Agriculture
മണ്ണിൽ ചേർക്കുന്ന വളങ്ങളുടെ യഥാർഥ കഴിവ് സസ്യങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ അതു സസ്യങ്ങൾക്കു ചേർത്തുകൊടുക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.
റബർതോട്ടത്തിൽ സാധാരണയായി വളപ്രയോഗം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിനുമുന്പും (ഏപ്രിൽ- മേയ് മാസങ്ങളിൽ), വടക്കുകിഴക്കൻ കാലവർഷത്തിനു തൊട്ടുമുന്‍പോ (ഓഗസ്റ്റ്- സെപ്റ്റംബർ മാസം)ആണ്.
മണ്ണിൽ വളം ചേർക്കുമ്പോ ൾ മണ്ണിൽ വേണ്ടത്ര ഈർപ്പം ഉണ്ടായിരിക്കണം. മഴയുള്ള സമയത്തോ മഴ വരാൻ സാധ്യതയുള്ളപ്പോഴോ മണ്ണിൽ വളം ചേർത്തു കൊടുക്കരുത്.
വളമിട്ടതിനുശേഷം ഏകദേശം എട്ടു മണിക്കൂർ നേരമെങ്കിലും മഴ പെയ്തിറങ്ങാതിരിക്കുന്നതാണു നല്ലത്.
രണ്ടു തരത്തിലാണ് റബർ തോട്ടത്തിൽ കർഷകർക്കു വളം ചെയ്യാൻ സാധിക്കുക.
1. തോട്ടത്തിൽ ആവശ്യമുള്ള വളം വിതറിയിട്ടു കൊടുക്കുന്ന രീതി. 2. മണ്ണിൽ ചെറു ഖണ്ഡങ്ങളിലായി വളം നിക്ഷേപിക്കുന്ന രീതി.
മണ്ണിൽ ആവശ്യമായ വളം നല്ലപോലെ കൂട്ടിച്ചേർത്തിട്ടാണ് മരങ്ങൾക്കു നൽകേണ്ടത്. അല്ലെങ്കിൽ ആവശ്യമുള്ള അളവ് സസ്യങ്ങൾക്കു ലഭിക്കുകയില്ല.
വിതറിയിടുന്ന രീതി അത്ര വിജയപ്രദമായിരിക്കുകയില്ല. യൂറിയപോലുള്ള വളങ്ങൾ മണ്ണിൽനിന്നു വെയിലേറ്റു നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട്.
മാത്രമല്ല ഈ രീതി എല്ലാ മരത്തിനും ഒരേപോലെ അളവിൽ വളങ്ങൾ ലഭ്യമാകുന്നതിനു തടസമാവുകയും ചെയ്യും. രണ്ടാമത്തെ രീതിയാണ് കർഷകർക്ക് അനുയോജ്യമായ രീതി.
ചെറിയ മരങ്ങൾക്കു വളംചെയ്യുന്നത് അതിന്റെ ചുറ്റിലും വീതികൂടിവരുന്ന വലയങ്ങളിലായിട്ടാണ്. തൈ നട്ട് മൂന്നാംമാസം ആദ്യത്തെ വളപ്രയോഗം നടത്താം. ഒന്നാമത്തെ വർഷം തൈ ചുവട്ടിൽനിന്ന് ഏഴു സെന്റിമീറ്റർ മാറ്റി 30 സെ.മി. വീതിയുള്ള വലയങ്ങളിലാണ്.
രണ്ടാം വർഷം 30 സെന്റിമീറ്റർ ചുവട്ടിൽനിന്ന് മാറ്റി 45 സെന്റി മീറ്റർ വീതിയുള്ള വലയങ്ങളിൽ വളം ചേർത്തുകൊടുക്കേണ്ടതാണ്. 60 സെന്റിമീറ്റർ മുതൽ 90 സെന്റിമീറ്റർ വരെയുള്ള വൃത്തവലയങ്ങളിലാണ് വളം നിക്ഷേപിക്കേണ്ടത്.
അഞ്ചാം വർഷം മുതൽ ടാപ്പ് ചെയ്യുന്ന മരങ്ങൾ ഉൾപ്പെടെ ചെറുഖണ്ഡങ്ങളിലാണ് വളം നിക്ഷേപിക്കേണ്ടത്.
ചെരിവുള്ള തോട്ടങ്ങളിൽ രണ്ടു മരങ്ങൾക്കിടയിലുള്ള ചെറുഖണ്ഡങ്ങളിലും നിരപ്പുള്ള തോട്ടങ്ങളിൽ നാലു മരത്തിനിടയിലുള്ള ചെറുഖണ്ഡങ്ങളിലുമായാണ് വളം ചെയ്യേണ്ടത്.
വൃത്ത വലയങ്ങളിലോ ചെറുഖണ്ഡങ്ങളിലോ വളം ചേർത്ത് പണിയായുധംകൊണ്ട് മണ്ണുമായി വളം ഇളക്കിച്ചേർത്തു കൊടുക്കേണ്ടത് ആവശ്യമാണ്.
അല്ലെങ്കിൽ വളത്തിൽനിന്നും മണ്ണിൽനിന്നും പോഷകമൂലകങ്ങൾ ആവിയായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Agriculture
സ്വന്തം പരീക്ഷണങ്ങളും ശാസ്ത്രീയ പരിപാലനവുംകൊണ്ടു മൂന്നര ഏക്കറിലെ കുരുമുളക് കൃഷിയിൽനിന്ന് നേട്ടം കൊയ്തു താരമാകയുമാണ് ജോണിച്ചേട്ടൻ. കോട്ടയം നീഴൂർ വിലങ്ങുപാറയിൽ വി.ഡി. ജോണി ഏഴു വർഷത്തോളമായി കുരുമുളക് കൃഷിയിൽ സജീവമാണ്.
ആദ്യം റബർ കൃഷിയാണ് ചെയ്തിരുന്നതെങ്കിലും റബറിനു വില കുറഞ്ഞത് തിരിച്ചടിയായി. പരിപാലന ചെലവിനനുസരിച്ച് ലാഭം കിട്ടാതെ വന്നതും കുരുമുളകിനു വിലയുള്ളതും കുരുമുളകു കൃഷിയിലേക്കു തിരിയാൻ കാരണമായി.
അങ്ങനെ റബർ വെട്ടിമാറ്റി പുരയിടത്തിനോടു ചേർന്നുള്ള അഞ്ചേക്കറിൽ മൂന്നര ഏക്കർ സ്ഥലത്തു കുരുമുളക് കൃഷിയും ഒന്നര ഏക്കറിൽ തെങ്ങു കൃഷിയും വ്യാപിപ്പിച്ചു.
കുറഞ്ഞ ചെലവിലൂടെയും നൂതന ആശയങ്ങളിലൂടെയും കുരുമുളകിനെ ലാഭമാക്കി മാറ്റിയ ജോണിച്ചേട്ടന്റെ കൃഷിവിദ്യ പുതിയ കർഷകർക്ക് ഒരു മാതൃകയാണ്.
മികച്ചത് കുതിരവാലി
മൂന്നര ഏക്കറിൽ കുതിരവാലി, കരിമുണ്ട, കാണിക്കാടൻ എന്നിവയാണ് പരിപാലിച്ചുവരുന്നത്. പുതിയ ഇനങ്ങളിൽ പന്നിയൂർ-5, മഞ്ഞമുണ്ടി, ചോലമുണ്ടി എന്നിവയും നട്ടിട്ടുണ്ട്. ഏറ്റവും ഉത്പാദന ക്ഷമതയുള്ളതും നല്ലതും കുതിരവാലിയാണ്. കോട്ടയത്തെ കാലാവസ്ഥക്ക് ഇവ വളരെ അനുയോജ്യമാണ്.
വളർച്ചയുള്ള തിരികളാണ് കുതിരവാലിയുടേത്. പറിക്കാനും എളുപ്പമാണ്. മറ്റൊന്ന് കാണിക്കാടൻ ആണ്. നല്ല കൊടിയാണെങ്കിലും എല്ലാ സമയവും വേണ്ടപോലെ കായിക്കാറില്ല. കരിമുണ്ടയെക്കുറിച്ച് പറഞ്ഞാൽ എല്ലാ സീസണിലും ഉണ്ടാകും, പക്ഷെ അതൊരു പോരായ്മയാണ്.
ഗുണമേ·യില്ലാത്ത കായ്കളാണ് പലപ്പോഴും കിട്ടുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പറിക്കാൻ ചെന്നാലും തിരിയിൽ കായ്കൾ നിറച്ചു കാണണമെന്നില്ല.
ഏതൊരു വിളയ്ക്കും നടീൽകാലം പ്രധാനമാണ്. കുരുമുളകിനെ സംബന്ധിച്ചു വർഷത്തിൽ ഏതു സമയവും അനുയോജ്യമാണ്. എങ്കിലും മഴ കൂടുതൽ ലഭ്യമാകുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തൈകൾ നടാറുള്ളത്.
മണ്ണിൽ ഈർപ്പമുള്ള സമയമായതിനാൽ തൈകൾ കൂടുതൽ കാര്യക്ഷമതയോടെ വളരും. ജലസേചനവും എളുപ്പമാണ്. പുതിയ തൈകൾ നടുന്പോൾ കുഴിയിലെ മണ്ണിൽ ചാണകപ്പൊടിയോ, വേപ്പിൻപിണ്ണാക്കോ നന്നായി മിക്സ് ചെയ്തിട്ടുവേണം തൈകൾ നടാൻ.
മണ്ണിലെ അമ്ലത്വം നിയന്ത്രിക്കാൻ കുമ്മായമോ ഡോളോമൈറ്റോ ഇടയ്ക്കിടക്ക് ഇട്ടുകൊടുക്കണം. ചൂടു കൂടിയ സമയങ്ങളിൽ തൈകൾ നട്ടാൽ വളർത്തിയെടുക്കാൻ അല്പം പ്രയാസമാണ്.
താങ്ങു മഹാഗണിയും പയ്യാനിയും
താങ്ങുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. മഹാഗണിയും പയ്യാനിയുമാണ് കുരുമുളക് വള്ളികളുടെ വളർച്ചക്ക് നല്ലത്. മഹാഗണിയുടെ തടിക്ക് കേടുവരാറില്ല. കുരുമുളകിന് അതിവേഗം പിടിച്ചു വളരാൻ എളുപ്പം മഹാഗണിയാണ്.
കുരുമുളക് നടുന്നതിനു മുൻപ് തന്നെ മഹാഗണി നട്ടു പാകമാക്കി എടുക്കാറുണ്ട്. എല്ലാ ജൂണ്‍ മാസത്തിനും മുന്നോടിയായി ഇവയുടെ കന്പിറക്കാറുണ്ട്. മഹാഗണി കഴിഞ്ഞാൽ പിന്നെ പയ്യാനിയാണ് താങ്ങായി ഉപയോഗിക്കുന്നത്.
കേടുവന്നാലും ഇവയുടെ തടി മുറിച്ചുകളയാൻ കഴിയും. മുൻപ് പൊങ്ങല്യവും താങ്ങായി ഉപയോഗിച്ചിരുന്നു. എന്നാൽ പുഴു ശല്യം ഉള്ളതുകൊണ്ട് തടിക്കു കേടുവരാറുണ്ട്. വിളയെ ബാധിക്കുന്നതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല.
പരിപാലനവും വളപ്രയോഗവും
മറ്റു വിളകളെ പോലെ കുരുമുളക് ചെടിക്ക് ശരിയായ പരിപാലനവും വളപ്രയോഗവും ആവശ്യമാണ്. ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് കൊടി (കുരുമുളക് ചെടി) വളരുന്പോൾ താങ്ങുമരത്തിന്റെ ഷെയ്ഡ് ഇറക്കികൊടുക്കണം.
വളർന്നു പന്തലിച്ചു തുടങ്ങിയാൽ വളർച്ച മന്ദഗതിയിലാകും. മാത്രമല്ല മറ്റു കൊടികൾ കൊഴിഞ്ഞുപോകാനും അവയ്ക്ക് കേടുവരാനും സാധ്യതയുണ്ട്. ഷെയ്ഡ് ഇറക്കാൻ പ്രത്യേക സമയമില്ല, വളർന്നു പടർന്നുകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാം.
കുരുമുളക് ചെടിയുടെ പരിപാലനത്തിനായി ജൈവവളവും രാസവളവും സന്തുലിതമായി ഉപയോഗിക്കുകയാണ് പതിവ്. ജൈവവളമായി ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. മുൻതൂക്കം ചാണകപ്പൊടിക്കാണ്.
രാസവളമായി 16:16 ചജഗ, 10:26 എന്നിവയാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ രണ്ടുതവണമാത്രമാണ് രാസവളപ്രയോഗം നടത്തുന്നത്. 16:16 ചജഗ മേയ്മാസത്തിലും 10:26 നവംബർ മാസത്തിലുമാണ് പ്രയോഗിക്കുന്നത്.
വളർന്നുവരുന്ന കൊടികളിൽ കേടുവരാൻ സാധ്യതകളേറെയാണ്. മഞ്ഞളിപ്പും കാലാപുഴുവുമാണ് കൂടുതലായും കണ്ടുവരുന്ന രോഗബാധ. ഇവയെ പ്രതിരോധിക്കാൻ തിപ്പിലയിൽ ഗ്രാഫ്റ്റിംഗ് നടത്താറുണ്ട്.
തിപ്പിലയ്ക്ക് പൊതുവെ രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കൊടിതൈകൾ ശക്തമായി തഴച്ചുവളരും. വളപ്രയോഗത്തിലൂടെ പരിധിവരെ രോഗബാധ തടയപ്പെടാറുണ്ട്.
Agriculture
കാട്ടുപന്നിയുടെ ആക്രമമാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷിയിലേക്ക് തിരിയാൻ കണ്ണൂർ, കാടച്ചിറ സ്വദേശി സുരേഷ് ബാബുവിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്. നേരത്തെ നിലത്ത് കൃഷി ചെയ്തിരുന്നുപ്പോൾ, കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
ഗ്രോ ബാഗിൽ കൃഷി ചെയ്താൽ, വന്യജീവി ആക്രമണം കുറവാണെന്ന അറിവിനെത്തുടർന്ന് അതു പരീക്ഷിച്ചാലോ എന്നാലോചിച്ചു. ആദ്യം പറന്പിലും പിന്നീട്, വീടിന്റെ ടെറസിലുമായി ഗ്രോബാഗ് കൃഷി വ്യാപിപ്പിച്ചു.
ഏകദേശം അഞ്ചു വർഷത്തോളമായി ടെറസിലെ ഗ്രോ ബാഗിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മികച്ച വിളവാണ് ലഭിക്കുന്നത്.
മണ്ണ് പരിശോധിക്കും
ഗ്രോ ബാഗുകളിൽ പച്ചക്കറി നടുന്നതിനായി ആദ്യമായി ബാഗുകളിൽ മണ്ണു നിറയ്ക്കും. ഗ്രോ ബാഗുകളിൽ നിറയ്ക്കാനുള്ള മണ്ണ് എടുക്കുന്ന സ്ഥലത്തെ മണ്ണ് ആദ്യം പരിശോധനയ്ക്കായി അയയ്ക്കും. പോഷകമൂലകങ്ങളുടെ കുറവ്, കൂടുതൽ, മാധ്യമം എന്നിവ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
അതിന്റെ അടിസ്ഥാനത്തിലല്ല വളപ്രയോഗം ചെയ്തതെങ്കിലും ആവശ്യമുള്ള അളവിലുള്ള വളം മാത്രമേ ചേർത്തിരുന്നുള്ളു. ഗ്രോ ബാഗ് തയാറാക്കുന്നതിന്റെ ആദ്യപടിയായി കരിയിലയോടൊപ്പം മേൽമണ്ണ് മാത്രം നിറയ്ക്കും.
ചാണകം മണ്ണുമായി ചേർത്തിളക്കി മണ്ണ് വളക്കൂറുള്ളതാക്കി മാറ്റുന്നു. ചാണകം ഇടുന്നതിനുമുൻപായി കുറച്ച് കുമ്മായം ഓരോ ബാഗിലും ചേർത്തിളക്കും. എല്ലുപൊടിയും ചേർത്ത് ബാഗിലെ മണ്ണിനെ പച്ചക്കറി നടാൻ പാകത്തിലാക്കുന്നു.
ചാണകത്തിനോടൊപ്പം ചില സമയങ്ങളിൽ ട്രൈക്കോഡെർമയും ചേർക്കാറുണ്ട്. ഇത് ജീവാണുവളമാണ്. നടുന്നതിനായി പച്ചക്കറി തൈകൾ കൃഷിഭവനിൽനിന്നു ലഭിക്കാറുണ്ട്. ചിലപ്പോൾ വിത്തുകൾ പുറത്തുനിന്നു വാങ്ങിച്ചു വിതയ്ക്കും.
ശീതകാല കൃഷിയും വേനൽക്കാല കൃഷിയും ചെയ്യാറുണ്ട്. ചെറിയ തോട്ടമായതിനാൽ കൂടുതൽ വിഷമം ഉണ്ടാകാറില്ലെങ്കിലും വെള്ളത്തിനു വേനൽക്കാലങ്ങളിൽ ദൗർലഭ്യം നേരിടുന്നതിനാൽ വേനൽക്കാല കൃഷി വിചാരിച്ചത്ര വിജയിക്കാറില്ല.
ജീവാണുവും സൂക്ഷ്മമൂലകവും
പച്ചക്കറികൾ നടുന്നതിനു മുമ്പായി കുഴികളിൽ വാം എന്ന ജീവാണു വളം അഞ്ചു ഗ്രാം ഓരോ കുഴിയിലും ചേർക്കും. വേരുകളിൽ പടർന്നു പിടിച്ചു വളരുന്ന മിത്രകുമിളാണ് വിഎഎം. ഇതു വേരുകൾ ശക്തമാക്കാനാനും വളർച്ച ത്വരിതപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.
ഇതു മണ്ണിൽ ഫോസ്ഫറസിന്റെ അളവു കൂട്ടുന്നതിനാൽ കുറച്ചു മാത്രം എല്ലുപൊടി ചേർത്താൽ മതിയാകും. വാം ചേർത്തതിനുശേഷം പച്ചക്കറി തൈകൾ പറിച്ച് ഈ കുഴികളിലേക്കു നടുകയാണു ചെയ്യുന്നത്.
പച്ചക്കറി തൈകൾ വളർന്ന് ഒരാഴ്ചയായാൽ അല്ലെങ്കിൽ നാല് ഇലകൾ വന്നാൽ അഞ്ചു ഗ്രാം അയർ എന്ന സൂക്ഷ്മ മൂലകം ഓരോ ചെടിക്കും ചേർത്തുകൊടുക്കാറുണ്ട്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയാകുന്പോൾ ആദ്യ വളപ്രയോഗം നടത്തുന്നു.
കന്പോസ്റ്റ്, ചാണകം എന്നിവയോടൊപ്പം സ്യൂഡോമോണസും മിതമായ അളവിൽ ചേർക്കാറുണ്ട്. പിന്നീടു പല തവണകളിലായി ചാണക മിശ്രിതം ഒഴിച്ചുകൊടുക്കുന്നു. സാധാരണയായി ശീതകാല കൃഷിയിൽ തക്കാളി, പച്ചമുളക്, കാബേജ് എന്നിവ നടാറുണ്ട്.
വേനൽക്കാല കൃഷിയിൽ വെള്ളരി, പയർ, പോട്ടിക്ക എന്നിവയും നടുന്നു. തികച്ചും ജൈവികമായ പച്ചക്കറി കുറച്ചു ദിവസമെങ്കിലും കഴിക്കാനും കാണാനും സാധിക്കുമല്ലോ എന്നു കരുതിയാണ് കൃഷിക്കിറങ്ങിയത്.
കൃഷി ഭവനിൽനിന്ന് ഇടയ്ക്കു കൃഷി ഓഫീസർ ഗ്രോ ബാഗ് കൃഷിയായിട്ടുപോലും ഇവിടെ സന്ദർശിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ കടന്പൂർ കൃഷിഭവന്റെ പരിധിയിലാണ് ഈ പ്രദേശം.
ഫോണ്‍: 8547421587
Agriculture
വൈദികവൃത്തിയുടെ വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ സന്ദേശവും ജനങ്ങളിലേക്ക് പകരുകയാണ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ കൊല്ലം തില്ലേരി സെന്റ് ആന്റണീസ് ആശ്രമത്തിലൂടെ. വിശുദ്ധ ഫ്രാൻസിസിനെപോലെ ലാളിത്വവും സാഹോദര്യവും പ്രാർഥനയും പ്രകൃതിയോടു ചേർന്നുള്ള ജീവിതവുമാണ് ആശ്രമത്തിൽനിന്നും ഒഴുകുന്നത്.
പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ചെടികളും മൃഗങ്ങളും പക്ഷികളും ആശ്രമത്തിനൊരു ചൈതന്യമാണ് പകരുന്നത്. ആറ് ഏക്കർ വരുന്ന കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് കണ്ണിനു കുളിരു പകരുന്നു.
ഇവിടെയാണ് പശുഫാം സ്ഥിതി ചെയ്യുന്നത്. എച്ച്എഫ്, ജേഴ്സി, എച്ച്എഫ് ക്രോസ് ഇനത്തിൽപ്പെട്ട 20 പശുക്കളും രണ്ട് എരുമകളും ആറോളം പശുക്കിടാങ്ങളും ഫാമിനൊരു ജീവനാണ് നൽകുന്നത്.
