തീക്കോയി: ഒരു നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടോളം നീണ്ട പാരമ്പര്യത്തിന്റെ പെരുമയുമായി തീക്കോയി സെന്റ് മേരീസ് എൽപി സ്കൂൾ ശതാബ്ദിയിലേക്ക്.
കഴിഞ്ഞ നൂറു വർഷങ്ങളിലായി ഈ വിദ്യാലയത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ഏറെയാണ്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന സ്കൂളിന്റെ ഒരു വർഷത്തോളം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാലിന് തുടക്കം കുറിക്കും.
നാളെ രാവിലെ പത്തിന് സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും.
ശതാബ്ദിയോടനുബന്ധിച്ച് വിവിധങ്ങളായ കർമപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി സെബാസ്റ്റ്യൻ എഫ്സിസി, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവർ അറിയിച്ചു.
Tags : nattu vishesham St. Mary's LP School