അമ്പിളി വിജയൻ, സജിത ജയകുമാർ എന്നിവർക്കൊപ്പം അൻവർ സാദത്ത് എംഎൽഎയും നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.
District News
നിലന്പൂർ: വാഹനമില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാതിരുന്ന ചോലാർമല ഉന്നതിയിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകാം. വാഹനത്തിന്റെ വാടക പുതുക്കി നിശ്ചയിക്കാൻ ഐടിഡിപി അധികൃതർ തയാറായതിനെത്തുടർന്നാണ് തിങ്കളാഴ്ച മുതൽ വാഹനം ഓടുന്നത്.
രാവിലെ ഉന്നതിയിലെത്തി വിദ്യാർഥികളെ എടുത്ത് സ്കൂളിലാക്കി വൈകിട്ട് വീട്ടിലെത്തിക്കാൻ ഒരു ദിവസത്തേക്ക് 1230 രൂപ നൽകാനേ കഴിയൂവെന്ന നിലപാടിലായിരുന്നു ഐടിഡിപി അധികൃതർ. എന്നാൽ 1,800 രൂപ അനുവദിക്കണമെന്നായിരുന്നു വാഹന ഉടമയുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാൽ ഈ ആഴ്ച മുഴുവൻ കുട്ടികൾ സ്കൂളിലേക്ക് പോയിരുന്നില്ല. പ്രവേശനോത്സവത്തിന് മാത്രമാണ് കുട്ടികൾ എത്തിയത്.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വാഹനമുണ്ടോ എന്ന് കുട്ടികൾ അന്വേഷിച്ചിരുന്നെങ്കിലും വാഹനം ഓടിക്കാൻ ഉടമ തയാറാകാതിരുന്നതിനെത്തുടർന്ന് കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല.
വിവിധ ക്ലാസുകളിലായി ഈ വർഷം 12 കുട്ടികളാണ് ചോലാർമല ആദിവാസി ഉന്നതിയിൽനിന്ന് കിഴക്കെ ചാത്തല്ലൂരിലെ എഎംഎൽപി, യുപി സ്കൂളിലെത്താനുള്ളത്. ഒന്നാം ക്ലാസിലേക്ക് മാത്രം അഞ്ച് കുട്ടികളുണ്ട്. ഏഴു കിലോമീറ്ററോളം ദൂരമുണ്ട് ഉന്നതിയിൽനിന്ന് സ്കൂളിലേക്ക്. കഴിഞ്ഞ വർഷത്തെ ഒന്‍പതുമാസത്തെ വാടക വാഹന ഉടമക്ക് ലഭിക്കാനുമുണ്ട്.
ഇന്നലെ രാവിലെ ഉന്നതിയിൽനിന്നുള്ള ഏതാനും കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കമുള്ളവർ നിലന്പൂർ ഐടിഡിപി ഓഫീസിലെത്തി അധികൃതരുമായി സംസാരിച്ചതിനെത്തുടർന്നാണ് തീരുമാനമായത്. ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. സുബ്രഹ്മണ്യൻ, രക്ഷിതാക്കളായ ചന്ദ്രൻ ചോലാറ, ശിവദാസൻ, രാജു ചോലാറ, ലജീഷ്, വിജയൻ എന്നിവരും അവരുടെ ഭാര്യമാരുമാണ് നിലന്പൂർ ഐടിഡിപി ഓഫീസിലെത്തിയത്.
District News
മുതലമട: തേക്കടി ജിടി എൽപി സ്കൂളിൽ വെള്ളവും വൈദ്യുതിയും ലഭിക്കാതെ വിദ്യാർഥികളും അധ്യാപകരും ദൂരിതത്തിൽ. എൽപി സ്കൂളിൽ 20 വിദ്യാർഥികളും മൂന്നു അധ്യാപകരുമുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച വാട്ടർടാങ്കിന്റെ അടിഭാഗം തകർന്നതിനാൽ വെള്ളം സംഭരിക്കാൻ പറ്റുന്നില്ല.
സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രാഥമികാവശ്യത്തിനു പോലും വെള്ളം കിട്ടാത്തത് ദുരിതമായി. സ്കൂളിന് സോളാർപാനൽ നൽകിയിട്ടുണ്ടെങ്കിലും ഇതിനോടുചേർന്നു അധ്യാപകർ താമസിക്കുന്ന കെട്ടിടത്തിൽ വൈദ്യുതിയില്ല.
അധ്യാപകർക്ക് അനുവദിച്ച നാലുമുറികളിൽ ഒന്നിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മുറികളിൽ ഇഴജന്തുക്കൾ എത്തിയാലും വെളിച്ചമില്ലാത്തതിനാൽ കാണാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.
മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്നും വന്ന അധ്യാപികമാരാണ് ഇവിടെയുള്ളത്. തേക്കടി ഊരുമൂപ്പൻ രാമൻ, മണക്കടവൻ എന്നിവർ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് വകുപ്പ് അധികൃതർക്കു പരാതി നൽകി.
Agriculture
ആഹാ! അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം... എന്താടാ സമദേ നമുക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? എല്ലാത്തിനും അതിന്റേതായ
◄ സമയമുണ്ട് ഹർഷാദേ...
ചങ്ങായീ ഇജ്ജ് ഗൾഫീന്നിങ്ങട്ട് പോന്നോളീ ആടത്തെ ചൂടൊന്നും അനക്ക് പറ്റൂല്ല... മ്മക്ക് ഇവിടെ വല്ല ബിസിനസും ചെയ്തങ്ങട്ട് പോകാമെന്ന് അബ്ദുൾ സമദ് വിളിച്ച് ഫോൺവച്ചപാടെ ഹർഷാദിന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഗ്രാഫിക് ഡിസൈനറായുള്ള പ്രവാസ ജീവിതത്തോട് ടാറ്റാ ബൈബൈ പറഞ്ഞ് ഓനിങ്ങ് പാലക്കാട്ടേക്ക് പാഞ്ഞെത്തി.
നാട്ടിലെത്തി പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിച്ച് തീരും മുൻപേ നാട്ടുകാരുടെ പതിവ് ചോദ്യം പേടിച്ച് രണ്ടാളും ബിസിനസ് ചിന്തകളിൽ തലപുകച്ചു. അവസാനം ആടിനെ വളർത്താമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ആട് വളർത്തലിലേക്ക് കടന്നു. എന്നാൽ അത് എട്ടുനിലയിൽ പൊട്ടി. പിന്നീടിങ്ങോട്ട് ബിസിനസ് പ്ലാനുകളുടെ അയ്യരുകളിയായിരുന്നു. എല്ലാം പ്ലാൻ ചെയ്യുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കാലിവളർത്തലിൽ നല്ല വരുമാനം കിട്ടുമെന്ന തോന്നലിൽ ചാടിപ്പുറപ്പെട്ടു. ആ വണ്ടി പിന്നെ നിന്നത് ചിന്താമണിയിലാണ്.
അവിടെയെത്തി പശുവിനെയും വാങ്ങി നേരേ പാലക്കാട്ടേക്ക് വന്നു. പശുക്കൾ ആയതുകൊണ്ടുതന്നെ ഫാമിന്റെ പേരിന്റെ കാര്യത്തിൽ ഏറെ ചിന്തിക്കേണ്ടി വന്നില്ല. ഇരുവരും ചേർന്ന് ക്ഷീരാ ഡയറി എന്ന് പേരും ഇട്ടു.
