സീതാലക്ഷ്മിയമ്മ
പച്ചപ്പിന്റെ സമൃദ്ധിയിൽ തുടിച്ചുനിൽക്കുന്ന തൊടിയിലേക്ക് അതിരാവിലെ ഇറങ്ങുന്പോൾ എഴുപത്തെട്ടാം വയസിലും സീതാലക്ഷ്മി അമ്മാളിന് ചെറുപ്പത്തിന്റെ ചുറുചുറുക്കാണ്.
ആറു പതിറ്റാണ്ടിലേറെയായി മണ്ണിനോടു ചേർന്നുനിന്ന് കൃഷി ചെയ്യുന്ന സി.വി. സീതാലക്ഷ്മി മണ്ണിൽ പൊന്നുവിളയിക്കുകയാണ്. കൃഷിയോടുള്ള ആത്മാർഥതയും മണ്ണിനോടുള്ള സ്നേഹവുമാണ് പ്രായത്തെ മറികടന്ന് ഇന്നും അവരെ കൃഷിയിടത്തിലെത്തിക്കുന്നത്.
തൃശൂർ ചേലക്കര ചേലക്കോട് വടക്കേമഠം രാമലിംഗയ്യരുടെ പത്നിയായി എത്തിയതോടെയാണ് സീതാലക്ഷ്മിയുടെ കാർഷികജീവിതം കൂടുതൽ സജീവമാകുന്നത്.
കൃഷിക്കാരനായ ഭർത്താവിന്റെ താത്പര്യങ്ങൾക്കൊപ്പം ചേർന്നതോടെ കൃഷി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പിന്നീട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മണ്ണുമായുള്ള ആ ബന്ധം തുടർന്നുപോരുന്നു.
റബറും പച്ചക്കറി കൃഷിയും
ഏകദേശം 25 ഏക്കർ സ്ഥലത്താണ് സീതാലക്ഷ്മി അമ്മാളിനും കുടുംബത്തിനും റബർ കൃഷിയുള്ളത്. ഇതിൽ ആറേക്കറോളം വരുന്ന പ്രദേശത്ത് റബർ റീപ്ലാന്റിങ്ങിനൊപ്പം ഇടവിളയായി വിവിധ കാർഷികവിളകളും കൃഷി ചെയ്യുന്നു.
പച്ചക്കറികൾക്കും കിഴങ്ങുവർഗങ്ങൾക്കും പഴവർഗങ്ങൾക്കും ഒരുപോലെ ഇടം നൽകിയിരിക്കുന്ന ഈ കൃഷിയിടം വൈവിധ്യത്തിന്റെ മികച്ച മാതൃകയാണ്. എല്ലാ ദിവസവും രാവിലെ ഏഴരയോടെ തൊഴിലാളികൾക്കൊപ്പം സീതാലക്ഷ്മി അമ്മാളും കൃഷിയിടത്തിലെത്തും.
പണിക്കാർ പറമ്പിൽനിന്നു കയറുന്നതുവരെ അവർക്കൊപ്പം ജോലികളിൽ മുഴുകും. പ്രായം 78 പിന്നിട്ടെങ്കിലും കൃഷിയിടത്തിലെ ഓരോ കാര്യത്തിലും നേരിട്ട് ഇടപെടുന്ന ശീലം ഇന്നും തുടർന്നു പോരുന്നു.
മത്തൻ, എളവൻ, വെള്ളരി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം വാഴ, ചേന്പ്, ചേന, മഞ്ഞൾ, ഇഞ്ചി, കുരുമുളക് തുടങ്ങിയ വിളകളും തെങ്ങും കവുങ്ങും കൃഷിയിടത്തിന്റെ കാർഷിക വൈവിധ്യം വർധിപ്പിക്കുന്നു.
