കോട്ടയം: അഞ്ചു വകുപ്പുതല പരിശോധനകൾക്കു ശേഷം തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഫിറ്റ്നസ് കിട്ടാത്ത സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നതില്‍ അനിശ്ചിതത്വം.
സംസ്ഥാനത്താകെയുള്ള 15,369 സ്കൂളുകളും ജൂണ്‍ ഒന്നിന് തുറക്കുന്നതിനു മുമ്പ് വനം, വൈദ്യുതി, ആരോഗ്യം, ഗതാഗതം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഓഡിറ്റ് നടത്തി ഫിറ്റ്നസ് നേടണമെന്നാണ് നിര്‍ദേശം.
വിവിധ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റതും കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതുമായ സാഹചര്യത്തിലാണ് സുരക്ഷാപരിശോധന കര്‍ക്കശമാക്കിയത്. കുടിവെള്ളം പരിശോധനയില്‍ ഇ കോളി ബാക് ടീരിയ കണ്ടെത്തിയ സ്കൂളുകള്‍ ഏറെയാണ്. ബലക്ഷയമുള്ള ഒരു കെട്ടിടത്തിലും അധ്യയനം അനുവദിക്കില്ല.
ഇത് കൂടുതല്‍ ബാധിക്കുക എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളെയാണ്. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളും ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് തനിയെ പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ പരിശോധന നടത്താത്ത സ്കൂളുകള്‍ പലതുണ്ട്.
വനമേഖലകളില്‍ വന്യമൃഗ സാന്നിധ്യമോ ആക്രമണമോ ഉണ്ടാകാതെ സുരക്ഷയൊരുക്കാന്‍ നിര്‍ദേശമുണ്ട്. സ്കൂള്‍ പരിസരത്തെ വൈദ്യുതിലൈനുകള്‍, ട്രാന്‍സ്ഫോർമറുകള്‍ എന്നിവ സുരക്ഷിതമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉറപ്പാക്കണം. എല്ലാ കടമ്പകളും കടന്ന് ഫിറ്റ്നസ് വാങ്ങേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകര്‍ക്കാണ്. റിട്ടയര്‍മെന്റ് ഒഴിവില്‍ പല സ്കൂളുകളിലും പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ലെന്നതും പരിമിതിയാണ്.
തീപിടിത്ത സാധ്യതയില്ലെന്ന എന്‍ഒസി ഫയര്‍ ആന്‍ഡ് റെസ്ക്യു വകുപ്പ് നല്കണമെങ്കില് നാഷണല്‍ ബില്‍ഡിംഗ് കോഡ് 2016 പട്ടിക ഏഴിലെ നിര്‍ദേശം പാലിച്ചിരിക്കണം. പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ എഞ്ചിനു ചുറ്റും എത്തിപ്പെടാവുന്ന സൗകര്യങ്ങളോടെ നിര്‍മിച്ചവയല്ല. ഈ സാഹചര്യത്തില്‍ തീ കെടുത്താനുള്ള ഉപകരണം സ്കൂളിലുണ്ടോ എന്നു പരിശോധിച്ച് കത്ത് നല്‍കാനേ കഴിയു. സ്കൂളിലേക്കും മുറ്റത്തേക്കും മൈതാനത്തേക്കും വീഴാവുന്ന മരങ്ങള്‍ വെട്ടിനീക്കേണ്ടതുണ്ട്.
വനമഹോത്സവങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്കിയ തൈകള്‍ സ്കൂളില്‍ നട്ടുവളര്‍ത്തിയ അധികൃതര്‍ക്ക് നിലവില്‍ മരം വെട്ടിമാറ്റാന്‍ ഭാരിച്ച ചെലവാണുള്ളത്.
സ്കൂള്‍ ബസുകളിലേക്ക് അംഗീകൃത കാമറകള്‍ ലഭ്യമാകാത്തതും അധികൃതരെ വലയ്ക്കുന്നു. ഈ വര്‍ഷം മുതലാണ് കാമറ നിർബന്ധമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഈ നിയമം കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ ഓഗസ്റ്റുവരെ സമയം നല്‍കിയിരുന്നു. പിന്നീട് പരിശോധന നടക്കാതെ വന്നതിനാല്‍ ഏറെ സ്കൂളുകളും കാമറ സ്ഥാപിച്ചില്ല. മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. മൂന്ന് കാമറകള്‍ക്ക് പതിനാറായിരം രൂപ ചെലവുണ്ട്.
സ്കൂള്‍ കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പാമ്പ് കടക്കാന്‍ സാധ്യതയുള്ള മാളങ്ങളും സുഷിരങ്ങളും അടയ്ക്കണം. വിറക്, കല്ല്, മറ്റ് നിര്‍മാണ സാമഗ്രികള്‍ എന്നിവ ക്ലാസ് മുറികള്‍ക്ക് സമീപം കൂട്ടിയിടരുത്. സ്കൂളിലെ രണ്ട് ജീവനക്കാരുടെയെങ്കിലും മൊബൈല്‍ ഫോണില്‍ വനംവകുപ്പിന്റെ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഫോണ്‍ നമ്പരുകള്‍ സ്കൂളില്‍ എഴുതിവയ്ക്കണം. സുരക്ഷാ പരിശോധന റിപ്പോര്‍ട്ടില്‍ സര്‍പ്പ വോളന്റിയറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും ഒപ്പിടണം എന്ന നിര്‍ദേശവുമുണ്ട്.
Tags : Mass failure school fitness test results