കട്ട് ചെയ്ത പായ്ക്കറ്റുകളിലാക്കിയ പച്ചക്കറികളുമായി കോമളം, കുമാരി, തങ്കി, ശ്രീജ, സൗമ്യ എന്നിവർ
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷത്തില്‍ ഭക്ഷ്യസുരക്ഷ, പോഷകാഹാര ലഭ്യത, ദാരിദ്ര നിര്‍മാര്‍ജനം എന്നിവയില്‍ മാത്രമല്ല, സമഗ്ര മേഖലയിലും മുന്നേറ്റം തുടരുകയാണ് കേരളത്തിലെ വനിതാ കര്‍ഷകര്‍.
കാര്‍ഷിക ഉത്പന്നങ്ങളുടെ നടീല്‍ മുതല്‍ വില്പന വരെയുള്ള സംവിധാനങ്ങളില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. സാമ്പത്തിക സുരക്ഷിതത്വത്തിനായി സമൂഹത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വനിതകള്‍ ഒട്ടും പിന്നിലല്ല.
സാധാരണ കൃഷികള്ക്കപ്പുറം വ്യത്യസ്ഥമായ രീതികള്‍ തേടുകയാണ് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ എന്ന ഗ്രാമത്തിലെ വനിതാ കര്‍ഷകര്‍.
കാര്‍ഷികവൃത്തി പ്രാണവായുവാക്കിയ നന്മയുള്ള നാട്ടിന്‍പുറമാണ് തിരവനന്തപുരം ജില്ലയുടെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത്. വെള്ളായണിക്കായലിന്റെ തീരത്ത് പച്ചപ്പുകള്‍ നിറയ്ക്കുന്ന കൃഷിയിടങ്ങള്‍.
കല്ലിയൂര്‍ എന്ന ഗ്രാമം കൃഷിയുടെ പര്യായമായെങ്കില് അതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് അവിടുത്തെ വനിതാ കര്‍ഷകര്‍.
മുഴുവന്‍ സമയ കര്‍ഷകയായിരുന്ന കല്ലിയൂര്‍ സ്വദേശിനി സൗമ്യയും സുഹൃത്തുക്കളും മൂന്നു വര്‍ഷം മന്‍പാണ് താന്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വില്ക്കുന്നതിനെക്കുറിച്ചു ചിന്തിച്ചത്. സാമ്പാര്‍, അവിയല്‍, തോരന്‍ എന്നിവ തയാറാക്കുന്നതിനുള്ള പച്ചക്കറികള്‍ കട്ട് ചെയ്ത് പായ്ക്കറ്റുകളാക്കി ആയിരുന്നു തുടക്കം.
ആഴ്ചകള്‍ക്കുള്ളില്‍ സംഗതി ഹിറ്റായി. മിതമായ വിലയില്‍ ശുദ്ധമായ പച്ചക്കറി ഉത്പന്നങ്ങള്‍ പാക്കറ്റില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ വാങ്ങുന്നവര്‍ക്ക് അടുക്കള ജോലിയും എളുപ്പം.
അങ്ങനെയാണ് കല്ലിയൂര്‍ ഗ്രീന്‍സ് എന്ന വനിതാ സംരംഭം ആരംഭിക്കുന്നത്. കല്ലിയൂര്‍ എന്ന ഗ്രാമത്തിലെ വനിതാ കര്‍ഷകരുടെ വിജയചിഹ്നമാണ് ഇന്ന് കല്ലിയൂര്‍ ഗ്രീന്‍സ്.
ആദ്യം ചെറിയ ഷോപ്പായി ആരംഭിച്ച ഈ സംരഭം ഇന്ന് ഓണ്‍ലൈനായി തിരുവനന്തപുരം നഗരത്തിലെങ്ങും വീട്ടുപടിക്കല്‍ പച്ചക്കറികളും മറ്റ് മൂല്യ വര്‍ധിത ഉത്പന്നങ്ങളും എത്തിക്കുന്നു. ജലസമൃദ്ധിയുള്ള വെള്ളായണിയുടെ മണ്ണില്‍ പുത്തന്‍ ആശയങ്ങളും വിജയിപ്പിച്ചെടുക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഈ വനിതകള്‍.
കല്ലിയൂര്‍ കൃഷിഭവനു കീഴിലുള്ള രാഗ് കൃഷിക്കൂട്ടത്തിന്റെ സംരംഭങ്ങളാണ് കല്ലിയൂര്‍ ഗ്രീന്‍സ്, ഫാം വേവ്സ്, സൗമ്യാസ് ബഹുരസം എന്നിവ. കല്ലിയൂര്‍ ഗ്രീന്‍സ് എന്ന പേരില്‍ കട്ട് വെജിറ്റബിളുകളും ഫാം വേവ്സ് എന്ന പേരില്‍ പൊടി ഐറ്റങ്ങളും സൗമ്യാസ് ബഹുരസം എന്ന പേരില്‍ റെഡി ടു ഈറ്റ് വിഭവങ്ങളും ഇന്ന് വിതരണം ചെയ്യുന്നു.