എന്നാൽ ആശങ്ക മുഴുവൻ പശുവിന്റെ തീറ്റയിലായിരുന്നു. പുല്ലൊക്കെ പശുവിനു വെറും പുല്ലാണെന്ന് പശുവിനെ കൊടുത്തയാൾ പറഞ്ഞെങ്കിലും വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരുന്നു. എന്നാൽ പിന്നെയാണ് മനസിലായത് ഈ പശുക്കൾ പുല്ല് തിന്നട്ടേ ഇല്ലെന്ന കാര്യം. പുല്ല് ഒക്കെ വളരെ ഔട്ട്ഡേറ്റഡ് സാധനമെന്നാണ് ഹർഷാദും സമദും പറയുന്നത്. പശുവിന് തീറ്റയായി കൊടുക്കുന്നത് സൈലേജ് ആണ്.
◄ എന്താണ് സൈലേജ്?
പച്ചപ്പുല്ലിനേക്കാൾ പോഷക സമ്പുഷ്ടമായ ഒന്നാണ് സൈലേജ്. ധാരാളം പാൽ ചുരത്താനും സൈലേജ് സഹായിക്കും. ചോളച്ചെടി മൂപ്പെത്തുന്നതിനു മുൻപ് മൂടോടെ വെട്ടിയെടുത്ത് വേരുമാറ്റി അവ ചെറുതായി അരിഞ്ഞെടുക്കും.
ഇതിലേക്ക് ശർക്കരവെള്ളം, ഉപ്പ്, അൽപം ധാന്യപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കും. ശേഷം വായു സഞ്ചാരം കടക്കാത്ത വലിയ ഡ്രമ്മുകളിൽ അടച്ച് സൂക്ഷിക്കും. വായു കടക്കാത്തതു മൂലം ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും അതിലൂടെ അവ ഫെർമെന്റ് ആവുകയും ചെയ്യുന്നു.
60 മുതൽ 90 ദിവസംവരെ സൂക്ഷിക്കന്പോഴാണ് ഇവ ഫെർമെന്റ് ആകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് ആവശ്യാനുസരണം പശുക്കൾക്ക് തീറ്റയായി നൽകുന്നു.
പശുവിന് കൊടുക്കുന്നതിനു മുൻപ് എത്രയാണോ അവയ്ക്ക് വേണ്ടത് അത്രയും അളവിൽ സൈലേജ് എടുക്കുന്നു. ശേഷം അതിൽ വെള്ളം തളിച്ച് പശുവിനു നൽകുന്നു.
◄ സൈലേജ് എവിടെനിന്ന് ?
മിൽമ വഴി സബ്സിഡി മുഖേന സൈലേജ് ലഭ്യമാകുന്നുണ്ട്. ഒരു കിലോ സൈലേജിന് പുറത്ത് എട്ട് രൂപയാണ് കൊടുക്കേണ്ടിവരുന്നത്. തൽസ്ഥാനത്ത് മിൽമവഴി വാങ്ങുമ്പോൾ രണ്ട് രൂപ സബ്സിഡി ഇനത്തിൽ പോയി ആറ് രൂപ മാത്രമേ മുടക്ക് ആകുന്നുള്ളൂ.
ഫാമിലേക്ക് അവർതന്നെ നേരിട്ട് എത്തിച്ച് തരികയും ചെയ്യും. പത്ത് മുതൽ പന്ത്രണ്ട് ടൺവരെ സൈലേജ് ഒരു ദിവസം പശുവിനു നൽകേണ്ടി വരുന്നു. ആയതിനാൽ മിൽമ നൽകുന്ന സബ്സിഡി വളരെ ഉപകാരമാണ്.
◄ സൈലേജിനെക്കുറിച്ചുള്ള നെഗറ്റീവുകൾക്ക് മറുപടി?
പശുക്കൾ പുല്ല് മാത്രമേ കഴിക്കൂ അതിനാൽ അവ സസ്യഭുക്കുകളാണ എന്നാണ് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ കേട്ടുവളർന്നത്. എന്നാൽ പുല്ലിനു പകരം സൈലേജ് നൽകിയപ്പോൾ ആളുകൾ അവർ കേട്ടുശീലിച്ച ആ ബോധ്യത്തിൽ നിന്ന് നെഗറ്റീവുകൾ പറയാൻ തുടങ്ങി.
സൈലേജും സസ്യാഹാരമാണ്. എന്നാൽ ഫെർമെന്റ് ചെയ്യുന്ന ഈ കൂട്ട് പശുക്കൾക്ക് നൽകുന്നത് ശരിയല്ല എന്നാണ് പലരും പറഞ്ഞത്. ഇത് പരിശോധിക്കാൻ പാലക്കാട് മിൽമയിൽ നിന്ന് 20 ൽപരം ക്ഷീര കർഷകർ ക്ഷീരാ ഡയറിയിലെത്തിയിരുന്നു.
എന്നാൽ പശുക്കളുടെ പരിപാലനവും അവയുടെ ആഹാര രീതിയും കണ്ടതോടെ സൈലേജുകളെക്കുറിച്ചുള്ള അതുവരെ ഉണ്ടായിരുന്ന അവരുടെ എല്ലാ തെറ്റിദ്ധാരണകളും മാറി.
Health
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം.
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.
മൂന്നു ദിവസം ഇലക്കറികൾ
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.
ഇടനേരങ്ങളിൽ
ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.
പഴങ്ങളും പച്ചക്കറികളും പ്രധാനം
ആവശ്യത്തിന് വെള്ളം കുടിക്കണം
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ഡ്രസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. കളര്‍ ഡ്രസ് എന്നത് ആകര്‍ഷകമായ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ ഈ പ്രസ്താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതേസമയം, ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ആര്‍ത്തവ അവധിയെ പോസീറ്റിവായി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന പഴയ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂൾ പഠനകാലത്തെ രസകരമായ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വി.ഡി. സതീശൻ തന്റെ പ്രസംഗം ആരംഭിച്ചത്.
അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണം. ഓരോ കുട്ടിക്കുമുള്ള വ്യത്യസ്തമായ താത്പര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കണം. നിർമിത ബുദ്ധിയും പുതിയ കാലവും വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും സമൂഹത്തിന് മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരേ കുട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി ഉണ്ടായി പെണ്‍കുട്ടികള്‍ ഉന്നതിയിലെത്തി. കേരളത്തില്‍ ലോകോത്തര സ്ഥാപനങ്ങളും സയന്റിഫിക് സെന്ററുകളും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മിനിറ്റിലും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, കോര്പറേഷന് മേയര്‍ വിവി. രാജേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് സ്വാഗതം ആശംസിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രവേശനോത്സവമാണ് ഇന്ന് തിരുവനന്തപുരത്ത് നടന്നത്. പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയെടുത്തു.
ആദ്യമായി സ്കുളിലെത്തിയ കുരുന്നുകളെ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് ലഡു നല്കി വരവേറ്റു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
Kerala
തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് വിട. ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്.
2026 അധ്യയനവർഷത്തെ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ഇന്നു രാവിലെ 9.30ന് പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവം വർണാഭമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യാവിഷ്കാരം നടത്തിയ പ്രവേശനോത്സവ ഗാനമാണ് ഇക്കുറിയുള്ള പ്രത്യേകതകളിലൊന്ന്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചത് ഹിഷാം അബ്ദുൽ വഹാബാണ്. ടി. ഷംനാസാണ് ദൃശ്യാവിഷ്കാരം നടത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല പ്രവേശനോത്സവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കാനിരിക്കേ പാചകവാതക ക്ഷാമം മൂലം ഉച്ചഭക്ഷണവിതരണം മുടങ്ങുമെന്ന ആശങ്കയില്‍ അധ്യാപകര്‍. പല സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കിലും എല്‍പിജി സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
നിലവില്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് സ്കൂളുകളിലേക്ക് സിലിണ്ടര്‍ എത്തിക്കും. സ്കൂള്‍ അധികൃതര്‍ ഏജന്‍സി ഓഫീസില്‍ വിളിച്ച് ബുക്കിംഗ് നടത്തണം. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ല. നൂറു കുട്ടികള്‍ക്ക് ഒരു മാസം മിനിമം രണ്ട് വാണിജ്യ സിലിണ്ടറുകള്‍ (വലുത്) വേണ്ടിവരും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ സിലിണ്ടറുകള്‍ വേണം.
