രാജേന്ദ്രൻ നായർ
പാട്ടത്തിനെടുത്ത ഭൂമിയിൽ ഭാര്യ പ്രസന്നയ്ക്കൊപ്പം പച്ചക്കറി കൃഷി നടത്തി വിജയഗാഥ രചിക്കുകയാണ് കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ പനച്ചിക്കുന്നേൽ രാജേന്ദ്രൻ നായർ.
ഇരുപതാം വയസിലാണ് ഇദ്ദേഹം കാർഷിക രംഗത്തേയ്ക്കു കാലെടുത്തു വച്ചത്. 36 വർഷമായി മണ്ണിനെയും കൃഷിയെയും സ്നേഹിച്ച് ഈ രംഗത്തു തുടരുകയാണ്.
പലപ്പോഴും പ്രതികൂല കാലാവസ്ഥ മൂലം പച്ചക്കറി കൃഷി നഷ്ടമായിട്ടുണ്ടെങ്കിലും ഈ രംഗത്തോടു വിട പറയാതെ കൃഷിയിൽ ഉറച്ചു നിൽക്കുന്നതാണ് രാജേന്ദ്രൻ നായരുടെ വിജയ രഹസ്യം.
വർഷങ്ങളോളം വാടക വീട്ടിൽ കഴിഞ്ഞിരുന്ന രാജേന്ദ്രൻ നായർ ഭൂമി സ്വന്തമാക്കിയതും വീടുവച്ചതും പച്ചക്കറി കൃഷിയിൽനിന്നു ലഭിച്ച വരുമാനത്തിലൂടെയാണ്.
വിഎഫ്പിസികെയുടെ ഉടുന്പന്നൂരിലെ കർഷക വിപണി വഴി പ്രതിവർഷം 25 ടണ്ണോളം പച്ചക്കറിയാണ് ഇദ്ദേഹം വിറ്റഴിക്കുന്നത്. വർഷം തോറും നേടുന്നത് ആറു ലക്ഷത്തിലധികം രൂപയുടെ വരുമാനം.
ഓണം ഉൾപ്പെടെയുള്ള സീസണുകളിലാണ് കൂടുതൽ വരുമാനം. ഈ വർഷം 12 ലക്ഷം രൂപയുടെ വരുമാനമാണ് പയർ കൃഷിയിലൂടെ ലക്ഷ്യമിടുന്നത്.
കൃഷി പാട്ടഭൂമിയിൽ മാത്രം
ഇരുപതു വയസു മുതൽ രാജേന്ദ്രൻ നായർ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അന്നു മുതൽ ഇന്നു വരെ പലരിൽനിന്നും പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് കൃഷി. ചെറിയ തോതിൽ ഭൂമി പാട്ടത്തിനെടുത്തായിരുന്നു പച്ചക്കറി കൃഷിയാരംഭിച്ചത്.
ആദ്യഘട്ടത്തിൽ കൃഷിയിൽനിന്നു കാര്യമായ വരുമാനം ലഭിച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ കൂടുതൽ ഊർജസ്വലമായി കൃഷിയിലേയ്ക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.
ഇപ്പോൾ വിവിധയിടങ്ങളിലായി മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്നത്.
പന്തൽകൃഷി
പാവൽ കൃഷിയിലായിരുന്നു തുടക്കം. ഇതിനു പിന്നാലെ പയറും പടവലവും കൃഷി ചെയ്തു തുടങ്ങി. പാവൽ വർഷത്തിൽ ഒന്നും പയറും പടവലവും രണ്ടു സീസണിലും കൃഷി ചെയ്യും.
പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ വെള്ളം ഒഴുകി പോകാനുള്ള ചാലുകൾ തീർത്ത് കൃഷിക്ക് ഉപയുക്തമാക്കും. ഇരുമ്പു പൈപ്പുകളിലാണ് പന്തൽ നിർമിക്കുന്നത്.
ആറു ലക്ഷത്തോളം രൂപയുടെ പൈപ്പുകളിലാണ് ഇപ്പോൾ പന്തലുകൾ തീർത്തിരിക്കുന്നത്. മരത്തിന്റെ കാലുകളേക്കാൾ ബലവത്തായതിനാൽ കൂടുതൽ വർഷം ഈ പന്തൽ ഉപയോഗിക്കാനാകും എന്നതാണ് മെച്ചം.