പശുഫാമിന്റെ പരിപാലകനായ ഫാ. അൽഫോൻസ് ലൂഷ്യസിനെ കാണുന്പോൾ ആ പശുക്കിടാങ്ങളുടെ സന്തോഷപ്രകടനം കാണേണ്ടതുതന്നെ. സാധാരണനിലയിൽ പശുഫാമിലേക്ക് അച്ചനെത്തുന്നതു ളോഹയിലല്ല.
എന്നും കാണുന്ന വേഷത്തിലെത്തിയാൽ പിന്നെ ശരീരത്തിലേക്ക് പാഞ്ഞുകയറിയുള്ള സ്നേഹപ്രകടനമാണ്. 21 അടി ഉയരത്തിലും 60 അടിനീളത്തിലും 45 അടി വീതിയിലുമുള്ള മനോഹരമായ പശുഫാമാണ് ഈ തോട്ടത്തിലെ മറ്റൊരു ആകർഷണം.
കാറ്റും വെളിച്ചവും കയറുന്ന ഫാം. പശുക്കൾക്കായി ഫാനും ഒരുക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് തറകളും കന്നുകാലികളുടെ കാലിനു പ്രശ്നം ഉണ്ടാകാതെയിരിക്കാൻ റബർമാറ്റും കുടിക്കാൻ വെള്ളവും ഒരുക്കിയിട്ടുണ്ട്.
കുളിപ്പിക്കാൻ ഇഷ്ടംപോലെ വെളളം. വൃത്തിയും വെടിപ്പുമാണ് ഫാമിന്റെ പ്രത്യേകത. നിലവിൽ 12 പശുക്കളെ കറക്കുന്നുണ്ട്. 35 ലിറ്റർ പാലു നൽകുന്ന പശുക്കൾ വരെയുണ്ട്. രണ്ട് എരുമകളെയും കറക്കുന്നു.
വെളുപ്പിനെ അഞ്ചിനും ഉച്ചക്ക് രണ്ടിനുമാണ് യന്ത്രമുപയോഗിച്ചു കറക്കുന്നത്. ഇവയുടെ പരിപാലനത്തിനായി തൊഴിലാളികളുണ്ട്. ദിവസവും 150 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. ആവശ്യത്തിന് എടുത്തശേഷം കവറിലാക്കി പുറത്തു നാട്ടുകാർക്കു കൊടുക്കുന്നുണ്ട്.
Agriculture
തിരക്കിട്ട കോർപ്പറേറ്റ് ജീവിതത്തിന്റെ ചുഴിയിൽപ്പെട്ട് നെടുവീർപ്പിടുന്ന യുവജനങ്ങളോട് നല്ല നാടൻ വിജയത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് കോട്ടയംകാരനായ അജീഷ്. ഏസിയുടെ തണുപ്പിൽ ടൈയും കോട്ടുമിട്ട് വൈറ്റ് കോളർ ജോലി സ്വപ്നം കാണുന്ന എല്ലാവരോടും അജീഷിനു പറയാനുള്ളതും സ്വസ്ഥതയാണ് മുഖ്യം എന്നാണ്.
ഉയർന്ന സാലറിയും വൻ പദവിയും ഉപേക്ഷിച്ചാണ് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതിൽ എൻ. അജീഷ് കുമാർ ക്ഷീരകർഷകനാകാൻ നിശ്ചയിച്ചത്. ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും നേടാൻ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുന്പോൾ അജീഷിന് മുന്നിലേക്കെത്തിയത് ക്ഷീരമേഖലയിൽ നാടൻ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.
കോർപ്പറേറ്റ് മേഖലയിലെ ജോലി ചെയ്താൽ മാത്രമേ ജീവിക്കാനാകൂ എന്ന ചിന്തയാണ് ഇന്നു പല യുവാക്കൾക്കുമുള്ളത്. അതൊന്നും ഇല്ലെങ്കിലും പശുവിനെ വളർത്തിയാലും വരുമാനവും ജീവിതവും കെട്ടിപ്പടുക്കാനാകുമെന്നും അജീഷ് പറയുന്നു. വസുധ ഫാംസ് ആൻഡ് ഡയറി പ്രോഡക്ടസ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേരിട്ടിരിക്കുന്നത്.
നാലു വർഷം മുൻപായിരുന്ന അത് നടന്നത്... ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിയതിനെക്കുറിച്ച് അജീഷ് പറയുന്നു. ന്ധന്ധകോർപ്പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്.
മായം കലരാത്ത പാലും പാൽ ഉത്പന്നങ്ങളും നാട്ടുകാർക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, ക്ഷീര കർഷകനാകുക എന്ന തീരുമാനമങ്ങനെയാണ് എടുക്കുന്നത്. 20 സെന്റിലാണ് ഫാം പ്രവർത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്. സഹോദരീഭർത്താവിനൊപ്പമാണ് ഈ മേഖലയിലേക്ക് എത്തുന്നത്.’’
നാടൻ പശുക്കളായതിനാൽ വലിയ ചെലവ് ഇല്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. വെച്ചൂർ, കാസർകോട് കുള്ളൻ, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമിൽ പ്രധാനമായുള്ളത്.
20 പശുക്കളുള്ളതിൽ മൂന്നു വെച്ചൂർ പശുക്കളും അഞ്ചു കാസർകോട് കുള്ളൻമാരും ഒരു ചെറുവള്ളിയും ഒരു ഗീർ പശുവുമാണുള്ളത്. കാസർകോട് കുള്ളന്റെ വംശവർധന നടത്തുന്നതിന് ഒരു മേറ്റിംഗ് ബുള്ളും അജീഷിന്റെ ഫാമിലുണ്ട്.
പശുക്കൾക്ക് പുറമേ പാലുത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അജീഷ്. ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ ജീവാമൃതം, ബയോഗ്യാസ് സ്ലറി, വെർമി കന്പോസ്റ്, ചാണകപ്പൊടി എന്നിവയും വരുമാനസ്രോതസുകളാണ്.
നാടൻ കോഴികളും പച്ചക്കറി, വാഴ, കപ്പ, കാച്ചിൽ, ചേന, ചേന്പ് ഇഞ്ചി, മഞ്ഞൾ എന്നിവയും മഞ്ഞൾപ്പൊടി പോലുള്ള മുല്യവർധിത ഉത്പന്നങ്ങളും അജീഷിന്റെ പക്കലുണ്ട്. നാടൻ കന്നുകുട്ടികളെ ആവശ്യമുള്ളവർക്ക് വില്പനയും നടത്തുന്നുണ്ട്.
അജീഷ് കോർപ്പറേറ്റ് ജോലി വിട്ടപ്പോൾ മുതൽ എല്ലാ പിന്തുണയുമായും കുടുംബവുമൊപ്പമുണ്ട്. ഫാമിലെ കാര്യങ്ങളിൽ സഹായിക്കുന്നതിൽ പ്രധാനികളും ഇവരാണ്. ഭാര്യ: ശ്രീവിദ്യ (ബാങ്ക് ജീവനക്കാരി). ദേവദർശ, ദർശിത്, ദക്ഷിത് എന്നിവരാണ് മക്കൾ.
District News
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം പതിവായ പ്രദേശത്ത് പച്ചക്കറിക്കൃഷി വിജയകരമായി നടത്തി ശ്രദ്ധേയനാകുകയാണ് ഗോത്ര യുവാവ് കനകരാജ്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാളിച്ചിറ ഉന്നതിയില്‍ താമസിക്കുന്ന കനകരാജ് ജോലിത്തിരക്കുകള്‍ക്കിടയിലും കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കയാണ്.
അര ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയ പച്ചക്കറിത്തോട്ടം നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും പ്രചോദനമായി മാറി. കാളിച്ചിറയില്‍ കൃഷി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആന, മാന്‍, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ ഏതുസമയത്തും കൃഷിയിടങ്ങളില്‍ കടന്നുകയറുന്ന സാഹചര്യമാണിവിടെ. ഈ പ്രതിസന്ധിയെ അതിജീവിച്ചാണ് കനകരാജ് കൃഷിയിടം പരിപാലിക്കുന്നത്.
വീടിനോട് ചേര്‍ന്ന സ്ഥലത്ത് ഇടവിളയായാണ് അദ്ദേഹം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പയര്‍, ബീന്‍സ്, കാബേജ്, ചീര, പച്ചമുളക്, പടവലം, വെള്ളരി, നേന്ത്രവാഴ തുടങ്ങിയ നിരവധി വിളകളാണ് കൃഷിയിടത്തിലുള്ളത്. ഓരോ സീസണിലും മികച്ച വിളവാണ് ലഭിക്കുന്നത്.
ദിവസേന ശരാശരി 30 കിലോഗ്രാം പയര്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് കനകരാജ് പറയുന്നു. വെള്ളരി, ചീര തുടങ്ങിയ വിളകളും നല്ല തോതില്‍ ലഭിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വിപണികളിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. നാട്ടുകാര്‍ കൃഷിയിടത്തിലെത്തിയും ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.
നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രമോട്ടറായി ജോലി ചെയ്യുന്ന കനകരാജ് ജോലിക്ക് പോകുന്നതിനുമുമ്പ് കൃഷിയിടത്തിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. പുലര്‍ച്ചെ ആറോടെ കൃഷിയിടത്തിലെത്തുന്ന അദ്ദേഹം ജലസേചനം, കളനീക്കം, വളപ്രയോഗം തുടങ്ങിയ ജോലികള്‍ നിര്‍വഹിച്ച ശേഷമാണ് ജോലിക്കിറങ്ങുന്നത്. വൈകുന്നേരങ്ങളിലും കൃഷിയിടത്തില്‍ സമയം ചെലവഴിക്കും.
വന്യമൃഗപ്രതിരോധത്തിന് വിവിധ മാര്‍ഗങ്ങള്‍ കനകരാജ് പരീക്ഷിക്കുന്നുണ്ട്. രാത്രി കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കൃഷിയിടം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമായ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ച അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയില്ല.
ഓരോ നഷ്ടവും പുതിയ പാഠമായി ഉള്‍ക്കൊണ്ടാണ് മുന്നോട്ടുള്ള യാത്ര. നാടന്‍കോഴി വളര്‍ത്തലും കനകരാജിന്റെ വരുമാന മാര്‍ഗങ്ങളിലൊന്നാണ്. കൃഷിയില്‍നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് കോഴിവളര്‍ത്തല്‍. ഇതിലൂടെ കുടുംബത്തിന് അധിക വരുമാനം ലഭിക്കന്നുണ്ട്. കൃഷിയില്‍ ആഭിമുഖ്യമുണ്ടെങ്കില്‍ ഏത് സാഹചര്യത്തിലും വിജയം നേടാമെന്ന് കനകരാജ് പറയുന്നു.
Agriculture
പരിസ്ഥിതി ദിനത്തില്‍ മാത്രം വൃക്ഷത്തൈകൾ നടാതെ, അതു ജീവിതചര്യയാക്കിയ പ്രകൃതിസ്നേഹിയാണ് പ്രഫ. സി.പി. റോയി എന്ന "ട്രീ മാൻ'. ഗ്രീന്‍ ലീഫ് എന്ന സംഘടനയിലൂടെ വൃക്ഷത്തൈകൾ നടാനാരംഭിച്ച സി.പി. റോയിയ്ക്ക് ഓരോ വൃക്ഷത്തെയും അടുത്തു ചെന്ന് പേര് ചൊല്ലി വിളിക്കാനാകുന്നത്ര ബന്ധമുണ്ട്.
നാളിതുവരെ നട്ടതാകട്ടെ, പത്തോ നൂറോ എണ്ണമല്ല, അമ്പതിനായിരത്തിലധികം! മണ്ണും മരവും ഉണ്ടെങ്കിലേ മനുഷ്യനുള്ളെന്ന് മനസിലാക്കിയ അദേഹം 1990 ലാണ് ഗ്രീന്‍ ലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തന ശൈലിയും തികച്ചും വ്യത്യസ്തമാണ്.
പൊതുസ്ഥലത്ത് ചെടി നട്ട് ആര്‍ക്കും ഗ്രീന്‍ ലീഫില് അംഗത്വമെടുക്കാം, പക്ഷേ സ്വന്തമായി നടണമെന്നു മാത്രം. കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളിലാണ് ഗ്രീന്‍ ലീഫ് ആദ്യമായി ചെടി നട്ടത്. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാന പ്രവര്‍ത്തന മേഖല.
സ്കൂള്‍ കാമ്പസുകളും റോഡിന്റെ വശങ്ങളിലുമാണ് പ്രധാനമായും തൈകള്‍ നട്ടിരുന്നത്. പിന്നീട് 2005ല്‍ ചങ്ങനാശേരി ബൈപ്പാസിലും 2006ല്‍ ഏറ്റുമാനൂര്‍ പാലാ റോഡിലും തൈകള്‍ നട്ടു. ഇന്ന് ആ റോഡില്‍ തണലായി പച്ചവിരിച്ചു നില്ക്കുന്ന മഴമരങ്ങളെല്ലാം പ്രഫ.സി.പി. റോയിയുടെ സംഭാവനയായിരുന്നു.
പ്ലാവ്, മാവ്, ബാംബു എന്നിങ്ങനെയെല്ലാവിധ തൈകളും നാളിതുവരെ നടാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അദേഹം. ചെടികളും മരങ്ങളുമായി 1990 കളില്‍ ആരംഭിച്ച ബന്ധം ഇന്നും തുടരുകയാണ്. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നത് തികച്ചും സൗജന്യമായാണ്.
ആവശ്യത്തിനുള്ള തൈകൾ ഉത്പാദിക്കുന്ന ചുമതലയും അദേഹം തന്നെയാണ് ചെയ്യുന്നത്. ഇതിനായി വിത്തുകളെല്ലാം സംഭരിക്കുകയും അതിനെ മുളപ്പിച്ചെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വീടിനോടു ചേര്‍ന്നും റോഡിന്റെ സൈഡിലുമൊക്കെയായി വിത്തുകള്‍ കുഴിച്ച് മുളപ്പിച്ചെടുക്കാറാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ മൂവായിരത്തിലധികം മാവിന് തൈകളെ ഉത്പാദിപ്പിക്കുന്നതിനുള്ള അധ്വാനത്തിലാണ് അദേഹം.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും മണ്ണിനെയും മരത്തെയും വിട്ടൊരു ജീവിതം സി.പി. റോയിക്കില്ല. ഇന്നും മരങ്ങള്‍ നട്ടും നട്ട മരങ്ങളെ സന്ദര്‍ശിച്ചും സംരക്ഷിച്ചും കരുതിയുമാണ് ജീവിതം.
തിരുനക്കര ടാക്സി സ്റ്റാന്‍ഡില്‍ സ്റ്റാന്‍ഡ് അധികൃതരോടൊപ്പം നട്ട ഇരുന്നൂറു ചെടികളെ നോക്കാനും പരിപാലിക്കാനും ഇന്നും എല്ലാ ദിവസവും രാത്രി ഏഴിന് പതിവായി എത്താറുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിലയില്‍ അവകാശപ്പോരാട്ടങ്ങളിലും കാമ്പയിനുകളിലും സജീവമാണ് സി.പി. റോയി.
Agriculture
വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്.
ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്.
ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
Agriculture
സ്ത്രീകൾ കൃഷിയിലേക്ക് കടന്നുവരുന്പോൾ ഗ്രാമങ്ങളുടെ ഭാവി എത്ര മനോഹരമാകാമെന്ന് തെളിയിക്കുകയാണ് സി. വൃന്ദ. മയ്യിൽ ഒരു ഗ്രാമം മാത്രമല്ല മണ്ണിനോടുള്ള സ്നേഹത്തിന്റെ കഥയാണ്. വിത്തിടുന്പോൾ പ്രതീക്ഷ വിതയ്ക്കുന്ന, കൊയ്ത്തുകാലത്ത് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു കാർഷിക ഗ്രാമം. കണ്ണൂർ ജില്ലയിലെ പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കാർഷിക ഗ്രാമം.
നെൽവയലുകൾ നീളെ പന്തലിച്ചു കിടക്കുന്ന നാട്, കാലാവസ്ഥയുടെ ചക്രവാളത്തോടൊപ്പം ജീവിക്കുന്ന ഒരു കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണ് മയ്യിൽ എന്ന കാർഷിക ഗ്രാമം. ജനിച്ചു വീഴുന്ന കുരുന്നുകൾ മുതൽ മണ്ണിനോട് ഇഴകി ചേർന്ന വയോജനങ്ങൾക്കു വരെ മയ്യിൽ എന്ന ഗ്രാമത്തിലെ കാർഷിക കഥകൾ ഒരുപാട് പറയാനുണ്ട്.
മുല്ലപ്പൂന്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന വാക്യം നൂറിൽ നൂറ്റൊന്ന് സത്യമാക്കുന്ന ഇടമാണ് മയ്യിൽ മുല്ലക്കൊടിയെന്ന ഗ്രാമവും ഗ്രാമവാസികളും. മുല്ലപ്പൂവിനെപോലെ ഒരു നാട് മുഴുവൻ ന·പടർത്തുന്ന ഗ്രാമത്തിലേക്ക് കണ്ണൂർ അഴീക്കോടിൽ നിന്നു മരുമകളായി വന്ന വൃന്ദ ഇന്ന് മുല്ലക്കൊടിയുടെ മകളായി മാറി.
മയ്യിൽ വയലുകളുടെ നാട്
മയ്യിലിൽ പ്രഭാതം ആരംഭിക്കുന്നത് കോഴിയുടെ കൂവലോടെ അല്ല, വയലിലേക്ക് പോകുന്ന കർഷകരുടെ ചുവടുകളോടെയാണ്. നെൽവയലുകളിൽ കാറ്റടിക്കുന്പോൾ കാണുന്ന പച്ചത്തിരകൾ ഗ്രാമത്തിന്റെ ആത്മാവാണ്.
പാടശേഖര സമിതികളുടെ കൂട്ടായ പ്രവർത്തനം ഇവിടെ കൃഷിയെ ശക്തിപ്പെടുത്തുന്നു. യന്ത്രസഹായം, വിത്ത് വിതരണം, സബ്സിഡി പദ്ധതികൾ എല്ലാം ചേർന്ന് കർഷകരുടെ പരിശ്രമം ഫലപ്രദമാകുകയും ഇന്നു കേരളത്തിൽ മയ്യിൽ ഗ്രാമത്തിന്റെ പ്രവർത്തികൾ വാനോളം ഉയർന്നിരിക്കുകയാണ്.
പൊതുപ്രവർത്തകയായ പി. പ്രസീതയുടെയും ബസ് ഡ്രൈവറായ സുരേഷ് മണിയുടെയും മകളായ സി. വൃന്ദയ്ക്ക് ഈ കാർഷിക ഗ്രാമത്തിലേക്ക് യാതൊരു കാർഷിക പശ്ചാത്തലമില്ലാതെയാണ് 2010ൽ മുല്ലക്കൊടിയിലെ മനപ്പുറത്ത് വീട്ടിലേക്ക് മരുമകളായി എത്തിയത്.
ബികോം പഠിച്ച് അക്കൗണ്ട്സ് ജോലി ചെയ്തിരുന്ന വൃന്ദയ്ക്ക് പിന്നീട് രണ്ടു കുട്ടികളായതോടെ ജോലിക്കു പോകാൻ സാധിച്ചില്ല. ഗ്രാഫിക് ഡിസൈനർ ആയ ഭർത്താവ് സുകേഷ് കിരണിന്റെ അച്ഛൻ എം.വി. കരുണാകരനും അമ്മ ടി. സുമതിയും പാരന്പര്യ കർഷക കുടുംബത്തിലുള്ളവരായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾക്ക് തന്നാലായത് ചെയ്തായിരുന്നു വൃന്ദയുടെ കാർഷികമേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
ജീവനി കാർഷിക വിപണി
കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ മാർക്കറ്റ് ഉണ്ടാകാതിരുന്ന കാലമായിരുന്നു അന്ന്. അക്കാലത്ത് ഇവരുടെ വയലിൽ വൻതോതിൽ ചീര വിളവെടുത്തതോടെ ഇവ എവിടെ കൊണ്ടു വിൽക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയ വൃന്ദയുടെ കഥ രസകരമായിരുന്നു.
ചീര ഓരോ കെട്ടുകളാക്കി മുല്ലക്കൊടിയുടെ റോഡരികിൽ കൊണ്ടുവച്ചു ചീര...ചീര... എന്ന് ഉറക്കെവിളിച്ചു വിൽപ്പന നടത്താൻ കാണിച്ച ആ ധൈര്യം ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് തന്റെയുള്ളിൽ മയ്യിൽ മേഖലയിലെ നിരവധി കർഷകരുടെ വിയർപ്പിനുള്ള പ്രതിഫലം കിട്ടുന്ന ഒരു സംരംഭത്തിലേക്ക് കടക്കാമെന്ന ചിന്തയിലായിരുന്നു വൃന്ദ.
അതിനായി കൃഷിവകുപ്പിന്റെയും കേരളസർക്കാരിന്റെയും ഒപ്പം മുല്ലക്കൊടി പാടശേഖര സമിതി, കൈവയൽ പാടശേഖരസമിതി എന്നിവരുടെ സഹായത്തോടെ 2021ൽ ജീവനി കാർഷിക വിപണിയെന്ന പേരിൽ സംരംഭത്തിന് വൃന്ദ തുടക്കമിട്ടു.