വിറകടുപ്പുകള്‍ പൊളിച്ചുമാറ്റാന്‍ രണ്ടു വര്‍ഷം മുമ്പ് കര്‍ശന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പല സ്ഥലത്തും താത്കാലിക അടുപ്പ് നിര്‍മിച്ചാണ് സ്കൂളുകളില്‍ ആഹാരം പാകം ചെയ്യുന്നത്. മഴക്കാലത്ത് ഇത് കൂടുതല്‍ പ്രയാസകരമാകും.
മെനു പ്രകാരമുള്ള ഉച്ചഭക്ഷണം മാത്രം പോരാ. ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്.
അതേസമയം, പാചകവാതകം ലഭിക്കാത്തതിനാല്‍ പ്രധാനാധ്യാപകര്‍ക്കു ജോലിസമ്മര്‍ദം കൂടുകയാണ്.
Leader Page
പുതിയ പുസ്തകത്തിന്റെ മണമാണ് ജൂൺ ഒന്നിന്റെ പുലർകാലത്തിന്. കുഞ്ഞുങ്ങളുള്ള ഓരോ വീട്ടിലും സുന്ദരമായ ആഘോഷക്കാഴ്ച. പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങൾ. എന്നാൽ, പശ്ചാത്തലത്തിൽ നിശബ്ദമായൊരു ചോദ്യം തങ്ങിനിൽക്കുന്നുണ്ട്. മക്കൾക്കൊപ്പം നമ്മൾ രക്ഷിതാക്കൾ, ശരിക്കും അതിനൊരുങ്ങിയോ? അധ്യയനകാലത്ത് കുട്ടികൾക്കൊപ്പം നടക്കാൻ രക്ഷിതാക്കളും ഒരുങ്ങേണ്ടതുണ്ട്. പുതിയ കാലം അങ്ങേയറ്റം അതാവശ്യപ്പെടുന്നു.
►► പാഠപുസ്തകത്തിന്റെ പൂർണവായന
കുട്ടിയുടെ പഠനകാര്യങ്ങളിലെ ആശങ്ക നേരേ വഴിതുറക്കുക ട്യൂഷനിലേക്കാണ്. ആ തിടുക്കം സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളുടെ പാഠപുസ്തകം ഒരിക്കലെങ്കിലും നമ്മൾ മുഴുവനായി വായിച്ചിട്ടുണ്ടോ? ഒരൊറ്റ പരിശ്രമം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. ക്ലാസ് മുറിയിൽ എന്തു നടക്കുന്നു എന്ന ഒരു ഏകദേശ ധാരണ രക്ഷിതാവിനു ലഭിക്കും. ആ ചിത്രം ഉള്ളിലുണ്ടെങ്കിൽ കുഞ്ഞിനോട് എപ്പോഴുമൊരു ചോദ്യം ചോദിക്കാം. ഒരുത്തരം ഒരുമിച്ച് കണ്ടുപിടിക്കാം. അങ്ങനെ പഠനകാലം ഇരുവർക്കും ആഹ്ലാദകരമായ ഓർമയാകും. ഒരു കുട്ടിക്ക് ഏറ്റവും ആവശ്യമായത് വേറൊരു ക്ലാസ്മുറിയല്ല. മാതാപിതാക്കൾ ഒപ്പമുണ്ട് എന്ന മാനസിക ഉറപ്പാണ്.
►► കൂട്ടുകൂടാൻ ഒപ്പമിരുന്ന് പഠിപ്പിക്കാം
ഏത് സൗഹൃദം സ്വീകരിക്കണം, ഏതൊഴിവാക്കണം എന്ന് കുട്ടികൾ സ്വയം തിരിച്ചറിയണമെന്ന് നാം ആഗ്രഹിച്ചേക്കും. പക്ഷേ, ആ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ ആദ്യം അതിനൊരു വഴികാട്ടി ഉണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ, കുടുംബ ബന്ധുക്കൾ എന്നിവർ ഒരുമിച്ചിരുന്ന് അവരുടെ ജീവിതത്തിൽനിന്നുള്ള അനേകം പ്രചോദന കഥകൾ മനഃപൂർവം പറഞ്ഞുകൊടുക്കണം. ഒരു സ്നേഹബന്ധം എങ്ങനെ ഉയർത്തി, ഒരു ബന്ധംകൊണ്ട് എങ്ങനെ വേദനയുണ്ടായി എന്ന് ലളിതമായി പങ്കുവയ്ക്കുന്ന ശീലം കുടുംബങ്ങളിൽ പുനർജനിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ വരുംവരായ്കകൾ, അതിർവരമ്പുകൾ, ഊഷ്മളത ഇവയെല്ലാം കുഞ്ഞ് ആദ്യം പഠിക്കേണ്ടത് തീൻമേശയ്ക്ക് ചുറ്റുമുള്ള സ്നേഹസംഭാഷണത്തിൽനിന്നാണ്.
►► അവനവന്റെ ഉള്ളിലെ കഴിവ് കണ്ടെത്താനുള്ള മാർഗങ്ങൾ
ഓരോ കുഞ്ഞിലും നൈസർഗികമായ അനേകം കഴിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ ഉൾക്കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് രക്ഷിതാവിന്റെ പ്രാഥമികമായ കടമ. ഒരു കലാപരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ആത്മധൈര്യം, കളിക്കളത്തിൽ മാറ്റുരയ്ക്കാനുള്ള ഊർജം, സേവനപ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്നൊരു മാനുഷികസ്പർശം തുടങ്ങിയവ ഒരു കുട്ടിയെ കേവലം ഒരു വിദ്യാർഥിയിൽനിന്ന് ഒരു സമ്പൂർണ മനുഷ്യനും സാമൂഹ്യജീവിയുമാക്കി മാറ്റാനുപകരിക്കും. ഇതുപോലെ പ്രധാനമാണ് മികവാർന്ന കൈയക്ഷരം ഉരുവപ്പെടുത്തിയെടുക്കുകയെന്നതും. ഭംഗിയായി എഴുതുക എന്നത് കേവലം ഒരു കഴിവല്ല, ആ കുട്ടിയുടെ വ്യക്തിത്വത്തിന്റെ ദർപ്പണംകൂടിയാണ്.