കൂടാതെ മറ്റിടങ്ങളിലേയ്ക്ക് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനുമാകും. ഇതിനു പുറമെ വാഴയും കൃഷി ചെയ്യുന്നുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് സാധാരണ കൃഷി ചെയ്യുന്നത്.
നേന്ത്രവാഴയുടെ ടിഷ്യു കൾച്ചർ വിത്താണ് ഉപയോഗിക്കുന്നത്. വാഴയിൽനിന്നു മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. ഓരോ വർഷവും ഭൂമിയുടെ പാട്ടം പുതുക്കിയാണ് അടുത്ത കൃഷിയാരംഭിക്കുന്നത്.

വളപ്രയോഗം
പച്ചച്ചാണകവും കോഴിവളവുമാണ് പ്രധാനമായും ചെടികൾക്ക് നൽകുന്നത്. ഇതിനു പുറമെ ഫാക്ടംഫോസ്, പൊട്ടാഷ്, ഡിഎപി എന്നിവ മൂന്നു കിലോ വീതം 250 ലിറ്റർ വെള്ളത്തിൽ ചേർത്ത് രണ്ടു ലിറ്റർ വീതം ഓരോ ചെടിയുടെയും ചുവട്ടിൽ ഒഴിക്കും.
വേനൽക്കാലമായാൽ ആവശ്യത്തിന് ജലസേചനവും നടത്തും. കീട ശല്യം ഉണ്ടെങ്കിൽ മാത്രം ഇവയെ ചെറുക്കാൻ മരുന്നു തളിക്കും. അപൂർവമായി ബാധിക്കുന്ന അഴുകലിനെതിരെയും പ്രതിരോധ മാർഗങ്ങൾ അവലംബിക്കും.
കർഷക വിപണി
ഉടുന്പന്നൂരിൽ പ്രവർത്തിക്കുന്ന വിഎഫ്പിസികെയുടെ കർഷക വിപണിയാണ് ഉത്പന്നങ്ങളുടെ പ്രധാന വില്പന കേന്ദ്രം. പച്ചക്കറി കർഷകർക്ക് ആവശ്യമായ പിന്തുണ വിഎഫ്പിസികെ നൽകി വരുന്നുണ്ട്. വളവും പച്ചക്കറി വിത്തുകളും സബ്സിഡി നിരക്കിൽ ലഭിക്കും.
ആഴ്ചയിൽ രണ്ടു ദിവസമാണ് വിപണിയുടെ പ്രവർത്തനം. പുറമെ നിന്നുള്ള കച്ചവടക്കാരാണ് ഉത്പന്നങ്ങൾ ലേലത്തിൽ പിടിക്കുന്നത്. വർഷത്തിൽ 12 മാസവും വിപണിയിൽ ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്നുണ്ട്. അതിനാൽ വിലയിടിയുന്ന സമയത്തും നഷ്ടം കൂടാതെ പിടിച്ചു നിൽക്കാൻ കഴിയും.
പിന്തുണയുമായി കുടുംബം
രാജേന്ദ്രൻ നായർക്കൊപ്പം ഭാര്യ പ്രസന്നയും കൃഷിയിൽ മുഴുവൻ സമയവും സജീവമാണ്. അടിയന്തരഘട്ടത്തിൽ മാത്രമാണ് പുറമേനിന്നുള്ള തൊഴിലാളികളെ ആശ്രയിക്കുന്നത്.
കൂടുതൽ സമയവും കൃഷിയിടത്തിലെ എല്ലാ ജോലികളും ചെയ്യുന്നതും ഇവർ തന്നെയാണ്. പച്ചക്കറിക്കു പുറമെ സ്വന്തമായുള്ള 40 സെന്റു ഭൂമിയിൽ കൊക്കോ, കമുക്, റംബുട്ടാൻ, തെങ്ങ് എന്നിവയുടെ കൃഷിയുമുണ്ട്.
പച്ചക്കറി കൃഷി തുടരാനാണ് രാജേന്ദ്രൻ നായരുടെയും പ്രസന്നയുടെയും തീരുമാനം. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മകൾ ഗായത്രിയും ഇവർക്കൊപ്പമുണ്ട്.
ഫോണ്: 9961469025
ചിത്രം: അഖിൽ പുരുഷോത്തമൻ
Tags : Karshakan Agriculture