ടി.വി. പുരുഷൻ
കൃഷി എന്നത് കേവലം ഒരു ഉപജീവന മാർഗമല്ല, മറിച്ചു പ്രകൃതിയോടും മണ്ണിനോടും ചേർന്നുനിൽക്കുന്ന നിശ്ചയദാർഢ്യത്തിന്റെ കഥയാണെന്നു തെളിയിക്കുകയാണ് തൊടുപുഴ വഴിത്തല അയ്യൻകോവിൽ ടി.വി. പുരുഷൻ എന്ന അറുപത്തിയെട്ടുകാരൻ.
ആലപ്പുഴ ജില്ലയിലെ ചേർത്തല പള്ളിപ്പുറം സ്വദേശിയായ അദ്ദേഹം ഇഞ്ചിക്കൃഷിയുടെ പണിക്കായി നാലര പതിറ്റാണ്ട് മുൻപാണ് ഇടുക്കി ജില്ലയിലെ കാർഷിക ഗ്രാമമായ വഴിത്തലയിൽ എത്തുന്നത്. പിന്നീടു കൂലിപ്പണികളിൽനിന്ന് സ്വന്തം അധ്വാനത്തിലേക്ക് ചുവടുവെച്ച അദ്ദേഹം കഴിഞ്ഞ 45 വർഷമായി പൂർണമായും കൃഷിരംഗത്ത് സജീവമാണ്.
ഇരുപത്തിമൂന്നാം വയസിൽ തുടങ്ങിയ ആ കാർഷിക സപര്യ ഇന്ന് പാട്ടത്തിനെടുത്ത പതിനാല് ഏക്കറോളം സ്ഥലത്ത് വിപുലമായി പന്തലിച്ചു നിൽക്കുന്നു.
മൂന്നു വർഷം മൂന്നു വിളകൾ
സ്വന്തമായി ഭൂമിയില്ലാത്ത പുരുഷന്റെ കാർഷിക രീതികളത്രയും പാട്ടത്തിനെടുക്കുന്ന പറന്പുകളിലാണു മുന്നേറുന്നത്. മൂന്നു വർഷത്തെ കാലാവധിയിലാണ് ഇദ്ദേഹം സാധാരണയായി തോട്ടങ്ങൾ പാട്ടത്തിനെടുക്കാറുള്ളത്.
റബർ വെട്ടിമാറ്റിയ തോട്ടങ്ങളും പാടങ്ങളുമാണ് പ്രധാനമായും പാട്ടത്തിനെടുക്കുന്നത്. ജെസിബി ഉപയോഗിച്ച് സ്ഥലം കിളച്ചു വൃത്തിയാക്കിയശേഷമാണ് കൃഷിക്കായി പരുവപ്പെടുത്തുന്നത്. ഒരു പറന്പിൽതന്നെ മൂന്നു വർഷംകൊണ്ട് മൂന്നു പ്രധാന വിളകളും അതിനിടയിൽ വിവിധ ഇടവിളകളും ഇറക്കുന്ന കൃഷിരീതിയാണ് പിന്തുടരുന്നത്.
ഒന്നാം വർഷം ഏത്തവാഴയോ ചേനയോ വെക്കുന്പോൾ അടുത്ത വർഷങ്ങളിൽ കുറ്റിപ്പയറോ കപ്പയോ മാറി മാറി കൃഷി ചെയ്ത് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താൻ ശ്രദ്ധിക്കുന്നു.
നിലവിൽ പതിനാല് ഏക്കറിലായി മൂവായിരത്തിയഞ്ഞൂറ് ഏത്തവാഴകളും അയ്യായിരം മൂട് ചേനയും 1500ലധികം കുഴി കാച്ചിലുമാണ് പ്രധാന കൃഷികൾ. ഇതുകൂടാതെ ഞാലിപ്പൂവൻ, റോബസ്റ്റ എന്നീ വാഴകളും മത്തൻ, മുള്ളൻവെള്ളരി, ചെറുകിഴങ്ങ്, നനകിഴങ്ങ്, കുറ്റിപ്പയർ എന്നിവ ഇടവിളകളായും കൃഷി ചെയ്യുന്നു.
