പുത്തൻവീട്ടിൽ സകാൽ
മണ്ണിനെ അടുത്തറിഞ്ഞ കർഷകന് പരീക്ഷണങ്ങൾ പലപ്പോഴും പാഠപുസ്തകങ്ങളേക്കാൾ വലിയ അറിവാണ് നൽകുക. ഏത് വിളയ്ക്ക് ഏത് മണ്ണാണ് ചേരുമെന്നത് പരീക്ഷിച്ചറിഞ്ഞാണ് കോട്ടയം ജില്ലയിലെ എരുമേലി കണമല സ്വദേശി പുത്തൻവീട്ടിൽ സകാൽ കൃഷി ചെയ്യുന്നത്. സ്വന്തം കൃഷിയിടത്തിലെ പരീക്ഷണങ്ങളിലൂടെ പല ധാരണകളെയും മാറ്റിയെഴുതുകയാണ് ഈ കർഷകൻ.
റബർ കൃഷിക്ക് പ്രാധാന്യമുള്ള കിഴക്കൻ മലയോര മേഖലയിൽ നെല്ലും കടലയും ഏലവും വിവിധ പച്ചക്കറികളുമെല്ലാം വിജയകരമായി കൃഷി ചെയ്ത് വിളവൈവിധ്യത്തിന് പുതിയ സാധ്യതകൾ തുറക്കുകയാണ് ഇദ്ദേഹം.
പാരന്പര്യമായി ലഭിച്ച കൃഷിയറിവിനൊപ്പം പരീക്ഷണ മനോഭാവവും ആത്മവിശ്വാസവും ചേർന്നാൽ സ്വന്തം മണ്ണിൽനിന്നുതന്നെ കൂടുതൽ വിളവും വരുമാനവും കണ്ടെത്താനാകുമെന്ന സന്ദേശമാണ് സകാൽ നൽകുന്നത്.
പരീക്ഷണങ്ങളിലൂടെ വിജയം
കാർഷിക കുടുംബത്തിൽ ജനിച്ചതിനാൽ സകാലിനു ചെറുപ്പം മുതൽ കൃഷിയോടായിരുന്നു താത്പര്യം. ചെറുപ്പത്തിൽ ചിരട്ടകളിൽ പച്ചക്കറി വിത്തുകൾ നട്ടു വളർത്തിയിരുന്ന ആ കൗതുകം പിന്നീട് കൃഷിയിലെ വിവിധ പരീക്ഷണങ്ങളിലേക്കു വളർന്നു.
ഇന്നു മികച്ചൊരു കർഷകനെന്നതിനു പുറമേ സംരംഭകനുമാണ് അദ്ദേഹം. കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളിൽ വളരുന്ന നെല്ലും ഹൈറേഞ്ചിലെ മലനിരകളിൽ വിളയുന്ന ഏലവും വരണ്ട കാലാവസ്ഥയിൽ വളരുന്ന കടലയും കണമലയുടെ മണ്ണിൽ വിജയകരമായി കൃഷിചെയ്ത് ശ്രദ്ധേയമായ നേട്ടമാണ് സകാൽ കൈവരിച്ചിരിക്കുന്നത്.
മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, വിത്തിന്റെ ഗുണമേ·, കൃഷിരീതി എന്നിവ ഓരോന്നും ശ്രദ്ധിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ഇതുവഴി ഒരേ മണ്ണിൽ വ്യത്യസ്ത വിളകൾ വിജയകരമായി കൃഷി ചെയ്യാമെന്ന് അദ്ദേഹം തെളിയിക്കുന്നു.
പയർ, പടവലം, പാവയ്ക്ക, വെണ്ട, ചീര, മത്തൻ, ചീനിക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാബേജ്, കൂർക്ക തുടങ്ങി വിവിധ വിളകൾ കൃഷിയിടത്തിലുണ്ട്.
പച്ചക്കറികളിൽ പലതും വ്യത്യസ്ത കാലാവസ്ഥകളിലും കൃഷി ചെയ്യാൻ കഴിയുമെങ്കിലും മറ്റു വിളകൾ കാലാവസ്ഥ മനസിലാക്കി വേണം കൃഷി ചെയ്യാൻ.
