എം. ബാബുരാജ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽ കേരളത്തിലെ പരമ്പരാഗത കൃഷികൾ പലതും പ്രതിസന്ധി നേരിടുന്ന കാലമാണിത്. മഴയുടെ ക്രമം തെറ്റുന്നു. വേനൽ കനക്കുന്നു. രോഗങ്ങളും കീടബാധയും വർധിക്കുന്നു.
കർഷകർക്കു കൃഷിയോടുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീർഘകാല വരുമാനം ഉറപ്പാക്കുന്ന ഒരു കാർഷിക മാതൃക വയനാട്ടിൽ വളർന്നുവരുകയാണ്. ആ മാതൃകയുടെ പിന്നിൽ നിൽക്കുന്നത് തൃക്കപ്പറ്റ സ്വദേശിയായ മുല്ലത്തൊടിയിൽ എം. ബാബുരാജ് എന്ന കർഷകനാണ്.
"വേൾഡ് ഓഫ് ബാംബു’ എന്ന സംരംഭത്തിലൂടെ മുളയുടെ ഉത്പാദനം, വിവിധ ഇനങ്ങളുടെ പ്രചരണം, ഗുണമേന്മയുള്ള തൈകളുടെ വിതരണം, കർഷകർക്ക് പരിശീലനം, വിപണി കണ്ടെത്തൽ തുടങ്ങി സമഗ്രമായ ഒരു കാർഷിക ശൃംഖല രൂപപ്പെടുത്തുകയാണ് അദ്ദേഹം.
ഇന്ന് അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും അറുപതിലധികം മുളവർഗങ്ങൾ വളരുന്നു. ഓരോ ഇനത്തിനും വ്യത്യസ്തമായ ഉപയോഗവും വിപണി സാധ്യതയുമുണ്ട്.
കാലാവസ്ഥയെ തോൽപിക്കുന്ന കൃഷി
കാലാവസ്ഥ എത്രമാത്രം മാറിയാലും അതിനെ അതിജീവിച്ച് വളരാൻ കഴിയുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നാണ് മുള. കടുത്ത ചൂടും കനത്ത മഴയും താരതമ്യേന കുറഞ്ഞ ജലലഭ്യതയും അതിജീവിക്കാൻ മുളയ്ക്ക് കഴിയും.
ആഴത്തിൽ വ്യാപിക്കുന്ന വേരുകൾ മണ്ണിനെ ശക്തമായി പിടിച്ചുനിർത്തുന്നതിനാൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും കുറയ്ക്കാനും ഇത് സഹായിക്കുന്നു.
"മറ്റു പല കൃഷികളും നഷ്ടത്തിലേക്ക് പോകുമ്പോഴും മുളക്കൃഷി കർഷകന് പ്രതീക്ഷ നൽകുന്ന വിളയാണ്. ഒരിക്കൽ നട്ടാൽ പതിറ്റാണ്ടുകളോളം വരുമാനം ലഭിക്കും,’- ബാബുരാജ് പറയുന്നു.
അറുപത് ഇനങ്ങളുടെ ജീവനുള്ള ശേഖരം
ബാബുരാജിന്റെ തോട്ടത്തിൽ ആനമുള, കല്ലൻമുള, ബാംബൂസ ബാല്കോവ, ഡെൻഡ്രോകാലമസ് അസ്പർ, ജയന്റ് ബാംബൂ, തോണ്ലെസ് ഇനങ്ങൾ തുടങ്ങി നിരവധി മുളവർഗങ്ങൾ വളരുന്നു. ഓരോ ഇനത്തിനും പ്രത്യേകം ഉപയോഗമുണ്ട്.
നിർമ്മാണ മേഖല, ഫർണിച്ചർ വ്യവസായം, പേപ്പർ വ്യവസായം, അഗർബത്തി നിർമാണം, കൈത്തറി ഉത്പന്നങ്ങൾ, ബയോപ്ലാസ്റ്റിക്, ബയോ എനർജി, ടെക്സ്റ്റൈൽ ഫൈബർ, കാർബണ് ഉത്പന്നങ്ങൾ, ഭക്ഷ്യയോഗ്യമായ മുളങ്കാന്പ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേക്കാണ് ഇവ എത്തുന്നത്.
