ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വയനാടിന്റെ മലനിരകൾ എന്നും സുഗന്ധങ്ങളുടെ നാടാണ്. കുരുമുളകിന്റെ കാഠിന്യവും മഞ്ഞളിന്റെ ഔഷധഗുണവും ഏലക്കയുടെ മധുരസ്മരണയും ചേർന്ന ഈ മണ്ണ് നിരവധി കാർഷിക വിജയഗാഥകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
എന്നാൽ, ഇന്നു വയനാടിന്റെ ഗ്രാമീണ അടുക്കളകളിൽനിന്ന് ഉയർന്നുവരുന്നത് മറ്റൊരു വ്യത്യസ്തമായ കഥയാണ്പുകമണം നിറഞ്ഞ ഉണക്ക പോത്തിറച്ചിയുടെയും ഇടിയിറച്ചിയുടെയും രുചിക്കഥ.
പുൽപ്പള്ളി ആടിക്കൊല്ലി ചാരുപ്ലാക്കൽ ഡില്ല സജി എന്ന വനിതാ സംരംഭകയാണ് ഈ രുചിക്കഥയുടെ കേന്ദ്രകഥാപാത്രം. ഒരുകാലത്ത് മലനാട്ടിലെ വീടുകളിൽ കുടുംബാവശ്യത്തിനു മാത്രം തയാറാക്കിയിരുന്ന ഉണക്കിറച്ചിയെ മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലെത്തിക്കുകയാണ് അവർ.
പാരന്പര്യ പാചകരീതിയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്പോൾ ഗ്രാമീണ ഭക്ഷ്യസംസ്കാരത്തിന് എത്രമാത്രം സാധ്യതകളുണ്ടെന്ന് തെളിയിക്കുന്ന മാതൃക കൂടിയാണ് ഈ സംരംഭം.
അടുക്കളയിൽനിന്ന് വിപണിയിലേക്ക്
മഴക്കാലങ്ങളിലും ഉത്സവസീസണുകളിലും വീട്ടുപയോഗത്തിനായി ഇറച്ചി ഉണക്കിവെക്കുന്ന രീതി വയനാട്ടിലെ പഴയ കുടുംബങ്ങളിൽ സാധാരണമായിരുന്നു. ഫ്രിഡ്ജുകളോ ആധുനിക സംഭരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഭക്ഷണം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രായോഗിക മാർഗമായിരുന്നു ഇത്.
കാലം മാറിയെങ്കിലും ആ രുചിയുടെ ഓർമ്മകൾ മലയാളികളുടെ മനസിൽ ഇന്നും ജീവനോടെയുണ്ട്. ആ ഓർമ്മകളെ ഉണർത്തിയാണ് ഡില്ല സജി ഉണക്കിറച്ചിയും ഇടിയിറച്ചിയും നിർമിക്കുന്നത്. മാംസ് സ്പെഷൽ എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
""വിപണിയിൽ ലഭിക്കുന്ന പല ഉത്പന്നങ്ങളിലും അമിതമായ മസാലകളുടെ രുചിയാണ് മുൻപന്തിയിൽ. എന്നാൽ, ഇറച്ചിയുടെ യഥാർഥ സ്വാദാണ് ഉപഭോക്താവിന് ലഭിക്കേണ്ടത്'' എന്ന് ഡില്ല പറയുന്നു.
ഉപ്പും കുരുമുളകും മഞ്ഞളും മാത്രം ഉപയോഗിച്ചാണ് രുചിക്കൂട്ട് തയ്യാറാക്കുന്നത്. അധിക മസാലകളോ കൃത്രിമ രുചിവർധകങ്ങളോ ചേർക്കുന്നില്ല.
അതുകൊണ്ടുതന്നെ ഉണക്കിറച്ചി കൈയിൽ എടുക്കുമ്പോൾ അത് പൂർണമായും ഡ്രൈ ആണെങ്കിലും കഴിക്കുന്പോൾ മൃദുത്വം നിലനിൽക്കും. വായിൽ വെച്ചാൽ ചുട്ടിറച്ചിയുടെ സ്വാഭാവിക ഫ്ളേവർ അനുഭവപ്പെടും.
ഇറച്ചിയുടെ യഥാർഥ രുചി മറയ്ക്കാതെ ഉയർത്തിക്കാട്ടുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
സ്വന്തം കൃഷിയിടത്തിലെ ചേരുവകൾ
സംരംഭത്തിന്റെ മറ്റൊരു സവിശേഷത പ്രധാന ചേരുവകളിൽ പലതും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ലഭിക്കുന്നത് എന്നതാണ്. വയനാടിന്റെ കാലാവസ്ഥയിൽ വളരുന്ന കുരുമുളകും മഞ്ഞളും സ്വന്തം കൃഷിയിടത്തിൽനിന്നാണ് ശേഖരിക്കുന്നത്.
രാസവളങ്ങളുടെ അമിത ഉപയോഗമില്ലാതെ വളർത്തുന്ന കാർഷികവിളകളിൽ നിന്നുള്ള ഈ ചേരുവകൾ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നു. ഉണക്കിറച്ചി നിർമിക്കുന്നത് എളുപ്പമുള്ള ജോലിയല്ല.
ഗുണമേന്മയുള്ള പോത്തിറച്ചി തെരഞ്ഞെടുക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം പ്രത്യേകമായി തയ്യാറാക്കിയ ഡ്രൈയിംഗ് സംവിധാനത്തിലേക്കു മാറ്റുന്നു.