►► എഐ കാലവും സോഷ്യൽ മീഡിയയും
ഈ അധ്യയനവർഷം വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കുഞ്ഞും പഴയ കാലത്തെ ക്ലാസ്മുറിയിലേക്കല്ല കടന്നുചെല്ലുന്നത്. ആ മക്കൾ എഐ യുഗത്തിലേക്കെന്ന പോലെ, ഡിജിറ്റൽ ലോകത്തിന്റെ അതിർവരമ്പില്ലാത്ത ഒരു കാട്ടുവഴിയിലേക്കുകൂടിയാണ് ചുവടു വയ്ക്കുന്നത് എന്ന ബോധ്യത്തിലായിരിക്കണം ഇവരോട് നമ്മൾ ഇടപഴകാൻതന്നെ. ആ ലോകത്ത് അവർക്ക് ഏറ്റവും ആവശ്യമായത് രക്ഷിതാക്കളുടെ സൂക്ഷ്മമായ ഒരു ഉൾക്കണ്ണാണ്. അതായത്, മാതാപിതാക്കളുടെ സ്നേഹദൃഷ്ടി. അതൊരിക്കലും ഭയംകൊണ്ടുള്ള നിരീക്ഷണമാവരുത്. കുഞ്ഞുങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സംരക്ഷിത കരുതൽ. ആ കരുതൽ ഒരു സിസിടിവി പോലെ തങ്ങൾക്ക് ചുറ്റുമുണ്ട് എന്ന ബോധ്യം ഓരോ കുട്ടിക്കും അനുഭവവേദ്യമാവുകയുംകൂടി വേണം.
►► തോൽവിയും ഒരു പാഠമാണ്
ജീവിതത്തിന്റെ അനേകം കളിക്കളങ്ങളിൽ മത്സരിക്കേണ്ടവരാണ് നമ്മുടെ കുട്ടികൾ. എല്ലാവരും എല്ലായ്പോഴും ജയിക്കണമെന്നില്ല. ചെറിയ തോൽവികൾ ആ കൊച്ചുമനസിനെ തകർക്കരുത്. മറിച്ച്, തിരിച്ചുവരാനുള്ള ആഴം അളക്കുന്ന ഒരു അനുഭവംകൂടിയാകണമത്. തൊണ്ണൂറ് ശതമാനം ജയിക്കും എന്ന ആത്മവിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോഴും, പത്ത് ശതമാനം ചിലപ്പോൾ ഇല്ലാതെ പോകാം, അതെന്നെ തോൽപ്പിക്കില്ല എന്ന ഉറച്ച മനോഭാവംകൂടി ആ കുട്ടിക്ക് ഉണ്ടാകണം. പരാജയം ഒരു അവസാനമല്ല, ഒരു തിരിവ് മാത്രമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴിയുണ്ട് എന്നറിയുന്ന കുട്ടി ഒരിക്കലും തകർന്നുവീഴില്ല. ആ ബദൽവഴികൾ കാണിച്ചുകൊടുക്കാൻ, ആ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ നമ്മൾ തയാറാകണം. പരീക്ഷ തോറ്റാൽ ലോകം ഇടിഞ്ഞുവീഴും എന്ന ഭയം, അറിഞ്ഞോ അറിയാതെയോ ആ കുട്ടിയുടെ മനസിലേക്ക് പകർന്നുകൊടുക്കാതിരിക്കുക എന്നതാണ് ഒരു നല്ല രക്ഷിതാവ് പാലിക്കേണ്ട ഏറ്റവും ലളിതമായ ധർമം.
►► കുരുക്കിലാകുമ്പോൾ ചേർത്തുനിർത്തുക
അറിഞ്ഞോ അറിയാതെയോ കുട്ടികൾ ചിലപ്പോൾ തെറ്റുകൾ ചെയ്തേക്കും. അറിയാതെപോയി കുരുക്കുകളിൽ വീണേക്കാം. ആ നിമിഷം ഒരു പരീക്ഷണഘട്ടമാണ്; കുട്ടിക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും. ആ നേരത്ത് കുട്ടിയെ കുറ്റക്കാരനും തെറ്റുകാരനും മാത്രമാക്കി മാറ്റിനിർത്തുന്നതിനു പകരം, ആ പ്രശ്നത്തെ ശാന്തമായി നോക്കിക്കാണാനും അവധാനതയോടെ സമീപിക്കാനും പരിശ്രമിക്കുക. പ്രശ്നത്തിന്റെ വേര് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമാണ് ഈ സമയങ്ങളിൽ എടുക്കേണ്ടത്. നമുക്കൊരുമിച്ച് പരിഹരിക്കാം. “സത്യത്തോടും സമാധാനത്തോടും കൂടി ആണെങ്കിൽ എന്തു സംഭവിച്ചാലും അമ്മ ഉണ്ട്, അച്ഛൻ ഉണ്ട്, പറയാൻ ആളുണ്ട്, കേൾക്കാൻ ആളുണ്ട്” എന്നൊരു ഉറപ്പ് ഒരു കുട്ടിയുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഏത് വലിയ കുരുക്കും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കും.
►► ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രേരിപ്പിക്കുക
നമ്മുടെ കുട്ടികളെല്ലാവരുംതന്നെ നല്ല മിടുക്കരാണ്. ആ മിടുക്ക് ലോകം കാണണമെങ്കിലും കേൾക്കണമെങ്കിലും അവർക്ക് അവരുടേതായ ഉറച്ച സ്വരം ആവശ്യമായിട്ടുണ്ട്. അത് ഭാഷ, സംസ്കാരം, ചരിത്രബോധം, ആശയവിനിമയം തുടങ്ങിയവയെല്ലാംകൂടി ചേർന്നതാണ്. സമൂഹത്തിനു മുൻപിൽ ചങ്കുറപ്പോടെ നിൽക്കാൻ, ആത്മവിശ്വാസത്തോടെ ഒരു ആശയം പറഞ്ഞ് ഫലിപ്പിക്കാൻ, ഭംഗിയായി എഴുതി ആശയം അവതരിപ്പിക്കാനുമൊക്കെയുള്ള ഉൾക്കരുത്ത് ഇനി വളർന്നു വരുന്ന തലമുറയിൽ നമ്മൾ മനഃപൂർവം സന്നിവേശിപ്പിക്കേണ്ടതുണ്ട്. കാരണം, മത്സരത്തിന്റെ, വേഗത്തിന്റെ കാലഘട്ടമാണ് വരാനിരിക്കുന്നത്.
ഓരോ ദിനവും ഒരു ചർച്ച, ഒരു ചോദ്യം, ഒരു കഥ, ഒരു അഭിപ്രായം ഇങ്ങനെയുള്ള എന്നാൽ, മനഃപൂർവമല്ലാത്ത ഇടപെടലുകൾ കുട്ടികളുടെ അഭിപ്രായ രൂപീകരണത്തിന് അടിസ്ഥാനശില ഇടുന്നതിന് ഉപകരിക്കും. കേരളമാണ് ഭാഷ വളരുന്ന, അല്ലെങ്കിൽ വളർന്നു കൊണ്ടിരിക്കുന്ന മണ്ണ്. ആ ഭാഷ ഉള്ളിലുണ്ടെങ്കിൽ ആ കുട്ടി ഏതു ലോകത്തും ഏത് എഐ കാലത്തും ജയിക്കും. പക്ഷേ ഒന്നോർക്കുക, മലയാളം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമൊക്കെ നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ് നമ്മുടെ കുഞ്ഞുങ്ങൾ വളർത്തിയെടുക്കണം. ആ ചുമതല നമ്മുടേതുതന്നെയാണ് എന്ന ബോധ്യത്തോടെ ഭാഷാപഠനത്തെ സമീപിക്കാനും ശ്രമിക്കേണ്ടതുണ്ട്.
(തിരുവനന്തപുരം നാബ്കോൺസിന്റെ കമ്യൂണിക്കേഷൻ ടീം ലീഡറാണ് ലേഖകൻ.)
Kerala
കോട്ടയം: അഞ്ചു വകുപ്പുതല പരിശോധനകൾക്കു ശേഷം തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഫിറ്റ്നസ് കിട്ടാത്ത സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നതില്‍ അനിശ്ചിതത്വം.