ഇതോടെ കൂടുതൽ കൃഷിക്കാരുടെ ഉത്പന്നങ്ങളെല്ലാം കാർഷിക വിപണിയിലൂടെ ന്യായമായ വിലയിൽ വിൽപന നടത്താൻ മയ്യിലിലുള്ള കർഷകർക്ക് സാധിച്ചു.
Agriculture
ആലപ്പുഴ കലവൂരിലെ ലിറ്റിൽ ഫ്ളവർ നഴ്സറിക്ക് പറയാനുള്ളത് വലിയ സുഗന്ധകഥകളാണ്. ചെറുപുഷ്പത്തിന്റെ പേരിൽ തുടങ്ങിയ നഴ്സറി കർഷകരുടെയും കൃഷിപ്രേമികളുടെയും വിശ്വാസമാർജിച്ച് മുന്നേറുകയാണ്.
അലങ്കാരച്ചെടികൾ, കാർഷിക ഗ്രന്ഥാലയം, ഔഷധ സസ്യങ്ങൾ, പഴവർഗ തൈകൾ, നക്ഷത്ര വനം, കാർഷിക മേഖലയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രമോഷൻ ക്ലാസ് എന്നിങ്ങനെ വൈവിധ്യങ്ങളായ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.
ആന്പൽ കണ്ടത്തിൽ സുനിലാണ് ലിറ്റിൽ ഫ്ളവർ നഴ്സറിയുടെ സാരഥി. വളം-കീടനാശിനി ഉപയോഗം എന്നിവയ്ക്കായി പ്രത്യേക സെഷനും 85 സെന്റിലെ നഴ്സറിയിലുണ്ട്. നഴ്സറിയിൽ എത്തുന്ന സന്ദർശകർക്ക് ഇവിടുത്തെ വൃക്ഷങ്ങളിലെ ഫലങ്ങൾ കിളികൾക്കും അണ്ണാനും നൽകാനുള്ള പ്രത്യേക വനസൗകര്യം ഒരുക്കിയിട്ടുണ്ട്.
പിതാവ് പി.സി. വർഗീസിന്റെ മരണശേഷാണ് സുനിൽ നഴ്സറിയുടെ ചുമതലയേറ്റെടുത്തത്.
ഔഷധോദ്യാനം
350 ഇനം ഔഷധ സസ്യങ്ങളുമായി ഒൗഷധോദ്യാനം നഴ്സറിയിൽ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കും. പുരാണങ്ങളിൽ ഉള്ള വിവിധ വൃക്ഷങ്ങൾ, ഒലിവ് മരം, മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്ര വൃക്ഷങ്ങൾ, ദശമൂലം, ദശപുഷ്പം, നാൽപാമരങ്ങൾ, ത്രിഫല, സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂർവ കാഴ്ചകളാണ്.
പൂച്ചപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ പഴയകാല ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. എക്സോടിക് ഫ്രൂട്ടുകളായ റംബുട്ടാൻ, മിറക്കിൾ, മംഗോസ്റ്റിൻ, ഡ്രാഗണ്‍ എന്നിവയുടെ തൈകളും ഇവിടെ ലഭിക്കും. കൃഷിക്കാവശ്യമായ എല്ലാം കൃഷികാര്യ സൂപ്പർമാർക്കറ്റിലുണ്ട്.
ചാണകം, കോഴിവളം, ഗോമൂത്രം എന്നിവയും ലഭ്യമാണ്. റോസ് ബുഷ്, ഭഗീനിയ, ബൊഗെൻവില്ല തുടങ്ങി അലങ്കാര ചെടികളുടെ വലിയൊരു ശേഖരവും നഴ്സറിയിലുണ്ട്.
കാർഷിക ലൈബ്രറി
നഴ്സറിയുടെ ഓഫീസിനു പിന്നിലായി വെർട്ടിക്കൽ ഗാർഡനാൽ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 6.30 വരെ ആർക്കും ഇവിടെ എത്തി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം.
കാർഷിക സർവകലാശാലകളുടെയും വിവിധ സർവകലാശാലകളുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലധികം പുസ്കങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തുതരും.
കൃഷിയിൽ പ്രായോഗിക പരിശീലനം
ബിഎസ്സി അഗ്രികൾച്ചർ, വിഎച്ച്എസ്ഇ, സ്കൂൾ വിദ്യാർഥികൾക്ക് വിത മുതൽ വിളവെടുപ്പു വരെ 10 ദിവസത്തെ പ്രായോഗിക പരിശീലനം നൽകിവരുന്നുണ്ട്. കാർഷിക പഠന ഗ്രൂപ്പുകൾക്കും പരിശീലനം നൽകിവരുന്നു.
ലയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ്, പച്ചക്കറി വളർത്തൽ എന്നിവയിൽ പ്രത്യേകം പരിശീലനമുണ്ട്. ഒരാഴ്ചയിൽ 10 പേർക്കാണ് പരിശീലനം നൽകുക. തെങ്ങിൻ യന്ത്രം ഉപയോഗിച്ചു കയറുന്നതിനുവരെ പരിശീലിപ്പിച്ചാണു കോഴ്സ് അവസാനിക്കുന്നത്.
Agriculture
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.
ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി.
എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്.
കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ.
എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം.
പഠനകാലത്തെ പാഷനു പിന്നാലെ
2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന മേളകളിലാണ് പങ്കെടുത്തിരുന്നത്. കുറച്ച് സ്റ്റോക്ക് എടുക്കും.
അതുമായി പ്രദർശനത്തിനു പോകും. അതു വിറ്റു തീരുമ്പോൾ മടങ്ങും എന്നതായിരുന്നു രീതി. എക്സിബിഷനുകളിൽനിന്നും ചെടി വാങ്ങുന്നവർ പിന്നീട് കാണുമ്പോൾ നല്ല ചെടിയായിരുന്നു, ഇപ്പോഴും ആരോഗ്യത്തോടെ വളരുന്നുണ്ട് എന്നൊക്കെ പറയുന്നത് വലിയ പ്രചോദനമായി.
അങ്ങനെ എറണാകുളത്തെ വീട്ടിലേക്കും എട്ടു സെന്റ് സ്ഥലത്തേക്കും തന്റെ പാഷനെ മൻമോഹൻ എത്തിച്ചു. 2014 ൽ 5,000 രൂപയുടെ സ്റ്റോക്കുമായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് നഴ്സറി ആരംഭിച്ചു.
അങ്ങനെ ഇൻഡോർ പ്ലാന്റുകളെ വളർത്തിയും വിൽപ്പന നടത്തിയും പഠനകാലത്തേ സ്വന്തം വഴി ഈ യുവാവ് കണ്ടെത്തിയിരുന്നു. പക്ഷേ, വാടക സ്ഥലങ്ങൾക്ക് പരിമിതികളുണ്ട്.
കാരണം പെട്ടെന്ന് സ്ഥലം മാറുമ്പോഴൊക്കെയും ഈ ചെടികളെ പാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോവുക, അവയെ വീണ്ടും പരിപാലിച്ചു വളർത്തുക അൽപ്പം റിസ്കാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ട ചെടികൾ നശിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. സ്വന്തമായി അൽപ്പം സ്ഥലം അതിലൊരു നഴ്സറി എന്ന സ്വപ്നം അങ്ങനെ മൻമോഹന്റെയുള്ളിൽ കടന്നു കൂടി.
Kerala
കല്‍പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെ വയനാട്ടില്‍ കാപ്പിക്കൃഷി മേഖലയുടെ ആധുനികവത്കരണത്തിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും 25 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില്‍ പുതിയ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായധനമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഹെക്ടറിന് 1,10,000 രൂപയാണ് സഹായം.
25 സെന്റ് മുതല്‍ 10 ഹെക്ടര്‍ വരെ കാപ്പിക്കൃഷിയുള്ളവര്ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്‍ക്ക് പരമാവധി 2.2 ലക്ഷം രൂപയാണ് സഹായം. ഹെക്ടറിന് 77,000 രൂപ ആദ്യവര്‍ഷവും 33,000 രൂപ രണ്ടാംവര്‍ഷവും വിതരണം ചെയ്യും.
കാപ്പിക്കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഹെക്ടറിന് 50,000 രൂപ വരെ സഹായം നല്‍കും. ജലസംഭരണി നിര്‍മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ളര്‍ യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്‍ട്ടിഫൈഡ് തൈകള്‍ ഉത്പാദിപ്പിക്കുന്ന 30 നഴ്സറികള്‍ക്ക് ആറ് ലക്ഷം രൂപ വീതം നല്കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കും.
വയനാടന്‍ കാപ്പിയുടെ വിപണി മൂല്യം ഉയര്‍ത്തുന്നതിന് നാഷണല്‍/ഇന്റര്‍നാഷണല്‍ സര്ട്ടിഫിക്കേഷന്, ജിഐ ടാഗിംഗ് എന്നിവയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) കര്‍ഷകര്‍ക്കും എഫ്പിഒകള്‍ക്കും റീഇംബഴ്സ്മെന്റായി നല്‍കും. പുനര്നടീലിനും ഡ്രിപ് ഇറിഗേഷനും കുറഞ്ഞ നിരക്കില്‍ ടേം ലോണ്‍ ലഭ്യമാക്കാന്‍ പിസിജിഎസ് പദ്ധതി നടപ്പാക്കും.
കര്‍ഷകര്‍ക്ക് നേരിട്ട് സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനും കേര ഫീല്‍ഡ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്‍ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്‍ഷകര്‍ക്ക് ബോധത്കരണ പരിപാടികളും 16,000 കര്‍ഷകര്‍ക്ക് ഗ്രാമതല ശില്പശാലകളും 3,400 കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികളില്‍ സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമാണ്.
താത്പര്യമുള്ള കര്‍ഷകര്‍ https://keraplantation.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരത്തിന് 8089775400 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Agriculture
നാടനും വിദേശിയുമായ അറുനൂറിലേറെ ഇനം വാഴകളെ പരിപാലിക്കുന്ന ഒരാൾ കേരളത്തിലുണ്ട്. വാഴച്ചേട്ടൻ എന്ന ഖ്യാതിയിൽ 2015ൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ പാറശാല കൊടിവിളാകം വിനോദ് സഹദേവൻ നായർ.
അച്ഛൻ ടി.സി.ആർ. സഹദേവൻ നായരാണ് വിനോദിനെ കൃഷിയിടത്തിലേക്കിറക്കിയത്. ഏഴാം ക്ലാസിൽ നാടൻ വാഴകൾ നട്ടു തുടങ്ങിയ വിനോദിന് വാഴക്കൃഷി എക്കാലവും ആവേശവും ആദായവുമാണ്.
പുതിയ ഇനം വാഴകളെക്കുറിച്ച് ഓണ്‍ലൈനിൽ വായിച്ചറിഞ്ഞ് കൃഷിയിടത്തിൽ എത്തിക്കുക മാത്രമല്ല കൈമോശം സംഭവിച്ചു വന്നുകൊണ്ടിരിക്കുന്ന നാടൻ ഇനങ്ങൾ കരുതലോടെ ഇദ്ദേഹം പരിപാലിച്ചു സംരക്ഷിക്കുകയും ചെയ്യുന്നു.
നെൽകൃഷി നിലച്ചു തിരിശു കിടന്ന നാലരയേക്കർ പാടം ഇന്നൊരു വൻ വാഴത്തോട്ടമാണ്. ഓരോ ഇനം വാഴയും ഏത് ഇനം, ഏത് രാജ്യത്തേത്, വിളവു തരാൻ എത്ര കാലം, വാഴക്കുലയുടെ വിശേഷങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങുന്ന ഡേറ്റ ബുക്കും സ്വന്തം.
എംടെക്കുകാരനും വാഴക്കൃഷിയിൽ തത്പരനുമായ മകൻ അബനീഷാണ് ഡേറ്റാ ബുക്കിന്റെ ചുമതലക്കാരൻ. അച്ഛനെപ്പോലെ വാഴക്കൃഷിയിൽ അപാര അറിവാണ് അബനീഷും പറഞ്ഞുതരിക. ഇത്രത്തോളം ഇന വൈവിധ്യമുള്ള മറ്റൊരു വാഴത്തോപ്പ് വേറെയുണ്ടാവില്ല.
തോട്ടത്തിലെ ഓരോ ഇനം വാഴയെക്കുറിച്ചും ആധികാരികമായി പറയാനുള്ള അറിവനുഭവങ്ങൾ 65കാരനായ വിനോദിനുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം വാഴ നടാൻ എന്നതാണ് ആദ്യപാഠം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയ്ക്കൊപ്പം യൂറിയ, പൊട്ടാഷ് എന്നിവയും വളമായി ചേർക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ കന്നുകൾ അറുത്തു മാറ്റരുതെന്നും തള്ളയെക്കാൾ നല്ല കുല പിള്ളയ്ക്ക് കിട്ടുമെന്നുമാണ് ഇവർ പറയുക.
വാഴത്തോട്ടത്തിൽ കളയും പുല്ലും വളരാൻ അനുവദിക്കണമെന്നാണ് വിനോദിന്റെ പക്ഷം. വലിയ തോതിൽ പുല്ലുവളരുന്പോൾ ചെത്തി വാഴച്ചുവട്ടിൽ വളമാകാൻ ഇടും. പുല്ലുവളർന്നാൽ വാഴച്ചുവട്ടിൽ ഈർപ്പം നിൽക്കുമെന്നും വാഴയ്ക്ക് ഉണക്കൽ ബാധിക്കില്ലെന്നുമാണ് ഇവർ പറയുക.
ബംഗാളിലെ ബോജി മനോഹർ, തായ്ലാൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി എന്നിങ്ങനെ പോകുന്നു വിശേഷാൽ ഇനങ്ങൾ.
വാഴ മാത്രമല്ല പച്ചക്കറിയും കോഴിയും താറാവുമൊക്കെ വിനോദിനു വരുമാനമാണ്. ബിഎസ്സി ഫിസിക്സ് പൂർത്തിയാക്കി കുറേക്കാലം സോഫ്റ്റ്വെയർ ബിസിനസ് നടത്തിയെങ്കിലും വാഴ കന്പത്തിൽ മുഴുവൻ സമയ കർഷകനായി.
എൻജിനിയറായ മകനും അച്ഛനൊപ്പം കൃഷിയിൽതന്നെ. പന്ത്രണ്ട് ഇനം വാഴകളിലായിരുന്നു തുടക്കം. പതിറ്റാണ്ടുകളുടെ ശ്രമകരമായ അന്വേഷണത്തിലും യാത്രയിലുമാണ് ഇത്രയും ഇന വൈവിധ്യം സ്വന്തമാക്കിയത്.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ, ഒഡിഷ, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ ഇവിടങ്ങളിലൊക്കെ ട്രെയിനിൽ പോയി വിശേഷാൽ ഇനം വാഴക്കന്നുകൾ ശേഖരിച്ചു.
പലതും കേരളത്തിലെ കാലാവസ്ഥയ്ക്കു പാകമല്ലെങ്കിലും ശ്രദ്ധയോടെ പരിപാലിച്ചു പച്ചപിടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നു കന്നുകൾ സ്വന്തമാക്കി.
വാഴവിത്തുകൾ തേടിയുള്ള ഓരോ യാത്രയും ഏറെ സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. തെക്കൻ ജില്ലകളിൽ മുൻപു സമൃദ്ധമായിരുന്ന തിരുവനന്തപുരം വാഴ കണ്ടെത്തിയത് കർണാടകയിലെ ഒരു ഫാമിൽ നിന്നാണ്.
നാലാം മാസം കുലയ്ക്കുന്ന സിവി റോസ് ഫിലിപ്പീൻസിൽ നിന്നുള്ളതാണ്. അഗസ്ത്യാർകൂടത്തിൽനിന്നു കിട്ടിയതാണ് ഒറ്റമുംഗിലിയും കിളിച്ചുണ്ടനും. ആയിരം കാ പൂവൻ എന്ന ഇനം വാഴക്കുലയ്ക്കു മോഹവിലയാണ്.
ആഫ്രിക്കൻ ഏത്തവാഴയായ ബിഗ് യബാംഗ, സാൻസിബാർ എന്നിവയും കാഴ്ചയാണ്. ഗോത്തിയ എന്ന ഇനം കുലയ്ക്ക് ഒരു പടല മാത്രമേയുണ്ടാകൂ. എട്ടോ പത്തോ കായ്കളുമായി പൂ കണക്കെ ഒറ്റ പടല കുല കാണാൻ ഏറെ രസം.
ഉത്തര കർണാടകയിലെ രാജാപുരി, കന്യാകുമാരിയിലെ മട്ടി, പഴനി ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന വിരുപാക്ഷി, തമിഴ്നാട് നാമക്കല്ലിലെ കോരിമലകളിലുള്ള മനോരഞ്ജിതം, ശ്രീലങ്കൻ പാളയംകോടൻ, പഴത്തിനു നീല നിറമുള്ള ഐസ്ക്രീം ബനാന, ത്രിപുരയിലെ പൂവൻ പഴമായ സബായി, തായ്ലാൻഡിൽ നിന്നുള്ള പിസാൻ അവാക്ക, നീല നിറത്തിലുള്ള പഴം തരുന്ന സാന്പാൾ നെയ് വർണൻ, ബംഗാളിലെ ബോജി മനോഹർ, കുലയ്ക്കാൻ രണ്ടര വർഷം വേണ്ടിവരുന്ന നമ്മ റോയ്, അസമിലെ ബോർ ചന്പ, ഇറച്ചി വാഴ, ബാരാ ബംഗ്ല എന്ന ബംഗാളി കറിക്കായ, തേൻ മധുരമുള്ള ഇനം 2390 എന്നിങ്ങനെ നീളുന്നു വാഴ വൈവിധ്യം.
Agriculture
ഐടി മേഖലയിൽ ജോലി ചെയ്യുമ്പോഴും കത്തുന്ന സൂര്യനു കീഴിലെ കൃഷിയിടത്തെയും കർഷകരെയും മറക്കാതെ, കിട്ടുന്ന സമയമൊക്കെ മണ്ണിൽ പൊന്നുമത്തൻ വിളയിക്കുകയാണ് മൂവാറ്റുപുഴ ആയവന ഉപ്പൂട്ടുങ്കൽ ഷോണ്‍ ജോഷി.
പച്ചക്കറി കൃഷിക്കു നൽകുന്ന സാധാരണ പരിചരണവും അൽപം ശ്രദ്ധയും നൽകി തണ്ണിമത്തൻ കൃഷി വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ കർഷകൻ. വേനൽ വിളയായി പച്ചക്കറി കൃഷി ചെയ്തു വരുന്നതിനിടയിലാണ് തണ്ണിമത്തൻ കൃഷി പരീക്ഷിച്ചാലോ എന്ന ഒരു തോന്നൽ ഷോണിനുണ്ടാവുന്നത്.
പരീക്ഷണമെന്ന നിലയിൽ നോക്കിയ തണ്ണിമത്തൻ എന്ന വേനൽക്കാല കൃഷി ഇപ്പോൾ വിജയകരമായി നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പരമാവധി നനവു നിൽക്കുന്ന എന്നാൽ, വെയിൽ ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് അനുയോജ്യമെന്ന് ഷോണ്‍ പറഞ്ഞു.
നെൽപ്പാടം പോലെയുള്ള താഴ്ന്ന, നിരപ്പായ കൃഷിയിടം പരിപാലനം എളുപ്പമാക്കും. ഉയർന്ന് അല്പം ചെരിവുള്ള പ്രതലത്തിലാണ് ഷോണ്‍ കൃഷി ചെയ്യുന്നത്. കൃഷി ആണ്ടുവട്ടം തുടർച്ചയായി ചെയ്യാൻ പദ്ധതിയുള്ളതിനാൽ കൃഷിയിടം മുഴുവൻ പൈപ്പു സ്ഥാപിച്ച് ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് തണ്ണിമത്തന് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്.
Kerala
കോട്ടയം: വേനൽ ചൂടിൽ ജില്ലയിൽ പലയിടത്തും കൃഷികൾ ഉണങ്ങി നശിക്കുന്നു. കടുത്ത ചൂടിൽ പുഴ, തോട്, കിണർ ഉൾപ്പെടെ വറ്റി വരണ്ടുതുടങ്ങിയതിനു പുറമേയാണു കൃഷികൾ ഉണങ്ങി നശിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കർഷകരുടെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.
വാഴ, കാപ്പി, കുരുമുളക്, ഏലം, ജാതി, കൊക്കോ അടക്കമുള്ള കൃഷികളാണ് ഉണക്കു ബാധിച്ചു കരിഞ്ഞു നശിക്കുന്നത്. സാധാരണ വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകൾക്കും ഇത്തവണത്തെ കൊടുംചൂടിൽ പിടിച്ചു നിൽക്കാനാകുന്നില്ല. കമുകു കർഷകരും പ്രതിസന്ധിയിലാണ്.
ലക്ഷങ്ങൾ വായ്പ എടുത്ത് രാപ്പകൽ അധ്വാനിച്ച് വളർത്തിയെടുത്ത വാഴകൾ കുല വെട്ടുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥയിലാണ് വാഴ കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വെള്ളമില്ലാതെ വന്നതോടെയാണ് വാഴക്കുലകൾ വിളയുന്നതിന് മുൻപ് തന്നെ വാഴകൾ ഒടിഞ്ഞ് വീഴുന്നതെന്ന് കർഷകർ പറയുന്നു.