ഓരോ ഘട്ടത്തിലും ചൂടിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം. അധിക ചൂട് ലഭിച്ചാൽ ഇറച്ചിയുടെ മൃദുത്വം നഷ്ടപ്പെടും. ചൂട് കുറവായാൽ ആവശ്യമായ രീതിയിൽ ഉണങ്ങുകയുമില്ല.
അതുകൊണ്ടുതന്നെ ഓരോ ബാച്ചും നിരന്തരം നിരീക്ഷിച്ചാണ് തയ്യാറാക്കുന്നത്. പണ്ടുകാലത്ത് വിറകടുപ്പിന്റെ പുകയിലും ചൂടിലുമായിരുന്നു ഉണക്കിറച്ചി തയ്യാറാക്കിയിരുന്നത്.
ഇന്ന് ആധുനിക ഡ്രൈയിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പഴമയുടെ അതേ രുചിയും നിറവും ഗുണവും നിലനിർത്താൻ പ്രത്യേക ശ്രദ്ധ നൽകുന്നു.

വിപണി വികസിപ്പിക്കുന്ന സാമൂഹികമാധ്യമങ്ങൾ
ആരംഭത്തിൽ ചെറിയ തോതിലായിരുന്നു നിർമാണം. എന്നാൽ, സാമൂഹികമാധ്യമങ്ങളിലൂടെ ഉത്പന്നങ്ങളുടെ വിവരങ്ങൾ പ്രചരിച്ചതോടെ ആവശ്യക്കാർ വർധിച്ചു. ഇന്ന് വയനാട്ടിൽ മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും ഉത്പന്നങ്ങൾ ആവശ്യപ്പെടുന്നു.
പ്രവാസി മലയാളികൾക്കിടയിലും ഉണക്കിറച്ചിക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഡില്ല പറയുന്നു. പാരന്പര്യ രുചികളെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മൂല്യവർധിത ഉത്പന്നങ്ങൾ
ഉണക്കിറച്ചിയും ഇടിയിറച്ചിയും മാത്രമല്ല, നിരവധി മൂല്യവർധിത ഉത്പന്നങ്ങളും ഈ സംരംഭത്തിന്റെ ഭാഗമാണ്. മഞ്ഞൾ പുഴുങ്ങാതെ ഉണക്കിപ്പൊടിച്ച് തയാറാക്കുന്ന മഞ്ഞൾപ്പൊടി, വിവിധതരം അച്ചാറുകൾ എന്നിവയും നിർമിക്കുന്നുണ്ട്.
ഇതിനുപുറമേ നാടൻ ചമ്മന്തിപ്പൊടി, കറികൾക്കാവശ്യമായ തേങ്ങ വറുത്തുപൊടിച്ചത് തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് മൂല്യം കൂട്ടി കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണം ചെയ്യുന്ന മാതൃകയാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.
കുടുംബത്തിന്റെ കരുത്ത്
ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. ഡില്ല സജിയുടെ സംരംഭത്തിനും അതിൽ വ്യത്യാസമില്ല. ഭർത്താവ് സജി, മക്കളായ എയ്ബൽ അഗസ്ത്യൻ, നേഹൽ അഗസ്ത്യൻ എന്നിവർ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പമുണ്ട്.
ഉത്പന്ന നിർമാണം മുതൽ വിപണനം വരെ കുടുംബത്തിന്റെ കൂട്ടായ പരിശ്രമമാണ് സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമീണ മേഖലകളിലെ നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ് ഡില്ല സജിയുടെ യാത്ര.
സ്വന്തം കൃഷിയിടത്തിലെ ഉത്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധിത ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നതിലൂടെ ഗ്രാമീണ സന്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകൾ തുറക്കുകയാണ് അവർ.
കൃഷിയും ഭക്ഷ്യസംസ്കരണവും കൈകോർക്കുന്പോൾ ലഭിക്കുന്ന സാധ്യതകളുടെ മികച്ച ഉദാഹരണമാണ് ഈ സംരംഭം.
രുചിയുടെ ഭാവി
പാരമ്പര്യ രുചികളെ നഷ്ടപ്പെടുത്താതെ ആധുനികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഡില്ല സജിയുടെ സംരംഭം ഒരു വിജയഗാഥ മാത്രമല്ല, ഗ്രാമീണ സംരംഭകത്വത്തിന്റെ പുതിയ മുഖവുമാണ്. മലനാട്ടിലെ അടുക്കളകളിൽ ഒരുകാലത്ത് കുടുംബങ്ങളുടെ വിശപ്പകറ്റിയ ഉണക്കിറച്ചി ഇന്ന് വിപണിയിലെ പ്രിയവിഭവമായി മാറിയിരിക്കുന്നു.
വയനാടിന്റെ തനത് രുചികൾ കേരളത്തിനകത്തും പുറത്തുമുള്ള ഭക്ഷണപ്രേമികളുടെ മേശകളിലെത്തിക്കാനുള്ള യാത്രയിൽ ഡില്ല സജിയും കുടുംബവും മുന്നേറുകയാണ്. ആ യാത്രയുടെ സുഗന്ധം, വയനാടിന്റെ മണ്ണിന്റെ സുഗന്ധം തന്നെയാണ്.
ഫോൺ: 8921844829
Tags : Agriculture Karshakan