സംസ്ഥാനത്താകെയുള്ള 15,369 സ്കൂളുകളും ജൂണ്‍ ഒന്നിന് തുറക്കുന്നതിനു മുമ്പ് വനം, വൈദ്യുതി, ആരോഗ്യം, ഗതാഗതം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഓഡിറ്റ് നടത്തി ഫിറ്റ്നസ് നേടണമെന്നാണ് നിര്‍ദേശം.
വിവിധ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റതും കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതുമായ സാഹചര്യത്തിലാണ് സുരക്ഷാപരിശോധന കര്‍ക്കശമാക്കിയത്. കുടിവെള്ളം പരിശോധനയില്‍ ഇ കോളി ബാക് ടീരിയ കണ്ടെത്തിയ സ്കൂളുകള്‍ ഏറെയാണ്. ബലക്ഷയമുള്ള ഒരു കെട്ടിടത്തിലും അധ്യയനം അനുവദിക്കില്ല.
ഇത് കൂടുതല്‍ ബാധിക്കുക എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളെയാണ്. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളും ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് തനിയെ പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ പരിശോധന നടത്താത്ത സ്കൂളുകള്‍ പലതുണ്ട്.
വനമേഖലകളില്‍ വന്യമൃഗ സാന്നിധ്യമോ ആക്രമണമോ ഉണ്ടാകാതെ സുരക്ഷയൊരുക്കാന്‍ നിര്‍ദേശമുണ്ട്. സ്കൂള്‍ പരിസരത്തെ വൈദ്യുതിലൈനുകള്‍, ട്രാന്‍സ്ഫോർമറുകള്‍ എന്നിവ സുരക്ഷിതമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉറപ്പാക്കണം. എല്ലാ കടമ്പകളും കടന്ന് ഫിറ്റ്നസ് വാങ്ങേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകര്‍ക്കാണ്. റിട്ടയര്‍മെന്റ് ഒഴിവില്‍ പല സ്കൂളുകളിലും പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ലെന്നതും പരിമിതിയാണ്.
തീപിടിത്ത സാധ്യതയില്ലെന്ന എന്‍ഒസി ഫയര്‍ ആന്‍ഡ് റെസ്ക്യു വകുപ്പ് നല്കണമെങ്കില് നാഷണല്‍ ബില്‍ഡിംഗ് കോഡ് 2016 പട്ടിക ഏഴിലെ നിര്‍ദേശം പാലിച്ചിരിക്കണം. പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ എഞ്ചിനു ചുറ്റും എത്തിപ്പെടാവുന്ന സൗകര്യങ്ങളോടെ നിര്‍മിച്ചവയല്ല. ഈ സാഹചര്യത്തില്‍ തീ കെടുത്താനുള്ള ഉപകരണം സ്കൂളിലുണ്ടോ എന്നു പരിശോധിച്ച് കത്ത് നല്‍കാനേ കഴിയു. സ്കൂളിലേക്കും മുറ്റത്തേക്കും മൈതാനത്തേക്കും വീഴാവുന്ന മരങ്ങള്‍ വെട്ടിനീക്കേണ്ടതുണ്ട്.
വനമഹോത്സവങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്കിയ തൈകള്‍ സ്കൂളില്‍ നട്ടുവളര്‍ത്തിയ അധികൃതര്‍ക്ക് നിലവില്‍ മരം വെട്ടിമാറ്റാന്‍ ഭാരിച്ച ചെലവാണുള്ളത്.
സ്കൂള്‍ ബസുകളിലേക്ക് അംഗീകൃത കാമറകള്‍ ലഭ്യമാകാത്തതും അധികൃതരെ വലയ്ക്കുന്നു. ഈ വര്‍ഷം മുതലാണ് കാമറ നിർബന്ധമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഈ നിയമം കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ ഓഗസ്റ്റുവരെ സമയം നല്‍കിയിരുന്നു. പിന്നീട് പരിശോധന നടക്കാതെ വന്നതിനാല്‍ ഏറെ സ്കൂളുകളും കാമറ സ്ഥാപിച്ചില്ല. മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. മൂന്ന് കാമറകള്‍ക്ക് പതിനാറായിരം രൂപ ചെലവുണ്ട്.
സ്കൂള്‍ കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പാമ്പ് കടക്കാന്‍ സാധ്യതയുള്ള മാളങ്ങളും സുഷിരങ്ങളും അടയ്ക്കണം. വിറക്, കല്ല്, മറ്റ് നിര്‍മാണ സാമഗ്രികള്‍ എന്നിവ ക്ലാസ് മുറികള്‍ക്ക് സമീപം കൂട്ടിയിടരുത്. സ്കൂളിലെ രണ്ട് ജീവനക്കാരുടെയെങ്കിലും മൊബൈല്‍ ഫോണില്‍ വനംവകുപ്പിന്റെ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഫോണ്‍ നമ്പരുകള്‍ സ്കൂളില്‍ എഴുതിവയ്ക്കണം. സുരക്ഷാ പരിശോധന റിപ്പോര്‍ട്ടില്‍ സര്‍പ്പ വോളന്റിയറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും ഒപ്പിടണം എന്ന നിര്‍ദേശവുമുണ്ട്.
District News
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി വിദ്യാലയങ്ങളുടെ പരിസരശുചീകരണം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷിത പരിസരം, സംരക്ഷിത പഠനം എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന സ്കൂൾ ക്ലീനിംഗ് ഡ്രൈവ് ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂർ ഗവ. വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സലീം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ബാബുജി, പത്തനംതിട്ട ഡിഇഒ അമ്പിളി ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോജി പി. ജോൺ, പ്രമോദ് എസ്. ചന്ദ്രൻ, പ്രിൻസിപ്പൽ എം. സജിതാബീവി, എസ്എംസി ചെയർമാൻ ജി. പ്രകാശ്, പിടിഎ പ്രസിഡന്റ് ജോൺസൺ മാമ്മൻ, കൈപ്പട്ടൂർ എസ്സിബി പ്രസിഡന്റ് പ്രസാദ് മാത്യു എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സ്കൂളുകളിൽ പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികളുടെയും സാനിറ്ററി പാഡുകളുടെ അഭാവവുംമൂലം പെണ്‍കുട്ടികൾക്കു പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി.
ആർത്തവ ശുചിത്വം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻകാല ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.
പെണ്‍കുട്ടികൾക്കു സൗജന്യമായി ഓക്സോബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ നൽകണമെന്നും ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനുവരി 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
വിധി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ കഴിയുന്നത്ര പെണ്‍കുട്ടികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിയിലെ നിർദേശം സംബന്ധിച്ച തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
നിർദേശം നടപ്പാക്കുന്നുണ്ടോ എന്നറിയാൻ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിധിന്യായം പാലിക്കുന്നുണ്ടോയെന്ന് ഓരോ മൂന്നു മാസത്തിന്റെ ഇടവേളയിൽ നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു.
Kerala
തിരുവനന്തപുരം: 2026-ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നടക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
National
അനന്ത്നാഗ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കുതിരസവാരിക്കാരൻ ആദില്‍ ഹുസൈന് ഷായുടെ പേര് സ്കൂളിനു നൽകി ജമ്മു കാഷ്മീർ സർക്കാർ.
2025 ഏപ്രില്‍ 22ന് പഹല്‍ഗാം സ്വജീവൻ വെടിഞ്ഞും നിരവധി വിനോദസഞ്ചാരികളെ രക്ഷിച്ച ഷായുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവായാണ് വിദ്യാഭ്യാസ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടൂ പറഞ്ഞു.