വിവിധ ബാങ്കുകളിൽ നിന്നായി ലക്ഷത്തോളം രൂപ വായ്പയെടുത്ത് വാഴക്കൃഷി നടത്തിവരുന്ന കർഷകരും പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളിൽ വേനൽ ഉണ്ടാകുമെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ ഇത്തവണ മഴ പെയ്യാതെ വന്നതിനാൽ വാഴകൾ ഭൂരിഭാഗവും കുലച്ചതിനുശേഷം ഒടിഞ്ഞു പോവുകയാണ് ചെയ്തത്.
വാഴയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ വാഴ ഒടിയുന്നതിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വേനൽ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണ ഹൈറേഞ്ചിലെ കർഷകരും നേരിടുന്നത്.
നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. എല്ലാ വിളകളും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് തെങ്ങുകളെ വരെ വരൾച്ച ബാധിച്ചു. ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിഗ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി.
ക്ഷീര കർഷകരും പ്രതിസന്ധിയിൽ
വയലുകളിലെ കുളങ്ങൾ വറ്റിയതും പുല്ല് കരിഞ്ഞുണങ്ങിയതും പോത്ത് വളർത്തുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൂട് കാരണം പാൽ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ കാലിത്തീറ്റയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ക്ഷീര കർഷകർ.
പുഴയിൽ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തെ കർഷകർക്കു മാത്രമാണ് അൽപ്പമാശ്വസമുള്ളത്. മഴ നേരത്തെ എത്തിയില്ലെങ്കിൽ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും.
Agriculture
കൃത്യതാ കൃഷിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്തു വിജയം കൈവരിച്ചിരിക്കുകയാണ് പിറവംകാരനായ എസ്. സനിൽ കുമാർ എന്ന യുവ കർഷകൻ. പിറവം മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ യുവ കർഷക അവാർഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
ഒന്നര ഏക്കറിൽ നാല് ടണ്ണിനടുത്ത് തണ്ണിമത്തൻ സനിൽ കൃഷി ചെയ്തു വിളവെടുത്തു. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചിംഗ് ഷീറ്റും ഡ്രിപ്പ് ലൈനും നൽകി, കൃത്യമായ ഇടവേളകളിൽ നനച്ചും വളമിട്ടും മതിയായ കളനിയന്ത്രണങ്ങൾ ചെയ്തും സനിൽ തന്റെ പറമ്പിൽ തണ്ണിമത്തൻ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ്.
മുന്നൊരുക്കം
കൃഷിയിടം ടാക്ടർ ഉപയോഗിച്ച് ഉഴുതശേഷം നിലം ചെറിയ വരന്പുകളായി മാറ്റിയെടുക്കും. അതിലേക്ക് ആദ്യം കോഴിവളം ഇടും. ഇതിനു ശേഷം മണ്ണിട്ട് ഡോളോമെറ്റ് വിതറും. പിന്നെ അതിനു മുകളിൽ മണ്ണിട്ടശേഷം ഡ്രിപ്പ്ലൈൻ ഓസ് വലിക്കും.
ഇതിനുശേഷം പോളിത്തീൻ മൾച്ചിംഗ്ഷീറ്റ് വിരിക്കും. എത്ര അകലത്തിലാണോ തൈ നടുന്നത് അതനുസരിച്ച് ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കും. ഒന്നര ഇഞ്ച് പിവിസി പൈപ്പ് ഉപയോഗിച്ചാണ് ദ്വാരമിടുന്നത്.
വിത്തു പാകി തൈ മുളപ്പിക്കും
മുക്കാസോ, സൂപ്പർ ക്വീൻ, ഷുഗർ ക്വീൻ ഇനങ്ങളാണ് നടുന്നത്. പെരുന്പളത്തെ ശ്രീഅഗ്രി ഫാമിൽനിന്നാണ് പ്രധാനമായും വിത്ത് എടുക്കുന്നത്. വിത്തുപാകുന്നതിനായി ചകിരിച്ചോറ്, ജൈവവളം, സ്യൂഡോമോണസ് എന്നിവ മിക്സ് ചെയ്തത് ട്രേയിൽ നിറയ്ക്കും.
ഇതിൽ വിത്ത് പാകും. പത്തോ പതിനഞ്ചോ ദിവസത്തിനുശേഷം മുളപൊട്ടി തൈ ആകും. ഈ തൈയാണ് തോട്ടത്തിൽ നടുന്നതിന് ഉപയോഗിക്കുന്നത്. തണ്ണിമത്തൻ കൃഷിക്ക് പ്രധാനമായും കോഴിവളമാണ് ഇടുന്നത്. അടുത്തുള്ള കോഴിഫാമിൽനിന്നുമാണ് കൃഷിക്ക് ആവശ്യമായ വളം ശേഖരിക്കുന്നത്.
കൃഷിസ്ഥലത്ത് മാപ്പിംഗ് നടത്തിയാണ് ജലസംവിധാനം ഒരുക്കുന്നത്. ഇതിനായി വെഞ്ച്വറി പൈപ്പ്, ഫിൽട്ടർ എന്നിവ എവിടെയൊക്കെ വേണമെന്ന് നേരത്തെ സെറ്റ് ചെയ്തു വയ്ക്കും. ഡ്രിപ്പ്ലൈനിൽ ഒരേ മർദത്തിലാണ് വെള്ളം ചെടിയുടെ വേരുകളിലേക്ക് എത്തുന്നത്.
തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി കൃഷികളും സനിൽ ചെയ്യുന്നുണ്ട്. ഓണവിപണിയെ ലക്ഷ്യമിട്ടു 2500 വാഴ നട്ടിട്ടുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് പ്രധാന ഇനങ്ങൾ. ടിഷ്യു കൾച്ചർ വിത്താണ് നട്ടിരിക്കുന്നത്. ഒരു തടത്തിൽ രണ്ട് തൈകൾ വീതമാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഉമ ഇനത്തിൽപ്പെട്ട നെല്ലും കൃഷിചെയ്യുന്നു. വെണ്ട, പാവൽ ചീര, പയർ, മത്തൻ ഇങ്ങനെ പോകുന്നു മറ്റ് കൃഷികൾ. വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും സനിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറി വിളവെടുക്കും.
വെല്ലുവിളികൾ എന്തൊക്കെ
വിപണി കണ്ടെത്തുക എന്നതാണ് കൃഷിയിൽ പ്രയാസകരമായ കാര്യം. മികച്ച കാലാവസ്ഥയും ജലലഭ്യതയുമുണ്ടെങ്കിൽ കൃഷി രക്ഷപ്പെടുമെങ്കിലും ഓരോ വിത്തിനും ഓരോ സീസണ് ഉണ്ട്.
അതനുസരിച്ച് കൃത്യമായ പ്ലാനിംഗോടെ വിത്ത് ഇറക്കിയാൽ ലാഭകരമായി മാറും. വളങ്ങളുടെ വില വർധനവും ലഭ്യതക്കുറവും മറ്റൊരു വെല്ലുവിളിയാണ്.
തൊഴിലാളികളുടെ എണ്ണം കുറവായതുകൊണ്ട് കൂലിച്ചെലവ് കുറയ്ക്കാൻ സാധിക്കും. മൾച്ചിംഗ് ഷീറ്റ് ഇട്ട് തൈ നട്ടതിനാൽ കള ശല്യം ഉണ്ടാവുകയില്ല. തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി, തെങ്ങ് കൃഷിയും ചെയ്യുന്നുണ്ട്.
ഫോണ്‍: 9544242120
Agriculture
വിഷു പടിവാതില്‍ക്കലെത്തിയതോടെ കണിയൊരുക്കാനുള്ള വെള്ളരിക്കായ്കള്‍ വിളവെടുക്കുന്ന തിരക്കിലാണ് മറ്റത്തൂരിലെ കര്‍ഷകനായ താളൂപ്പാടം സ്വദേശി രാജന് പനങ്കൂട്ടത്തില്‍. രാജന് വിളയിച്ചെടുത്ത കണിവെള്ളരിക്കായ്കള് ഹോര്‍ട്ടികോര്‍പ്പ് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്.
കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക വിപണി വഴിയാണ് രാജന് ഉത്പാദിപ്പിക്കുന്ന വെള്ളിരി ഭൂരിഭാഗവും വിറ്റഴിക്കുന്നത്.
മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാല്‍ പാടശേഖരത്തില്‍ സ്വന്തമായുള്ള രണ്ടരയേക്കറോളം നിലത്തിലാണ് രാജന്റെ വെള്ളരിക്കൃഷി. തുടര്‍ച്ചയായുള്ള ആറാം വര്‍ഷമാണ് രാജന് ഇവിടെ വെള്ളിരി കൃഷി ചെയ്യുന്നത്.
ആണ്ടില്‍ രണ്ടുതവണ നെല്‍കൃഷി ചെയ്തുപോരുന്ന പാടത്ത് വേനല്‍ക്കാല വിളയായാണ് കണിവെള്ളരി നട്ടുവളര്‍ത്തുന്നത്. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിവിത്താണ് ഇത്തവണയും രാജന് കൃഷിക്കുപയോഗിച്ചത്.
ഓരോ വര്‍ഷവും വിളവെടുക്കുമ്പോള്‍ മികച്ച വെള്ളരിക്കായ്കള്‍ മാറ്റിവച്ച് അവയില്‍ നിന്ന് എടുക്കുന്ന വിത്തുകളാണ് തുടര്‍ന്നുള്ള വര്‍ഷം കൃഷിയിറക്കാന്‍ ഉപയോഗിക്കാറുള്ളത്. ഒരാഴ്ച മുമ്പാണ് രാജന്റെ കൃഷിയിടത്തില്‍ വെള്ളരിയുടെ വിളവെടുപ്പ് ആരംഭിച്ചത്.
ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂട് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും വെള്ളരിക്കയുടെ ഇപ്പോഴത്തെ വിലനിലവാരം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന കൃഷിച്ചെലവിനും അധ്വാനത്തിനും അനുസൃതമായ രീതിയിലുള്ള വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന സങ്കടവും കര്‍ഷകര്‍ക്കുണ്ട്.
വിളവെടുത്ത വെള്ളരിക്കായ്കള്‍ വിഎഫ്പിസികെ മുഖേന ഹോര്‍ട്ടികോര്‍പ്പിനാണ് നല്‍കുന്നത്. 12 ടണ്ണിലേറെ കണിവെള്ളരിയ്ക്കയാണ് ഇന്നലെ ഹോര്‍ട്ടികോര്‍പ്പ് ഇവിടെനിന്ന് സംഭരിച്ചത്.
കഠിനാധ്വാനവും അനുകൂല കാലാവസ്ഥയും ഉണ്ടെങ്കില്‍ ഈ കൃഷിയില്‍ നിന്ന് മികച്ച വരുമാനം നേടാനാകുമെന്ന് മറ്റത്തൂരിലെ മാതൃകാകര്‍ഷകനായ രാജന് പറയുന്നു.
കണിവെള്ളരിക്കു പുറമെ വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നുണ്ട്. കൃഷിപ്പണികളില്‍ ഭാര്യ ഷീജ ഒപ്പമുണ്ട്. വിദ്യാര്‍ഥികളായ മക്കള്‍ അക്ഷയും അഭിജിത്തും ഒഴിവുസമയങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാനായി കൃഷിതോട്ടത്തില്‍ എത്താറുണ്ട്.
Agriculture
കേരളത്തിന്റെ ആപ്പിൾ താഴ്വരയായ കാന്തല്ലൂർ വീണ്ടും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. ജില്ലയിലെ ദേവികുളം താലൂക്കിലെ മലയോര ഗ്രാമത്തിൽ ആപ്പിൾമരങ്ങൾ നിറയെ പൂവുകൾ വിരിഞ്ഞിരിക്കുകയാണ്.
കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂർ ഇപ്പോൾ കർഷകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. 1500 അടി മുകളിൽ ഉയരവും തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാന്തല്ലൂരിലെ ആപ്പിൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്.
സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആപ്പിൾ മരങ്ങൾ പൂക്കുന്നത്. ആറു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാനാകും. സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പഴങ്ങൾ പാകമാകുക.
ചുവപ്പ്, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ പ്രധാനം. റോയൽ ഡിലീഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ വകഭേദങ്ങളും കൃഷി ചെയ്യുന്നു. ഒരു മരത്തിൽനിന്ന് ശരാശരി 30 മുതൽ 50 കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്.
ശീതകാല പച്ചക്കറികൾ
ആപ്പിളിനു പുറമേ ഫ്രൂട്ട് ബൗൾ എന്നറിയപ്പെടുന്ന സ്ട്രോബെറി, ഓറഞ്ച്, പ്ലം, പീച്ച്, മാതളം, പാഷൻ ഫ്രൂട്ട്, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും കാരറ്റ്, ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ശീതകാല പച്ചക്കറികളും ധാരാളമായി വിളയുന്നു.
തട്ടുതട്ടായുള്ള കൃഷിരീതിയാണ് പ്രധാനമായും പിന്തുടരുന്നത്. കാഷ്മീരിൽനിന്ന് വിമാനമാർഗം ആപ്പിൾതൈകൾ എത്തിച്ചുതുടങ്ങിയ പരീക്ഷണമാണ് ഇന്നു വിജയകരമായ കൃഷിയായി മാറിയത്. കർഷകരുടെ കഠിനാധ്വാനമാണ് ഈ നേട്ടത്തിനു പിന്നിൽ.
Agriculture
രണ്ടുപതിറ്റാണ്ടിലേറെ സ്വന്തമായി നടത്തിയ സൂക്ഷ്മപഠനത്തിലൂടെ കണ്ടെത്തിയ അറിവുകൾ പ്രയോജനപ്പെടുത്തി തേൻകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിയായ കൂട്ടുങ്കൽ ജോമി തോമസ്.
വർഷങ്ങൾക്കു മുമ്പ് പിതാവ് നൽകിയ ഒരു ചെറുതേനീച്ചപ്പെട്ടിയിൽനിന്നായിരുന്നു തേൻകൃഷിയുടെ തുടക്കം. തേനും തേനീച്ചയും ഇദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. അതിനാൽതന്നെ തേൻകൃഷിയിൽ പുത്തൻപരീക്ഷണങ്ങൾക്ക് ജോമി മുന്നോട്ടുവന്നു.
ഇങ്ങനെ ലഭിച്ച പുത്തൻ അറിവുകളാണ് സിബിഎസ്ഇ സ്കൂളുകളിലെ പാർട്ട് ടൈം ചിത്രകല അധ്യാപകൻ കൂടിയായ ജോമിയെ ശ്രദ്ധേയനാക്കുന്നത്.
തേനീച്ചകളുടെ സ്വഭാവം, ഭക്ഷണരീതി, തേൻനിർമാണം, വ്യത്യസ്ത ഇനം തേനീച്ചകളുടെ സവിശേഷതകൾ എന്നിവയെല്ലാം ഒരുപതിറ്റാണ്ടോളം നിരീക്ഷിച്ചാണ് ഈ കർഷകൻ തേനീച്ചകൃഷിയിൽ സ്വന്തമായ പാത വെട്ടിത്തുറന്നത്.
പുരയിടത്തിൽ 250 തേനീച്ചകോളനികൾ
ലളിതമായ രീതിയിൽ ആരംഭിച്ച ചെറുതേനീച്ചകൃഷി ഘട്ടംഘട്ടമായി വർധിപ്പിച്ച് 250 തേനീച്ചകോളനിയിൽ എത്തിക്കാൻ ഇദ്ദേഹത്തിനായി. ബി-ഹണി ഇടുക്കി എന്ന ബ്രാൻഡിലാണ് ചെറുതേൻ വിപണനം നടത്തിവരുന്നത്.
കിലോയ്ക്ക് ശരാശരി 2,500 രൂപയ്ക്കാണ് വിൽപ്പന. അനുകൂല കാലാവസ്ഥ തേൻ ഉത്പാദനത്തിന് പ്രധാനമാണ്. വീടിനോടു ചേർന്ന അരയേക്കർ പുരയിടത്തിൽ ജാതി, കൊക്കോ, തെങ്ങ്, കുരുമുളക്, റമ്പുട്ടാൻ, തന്നാണ്ടുകൃഷികൾ എന്നിവയ്ക്കൊപ്പമാണ് തേനീച്ചകോളനികൾ സ്ഥാപിച്ചിരിക്കുന്നത്.
പരിപാലനം
മറ്റുജോലികൾക്കിടയിലും ആയാസമില്ലാതെ ചെയ്യാൻ കഴിയുന്നുവെന്നതാണ് തേനീച്ചകൃഷിയുടെ പ്രത്യേകത. വീടിനോടുചേർന്ന ഭാഗത്തും പുരയിടങ്ങളിലും മഴ നനയാതെ സൂക്ഷിക്കാനായാൽ എത്ര കോളനി വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പുരയിടങ്ങളിൽ സ്റ്റാന്റിൽ ഉറപ്പിച്ചും വീടിന്റെ ഇറമ്പിൽ വള്ളിയിൽ കെട്ടിത്തൂക്കിയും കൂടുകൾ സ്ഥാപിക്കാം. കൂടിനുള്ളിൽ ഈർപ്പം തട്ടിയാൽ ഈച്ചകൾ ചത്തുപോകാനും കൂട് ഉപേക്ഷിച്ച് പോകാനും സാധ്യതയേറെയാണ്.
ഇതോടൊപ്പം മുട്ടകളിൽ പൂപ്പൽ ബാധിക്കുകയും മുട്ട വിരിയാതിരിക്കുകയും ചെയ്യും. അതിനാൽ ഏറെ ശ്രദ്ധ ഇക്കാര്യത്തിൽ അനിവാര്യമാണ്. അമിതമായ ചൂടും ദോഷം ചെയ്യും. കൂടുകളുടെ പ്രവേശന കവാടങ്ങൾ തമ്മിൽ ഒരടി അകലമെങ്കിലും വേണം.
തേനീച്ചകൾ അവരവരുടെ സ്വന്തം കൂട് കണ്ടെത്തുന്നത് ഗന്ധം, ശബ്ദം എന്നിവയിലൂടെയാണ്. ഓരോ കോളനിയിലേയും ഈച്ചകൾക്ക് വ്യത്യസ്ത ഗന്ധമാണുള്ളത്. സ്വന്തം കൂട്ടിലെ ഈച്ചകളെ തിരിച്ചറിയുന്നതും ഇതിലൂടെയാണ്.
Agriculture
ഇടുക്കി ജില്ലയിൽ ആലക്കോട് കണ്ടത്തിൽ മോളി ആന്റണിയുടെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല. മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ രസതന്ത്രമറിഞ്ഞ് നൂറുമേനി വിളവു നേടുന്ന ഇവർ പൂർണമായും ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്.
ആറേക്കറിൽ 35ഓളം വിളകളാണ് കൃഷി ചെയ്തിരിക്കുന്നത്. വ്യത്യസ്തയിനം പഴവർഗങ്ങളാണ് തഴച്ചുവളർന്ന് ഫലം ചൂടി നിൽക്കുന്നത്. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണിൽനിന്ന് വാങ്ങിയ 200ഓളം കായ്ഫലമുള്ള റംബുട്ടാൻ കൃഷിയിടത്തിലുണ്ട്.
ഞാലിപ്പൂവൻ, റോബസ്റ്റ, കാളി, ചുണ്ടില്ലാൻ, നേന്ത്രൻ ഇനത്തിൽപ്പെട്ട 600ഓളം വാഴ, മംഗോസ്റ്റിൻ, അബിയു, ഡ്രാഗണ്‍ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, ലിച്ചി, ഞാവൽ, പപ്പായ, പേര, ചാമ്പ, ചെറുനാരകം, നീലം, കൊളംബ്, മൂവാണ്ടൻ ഇനത്തിൽ മാവ്, പ്ലാവ് എന്നിവയും തോട്ടത്തിലുണ്ട്.
ഇതിനുപുറമെ ജാതി, കശുമാവ്, ടിതഡി, കുറ്റ്യാടി ഇനം തെങ്ങുകൾ, ആയിരത്തിൽപരം കമുക് എന്നിവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിപാലിച്ചുവരുന്നു. ഓരോ വിളകൾക്കും അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്.
പച്ചക്കറികൾ:
ഒട്ടുമിക്ക പച്ചക്കറികളും ഇവിടെയുണ്ട്. പാവൽ, പടവലം, തക്കാളി, കോവൽ, പീച്ചിൽ, ചുരയ്ക്ക, വള്ളിപ്പയർ, ചതുരപ്പയർ, വഴുതന, നിത്യവഴുതന, വെണ്ട, ചീര, കാന്താരി, കൊമ്പൻ, വെള്ളരി, കുന്പളം, മത്തൻ, മുരിങ്ങ തുടങ്ങിയവ കൃഷികളുമുണ്ട്.
വളപ്രയോഗം:
ചാരം, ചാണകം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് ചെടികൾക്ക് നൽകുന്നത്. ഒരു പശുവിനെയും പോത്ത് കിടാരിയെയും വളർത്തുന്നുണ്ട്. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന കീറി വെള്ളം എത്തിക്കുന്നതിനാൽ ജലസേചനം ഏറെ സൗകര്യപ്രദമാണ്.
തോട്ടത്തിൽ കാന കീറിയിരിക്കുന്നതിനാൽ വേനലിൽ മണ്ണിന്റെ ഈർപ്പം നിലനിർത്താനും വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.