ശാസ്ത്രീയ മണ്ണ് പരിശോധനകൾക്കോ ലാബ് ടെസ്റ്റുകൾക്കോ പോകാതെ സ്വന്തം അനുഭവപരിചയത്തെയും ബുദ്ധിയെയുമാണ് പുരുഷൻ ആശ്രയിക്കുന്നത്. മണ്ണിന്റെ ഘടന കണ്ടറിഞ്ഞ് അതിന് അനുയോജ്യമായ വിള ഏതെന്നു തീരുമാനിക്കാനും വളർച്ചക്കുറവുള്ള ചെടികൾക്ക് കൃത്യമായ പരിചരണം നൽകാനും ഈ അനുഭവസന്പത്ത് ഇദ്ദേഹത്തെ സഹായിക്കുന്നു.
വളക്കൂറുള്ള മണ്ണിൽ ഏത്തവാഴയും മണൽ മണ്ണിൽ ചേനയും ആദ്യം നടും. പൂർണമായും മഴയെ ആശ്രയിച്ച കൃഷിയാണ് നടത്തിവരുന്നത്.

ഏത്തവാഴയ്ക്ക് ഏഴു തവണ വളപ്രയോഗം
വളപ്രയോഗത്തിലും വേറിട്ട പരിചരണരീതികളാണ് പുരുഷൻ ചേട്ടൻ അവലംബിക്കുന്നത്. ഏത്തവാഴയ്ക്ക് അടിവളമായി ചാണകപ്പൊടിയോ ആട്ടിൻകാഷ്ടമോ നൽകിയശേഷം വളർച്ചയുടെ വിവിധ ഘട്ടങ്ങളിലായി ഫാക്ടംഫോസ്, കോംപ്ലക്സ്, പൊട്ടാഷ്, യൂറിയ തുടങ്ങിയവ മിക്സ് ചെയ്ത് ഏഴ് പ്രാവശ്യം വളം നൽകുന്നു.
വാഴ കുലയ്ക്കുന്ന പരുവത്തിലാകുമ്പോൾ യുറിയയും പൊട്ടാഷും നൽകും. ചേനക്കൃഷിയിൽ തടത്തിൽ കുമ്മായപ്പൊടിയും ചാണകപ്പൊടിയും ഇട്ട് മൂടിയ ശേഷം മുളച്ചു വരുമ്പോൾ കോഴിവളവും തുടർന്നു രണ്ടു ഘട്ടങ്ങളിലായി രാസവളങ്ങളും നൽകുന്നു. വലിയ ഇനം കാച്ചിലുകൾ മരങ്ങളിൽ പടർത്തിവിട്ട് വളർത്തുന്നതിനാൽ അഞ്ചു കിലോ മുതൽ പതിനെട്ട് കിലോ വരെ തൂക്കമുള്ള വിളവ് ലഭിക്കാറുണ്ട്.
ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രധാനമായും ആരക്കുഴ പഞ്ചായത്തിന്റെ പണ്ടപ്പള്ളി ലേല മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ എറണാകുളം, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള പ്രമുഖ കച്ചവടക്കാരും നേരിട്ടെത്തി സാധനങ്ങൾ വാങ്ങിപ്പോകാറുണ്ട്.
പ്രദേശിക മാർക്കറ്റിലും ഉത്പന്നങ്ങൾ വിൽക്കുന്നു. പ്രതിവർഷം പതിനാലു മുതൽ പതിനഞ്ചു ലക്ഷം രൂപ വരെയുള്ള കാർഷിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നുണ്ട്. പത്തു മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ കൃഷി ഇറക്കാൻ ചെലവും വരുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങളോ വിളനാശമോ വരാതെ എല്ലാ ഉത്പന്നങ്ങൾക്കും മികച്ച വില ലഭിച്ചാൽ കർഷകന് ലാഭം മിച്ചം പിടിക്കാൻ സാധിക്കൂവെന്ന് പുരുഷൻ ചേട്ടൻ പറഞ്ഞു.