ഗവണ്മെന്റ് ഹൈസ്കൂള്‍ ഹപത്നാറിനെ ‘ഷഹീദ് ആദില്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ഹപത്നാര്‍’ എന്നാണ് പുനര്‍നാമകരണം ചെയ്തത്.
Kerala
മണ്ണാർക്കാട്: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
പുതിയ അധ്യയനവർഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതംചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു നിർദേശങ്ങൾ നൽകിയതായി മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശനനിർദേശം നൽകി.
Kerala
കൊച്ചി: ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ സുരക്ഷാ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന് നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സ്കൂള്‍ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരാണ് ഇനി മുതല്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ഫിറ്റ്നസ് പരിശോധനയ്ക്കായി 17 പോയിന്റുകള്‍ ഉള്ള വിശദമായ ഒരു ചെക്ക്ലിസ്റ്റും വിദ്യാഭ്യാസ വകുപ്പ് തയാറാക്കി. സ്കൂള്‍ കെട്ടിടത്തിന്റെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, അപകടകരമായ കുഴികളോ ചെരിവുകളോ ഇല്ലാത്ത അവസ്ഥ, മരങ്ങളുടെയും ശിഖരങ്ങളുടെയും സുരക്ഷ എന്നിവ അസിസ്റ്റന്റ് എന്‍ജിനിയര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.
ആസ്ബസ്റ്റോസ്, ടിന്, അലുമിനിയം ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍ മാറ്റിയിട്ടുണ്ടെന്നും കിണറുകള്‍ക്കും മറ്റും സുരക്ഷിതമായ സംരക്ഷണ ഭിത്തികള്‍ ഉണ്ടെന്നും ഉറപ്പാക്കണം.
വൈദ്യുത സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യമാണു പുതിയ നിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. സ്കൂളുകളിലെ ഇലക്ട്രിക്കല്‍ വയറിംഗ് സുരക്ഷിതമാണെന്നും ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടെന്നും അധികൃതര്‍ ഉറപ്പുവരുത്തണം.
മതിയായ വെന്റിലേഷനുള്ള വൃത്തിയുള്ള ശൗചാലയങ്ങള്‍, കുടിവെള്ള ലഭ്യത, സ്കൂള്‍ പരിസരത്തെ മാലിന്യ നിര്‍മാര്‍ജനം, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് പ്രത്യേകം കൈപ്പറ്റേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവിൽ സ്കൂൾ ബസുകൾക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂൾ ബസുകൾക്കാണ് തീ പിടിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പിടിച്ചതെന്നു വ്യക്തമല്ല.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം ബസുകൾ പാർക്ക് ചെയ്യാൻ ഷെഡ് നിർമിച്ചിട്ടുണ്ട്. ഈ ഷെഡിനുള്ളിൽ അടുത്തടുത്തു കിടന്ന ബസുകൾക്കാണ് തീപിടിച്ചത്.
ഫയർഫോഴ്സ് എത്തിയ തീയണയ്ക്കുമ്പോഴേക്കും ബസുകൾ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ച അവസ്ഥയിലാണ്. അതേസമയം, ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളിൽ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്നും സംശയിക്കുന്നു. എന്തായാലും നിർത്തിയിട്ടിരുന്ന ബസിൽ തീപിടിച്ചത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വയനാട്: വിദ്യാര്‍ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുളളയുടെയും ഹസ്നയുടെയും മകനായ മുഹമ്മദ് ഫാദില്‍ (14) നെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് മുഹമ്മദ് ഫാദില്‍ തുങ്ങി നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടത്. തുടർന്ന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മറ്റി. ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫാദില്‍. മുഹമ്മദ് ആദില്‍, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങള്‍
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Kerala
ആലപ്പുഴ: വരുന്ന അധ്യായന വർഷത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയാറെടുപ്പുകളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നു.
ഈ മാസം പകുതിയോടുകൂടി സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. മേയ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ജൂണിൽ സുരക്ഷിതമായ അധ്യായനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്കൂൾ പരിസരങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നതിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടാകില്ല. കാടുവെട്ടിത്തെളിക്കൽ, മാലിന്യ നിർമാർജ്ജനം, എലികളുടെ താവളങ്ങൾ നശിപ്പിക്കൽ എന്നിവയിലൂടെ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം.
വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക അവബോധവും നൽകിവരുന്നു. പാമ്പ് ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത വിദ്യാലയങ്ങൾക്ക് ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, വനം, ആരോഗ്യം, കെഎസ്ഇബി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമേ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ.
സ്കൂൾ പരിസരത്തെ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാ വേലി നിർബന്ധമാണ്. കെഎസ്ഇബിയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റോ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം.
പാമ്പുകടി ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ നേരിടാൻ സിപിആർ അടക്കമുള്ള പ്രഥമശുശ്രൂഷാ പരിശീലനം ഒരു സ്കൂളിൽ രണ്ട് ജീവനക്കാർക്കെങ്കിലും ഉറപ്പാക്കണം.
കെട്ടിടങ്ങളുടെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, മൈതാനങ്ങളിലെ കുഴികൾ നികത്തൽ, അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റൽ എന്നിവ പരിശോധനയുടെ പ്രധാന പരിധിയിൽ വരും. സ്കൂൾ തലത്തിൽ പ്രധാനാധ്യാപകൻ, പിടിഎ പ്രതിനിധി, വാർഡ് മെമ്പർ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികളെയാണ് ഏകോപന ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം. മേയ് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സുരക്ഷാസജ്ജമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
ഇരിങ്ങാലക്കുട: കണ്ണിക്കര സെന്റ്് പോള്‍സ് സ്കൂളിന്റെ ശതാബ്ദി ആഘോഷം താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചര്‍ച്ച് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോര്‍ജ് പാറേമന്‍ ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി അധ്യക്ഷത വഹിച്ചു.
മാള വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ് എന്‍ഡോവ്മെന്റ്് വിതരണം ചെയ്തു. സിസ്റ്റര്‍ പ്രസന്ന സിഎംസി, ജൂബിലി കണ്‍വീനര്‍ വില്‍സണ്‍ കുറ്റിക്കാടന്‍, സിസ്റ്റര്‍ മേരിസ് സിഎംസി, സുരേഷ് ബാബു, സിസ്റ്റര്‍ റൂബി സിഎംസി, ആര്. രഞ് ജിനി എന്നിവര്‍ സംസാരിച്ചു.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ അക്രമി നടത്തിയ വെടിവയ്പിൽ 16 കുട്ടികൾക്കു പരിക്കേറ്റു.
സാൻലിയുർഫ പ്രവിശ്യയിലെ സിവേറെകിലെ സ്കൂളിലായിരന്നു ആക്രമണമെന്നു ഗവർണർ ഹസൻ സിൽദാക് പറഞ്ഞു. പോലീസ് വളഞ്ഞപ്പോഴേക്കും പതിനെട്ടുകാരനായ അക്രമി സ്വയം വെടിവച്ചു മരിച്ചു.
പത്തു വിദ്യാർഥികൾക്കും നാല് അധ്യാപകർക്കും ഒരു കാന്റീൻ ജീവനക്കാരനും ഒരു പോലീസ് ഓഫീസർക്കും പരിക്കേറ്റു. അഞ്ചു പേർക്കു ഗുരുതരമായി പരിക്കേറ്റു. സ്കൂളിലെ പൂർവ വിദ്യാർഥിയായ അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ല.