പരമ്പരാഗതമായ കൃഷി അറിവുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ വിളകൾക്ക് കാര്യമായ കീടബാധ ഉണ്ടാകാറില്ല.
Agriculture
"മണ്ണ് പൊന്നാണ്..... മനസ് വിത്താണ്’ എന്ന ആപ്തവാക്യം അന്വർഥമാക്കുകയാണ് കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ. സ്കൂൾ മാനേജർ റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിലിന്റെ അനുഗ്രഹത്തോടും ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിലും അധ്യാപകരും വിദ്യാർഥികളും കൈകോർത്തപ്പോൾ കഴിഞ്ഞ പത്തു വർഷമായി സ്കൂൾ വളപ്പിലെ മണ്ണിൽ പൊന്നു വിളയുകയാണ്.
മികച്ച കർഷകനായ പിടിഎ പ്രസിഡന്റ് ജോളി ജോസഫ് എല്ലാ പിന്തുണയുമായി അധ്യാപകർക്കൊപ്പമുണ്ട്. സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിനാണ് ഈ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.
വൈവിധ്യമാർന്ന കൃഷി രീതികൾ
സ്കൂളിനു ചുറ്റുമുള്ള അരയേക്കറോളം സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കൃഷി രീതികളാണ് ഇവിടെ അവലംബിക്കുന്നത്.
"കുംഭത്തിൽ നട്ടാൽ കുടത്തോളം' എന്ന് പറയുന്നതുപോലെ കുംഭമാസത്തിൽ തന്നെ കിഴങ്ങുവർഗങ്ങളായ കാച്ചിൽ, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്ത് തുടങ്ങുന്നു.
സ്കൂൾ വളപ്പിലെ ചപ്പുചവറുകൾ മുഴുവൻ കുഴികളിലിട്ട് മൂടി തടം തയാറാക്കുന്നു. സ്കൂൾ വളപ്പിൽനിന്നുതന്നെ ശേഖരിക്കുന്ന വിത്തുകൾ ഉപയോഗിക്കുന്നു എന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
തുടർന്നുള്ള മാസങ്ങളിൽ പയർ, പാവൽ, കോവൽ, വെണ്ട, വെള്ളരി, വഴുതന, തക്കാളി, പടവലം, കുക്കുന്പർ, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നു.
കുട്ടികൾക്കു പരസ്പര സഹകരണവും ഉത്തരവാദിത്വ ബോധവും പ്രകൃതിയോടുള്ള സ്നേഹവും വളർത്താൻ ഇവിടുത്തെ കൃഷിരീതികൾ സഹായകമാകുന്നു. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി അടുക്കള മാലിന്യത്തിൽനിന്നു നിർമ്മിക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്.
ഇതു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ സഹായിക്കുന്നു. വിദ്യാർഥികളും അധ്യാപകരും ഒത്തൊരുമിച്ചു പച്ചക്കറി പരിപാലനവും വെള്ളം നനക്കലും കളപറിക്കലും വളമിടീലുംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു പോരുന്നു.
ആഴ്ചകൾക്കുള്ളിൽതന്നെ നട്ടുനനച്ച വിത്തുകളെല്ലാം മുളപൊട്ടുന്നതിലൂടെ പച്ചക്കറിത്തോട്ടം പച്ചപ്പുകൊണ്ട് നിറയാൻ തുടങ്ങും. വളർച്ചയുടെ ഓരോ ഘട്ടവും കുട്ടികൾക്കു നേരിട്ടു മനസിലാക്കാൻ സാധിക്കുന്നത് അവർക്കു ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ്.
തോട്ടത്തിന്റെ പല ഭാഗങ്ങളിലും നട്ടുപിടിപ്പിച്ചിട്ടുള്ള ബന്തിച്ചെടികളുടെ പ്രത്യേക ഗന്ധം കീടങ്ങളെ പച്ചക്കറിത്തോട്ടത്തിൽനിന്ന് അകറ്റി നിർത്തുന്നു. ഇവർ സ്വീകരിച്ചിരിക്കുന്ന പ്രകൃതി തരുന്ന ഈ ജൈവ പ്രതിരോധ മാർഗം തികച്ചും മാതൃകാപരമാണ്.
സമഗ്രമായ മാറ്റങ്ങൾ
വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിക്കുന്നതിലൂടെ വിഷാംശമില്ലാത്ത പച്ചക്കറികൾ കഴിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സീസണ് സമയത്ത് ലഭിക്കുന്ന കുക്കുന്പർ ഉപയോഗിച്ച് നിർമിക്കുന്ന സലാഡ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പറന്പിൽ ഏകദേശം 400 മൂട് കപ്പ കൃഷി ചെയ്യുന്നുണ്ട്, കപ്പയിലെ തന്നെ നാടൻ ഇനങ്ങളാണ് ഇവിടെ കൃഷിചെയ്ത് പോരുന്നത്.
ശീതകാല വിളകൾ
നവംബർ മാസത്തോടെ ശീതകാല കൃഷിക്ക് നിലമൊരുക്കുകയാണ് അടുത്ത ഘട്ടം. ശീതകാല വിളകളായ കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ നവംബർ മാസം നടുന്നതോടെ ശീതകാല കൃഷിക്കു തുടക്കമായി.
വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിടുന്ന ശീതകാല വിളകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും കാഴ്ചയുടെ വസന്തം വിടർത്തും. ഈ വിളകൾ കാണുന്നതിനും കൃഷി രീതികൾ മനസിലാക്കുന്നതിനുമായി ധാരാളം ആളുകൾ സ്കൂളിലെത്താറുണ്ട്.
കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ സ്കൂളിൽ ഭക്ഷ്യമേള നടത്തിവരുന്നു. തോട്ടത്തിൽനിന്നു പറിച്ചെടുക്കുന്ന കപ്പയും ചേനയും കാച്ചിലുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ മേളയുടെ മാറ്റുകൂട്ടുന്നു. നാടൻ വിഭവങ്ങൾ ആണ് ഭക്ഷ്യമേളയുടെ ആകർഷണീയത.
കപ്പബിരിയാണിയാണ് രുചിയിലും ജനപ്രീതിയിലും മുന്നിൽ. വറ്റ മീൻ കൊണ്ടുണ്ടാക്കിയ മീൻകറിയും കപ്പയും ആണ് മറ്റൊരു വിഭവം, കോളിഫ്ളവർ ബജി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു വിഭവമാണ്.
ഒട്ടേറെ മറ്റു വിഭവങ്ങളും ഭക്ഷ്യമേളയിൽ ഇടം പിടിക്കാറുണ്ട് കൂടാതെ പറമ്പിൽനിന്നു ശേഖരിക്കുന്ന പച്ചക്കറികൾ, കപ്പ, ചേന, കാച്ചിൽ, ചേന്പ് തുടങ്ങിയവ വാങ്ങുവാൻ നിരവധി നാട്ടുകാരും മാതാപിതാക്കളും എത്തിച്ചേരാറുണ്ട്. നാടിന്റെ ഉത്സവമായി ഇവിടുത്തെ ഭക്ഷ്യമേള മാറിയിട്ടുണ്ട് എന്നതാണ് സത്യം.
District News
സുൽത്താൻ ബത്തേരി: വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ "മുട്ടിക്കൊന്പൻ' കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം ഇന്നലെയും പരാജയം. ആനയെ കണ്ടെത്താനായില്ലെന്നും ദൗത്യം തുടരുന്നതായും അധികൃതർ അറിയിച്ചു.
നിരവധി ദിവസങ്ങളായി കുംകിയാനകളെ ഉൾപ്പെടുത്തി നടത്തിയ തെരച്ചിലിനൊടുവിലും ഫലം കാണാത്തത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് മുട്ടിക്കൊന്പനെ തേടി കുംകിയാനകൾ വനത്തിൽ പ്രവേശിച്ചെങ്കിലും ആനയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെയും തെരച്ചിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ആനയുടെ സാന്നിധ്യം കണ്ടെത്താനാകാത്തതിനാൽ ദൗത്യം പൂർത്തിയാക്കാനായില്ല.
ഇതിനിടെ ഞായറാഴ്ച രാത്രി കല്ലൂർ, കല്ലുമുക്ക് പ്രദേശങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ചു. പാന്പാക്കടച്ചാലിൽ ഏലിയാസിന്റെ കൃഷിയിടത്തിൽ കയറിയ ആന നിരവധി തെങ്ങുകൾ നാമാവശേഷമാക്കി. നാട്ടുകാർ ബഹളം വച്ചതോടെ ആന വനത്തിലേക്ക് മടങ്ങി. വെളിച്ചം കാണുന്പോൾ നേരെ ഓടിയെത്തുന്ന സ്വഭാവം കാണിക്കുന്നതുകൊണ്ട് ഇത് മുട്ടിക്കൊന്പൻ തന്നെയാണെന്നാണ് നാട്ടുകാർ ഉറപ്പിക്കുന്നത്.
മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള ഉണ്ണികൃഷ്ണൻ, വിക്രം, സൂര്യ, പ്രമുഖ എന്നീ കുംകിയാനകളെ ദൗത്യത്തിനായി വിന്യസിച്ചിരിക്കുകയാണ്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച കാട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. ഒരുതവണ മുട്ടിക്കൊന്പൻ സംഘത്തിന് മുന്പിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഒരു വർഷത്തിലേറെയായി വടക്കനാട് മേഖലയിൽ തങ്ങി കൃഷിനാശം വിതയ്ക്കുന്ന മുട്ടിക്കൊന്പനെതിരേ നാട്ടുകാർ പലതവണ പരാതിപ്പെട്ടിരുന്നു. അടുത്തിടെ യുവ കർഷകനായ രജീവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ജനരോഷം ശക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം മൂന്നിന് മുട്ടിക്കൊന്പനെ പിടികൂടാൻ വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. എന്നാൽ തുടർച്ചയായ തെരച്ചിലുകൾക്കിപ്പുറവും ആനയെ കണ്ടെത്താനാകാത്തത് നാട്ടുകാരുടെ ആശങ്കയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്. കാട്ടാനയുടെ ശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Agriculture
തേനീച്ചകൃഷിയിലും വിപണനത്തിലും നവതരംഗമായി ന്യൂജൻ ദന്പതികൾ. കുമളി ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാമിന്റെ പുതുതലമുറ സാരഥികളായ ടോം ഫിലിപ്പും മരിയയുമാണ് ചരിത്രം സൃഷ്ടിക്കുന്നത്.
കുമളിയിലെ ബീ ഫാമിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തേനീച്ചകളെ അടുത്തറിഞ്ഞ് തേൻ വാങ്ങാനുള്ള അവസരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. തേനീച്ചയുടെ ഉറ്റതോഴൻ കുമളി അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യുവിന്റെ പാത പിന്തുടർന്നാണ് ബിടെക് ബിരുദധാരിയായ ടോം തേനീച്ച പരിപാലനത്തിലേക്ക് എത്തിയത്.
ടോമിനു കൂട്ടായി എത്തിയ എംഎസ്ഡബ്ല്യു ബിരുദധാരി മരിയയും കാനഡയിലെ ജോലി ഉപേക്ഷിച്ചാണ് ബിസിനസിൽ പങ്കാളിയായത്. ഇന്ത്യയിലും വിദേശത്തുമായി എഴുപത് ടണ്‍ തേൻ ഫിലിപ്സ് ഹണി വിപണിയിൽ എത്തിക്കുന്നുണ്ട്.
1993ൽ കുമളിയിലേക്ക് കുടിയേറിയ ഫിലിപ്പച്ചൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തേൻ ഉത്പാദകരിൽ ഒരാളാണ്. ഫിലിപ്പിന്റെ പുരയിടത്തിലും പരിസരത്തുമായി ആയിരത്തിലധികം വൻതേനീച്ചപ്പെട്ടികളും അറുനൂറിലധികം ചെറുതേനീച്ചപെട്ടികളുമുണ്ട്.
സീസണിൽ വൻതേൻ പെട്ടിയിൽനിന്ന് 20 കിലോയും ചെറുതേൻ പെട്ടിയിൽനിന്ന് 750 ഗ്രാമും തേൻ ലഭിക്കും.
Agriculture
മൂന്ന് തരത്തിലുള്ള സലാഡ് കുക്കുമ്പറാണ് ഹരിതഗൃഹങ്ങളിൽ പ്രധാനമായും കൃഷി ചെയ്തുവരുന്നത്. 1. അമേരിക്കൻ സ്ലൈസർ, 2. ജാപ്പനീസ് കുക്കുമ്പർ, 3. ഇംഗ്ലീഷ് കുക്കുമ്പർ. ഇവയിൽ ഇംഗ്ലീഷ് കുക്കുമ്പറാണ് കൂടുതലായി നമ്മുടെ ഹരിതഗൃഹങ്ങളിൽ കൃഷി ചെയ്തുവരുന്നത്.
കേരളത്തിലെ ഹരിതഗൃഹങ്ങളിൽ വളരുന്ന ഇംഗ്ലീഷ് കുക്കുമ്പറിന് ശരാശരി 150-200 ഗ്രാം ഭാരവും 20-25 സെമീ നീളവുമാണുള്ളത്. ഈ ഇനത്തിൽ പെട്ട സലാഡ് കുക്കുമ്പറിൽ ചെറിയ വലുപ്പത്തിലുള്ള വളരെ കുറച്ച് വിത്തുകളെ ഉള്ളൂ.
അതിനാൽ ഇതിനെ വിത്തില്ലാത്ത സലാഡ് കുക്കുമ്പർ (Seedless cucumber) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് വളരെ എളുപ്പത്തിൽ ദഹിക്കുന്നു.
ദീപ്തമായ പച്ചക്കളറിലുള്ളതും വളരെ മൃദുവായതും ജലാംശം ധാരാളം അടങ്ങിയിട്ടുള്ളതുമായ ഈ ഫലങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ട്.
സാധാരണ പുറത്തു കൃഷിചെയ്യുന്നതും കടകളിൽ ലഭിക്കുന്നതുമായ സലാഡ് കുക്കുമ്പറിനെ അപേക്ഷിച്ച് ഇവ വളരെ സ്വാദിഷ്ഠവും ഗുണമേന്മയുള്ളതുമാണ്. സാധാരണ സലാഡ് കുക്കുന്പറിന്റെ തൊലി ഉരിഞ്ഞു കളഞ്ഞതിനുശേഷം മാത്രമേ കഴിക്കാൻ ഉപയോഗിക്കാറുള്ളൂ.
എന്നാൽ, ഇംഗ്ലീഷ് കുക്കുമ്പർ തൊലി കളയാതെ തന്നെ കഴിക്കാൻ കഴിയും. ഇത് വിറ്റാമിൻ ഇയുടെ ഒരു കലവറയാണ്. ഇതിൽ വളരെ കുറച്ചു മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ. ഇതിനു പുറമേ താഴെ പറയുന്ന സവിശേഷതകൾ കൂടിയുണ്ട്.
സലാഡ് കുക്കുമ്പർ വളരെ വേഗത്തിൽ വളരുന്നു. ഇതിന്റെ ജീവിതദൈർഘ്യം മൂന്നര മാസമേ വരൂ. അതിനാൽ ഹരിതഗൃഹത്തിൽ ഒരു വർഷം മൂന്ന് വിളവ് എടുക്കാനാകും.
വളരെ ആസൂത്രണത്തോടെ നാലു വിളവരെ എടുക്കുന്ന കർഷകരുണ്ട്. ആദ്യത്തെ വിള നവംബറിൽ ഇട്ടാൽ അടുത്ത വിള ഏപ്രിലിലും മൂന്നാമത്തെ വിള ഓഗസ്റ്റിലും ഇടാൻ കഴിയും. എന്നാൽ, രണ്ട് വിള ഇറക്കിയശേഷം വേറെ വിള ഇറക്കുന്നതാണ് നല്ലത്.
സലാഡ് കുക്കുന്പർ കൃഷി ചെയ്യുമ്പോൾ ഹരിതഗൃഹത്തിൽ നല്ല വിളവ് തരുന്നതും നല്ല ഗുണമേന്മയും സ്വീകാര്യത ഉള്ളതുമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഗൈനോസിയസ്, പാർത്തനോകാർപിക് എഫ് 1 ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസുകളിൽ ഉപയോഗിച്ചു വരുന്നത്.
ഇവ നല്ല കരുത്തോടെ വളരുന്നു. ഇവ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും നല്ല സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഫലങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
Powdery mildew വിനെതിരെയും കുക്കുമ്പർ മൊസൈക്കിനെതിരെയും വാട്ടർ മെലൻമോസൈക്കിനെതിരെയും പ്രതിരോധശക്തിയുള്ള ഹൈബ്രിഡ് ഇനങ്ങളാണ് മിക്കവാറും ഉപയോഗിച്ചു വരുന്നത്.
താഴ്ന്ന താപനിലയും ആവശ്യത്തിനു പ്രകാശമില്ലാത്ത ഒരു അവസ്ഥയുമാണെങ്കിൽ ചിലപ്പോൾ ആണ്‍പൂക്കൾ ഉണ്ടാകാനിടയുണ്ട്. ആണ്‍പൂവിൽ നിന്നും പരാഗം പെണ്പൂവിൽ വീഴാനിടയായാൽ വിത്തുണ്ടാകാനും കായുടെ ആകൃതി ശരിയായ രീതിയിലല്ലാതിരിക്കുകയും ചെയ്യും.
ചിലപ്പോൾ കായ്ക്ക് കയ്പുരസം ഉണ്ടാകാറുമുണ്ട്. ആണ്‍പൂവ് കണ്ടാൽ അപ്പോൾ തന്നെ അവ പിഴുതെടുത്ത് കളയേണ്ടതാണ്. നല്ല നീർവാർച്ചയുള്ളതും പി.എച്ച് മൂല്യം 5.5നും 6.8നും ഇടക്കുള്ളതും അണുവിമുക്തമാക്കിയതുമായ മണ്ണാണ് കുക്കുമ്പർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത്.
കുക്കുമ്പറിന്റെ തൈകൾക്ക് വളർച്ച വേഗത്തിലായാതിനാൽ ഒരിക്കലും വെള്ളത്തിന്റെയോ വളത്തിന്റെയോ ലഭ്യതയിൽ കുറവുണ്ടാകാൻ പാടില്ല. എല്ലാ യൂറോപ്യൻ ഹരിതഗൃഹ കുക്കുന്പറുകളും പരാഗണം കൂടാതെ കായ് ഉത്പാദിപ്പിക്കുന്നവയാണ്.
ഇവ പെണ്‍പൂക്കൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പരാഗണം നടക്കാത്തതിനാൽ, വിത്തില്ലാത്ത/വളരെ ചെറിയ വിത്തുള്ള ഫലങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. വളരെ വിരളമായി മാത്രമേ ഇവയിൽ ആണ്‍പൂക്കൾ ഉണ്ടാകാറുള്ളൂ.
ചെടി പറിച്ചുനട്ട് ഒരാഴ്ച കഴിഞ്ഞ് ചെടിക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്. ചെടികളിൽ കായ് ധാരാളമായി പിടിച്ചു കഴിഞ്ഞാൽ, കായുടെ ഭാരം കൊണ്ട് അവ വഴുതി താഴേക്ക് വരാൻ സാധ്യതയുണ്ട്. അതിനാൽ തണ്ട് പ്ലാസ്റ്റിക്ക് വയറിനോട് ചേർത്തുവെച്ച് ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് ക്ലിപ്പ് ഇടണം.
Agriculture
ജൈവ രീതിയിലൂടെ ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നരിയമ്പാറ സ്വര്‍ണവിലാസം സ്വദേശി ലാല്‍ ഇല്ലം മുരുകേശന് സ്പൈസസ് ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്.
ചെറുകിട ഏലം കര്‍ഷകനുള്ള 50,000 രൂപയും ഫലകവും പ്രശ്സതി പത്രവുമടങ്ങുന്ന അവാര്‍ഡ് നെടുങ്കണ്ടത്ത് നടന്ന ചടങ്ങില്‍ മുരുകേശന് ഏറ്റുവാങ്ങി.
തന്റെ ആറരയേക്കര്‍ വരുന്ന ഏലത്തോട്ടത്തില്‍ രാസവളപ്രയോഗമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് മുരുകേശന് കൃഷി ചെയ്യുന്നത്. തമിഴ്നാട് ഗൂഡല്ലൂരില്നിന്നാണ് മുരുകേശന് ഇടുക്കിയിലെത്തുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടര്ന്ന് ഏലം കൃഷിയിലേക്ക് കടക്കുകയായിരുന്നു. മികച്ച വിളവു നല്കുന്ന ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
ഉത്പാദനം അല്‍പ്പം കുറഞ്ഞാലും വര്‍ഷങ്ങളായി പിന്തുടര്ന്നു വരുന്ന പതിവു ജൈവ രീതിയില്‍നിന്ന് അണുവിട പിന്മാറാന് മുരുകേശന് തയാറല്ല. പശുക്കളുടെ ചാണകവും മൂത്രവും പഞ്ചഗവ്യവും ജീവാമൃതവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്.
കീടനാശിനി പ്രതിരോധത്തിനായി ഇലക്കഷായവും ഉപയോഗിക്കും. കൃത്യമായ ഇടവേളകളില്‍ മണ്ണു പരിശോധനയും നടത്തും. ജൈവ രീതിയിലുള്ള കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഏലക്കാ ഗുണമേന്മയില് മുന്‍പന്തിയിലായിരിക്കും എന്നതാണ് പ്രധാന മേന്മ.