ചെറിയ തുടക്കം
2023ല്‍ 10-15 പാക്കറ്റുകളിലായി സാമ്പാര്‍, അവിയല്‍, തേരന്‍ എന്നിവയ്ക്കുള്ള പച്ചക്കറികള്‍ അരിഞ്ഞു തയ്യാറാക്കിയായിരുന്നു സൗമ്യയുടെ നേതൃത്വത്തിലുള്ള വനിതാസംഘം ഈ രംഗത്തേക്ക് കാലെടുത്തു വച്ചത്. അവിയല്‍, സാമ്പാര്‍ കൂട്ടുകള്‍ 450 ഗ്രാം, തോരന്‍ വിഭവങ്ങള്‍ 250 ഗ്രാം എന്നിങ്ങനെയായിരുന്നു തൂക്കം. അവിയല്‍, സാമ്പാര്‍ കൂട്ടുകള്‍ക്ക് 45 രൂപയും തോരന്‍ കൂട്ടിന് 35 രൂപയുമായിരുന്നു വില.
ചീര, മത്തങ്ങ, പാവക്ക, പടവലം തുടങ്ങിയവയെല്ലാം വൃത്തിയാക്കി അരിഞ്ഞ് തൂക്കി പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചു. ആദ്യം ആളുകള്‍ കൗതുകത്തിനു വേണ്ടിയായിരുന്നു വാങ്ങിയിരുന്നതെന്നു സൗമ്യ ഓര്‍മിക്കുന്നു. പിന്നീട് ആളുകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ അന്വേഷിച്ചു വന്നു തുടങ്ങി. ഡിമാന്റ് വര്‍ധിച്ചതോടെ കൂടുതല്‍ പാക്കറ്റുകള്‍ തയാറാക്കി.
പിന്നീട് ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഇവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയത്. ഹോം ഡെലിവറി ലഭിക്കുമെന്നായതോടെ സാധനങ്ങളുടെ ഡിമാന്റ് വീണ്ടും വര്‍ധിച്ചു. ആദ്യമൊക്കെ നേരിട്ട് വില്പന നടത്തിയിരുന്ന ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഇ കാട്ട് ഡോട്ട്.ഇന്‍ എന്ന ആപ്പ് വഴിയാണ് വില്പന നടത്തുന്നത്.
നിരവധി ഉത്പന്നങ്ങളും അധികമായി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ പച്ചക്കറികള്‍ മുതല്‍ വാല്യൂ ആഡഡ് ഉത്പന്നങ്ങള്‍ വരെയുണ്ട്. ഇപ്പോള്‍ 220 ഉത്പന്നങ്ങളാണ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാവുന്നത്. ഇതില്‍ വാഴക്കൂമ്പ് ചായ, സൂപ്പ്, വാഴത്തട അച്ചാര്‍ തുടങ്ങിയവയെല്ലാമുണ്ട്.
കട്ട് ചെയ്ത വെജിറ്റബിള്‍സ് തുടങ്ങിയ റെഡി ടു കുക്ക് ഉത്പന്നങ്ങള്‍, പേസ്റ്റുകള്‍, തൊലി കളഞ്ഞവ, സാമ്പാര്‍ കൂട്ട്, അവിയില്‍ കൂട്ട്, തോരന്‍ കട്ട് മിക്സ്, ചീര, മത്തങ്ങ അരിഞ്ഞത്, തേങ്ങ ചിരകിയത്, തേങ്ങാപ്പാല്‍, ഏത്തക്കാപ്പൊടി, മരച്ചീനി പൊടി തുടങ്ങിയവയെല്ലാമുണ്ട് ഇവരുടെ ആപ്പില്‍.
ലളിതമായി ആപ്പ് പരിശോധിച്ച് ആവശ്യമുള്ളവ തെരഞ്ഞെടുക്കാം. ഇവയ്ക്കു പുറമേ വാഴപ്പഴം ഹല്‍വ, കറി മസാലകള്‍, അച്ചാറുകള്‍ എല്ലാമായി അടുക്കളയിലേക്കു വേണ്ടത് എല്ലാം ഇവിടെ റെഡി.
ഹൈടെക് സംവിധാനങ്ങൾ
തലേന്നു തന്നെ പിറ്റേന്നത്തേക്കുള്ള ഐറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അപ്ഡേറ്റ് ചെയ്യും. വാട്സാപ്പ് മെസേജായും സാധാരണ ഫോണ്‍ കോളായും ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന രീതി ഇവര്‍ക്കുണ്ട്.