Kerala
പത്തനംതിട്ട: കഴിഞ്ഞ അധ്യയനവർഷം പാതിവഴിക്ക് വിലങ്ങുതടിയായ സുരക്ഷാ പ്രശ്നങ്ങൾ ഇക്കുറി തുടക്കത്തിൽ തന്നെ പരിഹരിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വലിൽ വിവിധ വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും ഉത്തരവാദിത്വങ്ങൾ അക്കമിട്ടു നിരത്തിയിരിക്കുകയാണ്. ഇതോടെ ഇത്തവണ ക്ഷമതാ സർട്ടിഫിക്കറ്റ് (ഫിറ്റന്സ്) ലഭ്യത ബുദ്ധിമുട്ടാകും.
2025 ജൂലൈയിൽ കൊല്ലം തേവലക്കര ഗവണ്മെന്റ് ബോയ്സ് സ്കൂള്‍ വളപ്പില്‍നിന്നു ഷോക്കേറ്റ് മിഥുന് എന്ന കുട്ടി മരിച്ചതിനു പിന്നാലെയാണ് സ്കൂൾ സുരക്ഷാ മാനുവൽ ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഇത്തവണ ആദ്യംതന്നെ ഇതിനനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നാണ് വകുപ്പുകളുടെ നിർദേശം.
ഓരോ അധ്യയനവർഷാരംഭത്തിലും സ്കൂൾ കെട്ടിടങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കെഇആർ അനുശാസിക്കുന്ന തരത്തിലുള്ള ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ചട്ടം. ഇത് ഹാജരാക്കിയെങ്കിലേ ബന്ധപ്പെട്ട സ്കൂളിന് പുതിയ അധ്യയന വർഷത്തിൽ പ്രവർത്തനാനുമതി ലഭിക്കൂ.
അധ്യാപകരുടെ ജൂണിലെ ശന്പളബില്ലിനൊപ്പം സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ യാതൊരു കാരണവശാലും അധ്യയനം നടത്താനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും സുരക്ഷാ മാന്വൽ വ്യക്തമാക്കുന്നു.
നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് തദ്ദേശസ്ഥാപന എൻജിനിയറിംഗ് വിഭാഗം സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് ഉറപ്പാക്കി മാത്രമേ പ്രവർത്തനം തുടങ്ങാവൂ എന്നും നിർദേശമുണ്ട്.
സ്കൂള്‍വളപ്പിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ്, ശോച്യാവസ്ഥ, വൈദ്യുതലൈനുകളുടെ സ്ഥിതി, വയറിംഗ് സംബന്ധമായ പ്രശ്നങ്ങള്‍, മേല്‍ക്കൂരയുടെ സ്ഥിതി, കിണറുകളുടെ സുരക്ഷിതത്വം, പരിസര ശുചീകരണം, സ്കൂള്‍ കെട്ടിടങ്ങളുടെ അവസ്ഥ തുടങ്ങിയ സുരക്ഷാ പരിശോധനകള്‍ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വമാണ്.
ഇവയെല്ലാം ഒറ്റയടിക്ക് പരിശോധിച്ച് തദ്ദേശ സ്ഥാപന എൻജിനിയർ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് മുന്‍പു നിലവിൽ ഇരുന്നത്. എന്നാൽ ഇത്തവണ വിവിധ വകുപ്പുകളിൽനിന്നുള്ള പരിശോധനാ സർട്ടിഫിക്കറ്റുകളോടുകൂടി മാത്രമേ അപേക്ഷ പോലും സ്വീകരിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് എൽഎസ്ജിഡി എൻജിനിയർമാർ.
മാർച്ച് ഒന്പതിനു പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വൽ പരിശോധിച്ച് ആരോഗ്യവകുപ്പുതന്നെ പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകണമെങ്കിൽ വിവിധ വകുപ്പുകളിലെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്ന് നിർദേശമുണ്ട്. കെഎസ്ഇബി, ആരോഗ്യവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, പോലീസ്, അഗ്നിസുരക്ഷാ വിഭാഗം, വനംവകുപ്പ് എന്നിവ നിർബന്ധമായും സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. എന്നാൽ സുരക്ഷാ ഓഡിറ്റ് എങ്ങനെയാകണമെന്ന നിർദേശം വിവിധ വകുപ്പുകൾക്കു നൽകിയിട്ടില്ല.
എല്ലാ സ്കൂളുകളിലെയും മുഴുവൻ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റാണ് മാന്വലിൽ നിർദേശിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ സ്ഥിരത, ക്ലാസ്മുറികളുടെ അവസ്ഥ, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, ചുറ്റുമതിൽ, കിണർ എന്നിവ സമഗ്രമായി പരിശോധിക്കാനാണ് നിർദേശം.
സുരക്ഷാ മാന്വലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിമിതികളും പരിഹരിച്ചു മാത്രമേ അപേക്ഷ നൽകാവൂവെന്ന നിർദേശമാണ് എൽഎസ്ജിഡി എൻജിനിയർമാർ മുന്നോട്ടു വയ്ക്കുന്നത്.
സ്കൂൾ കെട്ടിടങ്ങളിൽ നിലവിലെ കെട്ടിടനിർമാണച്ചട്ടങ്ങൾക്ക് അനുസൃതമായി അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള നിർദേശങ്ങളും മാന്വലിലും ഉണ്ട്. ഫാൾസ് സീലിംഗ്സ് ചെയ്തിട്ടുള്ള ക്ലാസ്മുറികളിൽ അടിയന്തര അഗ്നിശമന ഉപകരണങ്ങളും ഉറപ്പാക്കിയേ സർട്ടിഫിക്കറ്റ് നൽകൂവെന്നാണ് എൻജിനിയർമാരുടെ നിലപാട്.
സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ അതത് പ്രഥമാധ്യാപകർ ഉറപ്പാക്കിയാണ് അപേക്ഷ നൽകേണ്ടത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിട്ടുവീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ അധ്യാപകർ, ജീവനക്കാർ, പിടിഎ, എംപിടിഎ, എസ്എംസി, തദ്ദേശ സ്ഥാപനം, ഫയർ ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങി വിവിധ ഏജൻസികളുടെ സഹായവും സഹകരണവും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സ്കൂൾ പ്രഥമാധ്യാപകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉത്തവരവാദിത്വമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള ത്രിഭാഷാപഠനം പുതിയ അധ്യായനവർഷത്തിൽ നടപ്പാക്കണമെന്ന് സിബിഎസ്ഇ. ഈ വർഷം ആറാംക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂളുകൾക്ക് സർക്കുലറയച്ചു.
പാഠപുസ്തകങ്ങൾ വൈകാതെ എത്തിക്കാമെന്നും നിലവിൽ ലഭ്യമായ പുസ്തകങ്ങൾവെച്ച് മൂന്നാംഭാഷ പഠിപ്പിക്കാനുമാണ് നിർദേശം. ഏപ്രിൽ ഒന്നുമുതൽ സിബിഎസ്ഇ സ്കൂളുകളിൽ ക്ലാസ് തുടങ്ങിയ പശ്ചാത്തലത്തിലാണ് സർക്കുലർ.