എട്ടിനു മുകളില്‍ ബോള്ട്ടുള്ള കായ് ലഭിക്കുന്നതിനാല്‍ ലേല കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട വിലയും ലഭിക്കും. വിദേശത്തേക്കും മറ്റും കയറ്റിയയ്ക്കാനായി കച്ചവടക്കാര്‍ ജൈവ ഏലക്കാ വാങ്ങുന്നുണ്ട്.
മരുന്നുനിര്‍മാണ കമ്പനികളും ഓര്‍ഗാനിക് ഏലക്കാ കൂടുതലായി വാങ്ങുന്നുണ്ട്. ഏലത്തിന് ഇടവിളയായി കുരുമുളക്, പപ്പായ, ജാതി, ഗ്രാമ്പു ഉള്‍പ്പെടെയുള്ളവയും കൃഷി ചെയ്യുന്നുണ്ട്.
ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും കണക്കിലെടുത്ത് കേന്ദ്ര കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പ് നല്കുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ സ്കോപ്പ് സര്‍ട്ടിഫിക്കറ്റ് മുരുകേശനു ലഭിച്ചിട്ടുണ്ട്.
ഭാര്യ മഹാലക്ഷ്മിയും മകന് നിരഞ്ജ് കുമാറുമാണ് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്.
District News
വൈക്കം: കൃഷി, മൃഗസംരക്ഷണം, നഗര നവീകരണം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകി വൈക്കം നഗരസഭാ ബജറ്റ് . നഗരസഭാ ചെയർമാൻ കെ.ജി. അബ്ദുൾ സലാം റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് 60,40,88,964 രൂപ വരവും 50,52,89,299 രൂപ ചെലവും 9,87,99,665 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് അവതരിപ്പിച്ചു.
നഗരത്തിലെ തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും സമഗ്ര തെങ്ങുകൃഷി വികസനത്തിനും അടുക്കളത്തോട്ട കൃഷി വ്യാപനത്തിനും കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാൻ ചന്തകൾ, വൈക്കം ബ്രാൻഡ് അരി, കാൻസർ രോഗികൾക്ക് വിഷരഹിത ഭക്ഷണമൊരുക്കാൻ പച്ചക്കറിത്തോട്ടങ്ങൾ തുടങ്ങിയവ ഒരുക്കും.
പാലുത്പാദനം വർധിപ്പിക്കാൻ കന്നുകുട്ടി പരിപാലന പദ്ധതി, നഗര നവീകരണത്തിനായി കേന്ദ്ര-സംസ്ഥാന സഹകരത്തോടെ പദ്ധതികൾ, വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ ആഴംകൂട്ടി നവീകരണം, കായലോരബീച്ചിൽ ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം, ബോട്ടിംഗ്, ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ഓപ്പൺ സ്റ്റേജ്, താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്ക് സംവിധാനം തുടങ്ങിയവയാണ് ബജറ്റിൽ വിഭാവനം ചെയ്യുന്ന പ്രധാന പദ്ധതികൾ.
District News
ഈരാറ്റുപേട്ട: 33,14,60,153 രൂപ വരവും 33,01,30,744 രൂപ ചെലവും 13,29,450 രൂപ ബാലൻസും പ്രതീക്ഷിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മേഴ്സി മാത്യു അവതരിപ്പിച്ചു. പ്രസിഡന്റ് ജോയി സ്കറിയ അധ്യക്ഷത വഹിച്ചു. ഭവനനിർമാണം, കാർഷികമേഖല, പശ്ചാത്തലസൗകര്യ വികസനം, ആരോഗ്യം, കുടിവെള്ളം, ടൂറിസം, യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കു പ്രാധാന്യം നൽകിയാണ് ബജറ്റ്.
ഭവന നിർമാണ മേഖലയ്ക്ക് 1,36,32,000 രൂപ ബ്ലോക്ക് വിഹിതം മാത്രമായി വകയിരുത്തി. കർഷകർക്ക് വിവിധ പദ്ധതികളിലായി 23,16,500 രൂപയും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടുലക്ഷം രൂപയും സ്വയംതൊഴിൽ സംരംഭകർക്ക് ഡയറി ഫാം ആധുനികവത്കരിക്കുന്നതിനായി എട്ടു ലക്ഷം രൂപയും വകയിരുത്തി.
പശ്ചാത്തല വികസനത്തിന്റെ ഭാഗമായി വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണത്തിനുമായി 1,07,28,000 രൂപ വകയിരുത്തി. ഉത്പാദന മേഖലയിൽ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനു 32 ലക്ഷം രൂപ വകയിരുത്തി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര കിഡ്നി രോഗബാധിതർ, കാൻസർ ബാധിതർ എന്നിവർക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും നൽകുന്നതിനും പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കുമായി 20,03,200 രൂപയും വൃദ്ധർ, കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു നേരിട്ട് പ്രയോജനം ലഭിക്കുന്നതിനായും തുക ബജറ്റിൽ വകയിരുത്തി.
Agriculture
കുടിയേറ്റ മേഖലയിലെ നെല്ലറയായ ചേകാടി പാടത്ത് കൊയ്ത്ത് ഉത്സവം. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഗന്ധകശാല നെൽകൃഷി ചെയ്യുന്ന പ്രധാന പാടമാണ് ചേകാടി. ഇത്തവണത്തെ വിളവെടുപ്പിൽ നൂറുമേനി വിളയിച്ച് നെൽകൃഷിയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ചേകാടിയിലെ കർഷകർ.
പുൽപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡായ ചേകാടി ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണ്. മൂന്നു വശം വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടു കിടക്കുന്നതാണ് ചേകാടിയിലെ നെൽപാടം.
300 ഏക്കറോളം ഒരേ നിരപ്പിലുള്ള നെൽപാടമാണ് എന്ന പ്രത്യേകതയും ചേകാടിക്കുണ്ട്. നൂറ്റന്പതോളം കർഷകരാണ് ഇവിടെ നെൽകൃഷി ചെയ്തിരിക്കുന്നത്. ഇതിൽ 93 പേർ ആദിവാസി ട്രൈബൽ കർഷകരാണ്.
വിവിധയിനം നെല്ലിനങ്ങളായ ഗന്ധകശാല, വലിച്ചൂരി, കുള്ളൻ തൊണ്ടി, മലബാർ മട്ട തുടങ്ങിയ നെല്ലിനങ്ങളാണ് പാടത്ത് ഏറെയും കൃഷി ചെയ്തിരിക്കുന്നത്. ഭൂരിഭാഗം കർഷകരും രാസവളം ഒഴിവാക്കി ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് നെൽകൃഷിക്കു തുടക്കം കുറിക്കുന്നത്. നാലര മാസം-അഞ്ച് മാസം വരെ വളർച്ചയുള്ള നെല്ലിനങ്ങളാണ് പാടത്ത് കൃഷി ചെയ്തിരിക്കുന്നത്.
രൂക്ഷമായ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിനായി നെൽകൃഷി ആരംഭിക്കുന്നതുമുതൽ പാടത്ത് കാവൽപുര ഒരുക്കിയാണ് ചേകാടി പാടത്ത് കർഷകർ കൃഷി ചെയ്യുന്നത്.
ഇവിടുത്തെ തൊഴിലാളികൾക്ക് പുറമേ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നെൽകൃഷി രീതി അവലംബിച്ചിട്ടുണ്ട്. ചേകാടി പാടത്ത് ഗന്ധകശാല നെൽകൃഷി ആരംഭിക്കുന്നത് മുതൽ വിളവെടുപ്പുകാലം വരെ ഏറെ കരുതലോടെയാണ് കർഷകർ പരിപാലിക്കുന്നത്.
കതിരിടുന്നതിനു പിന്നാലെ ചെറിയ കാറ്റിലും മഴയിലും ചെടി വീണു പോകുന്നതിനു പുറമേ വന്യജിവിശല്യത്തേയും അതിജീവിച്ചാണ് കർഷകർ നെല്ല് വിളയിക്കുന്നത്.
നെല്ല് വിളഞ്ഞു പാകമാകുന്നതോടെ ഗന്ധകശാല നെല്ലിന്റെ സുഗന്ധം വന്യമൃഗങ്ങളെ ആകർഷിക്കുന്നതിനാൽ വിളവെടുപ്പ് കാലത്ത് പാടത്ത് കാവലിരുന്നാണ് നെൽകൃഷിയെ കർഷകർ സംരക്ഷിക്കുന്നത്.
യന്ത്രമുപയോഗിച്ച് ഗന്ധകശാല വിളവെടുക്കാൻ കഴിയില്ല. തൊഴിലാളികളെ ഉപയോഗിച്ചാണ് ഗന്ധകശാല വിളവെടുപ്പും സംസ്കരണവും. ഗന്ധകശാല നല്ല വിളവ് ലഭിച്ചാൽ ഒരു ഏക്കറിൽ 6 മുതൽ 8 ക്വിന്റൽ വരെയും മറ്റ് നെല്ലിനങ്ങൾ ഏക്കറിൽ 16 മുതൽ 25 ക്വിന്റൽ വരെയും വിളവ് ലഭിക്കും.
വിളവെടുപ്പ് കാലത്ത് ചേകാടിയിലെ ഗന്ധകശാല നെല്ല് വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ എത്താറുണ്ടെന്നും കർഷകർ പറഞ്ഞു. അന്യജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ചേകാടിയിലെ നെൽപാടം വിളഞ്ഞ് നിൽക്കുന്നത് മനോഹരമായ കാഴ്ച കൂടിയാണ്.
Agriculture
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിന്റെ സമീപത്തുളള മുത്തിയുരുണ്ട ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ജോസഫ് ആന്റണി തെക്കേക്കുറ്റിന്റെ പച്ചക്കറി കൃഷിയിടമായി. മൂന്നേക്കറോളം വരുന്ന കറുത്ത എക്കൽ മണ്ണിൽ ഈ കർഷകൻ വിളയിച്ചെടുക്കുന്നത് കാർഷിക സമൃദ്ധിയുടെ വിജയഗാഥ.
കോവൽ, വള്ളിപ്പയർ, ചതുരപ്പയർ, തക്കാളി, മാലിമുളക്, പച്ചമുളക്, കോളിഫ്ളവർ, കാബേജ്, പപ്പായ എന്നിവയെല്ലാം നൂറുമേനി വിളവ് നൽകുന്നു.
കുടിയേറ്റ കർഷകൻ
75 വർഷം മുമ്പ് മാതാപിതാക്കളായ ആന്റണി-മറിയക്കുട്ടി ദമ്പതികൾ പൂഞ്ഞാറിൽനിന്ന് ഇടുക്കി ഏഴുകുംവയലിലേക്കും അവിടെനിന്ന് തോപ്രാംകുടിക്ക് സമീപം പ്രകാശിലേക്കും കുടിയേറുകയായിരുന്നു.
35 വർഷം മുമ്പാണ് ജോസഫും കുടുംബവും മുത്തിയുരുണ്ടയിലേക്ക് സ്ഥലം വാങ്ങിയെത്തിയത്. നല്ല മണ്ണ് തേടിയുള്ള യാത്രയായിരുന്നു അത്. കുളമാവിന്റെ തണുപ്പ് നിറഞ്ഞതും മഞ്ഞണിഞ്ഞതുമായ കാലാവസ്ഥയിൽ എന്തു നട്ടാലും തഴച്ചു വളരുമായിരുന്നു.
കോവലും വള്ളിപ്പയറും
ഇരുപതു സെന്റ് സ്ഥലത്ത് 25 വർഷം മുമ്പാണ് ജോസഫ് കൃഷിയാരംഭിച്ചത്. തോപ്രാംകുടിയിൽനിന്ന് കൊണ്ടുവന്ന കോവൽ തണ്ടുകളാണ് നട്ടുപിടിപ്പിച്ചത്. തടമെടുത്താണ് കോവൽത്തണ്ട് നടുന്നത്. വളർന്ന് പടർന്നു കയറുന്നതിന് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
75-ഓളം ചുവട് കോവലാണ് പടർന്നു നിൽക്കുന്നത്. ദിവസവും നനച്ചു കൊടുക്കും. കോഴിവളവും ചാണകവുമാണ് നൽകുന്നത്. മേമ്പോടിയായി ഫാക്ടംഫോസും പൊട്ടാഷും ഇട്ടുകൊടുക്കും. രോഗബാധ തടയാൻ ജൈവകീടനാശിനി തളിച്ചു കൊടുക്കും. കിലോയ്ക്ക് 35-45 രൂപയ്ക്കാണ് കോവയ്ക്ക വിൽപന നടത്തുന്നത്.
75 സെന്റ് സ്ഥലത്താണ് വള്ളിപ്പയർ കൃഷി. വയലറ്റ്, പച്ച നിറമുള്ള പയർ 170 ചുവടാണ് കൃഷി ചെയ്തിരിക്കുന്നത്. തൃശൂരിൽ നിന്നാണ് വിത്ത് വാങ്ങിയത്. ലോല, ചേലലോക്കൽ ഇനങ്ങളിലുള്ളതാണ് പച്ചപ്പയർ.
ഏതാനും ചുവട് നീളൻ ചതുരപ്പയറുമുണ്ട്. കിലോയ്ക്ക് 40-45 രൂപക്കാണ് പയർ വിൽക്കുന്നത്. മുത്തിയുരുണ്ടയിൽ കൃഷിഭവൻ നടത്തുന്ന വിപണിയിലാണ് വിൽപന. കൃഷിഭവനിൽനിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്.
Agriculture
പേരിനുവേണ്ടി മാത്രം മട്ടുപ്പാവിൽ പച്ചക്കറി കൃഷി തുടങ്ങി മൂന്നോ നാലോ മാസം കൊണ്ട് പൂട്ടിക്കെട്ടി പോകുന്നവർക്കിടയിലാണ് ചന്ദ്രേട്ടൻ വ്യത്യസ്തനാകുന്നത്. ഒന്നും രണ്ടുമല്ല...18 വർഷമായി മട്ടുപ്പാവിലെ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കുന്ന ജൈവകർഷകനാണ് ഫറോഖ് ചെറുവണ്ണൂർ ചാലിയകത്ത് ചന്ദ്രൻ (59).
ചന്ദ്രന്റേത് ഒരു അഡാർ പച്ചക്കറി തോട്ടമാണെന്നു കാണുന്നവരെല്ലാം സമ്മതിക്കും. എന്തൊക്കെയാണ് മട്ടുപ്പാവിൽ വിളയുന്നത് എന്നതിനു പകരം എന്തൊക്കെയാണ് ഇല്ലാത്തതെന്നു ചോദിച്ചാലും പെടും. കാരണം പൊതുവിപണിയിലെ പച്ചക്കറി കടകളിൽ ലഭിക്കുന്ന പച്ചക്കറികളെല്ലാം ചന്ദ്രേട്ടന്റെ മട്ടുപ്പാവിലുണ്ട്.
സവാള, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവർ, മല്ലിയില, പുതിനയില, കറിവേപ്പില, പച്ചമുളക്, കാബേജ്, കാപ്സിക്കം, പാവയ്ക്ക, വെണ്ടക്ക, തക്കാളി, വഴുതന, പാവൽ, ഉരുളക്കിഴങ്ങ്, പയർ, പടവലം, കക്കിരി.... തുടങ്ങി മാർക്കറ്റിൽ കിട്ടുന്ന എല്ലായിനം പച്ചക്കറികളും നിലംതൊടീക്കാതെ ചന്ദ്രൻ പരിപാലിക്കുന്നുണ്ട്.
രാസ, കീടനാശിനികൾ പ്രയോഗിക്കാത്ത ശുദ്ധമായ പച്ചക്കറികൾ സ്വന്തം ആവശ്യത്തിന് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീടിന്റെ മട്ടുപ്പാവിൽ ചന്ദ്രേട്ടൻ തുടങ്ങിയ കൃഷി നാട്ടിൽ വൻഹിറ്റാണ്.
പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തമായി സ്ഥലമില്ലാവരാണോ? അത്തരം ആശങ്കയുള്ളവർക്കു ചന്ദ്രനിൽനിന്ന് കൃഷിയുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാം. സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 1300 ചതുരശ്ര അടിയിൽ വീട് നിർമിച്ചതോടെ കൃഷി ചെയ്യാൻ സ്ഥലമില്ലാതായി. ചെറുപ്പം മുതലേ കൃഷിയിൽ തത്പരനായിരുന്ന ചന്ദ്രനു കൃഷി ചെയ്യാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലതാനും.
അങ്ങനെയാണ് മട്ടുപ്പാവിലേക്ക് ചന്ദ്രൻ വിത്തുകളുമായി ചേക്കേറിയത്. ആദ്യം സിമന്റ് ചാക്കുകളിലായിരുന്നു കൃഷി. ആറുമാസമാകുന്പോഴേക്കും സിമന്റ് ചാക്ക് ദ്രവിച്ചു തുടങ്ങും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് തലപുകച്ചപ്പോഴാണ് 30 ലിറ്ററിന്റെ കന്നാസ് വാങ്ങി രണ്ടായി കീറി അതിൽ കൃഷി ചെയ്യാമെന്നു കണ്ടെത്തിയത്.
മട്ടുപ്പാവിൽ നന്നായി വെയിലടിക്കുമെന്നതിനാൽ ആവശ്യത്തിനു വളവും ജലവും കൊടുത്തപ്പോൾ പച്ചക്കറികൾ നന്നായി വിളഞ്ഞു. മഴക്കാലമായാലും വേനൽക്കാലമായാലും ചന്ദ്രന്റെ പച്ചക്കറിത്തോട്ടം സമ്പന്നമാണ്.
പച്ചക്കറികൾക്ക് ചന്ദ്രേട്ടൻ മാർക്കറ്റിനെ ആശ്രയിക്കാറില്ല. ആവശ്യത്തിൽ കൂടുതൽ പച്ചക്കറികൾ വിളയുന്നുണ്ടെങ്കിലും ചന്ദ്രൻ ഇതുവരെ വിലയ്ക്ക് മറ്റുള്ളവർക്ക് കൊടുത്തിട്ടില്ല. ബന്ധുക്കൾ വീട്ടിൽ വന്നാൽ അവർ തിരികെ പോകുന്നത് ഒരു മുറം പച്ചക്കറികളുമായാണ്.
ചന്ദ്രൻ കാരണം അയൽവാസികൾക്കും നല്ല പച്ചക്കറികൾ കഴിക്കാം. പശുവിനെ വളർത്തുന്ന അയൽവീടുകളിൽനിന്ന് കൃഷി ആവശ്യത്തിന് ചന്ദ്രന് ചാണകം ലഭിക്കുന്നത് സൗജന്യമായാണ്. അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ച് ചന്ദ്രനും അയൽവാസികളും പരിസ്ഥിതി സംരക്ഷണാർത്ഥം സ്നേഹവലയം തീർക്കുകയാണ്.
2024ൽ ചന്ദ്രനും സുഹൃത്തുക്കളും ചേർന്നുള്ള സ്വാശ്രയ സംഘം ചെറുവണ്ണൂർ സഹകരണ ബാങ്കിന്റെ ഭൂമിയിൽ ജൈവപച്ചക്കറി കൃഷി ചെയ്തത് വിജയകരമായിരുന്നു. ഇത്തവണ പൊറ്റമ്മൽ നെല്ലിക്കോട് ശ്രീനിവാസൻ എന്നയാൾ ചന്ദ്രന് കൃഷി ചെയ്യാൻ സ്ഥലം സൗജന്യമായി നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം അക്ഷയപാത്രമായി മാറിയതിന്റെ സന്തോഷത്തിലാണ് ചന്ദ്രന്റെ ഭാര്യ രജിത. ഇന്നെന്താണ് കറി വയ്ക്കുക എന്ന വീട്ടമ്മമാരുടെ പതിവ് പരിവേദനമൊന്നും ചന്ദ്രന്റെ വീട്ടിൽനിന്നുയരുന്നില്ല.
ഓണത്തിനു മാത്രമല്ല, എപ്പോഴായാലും ഒരു മുറം പച്ചക്കറികൾ കിട്ടും മട്ടുപ്പാവിൽ നിന്ന്. വീട്ടുജോലികൾ കഴിഞ്ഞാൽ ചന്ദ്രനെ കൃഷിയിൽ സഹായിക്കുകയാണ് രജിതയുടെ വിനോദം. ചാലിയം ഇന്പിച്ചി സ്കൂൾ അധ്യാപികയായ മകൾ അഷ്നയും മകൻ അഷിനും ചന്ദ്രന്റെ കൃഷിക്ക് പൂർണ പിന്തുണയും സഹകരണവും നൽകുന്നുണ്ട്.
വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളുടെതായി ചന്ദ്രന് 20ലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്കു പങ്കുവയ്ക്കാനും ചന്ദ്രൻ സമയം കണ്ടെത്തുന്നുണ്ട്. കൃഷി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ നാട്ടിലെങ്ങും കൃഷി സംബന്ധമായ ക്ലാസുകൾ എടുക്കുന്നതും ചന്ദ്രനാണ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അങ്കണവാടി ജീവനക്കാർക്കുമെല്ലാം കൃഷി പാഠങ്ങൾ വിവരിച്ചുകൊടുക്കാൻ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ ആദ്യം ക്ഷണിക്കുന്നത് ചന്ദ്രനെയാണ്.