മുളയുടെ സാമ്പത്തിക ശക്തി
ഇന്ത്യയിൽ മുളയുടെ ആവശ്യകത വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ പദ്ധതികൾ, ദേശീയ പാതകൾ, റിസോർട്ടുകൾ, പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവയിൽ മുളയുടെ ഉപയോഗം വർധിച്ചതോടെ അസംസ്കൃത മുളയുടെ വിപണിയും വ്യാപകമായി.
നിർമാണത്തിനുപയോഗിക്കുന്ന മുളയുടെ വില ഗുണനിലവാരമനുസരിച്ച് 100 മുതൽ 200 രൂപ വരെ ലഭിക്കുന്നു. ചില പ്രത്യേക ഇനങ്ങൾക്ക് അതിലേറെയും വില ലഭിക്കുന്നുണ്ട്. റണ്ണിംഗ് ഫീറ്റിന് 10 രൂപ മുതൽ വില ലഭിക്കുന്ന വിപണികളും നിലവിലുണ്ട്.
ഒരേക്കർ മുളത്തോട്ടത്തിൽ അഞ്ചാം വർഷം മുതൽ ശരാശരി 1500 മുളകൾ വരെ ലഭിക്കും. ഇതിലൂടെ വർഷംതോറും ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുമെന്ന് ബാബുരാജ് പറയുന്നു.

ചെലവ് കുറവ്, ലാഭം കൂടുതൽ
മുളക്കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ പരിപാലനച്ചെലവാണ്. ഒരു ഏക്കറിൽ ഏകദേശം 200 മുതൽ 250 വരെ തൈകൾ നട്ടുപിടിപ്പിക്കാം.
ആദ്യഘട്ട ചെലവ് ഏകദേശം 30,000 മുതൽ 40,000 രൂപ വരെയാണ്. ആദ്യ രണ്ടു വർഷങ്ങളിൽ അടിസ്ഥാനപരമായ പരിചരണം മാത്രം മതിയാകും.
പിന്നീടു ചെടികൾ സ്വയം ശക്തമായ വളർച്ച കൈവരിക്കും. മൂന്നാം വർഷം മുതൽ മുളങ്കാന്പ് ലഭിച്ചുതുടങ്ങും. അഞ്ചാം വർഷം മുതൽ പൂർണമായ വിളവെടുപ്പിലേക്ക് പ്രവേശിക്കാം.
ഒരു തവണ നട്ട മുളത്തോട്ടത്തിൽനിന്ന് 20 മുതൽ 30 വർഷം വരെ തുടർച്ചയായി വരുമാനം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.
മുള സ്റ്റീലിന് പകരം
ശരിയായ രീതിയിൽ സംസ്കരിച്ച മുളയ്ക്ക് ഉയർന്ന ടെൻസൈൽ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ ആധുനിക നിർമാണരംഗത്ത് കോണ്ക്രീറ്റിനും സ്റ്റീലിനും പകരമായി മുളയുടെ ഉപയോഗം വർധിക്കുന്നു.
ബാംബൂ കോംപോസിറ്റുകൾ, ലാമിനേറ്റഡ് ബാംബൂ ബോർഡുകൾ, ബാംബൂ പ്ലൈവുഡ്, ബാംബൂ ഫ്ളോറിംഗ്, ബാംബൂ ബീം എന്നിവ ഇന്ന് ലോകവിപണിയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നിർമാണത്തിന്റെ പ്രതീകമായി മുള മാറിക്കൊണ്ടിരിക്കുകയാണ്.
മുളത്തോട്ടത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ചെടികൾക്കിടയിൽ ധാരാളം സ്ഥലം ലഭ്യമാണ്. ഈ സമയത്ത് ഇഞ്ചി, മഞ്ഞൾ, ചേന, കാച്ചിൽ, പച്ചക്കറികൾ, പയർവർഗങ്ങൾ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്യാം.
ഇതിലൂടെ മുള വളരുന്ന കാലത്ത് തന്നെ കർഷകന് അധിക വരുമാനം ഉറപ്പാക്കാം. അതോടൊപ്പം മണ്ണിലെ ജൈവസമ്പത്തും വർധിക്കും. മുളത്തോട്ടം ഒരു ഏകവിള കൃഷിയല്ല; മറിച്ച് സംയോജിത കാർഷിക മാതൃകയാക്കി മാറ്റാൻ കഴിയുന്ന സംവിധാനമാണിത്.
ഫോണ്: 9747075610.
Tags : Karshakan Agriculture