ഏതുഭാഷയാണ് മൂന്നാം ഭാഷയായി തെരഞ്ഞെടുക്കുന്നതെന്ന് സ്കൂളുകൾ ബന്ധപ്പെട്ട മേഖലാ ഓഫീസുകളെ അറിയിക്കണം. സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിലും അപ്ഡേറ്റ് ചെയ്യണം. 2026-27 അധ്യായനവർഷം മുതൽ ത്രിഭാഷാനയം നിർബന്ധമാക്കി അടുത്തിടെ സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ മാൽവയിൽ സ്കൂളിലെ തേനീച്ച ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. പരീക്ഷ എഴുതാൻ സ്കൂളിലെത്തിയ രാമൻ കരഡ (ഒമ്പത്) യാണ് മരിച്ചത്. ആക്രമണത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
സ്കൂൾ പരിസരത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തുകയും കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. മറ്റു കുട്ടികൾ ഓടിമാറിയെങ്കില്ലും രാമൻ തേനീച്ച കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. അധ്യാപകരും ജീവനക്കാരും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് നിരവധി തവണ തേനീച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ എല്ലാ കുട്ടികളെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രാമൻ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പനയ്ക്കപ്പാലം: സിപിഎം ബ്രഞ്ച് സെക്രട്ടറി എ.ഡി. ജോസ് , ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് കള്ളവോട്ടായി രേഖപ്പെടുത്തിയത്. എന്നാൽ ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറയുന്നു. പരാതിയെത്തുടർന്ന് ടെൻഡർ വോട്ട് രേഖപ്പെടുത്താമെന്ന് വരണാധികാരി അറിയിച്ചു.
Kerala
തിരുവനന്തപുരം: എല്ലാ സ്കൂളുകളിലും അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സുരക്ഷാ മാന്വൽ. തദ്ദേശ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്കൂളുകൾ പ്രവർത്തിക്കരുതെന്നും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ നിർദേശിക്കുന്നു.
തേവലക്കരയിലെ സ്കൂളിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിന്റെ സഹചര്യത്തിലാണ് സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമാക്കികൊണ്ടുള്ള പുതിയ മാന്വൽ പുറത്തിറക്കിയത്. ഇതിലെ നിർദേശങ്ങൾ നടപ്പാക്കിയെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
പാമ്പു കയറിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ദിവസവും പ്രവൃത്തി സമയത്തിനു മുൻപ് ക്ലാസ് മുറികളിൽ പരിശോധന നടത്തണം. സ്കൂൾ വളപ്പിലെ കാടും പുല്ലും വർഷത്തിൽ രണ്ട് തവണയെങ്കിലും നീക്കണമെന്ന് വ്യക്തമായിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉറപ്പാക്കണം.
സ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് ആറ് മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകണം. കമ്മിറ്റി രൂപീകരിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണം.
Health
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം. ഇത് എങ്ങനെ പരിഹരിക്കാം?
ഒഴിവാക്കേണ്ടത് - ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണം, അതിമധുരം, അതിയായ മുളക്, കാർബണേറ്റ് പാനീയങ്ങൾ
യോഗ, പ്രാണായാമം, ബ്രഹ്മ മുദ്ര, പ്രാണയാമം, ധ്യാനം എന്നിവ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചു ചെയ്യുന്നത് പഠന വൈകല്യം പരിഹരിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.
സ്പെഷൽ എഡ്യൂക്കേഷൻ, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷൻ തെറാപ്പി, മാതാപിതാക്കളുടെ പിന്തുണ എന്നിവ നൽകുന്നതിലൂടെ ഇവരുടെ ശ്രദ്ധ, ഓർമ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സാധിക്കും.
നേരത്തേ തിരിച്ചറിയാം
പഠന വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും പ്രത്യേക പരിശീലനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്നേഹപൂർണമായ സമീപനവും കുട്ടിയെ സാധാരണ ജീവിതത്തിലേക്കും തിരികെ കൊണ്ടുവരാനും പഠനത്തിൽ മിടുക്കരാക്കാനും സഹായിക്കും.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ പഠന രീതിയും വേഗവും വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അവരെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് നമ്മുടെ ശ്രദ്ധ വേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
NRI
ബെർലിൻ: മധ്യ ജർമനിയിലെ ഹെസെ സംസ്ഥാനത്തിലെ വീസ്ബാഡൻ നഗരത്തിൽ നിന്ന് 15 വയസുകാരൻ പൊതുഗതാഗത ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞു. തന്റെ 14 വയസുകാരിയായ കാമുകിയെയും ഒപ്പം കൂട്ടിയാണ് കൗമാരക്കാരൻ 150 കിലോമീറ്റർ ദൂരം ബസ് ഓടിച്ച് മറ്റൊരു സംസ്ഥാനമായ ബാഡൻ-വുർട്ടെംബർഗിലെ കാൾസ്റൂഹെയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ വൈസ്ബാഡനിലെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറച്ച ബസാണ് കുട്ടി കടത്തിയത്. ബസുകളുടെ മാസ്റ്റർ കീ ഉപയോഗിച്ചാണ് പത്താം ക്ലാസുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്തത്.
ഇത്രയും ദൂരം പിന്നിട്ട ബസ് കാൾസ്റൂഹെയിൽ വച്ച് പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. പരിശോധനയിലാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 15 വയസുകാരനാണെന്ന് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
രാവിലെ തന്നെ ബസ് ഡിപ്പോയിൽ നിന്ന് കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ഡ്രൈവർ മാറി എടുത്തതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. ഉച്ചയോടെയാണ് ബസ് മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതും പോലീസിൽ വിവരമറിയിച്ചതും.
ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ചു. കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കുട്ടിക്ക് എതിരേ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിക്ക് മാസ്റ്റർ കീ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
International
ടെഹ്റാൻ: ഇറാനിലെ സ്കൂളിൽ ആക്രമണം നടത്തി 165ലധികം കുട്ടികളെ കൊലപ്പെടുത്തിയത് അമേരിക്കയാണെന്ന് റിപ്പോർട്ട്. അമേരിക്ക ടോമാഹോക്ക് മിസൈൽ പ്രയോഗിച്ച് സ്കൂൾ തകർക്കുകയായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനികതാവളത്തിനു സമീപമുള്ള സ്കൂളാണ് തകർക്കപ്പെട്ടത്.
കോമ്പൗണ്ടിൽ തുടർച്ചയായി ബോംബുകൾ വർഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ തകർന്നതെന്ന് ഉപഗ്രഹചിത്ര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇറാന്റെ അർധ ഔദ്യോഗിക മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് ടോമാഹോക്ക് മിസൈൽ സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ പതിച്ചത് വ്യക്തമായത്. വീഡിയോ ആധികാരികമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടനുസരിച്ച്, ഇപ്പോഴത്തെ യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്ന ഒരേയൊരു സൈന്യം അമേരിക്കയാണെന്നും പറയുന്നു. മെഹർ ന്യൂസ് പുറത്തുവിട്ട വീഡിയോ ജിയോലൊക്കേറ്റ് ചെയ്യാനും സ്കൂളിനോടു ചേർന്നുള്ള സ്ഥലത്തുനിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞതായും എപി റിപ്പോർട്ട് ചെയ്തു.
സ്കൂളിന്റെ ഉപഗ്രഹചിത്രങ്ങൾ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളുമായി പൊരുത്തപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ടോമാഹോക്ക് മിസൈൽ പ്രയോഗിച്ചോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ട്രംപ് ഉരുണ്ടുകളിച്ചു. ടോമാഹോക്ക് മറ്റു പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആയുധമാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമാഹോക്ക് മറ്റ് പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇറാനും ചില ടോമാഹോക്കുകളുണ്ട്. തനിക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിയില്ല. അക്കാര്യം അന്വേഷണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഭീഷണി സന്ദേശവുമായി ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അലി ലാരിജാനിയുടെ ഭീഷണി. ഇറാൻ ജനത ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്കുപോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾ ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നായിരുന്നു ലാരിജാനിയുടെ കുറിപ്പ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടഞ്ഞാൽ ഇരുപതു മടങ്ങ് ശക്തിയായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അലി ലാരിജാനി ഭീഷണിയുമായി രംഗത്തെത്തിയത്.