ഫോണ്‍: 9447425797
Kerala
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിക്ക് പ്രാധാന്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സഹായകരമായ ആവർത്തന സ്വഭാവമല്ലാത്ത ഭൂവികസന പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത് കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷികമേഖലക്ക് പ്രാധാന്യം നൽകി വിഷരഹിത ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചു മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു. 60 ശതമാനം കാർഷികപ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണ്.
കൃഷിക്ക് ആവശ്യമായ കുളം കുഴിക്കൽ ഉൾപ്പെടെയുള്ളവയും ഏറ്റെടുക്കാവുന്നതാണെന്ന് കമ്മീഷൻ നിർദേശിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സഹായകരമായ ആവർത്തന സ്വഭാവമില്ലാത്ത ഭൂവികസനപ്രവൃത്തികളും ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വടശേരിക്കര തെക്കുംമല സ്വദേശിനി രാജമ്മ സദാനന്ദൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Agriculture
വെള്ളരിവർഗവിളകളിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു പച്ചക്കറിയാണ് തണ്ണിമത്തൻ. അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരള വിപണിയിൽ തണ്ണിമത്തൻ കൂടുതലായും എത്തുന്നത്.
കേരളത്തിലെ കർഷകരുടെ നിഘണ്ടുവിൽ ഇല്ലാതിരുന്ന തണ്ണിമത്തൻ കൃഷി ഇപ്പോൾ നമ്മുടെ നാട്ടിലും വ്യാപകമായിട്ടുണ്ട്. പരമ്പരാഗതമായി സീസണൽ വിളയായിരുന്നെങ്കിലും ഇപ്പോൾ വർഷം മുഴുവനും തണ്ണിമത്തൻ ലഭിക്കുന്നുണ്ട്.
അണുകുടുംബങ്ങൾക്ക് അനുയോജ്യമായ മിനി, ഐസ് ബോക്സ് എന്നീ ചെറിയ തണ്ണിമത്തൻ ഇനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. തണ്ണിമത്തനിൽ ധാരാളം ജലാംശം, വിറ്റാമിൻ എ, അന്നജം, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കൂടാതെ സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഈ വിള.
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോആസിഡ് നമ്മുടെ ശരീരത്തിൽ ഒരു ആന്റി ഓക്സിഡൻറ്റായി പ്രവർത്തിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിലും പങ്ക് വഹിക്കുന്നു.
ഉപഭോക്തൃ മുൻഗണനയിൽ തണ്ണിമത്തൻ കാന്പിന്റെ നിറം ഒരു നിർണായക ഘടകമാണ്. പ്രധാനമായും ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറഭേദങ്ങളിൽ തണ്ണിമത്തൻ ലഭ്യമാണ്.
ഇതോടൊപ്പം കുരുവില്ലാ തണ്ണിമത്തൻ വർഗങ്ങൾക്കും വിപണിയിൽ പ്രത്യേക പ്രാധാന്യം വർധിച്ചുവരുന്നു.
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കുവാൻ.
നല്ല ഫലഭൂയിഷ്ടവും നീർവാർച്ചയുമുള്ള പശിമരാശി മണ്ണ് ആണ് തണ്ണിമത്തൻ കൃഷിക്ക് അഭികാമ്യം.
നിലം ഒരുക്കൽ
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചതിനുശേഷം 3 മീറ്റർ അകലത്തിലായി 2 മീറ്റർ ഇടവിട്ട് കുഴിയെടുക്കാം. കുഴികൾക്കു പകരം 3 മീറ്റർ ഇടവിട്ട് ചാലുകളും എടുക്കാവുന്നതാണ്.
ഏകദേശം 60 സെ.മീ. വ്യാസവും 45 സെ.മീ. ആഴവും ഉള്ള കുഴികൾ ആണ് എടുക്കേണ്ടത്. 45 സെ. മീ. താഴ്ച്ച ഉള്ള ചാലുകൾ എടുക്കുവാൻ ശ്രദ്ധിക്കുക.
നടീലും വളപ്രയോഗവും
വളപ്രയോഗത്തിനോട് നല്ല രീതിയിൽ പ്രതികരിക്കുന്ന ഒരു വിളയാണ് തണ്ണിമത്തൻ. സെൻറ്റിനു 1 -2 കിലോഗ്രാം കുമ്മായം ചേർത്ത് മേൽമണ്ണ് ഇളക്കിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് 100 കിലോഗ്രാം ജൈവവളം കൂടി നൽകണം.
ശേഷം അടിവളമായി ആവശ്യമുള്ള രാസവളങ്ങൾ താഴെപ്പറയുന്ന അളവിൽ ചേർക്കണം. രാസവളങ്ങളുടെ അളവ് ഇപ്രകാരമാണ്. യൂറിയ: 303 ഗ്രാം, രാജ്ഫോസ്:560 ഗ്രാം, പൊട്ടാഷ്: 167 ഗ്രാം.
ഇവ മേൽമണ്ണുമായി കലർത്തി കുഴിയുടേയോ ചാലിന്റേയോ മുക്കാൽ ഭാഗം നിറക്കണം. ശേഷം വിത്തുകൾ ഇടുകയോ പ്രോട്രേകളിൽ വളർത്തിയ 10 ദിവസം പ്രായമുള്ള തൈകൾ നടുകയോ ചെയ്യാം. ഒരു തടത്തിൽ 4-5 വിത്തുകൾ/ തൈകൾ നടാവുന്നതാണ്.
2 ആഴ്ചകൾക്കുശേഷം കരുത്തുള്ള 2 ചെടികൾ മാത്രം നിലനിർത്തുക. അടിവളത്തിനു പുറമേ വള്ളിവീശുമ്പോഴും പൂവിടുമ്പോഴും സെന്റിനു 151 ഗ്രാം യൂറിയ വീതം മേൽവളമായി നൽകണം.
വിളയുടെ ആദ്യഘട്ടങ്ങളിൽ 3-4 ദിവസം കൂടുന്പോൾ ജലസേചനം നൽകണം. പിന്നീട് പൂവിട്ടു തുടങ്ങുന്പോഴും കായ പിടിച്ചു തുടങ്ങുന്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തുക.
നല്ല മാധുര്യമുള്ള തണ്ണിമത്തൻ ലഭിക്കുന്നതിനു വേണ്ടി, കായ മൂപ്പെത്തുന്ന സമയത്ത് ജലസേചനം നിയന്ത്രിക്കുക.
തണ്ണിമത്തൻ വള്ളികൾ പടരുന്നതിനായി മണ്ണിൽ ഉണങ്ങിയ കമ്പുകളോ പുല്ലുകളോ നിരത്തുക. മേൽവളം നൽകുമ്പോൾ കളകൾ നീക്കി മണ്ണ് ഇളക്കി കൊടുക്കുകയും വേണം.
വിളവെടുപ്പ്
തൈകൾ നട്ടതിന് ഏകദേശം 30- 35 ദിവസങ്ങൾക്കു ശേഷം തണ്ണിമത്തൻ ചെടികൾ പൂവിട്ടു തുടങ്ങും. പൂവിട്ട് 45- 50 ദിവസം കഴിയുന്പോൾ തണ്ണിമത്തൻ വിളവെടുത്ത് തുടങ്ങാം.
മൂപ്പെത്തിയ തണ്ണിമത്തനിൽ മണ്ണിനോട് ചേർന്നു കിടക്കുന്ന ഭാഗത്തെ തൊലി മഞ്ഞ കലർന്ന വെള്ളനിറത്തിൽ മാറിയതായി കാണപ്പെടും.
കൂടാതെ കായ്കൾ കൈ കൊണ്ട് കൊട്ടുമ്പോൾ പൊള്ളയായ ശബ്ദം കേൾക്കുകയാണെങ്കിൽ തണ്ണിമത്തൻ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.
Agriculture
തൊടുപുഴ അഞ്ചിരി പാടശേഖരത്ത് വിളവെടുപ്പ് തുടങ്ങി. പാലക്കാട് നിന്നെത്തിച്ച കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് തൊടുപുഴയുടെ നെല്ലറയായ അഞ്ചിരി, തലയനാട് മേഖലകളിലെ പാടശേഖരത്ത് കൊയ്ത്ത് ആരംഭിച്ചത്.
പ്രതിസന്ധി മൂലം ജില്ലയിലെ പാടശേഖരങ്ങള്‍ പലതും വിസ്മൃതിയിലായപ്പോഴും പാടശേഖര സമിതിയുടെ കൂട്ടായ്മയില്‍ ഇവിടെ നെല്‍കൃഷി അന്യംനിന്നു പോകാതെ തുടരുകയാണ്.
കര്‍ഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന നെല്‍കൃഷിയോടുള്ള ആത്മബന്ധവുമാണ് ഇവരെ നെല്‍പ്പാടങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിക്കുന്നത്. പ്രതിസന്ധി മൂലം ഈ വര്‍ഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ട് മുമ്പാണ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇടവെട്ടി പഞ്ചായത്ത് മുതല്‍ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടുകിടക്കുന്ന പാടശേഖരമായിരുന്നു ഇത്.
120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തില്‍ നെല്കൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെല്‍കൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീര്‍ണം കുറഞ്ഞു. കൂടുതല്‍ സ്ഥലത്തും തെങ്ങുള്‍പ്പെടെ മറ്റു വിളകള്‍ ഇടം പിടിച്ചു.
എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കര്‍ഷകര്‍ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടില്‍ ചെറു ചെക്ക്ഡാമുകളുമുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.
ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമും ഇവിടെയുണ്ട്. ഓരോ കര്‍ഷകനും പാടത്തേക്കാവശ്യമായ വെള്ളം തിരിച്ചുവിട്ടാണ് കൃഷി ചെയ്യുന്നത്.
വര്‍ഷത്തില്‍ രണ്ടു കൃഷി
വര്‍ഷത്തില്‍ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണില്‍ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറില്‍ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകന്‍ കൃഷിയും.
ഉമ, കുഞ്ഞൂഞ്ഞ്, ഐആര്‍എസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങള്‍. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലം ഒരുക്കല്‍. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്ന് ഞാറു നടും. വിളവെടുപ്പാകുമ്പോള്‍ പാലക്കാടുനിന്നു യന്ത്രമെത്തിച്ച് കൊയ്ത്തും നടത്തും.
Agriculture
തനതു ഗ്രാമീണ കാർഷിക രീതികൾ ടൂറിസവുമായി കോർത്തിണക്കിക്കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണ് തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ഏക്കർ കണക്കിനു മുന്തിരികൃഷിയാണ് ഇവിടുള്ളത്.
വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏതു ദിവസം ചെന്നാലും സഞ്ചാരികൾക്ക് പഴുത്തുതുടുത്തുകിടക്കുന്ന മുന്തിരിക്കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരിപ്പാടങ്ങളിലെ കൃഷി.
വർഷത്തിൽ നാലു തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പുകാലം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ്. എന്നാൽ, കമ്പത്തെ മുന്തിരിപ്പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിക്കാം.
Agriculture
കൊല്ലം നഗരത്തിൽ വെറും അഞ്ച് സെന്റ് ഭൂമിയിൽ ഒരു ഏദൻതോട്ടം. വിദേശികളും സ്വദേശികളുമായ ഫലച്ചെടികളും ഔഷധസസ്യങ്ങളും ചെടികളുംകൊണ്ടുനിറഞ്ഞ ഒരു പറുദീസ. ഇതാണ് ജേക്കബിന്റെ സ്വർഗരാജ്യം. വനംവകുപ്പും കൃഷിവകുപ്പും ഒരുപോലെ അവാർഡുകൾ നൽകി അഭിനന്ദിക്കുന്ന കർഷകൻ.
ആരെയും ആകർഷിക്കുന്ന, ഫലങ്ങളാൽ സംതൃപ്തമായ മരങ്ങളും ചെടികളും കൊണ്ടു ജേക്കബിന്റെ ഏദൻതോട്ടം പൂത്തുലഞ്ഞുനിൽക്കുന്നു. മുണ്ടയ്ക്കൽ കിർത്തനം ഭവനത്തിൽ ജേക്കബ് എസ്. മുണ്ടപ്പുളം എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭവനത്തിലാണ് ഈ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നത്.
ഈ ഹരിതഭംഗി ആരെയും കൊതിപ്പിക്കും. കേരള പോലീസിന്റെ റെയിൽവേ വിംഗിൽനിന്നും സബ് ഇൻസ്പെക്ടറായിട്ടാണ് ജേക്കബ് വിരമിച്ചത്. നിലവിൽ ന·രം ഗ്ലോബൽഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററാണ്.
ചൈന, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂർ, കമ്പോഡിയ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന പഴങ്ങൾ നമ്മുടെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരുമെന്നു തെളിയിക്കുകയാണ് ജേക്കബിന്റെ പുരയിടം. ജേക്കബിന്റെ ടെറസ് ഒന്നു കാണണം.
Agriculture
ചക്ക, മാങ്ങ, വാട്ടുകപ്പ... വേനല്‍ക്കാലം കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെയും സൂക്ഷിച്ചുവയ്ക്കലിന്റെയും കാലം കൂടിയാണ്. വീട്ടുമുറ്റത്തും പറമ്പിലും പ്ലാവുകളില്‍ ചക്കകള്‍ മൂത്തു തുടങ്ങി. തൊടിയിലെ മാവില്‍ കണ്ണിമാങ്ങകള്‍ പാകമായി.
വീട്ടമ്മമാര്‍ അച്ചാറിടാനുള്ള തയാറെടുപ്പിലാണ്. പറമ്പിലെ കപ്പ വാട്ടി ഉണക്കി മഴക്കാലത്തേക്കുള്ള കരുതലായി സൂക്ഷിക്കുന്ന തിരക്കിലാണു കര്‍ഷകര്‍. പൗരാണികവും പുരാതനവുമായ കാര്‍ഷിക സംസ്കാരം പുതിയ കാലത്തും കര്‍ഷകര്‍ തനിമയോടെ തുടരുകയാണ്.
ഒരു ചക്കയ്ക്ക് 45-50 രൂപ
നാട്ടിന്‍പുറങ്ങളില്‍ ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഒരു ചക്കയ്ക്ക് 45-50 രൂപ വരെ ലഭിക്കുന്നുണ്ട്. വിയറ്റ്നാം ഏര്‍ളി പോലെയുള്ള ചക്കയിനങ്ങള്ക്ക് കിലോയ്ക്ക് 40 രൂപയും ലഭിക്കുന്നു. കച്ചവടക്കാര്‍ എത്തി ഒരു പ്ലാവില്‍നിന്നും മുഴുവന്‍ ചക്കയും വാങ്ങുകയാണ്.
ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ചു വടക്കഞ്ചേരിയിലെയും പെരുമ്പാവൂരിലെയും മൊത്തവ്യാപാരികള്‍ക്ക് കൈമാറുകയാണ്. നേരത്തെ ചക്ക പഴുക്കാറാകുമ്പോള്‍ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവന്‍ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നത്.
കുരങ്ങ്, മലയണ്ണാന് തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികള്‍ ചക്ക പഴുക്കുന്ന സീസണില്‍ ഭീഷണിയായിരുന്നു. നേരത്തെയുള്ള വില്പന മൂലം ഇത്തരം വന്യജീവി ശല്യം ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണു മലയോര നിവാസികള്‍. ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നതും കര്‍ഷകര്‍ക്ക് അധിക വരുമാനമായി.
ബംഗളുരൂ, കൊല്‍ക്കത്ത, പൂനെ, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണു ചക്ക കയറി പോകുന്നത്. ചക്കപ്പുഴുക്ക്, ചക്കക്കുരുകൊണ്ടുള്ള വിവിധ കറികള്‍, ചക്ക വറുത്തത്, ചക്കവരട്ടി, ചക്കപഴംകൊണ്ടുള്ള കുമ്പിളപ്പം തുടങ്ങി ചക്ക വിഭവങ്ങള്‍ നിരവധിയാണ്.
ചക്കയുടെ പുറം തോട് ഒഴികെ ബാക്കി മുഴവന്‍ ഭാഗങ്ങളുടെയും പോഷകമൂല്യവും പ്രാധാന്യവും ആളുകള്‍ തിരിച്ചറിഞ്ഞതോടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. പച്ചചക്ക പൊടിച്ചുണക്കി നിരവധി കമ്പനികളും സംരഭകരും വിവിധതരം ഉല്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.
വര്‍ഷം മുഴുവന്‍ ചക്ക രുചി ആസ്വദിക്കാന്‍ ചക്ക വരട്ടിയും വറുത്തും ഫ്രോസണ്‍ ആയുമൊക്കെ സൂക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്. ചക്കപഴങ്ങള്ക്കും നല്ല ഡിമാന്റ് ഉണ്ട്. തേനൂറുന്ന വരിക്കച്ചക്ക മുതല്‍ നാരുപോലെ കുഴഞ്ഞിരിക്കുന്ന കൂഴച്ചക്ക വരെയുണ്ട്.
വാട്ടുകപ്പയ്ക്ക് ആവശ്യക്കാരേറെ
മധ്യകേരളത്തിന്റെ പ്രിയ ഭക്ഷണമായ വാട്ടുകപ്പയുടെ തലവര തെളിയുകയാണ്. വില്ക്കാന് വയ്യാതെ കെട്ടിക്കിടന്ന വാട്ടുകപ്പയുടെ കെട്ടകാലം കഴിഞ്ഞു. കിട്ടാനില്ലാതായാതോടെ വിലയും വര്‍ധിച്ചു. കിലോയ്ക്ക് 80 -110 രൂപയാണു വില.
ഒരു വര്‍ഷം മുമ്പ് വാട്ടുകാപ്പ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നുവെങ്കില്‍ ഇത്തവണ മറിച്ചാണ് സ്ഥിതി. ഡ്രയറില്‍ ഉണങ്ങാതെ, കര്‍ഷകര്‍ നേരിട്ട് വാട്ടി നിലത്തും പാറപ്പുറത്തും ഉണങ്ങുന്ന കപ്പയ്ക്കാണ് ഡിമാന്‍ഡ്. ഉണക്കുന്നതിലെ ചെലവും സമയനഷ്ടവും കാരണം ഇടക്കാലത്ത് കര്‍ഷകര്‍ പിന്‍വാങ്ങിയിരുന്നു.
തമിഴ്നാട്ടില്‍നിന്നു പായ്ക്കറ്റുകളിലാക്കിയ കപ്പ 80-90 രൂപയ്ക്ക് കിട്ടും. പക്ഷേ, നാടനോടാണു പ്രിയം. എന്നാല്‍ ചെലവ് വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. മുമ്പ് വീട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന് ആഘോഷമാക്കിയിരുന്ന കപ്പ വാട്ട് ഇപ്പോള്‍ കൂലിയ്ക്ക് തൊഴിലാളികളെ നിര്‍ത്തിയാണു ചെയ്യുന്നത്.
1000 രൂപ കൂലിയും ഭക്ഷണവും നല്കിയാല് പോലും കപ്പ വാട്ടാന്‍ തൊഴിലാളികളെ കിട്ടാനില്ല. പുതുതലമുറയ്ക്ക് ഉണര്‍വേകി, കുടുംബ അയല്പക്ക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ആഘോഷമാക്കി കപ്പവാട്ട് നടക്കുന്നുണ്ട്.
District News
ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിൽ പഴശിരാജ കളരി അക്കാദമിക്ക് സമീപം കാട്ടാനയെത്തി കൃഷികൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചയുമായി എത്തിയ രണ്ടു കാട്ടാനകളാണ് മണിക്കൂറുകളോളം കളരി അക്കാദമിയുടെ പരിസരത്ത് നാശം വിതച്ചത്. മണിക്കൂറുകൾ ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടാനകൾ തെങ്ങ് ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. കൃഷിക്കായി സൂക്ഷിച്ചിരുന്ന 60 തെങ്ങിൻ തൈകളാണ് ആനകൾ നശിപ്പിച്ചത്.
ആറളം ഫാമിൽ നിന്നും പുഴകടന്നെത്തിയ കാട്ടാനകളാ ണ് നാശം വിതച്ചത്. ഒരാഴ്ച മുൻപാണ് ഇരിട്ടി ടൗണിന് സമീപം കാട്ടാന എത്തിയിരുന്നത്. ഇതിനെ വനപാലകർ ആറളം ഫാമിലേക്ക് തുരത്തിയിരുന്നു. ചൊവ്വാഴ്ച ആറളം പുനരധിവാസ മേഖലയിൽ നടത്തിയ ഓപ്പറേഷൻ ഗജമുക്തി വിജയിച്ചിരുന്നില്ല.
കാട്ടിലേക്ക് തുരത്തിയ ആന കാട്ടിലേക്ക് കയറാതെ തിരികെ പോയിരുന്നു. അതുപോലെ തന്നെ ആറളം ഫാമിന്റെ കൃഷിയിടത്തിലെ ആനകളെ വനത്തിലേക്ക് തുരത്തണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ പോകുകയാണ്. ഫാമിനോട് ചേർന്ന ജനവാസ മേഖലയിൽ ആനകളുടെ ശല്യം അതിരൂക്ഷമാണ്.