ഇവരുടെ തന്നെ വാഹനത്തില്‍ വീടുകളില്‍ എത്തിക്കുന്നതാണ് രീതി. ബില്‍ വാട്സാപ്പായി ലഭിക്കും. ഇത് ക്യാഷ് ഓണ്‍ ഡെലിവറിയായോ ഗൂഗില്‍ പേ വഴിയോ നല്‍കാം. ഇലക്ട്രിക് ഓട്ടോറിക്ഷയിലാണ് നഗരത്തില്‍ ഇവര്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
വര്‍ഷങ്ങളായി കാര്‍ഷിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സൗമ്യ സാഗറാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. സുമ, ഗിരിജ, ശ്രീജ, കോമളം, വനജ, കുമാരി, തങ്കി എന്നിവരാണ് സൗമ്യയ്ക്കൊപ്പം ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കല്ലിയൂര്‍ ഊക്കോട് ആണ് ഇവരുടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജൈവ രീതിയിലാണ് ഇവര്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയാല്‍ മാത്രമേ നല്ല വില ലഭിക്കൂ എന്ന ചിന്ത വന്നതോടെയാണ് കട്ട് വെജിറ്റബിള്‍സ് എന്ന ആശയം അവതരിപ്പിച്ചതെന്നു സൗമ്യ പറയുന്നു. ഉപഭോക്താക്കളിലേക്ക് ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനാല്‍ ഇരു കൂട്ടര്‍ക്കും സാമ്പത്തിക ലാഭമുണ്ട്.
.jpeg1785414713.jpg)
വെറൈറ്റി ഐറ്റങ്ങള്‍!
നിരവധി വെറൈറ്റി ഉത്പന്നങ്ങളാണ് ഇവര്‍ ഉത്പാദിപ്പിച്ചു വിപണിയിലെത്തിക്കുന്നത്. വാഴക്കൂമ്പ് പൊടി ഇതില്‍ പ്രധാനമാണ്. ചെറുതായി അരിഞ്ഞ് ഉണക്കിപ്പൊടിച്ചാണ് വാഴക്കൂമ്പ് പൊടിയുണ്ടാക്കുന്നത്. ചായപ്പൊടിക്കു പകരമായി ഇത് ഉപയോഗിക്കാം.
പാലില്‍ ചേര്‍ത്ത് കുടിക്കുകയുമാകാം. വാഴക്കൂമ്പ് കഴിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ഇതിനും ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. ഓണ്‍ലൈന്‍ വിപണിയില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ളത് കട്ട് ചെയ്ത പച്ചക്കറികള്‍ക്കാണെങ്കിലും വാഴക്കൂമ്പ് പൊടിക്കും വാഴത്തട അച്ചാറിനുമെല്ലാം ആവശ്യക്കാര്‍ ഏറെയാണ്.
പിന്തുണയുമായി കൃഷി വകുപ്പ്
പിന്തുണയുമായി സര്‍ക്കാര്‍
ഇവരുടെ സംരംഭത്തിനു സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സാമ്പത്തികവും സാങ്കേതികവുമായ എല്ലാ പിന്തുണയുമുണ്ട്. കൃഷിഭവന്റെ സപ്പോര്‍ട്ട് വളറെ വലുതാണെന്ന് ഇവര്‍ പറയുന്നു.
കല്ലിയൂര്‍ കൃഷി ഓഫീസര്‍ മേരി ലത, അസിസ്റ്റന്റ് അഗ്രികള്‍ചര്‍ ഓഫീസര്‍ കെ.രമണി, കൃഷി അസിസ്റ്റന്റുമാരായ ജെ.എസ്.അനില്‍കുമാര്‍, എസ്.കെ.ഷിനു, കാര്‍ഷിക കര്‍മസേന സൂപ്പര്‍വൈസര്‍ ടി.വിദ്യ എന്നിവര്‍ വിത്തു നടുന്നതു മുതലുള്ള എല്ലാ സാഹയങ്ങള്ക്കും ഒപ്പമുണ്ട്.
വാടും മുന്‍പ് അടുക്കളയില്‍
ഓര്‍ഡര്‍ ലഭിക്കുന്നവ പുലര്‍ച്ചെ തന്നെ കൃഷിയിടത്തു നിന്നും ശേഖരിക്കുന്നതാണ് ഇവരുടെ രീതി. ആവശ്യാനുസരണം പച്ചക്കറികള്‍ വിളവെടുക്കുന്നു. ഇവ പ്രത്യേകം പ്രത്യേകമായി പായ്ക്ക് ചെയ്ത് പുറത്ത് കല്ലിയൂര്‍ ഗ്രീന്‍സിന്റെ സ്റ്റിക്കറും ഒട്ടിച്ച ശേഷമാണ് ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ഇവയുടെ വിതരണത്തിനായി പോകുന്നത്.
നഗരത്തില്‍ 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മറ്റു ജില്ലകളിലേക്ക് കോറിയര്‍ ചെയ്തു കൊടുക്കുന്ന രീതിയുമുണ്ട്.
Tags : Agriculture Karshakan