ആഹാ! അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം... എന്താടാ സമദേ നമുക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? എല്ലാത്തിനും അതിന്റേതായ
◄ സമയമുണ്ട് ഹർഷാദേ...
ചങ്ങായീ ഇജ്ജ് ഗൾഫീന്നിങ്ങട്ട് പോന്നോളീ ആടത്തെ ചൂടൊന്നും അനക്ക് പറ്റൂല്ല... മ്മക്ക് ഇവിടെ വല്ല ബിസിനസും ചെയ്തങ്ങട്ട് പോകാമെന്ന് അബ്ദുൾ സമദ് വിളിച്ച് ഫോൺവച്ചപാടെ ഹർഷാദിന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഗ്രാഫിക് ഡിസൈനറായുള്ള പ്രവാസ ജീവിതത്തോട് ടാറ്റാ ബൈബൈ പറഞ്ഞ് ഓനിങ്ങ് പാലക്കാട്ടേക്ക് പാഞ്ഞെത്തി.
നാട്ടിലെത്തി പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിച്ച് തീരും മുൻപേ നാട്ടുകാരുടെ പതിവ് ചോദ്യം പേടിച്ച് രണ്ടാളും ബിസിനസ് ചിന്തകളിൽ തലപുകച്ചു. അവസാനം ആടിനെ വളർത്താമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ആട് വളർത്തലിലേക്ക് കടന്നു. എന്നാൽ അത് എട്ടുനിലയിൽ പൊട്ടി. പിന്നീടിങ്ങോട്ട് ബിസിനസ് പ്ലാനുകളുടെ അയ്യരുകളിയായിരുന്നു. എല്ലാം പ്ലാൻ ചെയ്യുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കാലിവളർത്തലിൽ നല്ല വരുമാനം കിട്ടുമെന്ന തോന്നലിൽ ചാടിപ്പുറപ്പെട്ടു. ആ വണ്ടി പിന്നെ നിന്നത് ചിന്താമണിയിലാണ്.
അവിടെയെത്തി പശുവിനെയും വാങ്ങി നേരേ പാലക്കാട്ടേക്ക് വന്നു. പശുക്കൾ ആയതുകൊണ്ടുതന്നെ ഫാമിന്റെ പേരിന്റെ കാര്യത്തിൽ ഏറെ ചിന്തിക്കേണ്ടി വന്നില്ല. ഇരുവരും ചേർന്ന് ക്ഷീരാ ഡയറി എന്ന് പേരും ഇട്ടു.
എന്നാൽ ആശങ്ക മുഴുവൻ പശുവിന്റെ തീറ്റയിലായിരുന്നു. പുല്ലൊക്കെ പശുവിനു വെറും പുല്ലാണെന്ന് പശുവിനെ കൊടുത്തയാൾ പറഞ്ഞെങ്കിലും വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരുന്നു. എന്നാൽ പിന്നെയാണ് മനസിലായത് ഈ പശുക്കൾ പുല്ല് തിന്നട്ടേ ഇല്ലെന്ന കാര്യം. പുല്ല് ഒക്കെ വളരെ ഔട്ട്ഡേറ്റഡ് സാധനമെന്നാണ് ഹർഷാദും സമദും പറയുന്നത്. പശുവിന് തീറ്റയായി കൊടുക്കുന്നത് സൈലേജ് ആണ്.
◄ എന്താണ് സൈലേജ്?
പച്ചപ്പുല്ലിനേക്കാൾ പോഷക സമ്പുഷ്ടമായ ഒന്നാണ് സൈലേജ്. ധാരാളം പാൽ ചുരത്താനും സൈലേജ് സഹായിക്കും. ചോളച്ചെടി മൂപ്പെത്തുന്നതിനു മുൻപ് മൂടോടെ വെട്ടിയെടുത്ത് വേരുമാറ്റി അവ ചെറുതായി അരിഞ്ഞെടുക്കും.
ഇതിലേക്ക് ശർക്കരവെള്ളം, ഉപ്പ്, അൽപം ധാന്യപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കും. ശേഷം വായു സഞ്ചാരം കടക്കാത്ത വലിയ ഡ്രമ്മുകളിൽ അടച്ച് സൂക്ഷിക്കും. വായു കടക്കാത്തതു മൂലം ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും അതിലൂടെ അവ ഫെർമെന്റ് ആവുകയും ചെയ്യുന്നു.
60 മുതൽ 90 ദിവസംവരെ സൂക്ഷിക്കന്പോഴാണ് ഇവ ഫെർമെന്റ് ആകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് ആവശ്യാനുസരണം പശുക്കൾക്ക് തീറ്റയായി നൽകുന്നു.
പശുവിന് കൊടുക്കുന്നതിനു മുൻപ് എത്രയാണോ അവയ്ക്ക് വേണ്ടത് അത്രയും അളവിൽ സൈലേജ് എടുക്കുന്നു. ശേഷം അതിൽ വെള്ളം തളിച്ച് പശുവിനു നൽകുന്നു.
◄ സൈലേജ് എവിടെനിന്ന് ?
മിൽമ വഴി സബ്സിഡി മുഖേന സൈലേജ് ലഭ്യമാകുന്നുണ്ട്. ഒരു കിലോ സൈലേജിന് പുറത്ത് എട്ട് രൂപയാണ് കൊടുക്കേണ്ടിവരുന്നത്. തൽസ്ഥാനത്ത് മിൽമവഴി വാങ്ങുമ്പോൾ രണ്ട് രൂപ സബ്സിഡി ഇനത്തിൽ പോയി ആറ് രൂപ മാത്രമേ മുടക്ക് ആകുന്നുള്ളൂ.