തിരിച്ചടിയിലും തളരാതെ
കൃഷിജീവിതത്തിൽ വിജയങ്ങൾ മാത്രമല്ല, കണ്ണീരണിയിച്ച വൻ തിരിച്ചടികളും പുരുഷൻ ചേട്ടന് നേരിടേണ്ടി വന്നിട്ടുണ്ട്. പാവൽ കൃഷി ചെയ്ത കാലത്ത് തോട്ടം മുഴുവൻ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതും രണ്ടായിരത്തോളം വാഴകൾ കുലച്ച സമയത്ത് കാറ്റിൽ ഒടിഞ്ഞു വീണതും അദ്ദേഹത്തിന് ലക്ഷങ്ങളുടെ കടബാദ്ധ്യത വരുത്തിവെച്ചു.
സ്വന്തമായി വീട് വാങ്ങാനായി മാറ്റിവെച്ച തുക മുഴുവനും കൃഷിയിലെ ഈ വലിയ നഷ്ടങ്ങൾ നികത്താനാണ് ഉപയോഗിക്കേണ്ടിവന്നത്. ഇപ്പോഴും വാടകവീട്ടിലാണ് താമസമെങ്കിലും തോൽക്കാൻ തയാറാകാതെ വീണ്ടും മണ്ണിലേക്കുതന്നെ ഇറങ്ങി തിരിച്ചുവരവ് നടത്തുകയായിരുന്നു ഈ ധീരനായ കർഷകൻ.
സർക്കാർ തലത്തിൽനിന്നുള്ള സബ്സിഡികൾക്കോ പേരിനു മാത്രം നൽകുന്ന അവാർഡുകൾക്കോ പിന്നാലെ പോകാൻ പുരുഷൻ ചേട്ടൻ ആഗ്രഹിക്കുന്നില്ല. പലപ്പോഴും അർഹതപ്പെട്ട ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തുന്നതിനേക്കാൾ ഉദ്യോഗസ്ഥതലത്തിലെ തടസങ്ങളാണ് മുന്നിൽ നിൽക്കുന്നത് എന്ന അനുഭവമാണ് അദ്ദേഹത്തെ ഇതിൽനിന്ന് അകറ്റിയത്.
പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിച്ച കർഷകനുള്ള അംഗീകാരങ്ങൾ പലപ്പോഴും തേടിയെത്തിയിട്ടുണ്ടെങ്കിലുംഅത്തരം ഉപചാരങ്ങളേക്കാൾ സ്വന്തം കൈമെയ് മറന്ന് മണ്ണിൽ അധ്വാനിച്ചു ജീവിക്കുന്നതിലാണ് അദ്ദേഹം അഭിമാനം കണ്ടെത്തുന്നത്.
അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ആരുടെയും മുന്നിൽ കൈനീട്ടാതെ സ്വന്തം കാലിൽ നിൽക്കാൻ കൃഷി സഹായിക്കുമെന്നാണ് പുരുഷൻ ചേട്ടന്റെ പക്ഷം. പ്രകൃതിയുടെ വ്യതിയാനങ്ങളും വിപണിയിലെ വിലയിടിവും തൊഴിലാളികളുടെ ലഭ്യതക്കുറവുമെല്ലാം വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും, 68ാം വയസ്സിലും തളരാത്ത ആവേശത്തോടെ അദ്ദേഹം മണ്ണിൽ പണിയെടുക്കുകയാണ്.
മണ്ണിനെ സ്നേഹിക്കുന്നവർക്ക് മണ്ണ് ഒരിക്കലും തിരികെ നൽകാതിരിക്കില്ലെന്ന വലിയ സന്ദേശമാണ് ഈ മുതിർന്ന കർഷകന്റെ ജീവിതം കാർഷിക ലോകത്തിന് നൽകുന്നത്. പുരുഷൻ ചേട്ടന്റെ കാർഷിക മുന്നേറ്റത്തിനു പിന്തുണയുമായി ഭാര്യ സരസ്വതിയും മകൻ വിഷ്ണുവും കൂടെയുണ്ട്.
ഫോണ്: 9744620359
Tags : Karshakan Agriculture