ഇടവിളയിൽ മികച്ച വിളവ്
റബർ തോട്ടത്തിൽ ഇടവിളയായി ഏകദേശം 600 ഞാലിപ്പൂവൻ വാഴകളും കൃഷി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ചേനയും ചേന്പും ഉൾപ്പെടെയുള്ള കൃഷിയിടത്തിലുണ്ട്. ഒരേക്കറോളം സ്ഥലത്ത് മാവും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കൃഷിയിൽനിന്നുള്ള ഉത്പന്നങ്ങൾ പ്രധാനമായും മൊത്തക്കച്ചവടക്കാർ വഴിയാണ് വിപണിയിലെത്തിക്കുന്നത്. പച്ചക്കറികളും ഇതേ രീതിയിൽ വിൽക്കുന്നു.
തൃശൂരിൽ ധനലക്ഷ്മി സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തുന്ന മകൻ വൈത്തീശ്വരൻ അയ്യരാണ് കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രധാനമായും സഹായിക്കുന്നത്.

ജൈവവളത്തിന് പ്രാധാന്യം
റബർ കൃഷിയിലും മറ്റു വിളകളിലും ജൈവവളത്തിനാണ് സീതാലക്ഷ്മി അമ്മാൾ പ്രാധാന്യം നൽകുന്നത്. കൃഷിയിടത്തിന്റെ അതിർത്തികളിൽ കുരുമുളകും കൃഷി ചെയ്യുന്നുണ്ട്.
ഇടവിളയായി പച്ചക്കറികൾ കൃഷി ചെയ്യുന്നത് അധികവരുമാനം ലഭിക്കുന്നതിനൊപ്പം റബർ തോട്ടത്തിന്റെ പരിപാലനത്തിനും സഹായകരമാണ്.
മത്തനും വെള്ളരിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വിപണിയിൽ മികച്ച ഡിമാൻഡാണ്. അടുത്തിടെ മാത്രം ഏകദേശം 16,000 രൂപയുടെ മത്തനും 15,000 രൂപയുടെ വെള്ളരിയും വിറ്റഴിക്കാൻ കഴിഞ്ഞു.
നാലു ദിവസത്തിലൊരിക്കൽ വിളവെടുപ്പ് നടത്താറുണ്ട്. റബർ തോട്ടത്തിൽ ഇടവിളയായി പച്ചക്കറികൾ കൃഷി ചെയ്യുന്നു.
കുടുംബത്തിന്റെ കൈത്താങ്ങ്
സീതാലക്ഷ്മി അമ്മാളിന് അഞ്ചു മക്കളാണുള്ളത്. മൂത്ത മകൻ കൃഷ്ണൻ കൃഷിയിൽ സജീവമാണ്. അലമേലു മങ്കാൾ, ഭാഗീരഥി (എസ്ബിഐ മാനേജർ), കാമാക്ഷി (നരസുസ് ഫുഡ് പ്രോഡക്ട്സ്) എന്നീ പെണ്മക്കളും അമ്മയുടെ കൃഷിരീതികളിൽ തൽപരരാണ്.
തൃശൂരിൽ കഴിഞ്ഞ 25 വർഷമായി ഇൻവെസ്റ്റ്മെന്റ് കണ്സൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന ഇളയ മകൻ വൈത്തീശ്വരൻ കാർഷിക ഉത്പന്നങ്ങളുടെ വിൽപനയിലും വിപണനത്തിലും അമ്മയെ സഹായിക്കുന്നു.
വൈത്തീശ്വരന്റെ ഭാര്യ ലളിതാംബാളും മക്കളായ വരുണും വേദും സീതാലക്ഷ്മി അമ്മാളിനു പിന്തുണയുമായി ഒപ്പമുണ്ട്. നാലു തലമുറകളായി ചേലക്കോട് പ്രദേശത്തു വസിക്കുന്ന ഈ ബ്രാഹ്മണ കുടുംബം കാർഷിക വരുമാനത്തിലാണു മുന്നോട്ടു പോകുന്നത്.
ജൈവസമ്മിശ്ര കൃഷിയിലൂടെ വിജയംകൊയ്യുന്ന സീതാലക്ഷ്മി അമ്മാൾ യുവതലമുറയ്ക്കു മാതൃകയാണ്.
ഫോണ്: 9645711238
Tags : Karshakan Agriculture