ഫാമിലേക്ക് അവർതന്നെ നേരിട്ട് എത്തിച്ച് തരികയും ചെയ്യും. പത്ത് മുതൽ പന്ത്രണ്ട് ടൺവരെ സൈലേജ് ഒരു ദിവസം പശുവിനു നൽകേണ്ടി വരുന്നു. ആയതിനാൽ മിൽമ നൽകുന്ന സബ്സിഡി വളരെ ഉപകാരമാണ്.
◄ സൈലേജിനെക്കുറിച്ചുള്ള നെഗറ്റീവുകൾക്ക് മറുപടി?
പശുക്കൾ പുല്ല് മാത്രമേ കഴിക്കൂ അതിനാൽ അവ സസ്യഭുക്കുകളാണ എന്നാണ് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ കേട്ടുവളർന്നത്. എന്നാൽ പുല്ലിനു പകരം സൈലേജ് നൽകിയപ്പോൾ ആളുകൾ അവർ കേട്ടുശീലിച്ച ആ ബോധ്യത്തിൽ നിന്ന് നെഗറ്റീവുകൾ പറയാൻ തുടങ്ങി.
സൈലേജും സസ്യാഹാരമാണ്. എന്നാൽ ഫെർമെന്റ് ചെയ്യുന്ന ഈ കൂട്ട് പശുക്കൾക്ക് നൽകുന്നത് ശരിയല്ല എന്നാണ് പലരും പറഞ്ഞത്. ഇത് പരിശോധിക്കാൻ പാലക്കാട് മിൽമയിൽ നിന്ന് 20 ൽപരം ക്ഷീര കർഷകർ ക്ഷീരാ ഡയറിയിലെത്തിയിരുന്നു.
എന്നാൽ പശുക്കളുടെ പരിപാലനവും അവയുടെ ആഹാര രീതിയും കണ്ടതോടെ സൈലേജുകളെക്കുറിച്ചുള്ള അതുവരെ ഉണ്ടായിരുന്ന അവരുടെ എല്ലാ തെറ്റിദ്ധാരണകളും മാറി.

◄ ക്ഷീരാ ഡയറി?
40 പശുക്കളാൽ സമ്പന്നമാണ് ക്ഷീരാ ഡയറി. പശുക്കളെക്കുറിച്ച് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും ഏത് സമയത്തും ക്ഷീരാഫാമിലേക്ക് എത്താം. ദിവസേന ധാരാളം ആളുകൾ ഇവിടേക്ക് എത്താറുമുണ്ട്. അതുപോലെ പുതിയതായി കാലി വളർത്തലിലേക്ക് കടക്കാൻ പോകുന്ന ആളുകളെ സഹായിക്കാറുമുണ്ട്.
അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതോടൊപ്പം പശുക്കളെവരെ എത്തിച്ചു കൊടുക്കാറുണ്ട് ഇരുവരും. എന്തിനേറെ മറ്റൊരു ക്ഷീരാ ഫാം തന്നെ അവർക്ക് ഒരുക്കിക്കൊടുക്കാറുമുണ്ട്. ഒരുപാട് യുവ കർഷകർ അതിനായി എത്താറുമുണ്ട്.രണ്ട് മാസത്തിനുള്ളിൽ 100 പശുക്കളോളം ക്ഷീരാ ഡയറിയിലേക്ക് എത്തും.
◄ പാൽ ലഭ്യത?
20 ലിറ്റർ മുതൽ 35 വരെ കറക്കുന്ന എച്ച്എഫ് പശുക്കളാണ് ഫാമിലുള്ളത്. ദിവസം കുറഞ്ഞത് 20 ലിറ്റർ പാലെങ്കിലും കറവയുള്ള പശുക്കളെ വളർത്തിയെങ്കിൽ മാത്രമേ ലാഭകരം എന്നു പറയാൻസാധിക്കും. നാടൻ പശുക്കളെ സംബന്ധിച്ച് ജേഴ്സി പശുക്കളെ ആളുകൾ തെരഞ്ഞെടുക്കുന്നതിനുള്ള കാരണവും ഇതുതന്നെയാണ്.
◄ വൈദ്യസഹായം?
ഡോക്ടർമാർ ഫാമിലേക്ക് എത്താറാണ് പതിവ്. എന്നാൽ മസിൽ ഇൻജെക്ഷൻ പോലെയുള്ള കാര്യങ്ങൾ ഡോക്ടർമാരുടെ നിർദേശ പ്രകാരം നമുക്ക്തന്നെ ചെയ്യാവുന്നതാണ്.
◄ സബ്സിഡി?
മിൽമയിൽ നിന്നുള്ള സബ്സിഡിക്ക് ഇന്ന്വരെ മുടക്കം വന്നിട്ടില്ല. കാലിത്തീറ്റയുടെ കാര്യത്തിലാണെങ്കിലും യാതൊരു ഭംഗവും വന്നിട്ടില്ല.
◄ യുവ കർഷകർക്കുള്ള ഉപദേശം?
അധ്വാനിക്കാൻ മനസുള്ളവന് എന്തും ചെയ്യാൻ സാധിക്കും. മിൽമ സൊസൈറ്റിയുള്ള കാലത്തോളം യാതൊരു കുറ്റബോധത്തിനും ഇട വരികയുമില്ല.
Tags : Dairy school sheera dairy