മതിയായ സൂര്യപ്രകാശവും വെള്ളം കെട്ടിനിൽക്കാത്ത മണ്ണും നല്ലൊരു പന്തലും ഒരുക്കിയാൽ പയർ, പടവലം, പാവയ്ക്ക തുടങ്ങിയവയിൽനിന്ന് മികച്ച വരുമാനം നേടാനാകും.
ശരിയായ പരിചരണം നൽകിയാൽ വിത്ത് പാകി ഏകദേശം രണ്ടുമാസം പിന്നിടുന്പോഴേക്കും ഇവയിൽ പലതിന്റെയും വിളവെടുപ്പ് ആരംഭിക്കാനും കഴിയും.
വിത്ത് തെരഞ്ഞെടുക്കൽ പ്രധാനം
നല്ല വിളവിന് ആരോഗ്യമുള്ളതും ഗുണമേന്മയുള്ളതുമായ പച്ചക്കറി വിത്തുകൾ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. നേരിട്ട് കൃഷിയിടത്തിൽ വിത്തു പാകുന്നതിനു പകരം മുളപ്പിച്ചശേഷം തൈകൾ നടുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്നു സകാൽ പറയുന്നു.
വിത്തുകൾ നടുന്നതിനു മുമ്പ് കുറച്ചുസമയം വെള്ളത്തിൽ കുതിർത്തുവയ്ക്കുന്നത് മുളയ്ക്കൽ വേഗത്തിലാക്കാൻ സഹായിക്കും. തൈകൾ നടുന്നതിനുമുമ്പ് കൃഷിയിടം കത്തിക്കുന്നത് കീടങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ജൈവവളങ്ങൾക്ക് പ്രാധാന്യം
രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിയെക്കാൾ ജൈവവളങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് കൃഷിരീതി. ജൈവവളങ്ങൾ മാത്രമാണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താൻ ചകിരിച്ചോർ കന്പോസ്റ്റും ഉപയോഗിക്കും.
പച്ചില, തൊണ്ട്, വൈക്കോൽ തുടങ്ങിയ തൈകളുടെ ചുവട്ടിൽ പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ജൈവാംശം വർധിപ്പിക്കുന്നതിനും സഹായിക്കും. നന്നായി പൊടിച്ച ചകിരിച്ചോർ കന്പോസ്റ്റ് മണ്ണിൽ ചേർക്കുന്നത് വേരോട്ടത്തിനും ഈർപ്പം നിലനിർത്തുന്നതിനും ഗുണകരമാണ്.
വിളവെടുപ്പ് കൃത്യമായിരിക്കണം
കായ്കൾ കൃത്യസമയത്ത് പറിച്ചെടുക്കുന്നതു പ്രധാനമാണ്. കായ്കൾ ഏറെ മൂക്കാൻ അനുവദിക്കുകയോ വിളവെടുപ്പ് വൈകിപ്പിക്കുകയോ ചെയ്താൽ പുതിയ പൂക്കളുടെയും കായ്കളുടെയും ഉത്പാദനത്തെ ബാധിക്കാം.
അതിനാൽ വിപണി ആവശ്യത്തിനും കായ്കളുടെ വലുപ്പത്തിനും അനുസരിച്ച് കൃത്യമായ ഇടവേളകളിൽ വിളവെടുക്കുന്നത് തുടർച്ചയായ ഉത്പാദനത്തിന് സഹായിക്കും. ജൈവകൃഷിരീതി പിന്തുടരുന്നതിനാൽ തന്റെ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് സകാൽ പറയുന്നു.
കീടങ്ങളെ നിയന്ത്രിക്കാം
പച്ചക്കറി ഉൾപ്പടെയുള്ള കൃഷിയെ ആക്രമിക്കുന്ന കീടങ്ങളെ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുകയാണു പ്രധാനമെന്നു സകാൽ പറയുന്നു. ഇലകൾ ചുരുണ്ടുപോകുകയും മഞ്ഞനിറമായി ഉണങ്ങുകയും ചെയ്യുന്നത് കീടബാധയുടെ ലക്ഷണമാകാം.
ഇത്തരം സാഹചര്യങ്ങളിൽ വേപ്പെണ്ണ അധിഷ്ഠിതമായ ജൈവ കീടനിയന്ത്രണ മാർഗങ്ങൾ പ്രയോഗിക്കാം. പാവയ്ക്ക, പടവലം എന്നിവയ്ക്കു നേരിട്ടുള്ള കീടബാധ കുറയ്ക്കുന്നതിനായി പേപ്പർ കവർ ഉപയോഗിക്കുന്ന രീതിയും സകാൽ പിന്തുടരുന്നു.
ഇതു കായ്കളുടെ പുറംഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. കീടബാധ കൂടുതലാണെങ്കിൽ ഏത് കീടമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞശേഷം മാത്രമേ നിയന്ത്രണമാർഗം തെരഞ്ഞെടുക്കാവൂ. കീടത്തെ തിരിച്ചറിയാതെ നിയന്ത്രണ മാർഗങ്ങൾ പ്രയോഗിക്കരുത്.

കണമലയിലെ കടലക്കൃഷി
കടല ഒഴിച്ച് മറ്റൊന്നും സകാൽ കടയിൽനിന്ന് വാങ്ങിയിരുന്നില്ല. കടലയും സ്വന്തമായി കൃഷി ചെയ്താലോ എന്ന ചിന്തയാണ് അദ്ദേഹത്തെ കടലക്കൃഷിയിലേക്ക് എത്തിച്ചത്. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കി. ആദ്യ ശ്രമത്തിൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല.
വിളവ് മോശമാകാൻ കാരണമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് തമിഴ്നാട്ടിലുള്ള ഒരു സുഹൃത്തിനെ കണ്ടത്. മണലും മണ്ണും ചേർത്തു വേണം വിത്ത് പാകാനെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് ഈ രീതിയിൽ കൃഷി ചെയ്തപ്പോൾ മികച്ച വിളവ് ലഭിച്ചു.
പരന്പരാഗത രീതികളിൽനിന്ന് മാറി തമിഴ്നാട്ടിൽനിന്ന് എത്തിച്ച ഗുണമേ·യുള്ള വിത്തുകളാണ് സകാൽ കടലക്കൃഷിക്കായി ഉപയോഗിക്കുന്നത്. കടലക്കൃഷിയിൽ മികച്ച വിളവ് ലഭിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് കൃത്യമായ സ്ഥലത്തിന്റെ തെരഞ്ഞെടുപ്പാണ്.
കടലച്ചെടികൾക്ക് അമിതമായ ഈർപ്പം അനുയോജ്യമല്ല. ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് 40 മുതൽ 50 വരെ വിത്തുകൾ ഒന്നുമുതൽ രണ്ടിഞ്ച് ആഴത്തിൽ പാകാം.
ചെടികൾ പൂവിടുന്ന ഘട്ടത്തിലും അതിനുശേഷവും ആവശ്യാനുസരണം നനയ്ക്കണം. എന്നാൽ, അമിതമായ ഈർപ്പം നിലനിൽക്കുന്നത് കടലച്ചെടികൾക്ക് ദോഷകരമാണ്.
അതിനാൽ വളരെ നിയന്ത്രിതമായ അളവിൽ മാത്രമേ ജലസേചനം നടത്താവൂ. ശീതകാലത്തെ നേരിയ മഴ കടലയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. കൃഷി ആരംഭിച്ച് സാധാരണയായി 90 മുതൽ 140 ദിവസത്തിനുള്ളിൽ കടല വിളവെടുപ്പിന് പാകമാകും.
ചെടിയുടെ ഇലകളും കായ്കളും ഉണങ്ങി തവിട്ടുനിറമാകുമ്പോ ഴാണ് വിളവെടുപ്പിന് അനുയോജ്യമായ സമയം. ഈ ഘട്ടത്തിൽ ചെടി പിഴുതെടുത്തോ കായ്കൾ മാത്രം ശേഖരിച്ചോ വിളവെടുക്കാം.
ഫോണ്: 9745438175
Tags : Karshakan Agriculture