ഇരിട്ടി ടൗണിലും കാട്ടാനയുടെ കാൽപ്പാടുകൾ
ഇരിട്ടി: ഇരിട്ടി ടൗണിനോട് ചേർന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം പഴശി പദ്ധതിയുടെ ചതുപ്പ് പ്രദേശത്താണ് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
പശുക്കളെ തീറ്റാൻ എത്തിയ ആളാണ് ആനയുടെ കാൽപ്പാടുകൾ കണ്ടത്. തുടർന്ന് പ്രദേശവാസികളെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ചതുപ്പിൽ ആഴത്തിൽ കാൽപ്പാടുകൾ പതിഞ്ഞ നിലയിലാണ്. കഴിഞ്ഞയാഴ്ച ജബ്ബാർക്കടവ് പാലത്തിന് സമീപമെത്തിയ കാട്ടാനയാകാം ടൗണിലുമെത്തിയതെന്നാണ് വനംവകുപ്പ് നിഗമനം.
Agriculture
സർക്കാർ ജോലി ലഭിച്ചിട്ടും അതിനു പോകാതെ കൃഷിയിലേക്ക് ഇറങ്ങിയ നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കനാനിക്കൽ മനോജ് ജോസഫ് കാർഷികവൃത്തിയിൽ തികഞ്ഞ സംതൃപ്തനാണ്.
ബിരുദവും ഇലക്ട്രിക്കൽ ഡിപ്ലോമയും കഴിഞ്ഞ മനോജ് ജോസഫിന് 2006 ലാണ് കഐസ്ഇബിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ, പാരന്പര്യമായി കിട്ടിയ കൃഷി ജീവിതം തുടരാൻ ആയിരുന്നു മനോജിന്റെ തീരുമാനം.
അന്ന് മനോജിന്റെ കൂടെ ജോലി ലഭിച്ചവർ ഇപ്പോൾ സീനിയർ സബ് എൻജിനിയർമാരാണ്. എന്നാൽ സ്വന്തമായുള്ള ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുകയാണ് ഈ 54കാരൻ. വേങ്കുന്നിലുള്ള മനോജിന്റെ പുരയിടത്തിൽ എത്തിയാൽ നമ്മൾക്ക് അത് മനസിലാകും.
40 ഇനം കുരുമുളക്, റബർ, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, വിവിധ ഇനം പച്ചക്കറികൾ, പശുവളർത്തൽ, തേൻ ഉല്പാദനം അങ്ങനെ സകല കാർഷിക മേഖലയിലും ഇദ്ദേഹം കൈവയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ഇനത്തിൽ അല്പം ഇടിവു വന്നാൽ മറ്റുള്ളവയിൽനിന്ന് അതു തരണം ചെയ്യുന്നു. ഈ രീതി തുടരുന്നതുകൊണ്ടു ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ലെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു.
2013ൽ നടുവിൽ പഞ്ചായത്തിലെ മികച്ച യുവകർഷകൻ. 2018ൽ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവ കർഷകൻ, 2024ൽ നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകൻ എന്നീ പുരസ്കാരങ്ങളും മനോജിനു ലഭിച്ചിട്ടുണ്ട്.
അഞ്ചു വർഷമായി നടുവിൽ പഞ്ചായത്തിലും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലും കഴിഞ്ഞ വർഷം ചെങ്ങളായി പഞ്ചായത്തിലും കർഷകർക്ക് ആവശ്യമായ മഞ്ഞൾ വിത്തുകൾ ഉല്പാദിപ്പിച്ചു നൽകുന്നത് മനോജാണ്.
സ്വന്തമായി ഉല്പാദിപ്പിക്കുന്ന മണ്ണിര കന്പോസ്റ്റാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടെ മറ്റു രാസവളങ്ങളും പ്രയോഗിക്കുന്നു. നടുവിൽ കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായങ്ങളും ലഭിക്കുന്ന മനോജ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 40 ഇനം കുരുമുളകുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും തൈകൾ ഉല്പാദിപ്പിച്ച് ആവശ്യക്കാർക്കു നൽകുകയും ചെയ്യുന്നു.
മണ്ണിര കന്പോസ്റ്റിനെക്കുറിച്ച് പഠിക്കാനെത്തുന്നവർക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയും സൗജന്യമായി മണ്ണിരകളെ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ആളുകളാണ് മനോജിന്റെ പക്കൽനിന്നു മണ്ണിരകളെ കൊണ്ടുപോകുന്നത്.
പൂർവികരിൽനിന്നു പകർന്നു കിട്ടിയ അനുഭവവും തന്റേതായ പരീക്ഷണങ്ങളുമായി ഓർമവച്ച കാലംതൊട്ട് മണ്ണിൽ പണിയെടുക്കുന്ന മനോജിന് കൃഷിതന്നെയാണു ജീവിതവും. രണ്ടു സ്ഥിരം തൊഴിലാളികൾക്കു പുറമെ ആവശ്യാനുസരണം മറ്റു തൊഴിലാളികളും മനോജിന്റെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
തന്റെ ലാഭത്തേക്കാൾ അവർക്ക് നൽകുന്ന വേതനത്തിലാണ് മനോജിന്റെ സംതൃപ്തി. പുലിക്കുരുമ്പ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ മനോജിന് എല്ലാ പിന്തുണയും നൽകി ഭാര്യ ലിനിയും മക്കളായ മൗറിനും ഫ്ളവറിനും ജോഷയും ഒപ്പമുണ്ട്.
കുരുമുളക് തൈ ഉൾപ്പടെ തന്റെ കൃഷിക്ക് ആവശ്യമായ എല്ലാ വിത്തുകളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന മനോജ് ആവശ്യക്കാർക്ക് അതു നൽകാനും തയാറാണ്.
Agriculture
തിരുവാതിര ജന്മക്ഷത്രത്തിൽപ്പെട്ടവരുടെ മരമാണ് കരിമരം. ആയുസു മുഴുവൻ സാവധാനം വളരുന്ന ഒരു വൃക്ഷമാണ് കരിമരം. കരിമരം തൈകളായിരിക്കുമ്പോൾ തണലിൽ വളരുവാൻ ഇഷ്ടപ്പെടുകയും എന്നാൽ, മരം വളരുന്നതനുസരിച്ച് സൂര്യപ്രകാശം ഇഷ്ടപ്പെടുന്നതുമായ ഒരു മരമാണ്.
കരിമരം വിത്ത് മൂലവും മുറിഞ്ഞ വേരിൽ നിന്നും പുനരുൽഭവം നടക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണാണ് വളരുവാൻ നല്ലത്. എഴുപതു സെന്റിമീറ്റർവരെ വ്യാസമുള്ള തടി ലഭിക്കുവാൻ ഇരുനൂറോളം വർഷം വേണ്ടി വരും.
ആഫ്രിക്ക, മലേഷ്യ, മ്യാൻമാർ, ജപ്പാൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലും കേരളത്തിലെ അർധഹരിത വനങ്ങളിൽ അങ്ങിങ്ങു വളരുന്ന സാന്ദ്രമായ തലപ്പോടുകൂടിയ മരമാണ് കരിമരം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ധാരളമായി കണ്ടുവരുന്നു.
വളരെയേറെ പ്രാധാന്യമുള്ള കരിമരത്തിന്റെ ഇലയ്ക്ക് അഞ്ചു മുതൽ പതിനഞ്ച് സെന്റീമീറ്റർ നീളവും മൂന്നു മുതൽ ആറു സെന്റീമീറ്റർ വീതിയും കാണും. ഇലകളിൽ ധാരാളം കറുത്ത കുത്തുകൾ കാണാറുണ്ട്.
ഏകലിംഗ പുഷ്പങ്ങളാണ്, പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ്. ആണ് പൂക്കൾ കൂട്ടമായി ഉണ്ടാകും. ആണ് പൂക്കളെക്കാൾ പെണ് പൂക്കൾക്ക് വലിപ്പം കൂടുതലാണ്. കായ്കൾക്ക് ഏകദേശം രണ്ടു സെന്റീമീറ്റർ വ്യസമുള്ളതാണ്. മരത്തിന് വ്യക്തമായ പൂക്കാലമില്ല എങ്കിലും ഫെബ്രുവരി മുതലാണ് മരം നല്ലതുപോലെ പൂത്തു കണ്ടുവരുന്നത്.
ഏബണേസി കുടുംബത്തിൽപ്പെട്ട കരിമരത്തിന്റെ ശാസ്ത്രീയനാമം ഡയോസ്പൈറോസ് എബണിയം എന്നാണ്. എബണി, മുസ്തന്പി, കരിന്താളി എന്നീ പേരുകളിലും സംസ്കൃതത്തിൽ കരവീര: വയസി, ഇംഗ്ലീഷിൽ സിലോണ്‍ എബണിട്രീ എന്നും അറിയപ്പെടുന്നു. കരിമരത്തിന്റെ തടി കൂടുതലായും സംഗീതോപകരണങ്ങൾക്കും കൗതുകവസ്തുക്കൾ നിർമ്മിക്കുവാനും ഉപയോഗിച്ചു വരുന്നു.
കരിമരത്തിന്റെ തൊലി കടും ചാരനിറത്തിലും തടിയുടെ പുറംഭാഗം വെള്ള ചേർന്ന ചാരനിറത്തിലും കാതൽ കടും കറുപ്പുനിറവുമാണ്. മറ്റു മരത്തിൽ നിന്നും വ്യത്യസ്ഥമായതിനാലാകാം ഇതിന് കരിമരം എന്ന് പേരു വന്നത്.
കരിമരത്തിന്റെ തൊലി വിവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ഇലകൾ വയറിളക്കം, നേത്രരോഗങ്ങൾ, തീപ്പൊള്ളൽ, ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയം, ചൊറിചിരങ്ങുകൾ എന്നിങ്ങനെ വിവിധ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചുവരുന്നു. കേരളത്തിൽ മറ്റു മരങ്ങളെയപേക്ഷിച്ച് വളരെക്കുറച്ചു മാത്രം കണ്ടുവരുന്ന ഈ മരത്തെ സംരക്ഷിക്കേണ്ടതുണ്ട്.
വളരെ സാവധാനം വളരുന്ന വൃക്ഷമായതിനാൽ കുറച്ചു സ്ഥലമുള്ളവർക്കും നട്ടുപിടിപ്പിക്കാവുന്നതാണ്. പുതിയ തലമുറകൾക്കും നഗരങ്ങളിൽ വസിക്കുന്നവർക്കും കരിമരം എന്താണെന്ന് അറിയുന്നതിനു വേണ്ടിയും പ്രത്യേകിച്ച് തിരുവാതിര നക്ഷത്രത്തിൽപ്പെട്ടവർ കരിമരം നട്ടുപിടിപ്പിക്കുന്നത് നന്നായിരിക്കും.
സ്ഥല പരിമിതിയുള്ളവർ കുറച്ചു വലുപ്പമുള്ള ചട്ടികളിൽ വളർത്താവുന്നതാണ്. മണ്ണിൽ നടുന്നവർ രണ്ടടി ചതുരത്തിലും അഴത്തിലും കുഴിയെടുത്ത് ആവശ്യത്തിനു ചാണകപ്പൊടിയും മറ്റു ജൈവ വളങ്ങളും ചേർത്ത് നടാവുന്നതാണ്.
മറ്റു കീടാക്രമണങ്ങൾ ഒന്നുംതന്നെ കരിമരത്തെ ബാധിക്കാത്തതിനാൽ തരിശുകിടക്കുന്ന പൊതു സ്ഥലങ്ങളിലും സ്കൂൾ മൈതാനങ്ങളുടെ വശങ്ങളിലും നട്ടുപിടിപ്പിക്കുന്നത് ഈ മരം പ്രചരിപ്പിക്കാനും കണ്ടുപഠിക്കാനും ഉതകും.
Agriculture
നെല്ല്
മുണ്ടകൻ കൊയ്ത്തിന് സമയമായി. കൊയ്യാറായ പാടങ്ങളിൽ കൊയ്ത്തിനു ഒരാഴ്ച മുന്‍പുതന്നെ പാടത്തെ വെള്ളം വാർത്തുകളയണം. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടങ്ങളിൽനിന്നും കൊയ്ത്തിന് രണ്ടാഴ്ച മുമ്പെങ്കിലും കള്ളക്കതിരുകൾ നീക്കം ചെയ്യണം.
കൊയ്ത്ത് കഴിഞ്ഞാൽ നിലം ഉഴുതിടണം. ഈർപ്പമുണ്ടെങ്കിൽ എള്ള്, പയർ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാം. കൊയ്ത്തിനുശേഷം നിലം ഉഴുത് കുറച്ചു ദിവസം തരിശിടുന്നത് തണ്ടുതുരപ്പന്റെ ഉപദ്രവം പുഞ്ചയിലേക്ക് വ്യാപിക്കാതിരിക്കാൻ സഹായിക്കും.
നേരിട്ട് വിത്ത് വിതച്ച് കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാടങ്ങൾ നല്ലപോലെ ഉഴുതു നിരപ്പാക്കണം. ഞാറ് പറിച്ച് നടുന്ന പാടങ്ങളിൽ ഞാറ്റടി തയാറാക്കാം. കുട്ടനാടൻ പുഞ്ചയിൽ മേൽവളപ്രയോഗവും സസ്യസംരക്ഷണവും തുടരാം.
തെങ്ങ്
ജലസേചനം തുടരണം. ആഴ്ചയിൽ ഒന്നോ രണ്ടോ നന നൽകാം. നനയുടെ തോത് കുറയ്ക്കാൻ തെങ്ങിൻതടത്തിൽ പുതയിട്ടു കൊടുക്കാം. മണൽ പ്രദേശങ്ങളിൽ 3-4 ദിവസത്തിലൊരിക്കൽ നനയ്ക്കണം. വിത്ത് തേങ്ങാസംഭരണത്തിന് മാതൃവൃക്ഷം തെരഞ്ഞെടുക്കാം.
സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ 80 തേങ്ങ കുറയാതെ കായ്ഫലമുള്ള തെങ്ങുകൾ തെരഞ്ഞെടുക്കണം. വിടർന്ന 30ൽ കൂടുതൽ ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുലഞ്ഞെട്ടുകളോടുകൂടിയ 12 കുലകളിൽ കൂടുതൽ, ഇടത്തരം വലുപ്പമുള്ള തേങ്ങകൾ തുടങ്ങിയ ഗുണങ്ങൾ മാതൃവൃക്ഷത്തിനുണ്ടാകണം.
വിത്തുതേങ്ങ കയറിൽ കെട്ടിയിറക്കണം. വിത്തുതേങ്ങ മുളപ്പിക്കുന്നതിനുമുമ്പ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. 3 ഇഞ്ച് കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവുംവിധം നിരത്തി മണലിട്ട് മൂടിയിടണം.
തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ 5 അടുക്ക് വിത്തു തേങ്ങ ഇങ്ങനെ സംഭരിക്കാം. മണൽ മണ്ണും തണലുമുള്ള പ്രദേശങ്ങളിൽ വിത്തുതേങ്ങ കൃഷിസ്ഥലങ്ങളിൽതന്നെ സൂക്ഷിക്കാം.
തണലിൽ കൂട്ടിയിട്ട തേങ്ങകൾ തൊണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പിക്കാം. തീരപ്രദേശങ്ങളിൽ ഇലകൾ കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുണ്ടെങ്കിൽ എതിർ പ്രാണികളെ തെങ്ങിൻതോപ്പുകളിലേക്ക് വിടണം.
ഓലതീനിപ്പുഴുവിന്റെ ആക്രമണം കൂടാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രിക്കാൻ കേടായ ഓലകൾ വെട്ടിമാറ്റി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
കമുക്
ജലസേചനം തുടരുക. അടയ്ക്കാ മരങ്ങളെ ചൂടിൽനിന്നു സംരക്ഷിക്കാൻ തടിയിൽ കുമ്മായം പൂശുകയോ ഉണക്ക ഓലകൾ പൊതിഞ്ഞുകെട്ടുകയോ ചെയ്യാം.
വാഴ
നന തുടരണം. വാഴത്തടത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്താൻ സഹായിക്കും. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേർക്കുക. മണ്ണു പരിശോധന നടത്തിയാൽ കൃത്യമായ വളത്തിന്റെ തോത് അറിയാൻ കഴിയും.
ഏലം
പ്രാഥമിക തവാരണകളിൽ ജലസേചനം തുടരാം. പന്തലിട്ടു കൊടുക്കണം. രണ്ടാം തവാരണയിലും കളയെടുപ്പും ദൈനംദിന ജലസേചനവും നടത്തണം. ഏലത്തിന്റെ വിളവെടുപ്പ് തുടരാം. പറിച്ചെടുത്ത കായ്കൾ തരംതിരിച്ച് സൂക്ഷിക്കാം.
തണൽമരങ്ങൾ കുറഞ്ഞ സ്ഥലങ്ങളിൽ ഇളം ചെടികൾക്ക് ആവശ്യമായ തണൽ നൽകാൻ ചെടികളുടെ മുകളിൽ ചെറിയ പന്തൽ ഇട്ട് കൊടുക്കാം. ഉണക്കിൽ നിന്ന് ചെടിയെ സംരക്ഷിക്കാൻ പുതയിട്ടു കൊടുക്കണം.
കുരുമുളക്
മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനായി വള്ളിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. നട്ട് ഒന്ന് രണ്ട് വർഷം മാത്രം പ്രായമെത്തിയ വള്ളികളെ പൊതിഞ്ഞു കെട്ടി വേനൽച്ചൂടിൽ നിന്നും സംരക്ഷിക്കണം. തോട്ടങ്ങളിൽ വിളവെടുപ്പ് തുടരാം.
പറിച്ചെടുത്ത കുരുമുളക് ഏറ്റവും ശുചിയായ രീതിയിൽ ഉണക്കി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകിൽ കലരാൻ ഇടയാകരുത്. കൊടിത്തലകൾ ശേഖരിക്കുവാനുള്ള മാതൃകൊടികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരഞ്ഞെടുത്ത ചെന്തലകൾ മണ്ണിൽ പടരാതെ ചെറിയ താങ്ങുകാലുകളിൽ ചുറ്റിവയ്ക്കണം.
ഇഞ്ചി, മഞ്ഞൾ
ഇഞ്ചിയുടെ വിളവെടുപ്പും വിത്തിഞ്ചി സംസ്കരണവും സൂക്ഷിപ്പും തുടരാം. വിത്തിന് സൂക്ഷിക്കുന്ന ഇഞ്ചി മൃദുചീയൽ രോഗം ഉണ്ടാകാതിരിക്കാൻ വിത്തുപചാരം നടത്തി തണലിൽ ഉണക്കണം.
മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുന്പോൾ വിളവെടുപ്പ് ആരംഭിക്കാം.
Agriculture
മറയൂർ കാന്തല്ലൂർ മേഖലയിൽനിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന പുതിയ സസ്യം കണ്ടെത്തി. തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഡിപ്ലോസെൻറം എന്ന ദേശജാതി വിഭാഗത്തിൽ പെടുന്ന ചെടിക്ക് പൂവിന്റെ ഘടനാസ്വഭാവം അടിസ്ഥാനപ്പെടുത്തി ഡിപ്ലോസെന്ററം പാപ്പില്ലോസം എന്ന ശാസ്ത്രനാമം നൽകി.
പാറകൾക്ക് മുകളിലും മരത്തിന്റെ ശാഖകളിലും പറ്റിപ്പിടിച്ചു വളരുന്ന ഇവയ്ക്ക് മേഖലയിലെ ശക്തമായ കാറ്റിനെ പ്രതിരോധിച്ചു നിൽക്കാൻ കഴിയുന്ന വേരുകളുണ്ട്. ശാഖകളായി പിരിയാത്ത പൂങ്കുല, വെള്ളയും പിങ്കും കലർന്ന പൂക്കൾ, ദളങ്ങളുടെ ആകൃതി എന്നിവകൊണ്ടെല്ലാം ഈ ഗണത്തിലെ മറ്റു ചെടികളിൽ നിന്ന് ഇവ വ്യത്യാസപ്പെടുന്നു. സുഗന്ധമേറിയതും മനോഹരങ്ങളുമാണ് ഇവയുടെ പൂക്കൾ.
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് പൂവിട്ട് കായകൾ വിളയുന്നത്. ആലപ്പുഴ സനാതന ധർമ കോളജിലെ അധ്യാപകനായ ഡോ. ജോസ് മാത്യു, പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ്, വണ്ടിപ്പെരിയാറിലെ ജോനാസ് ഓർക്കിഡേറിയത്തിന്റെ ഉടമയായ മാത്യു ജോസ് മാത്യു, കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് കണ്ടെത്തലിനു പിന്നിൽ.
സ്പീഷിസ് എന്ന ശാസ്ത്ര ജേർണലിന്റെ പുതിയ പതിപ്പിൽ മുഖലേഖനമായി കണ്ടെത്തൽ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: കൃഷിക്ക് 2071 കോടി രൂപയും മൃഗസംരക്ഷണത്തിന് 318 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ലോക ബാങ്ക് വായ്പാ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡനൈസേഷന്‍ (കേര) എന്ന പദ്ധതിക്ക് ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. കാര്‍ഷികമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
കാര്‍ഷികാനുബന്ധ മേഖലയുടെ ആകെ പദ്ധതി അടങ്കല്‍ 2071.95 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍ 234.73 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നതാണ്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി ബജറ്റില്‍ 150 കോടി രൂപ വകയിരുത്തി.
വ്യവസായ ധാതു മേഖലയ്ക്ക് 1973 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ ധാതു മേഖലയ്ക്ക് ബജറ്റില്‍ 1973.51 കോടി രൂപ വകയിരുത്തി. ധാതുക്കള്‍ക്കായി 8.20 കോടി രൂപയും വിവര സാങ്കേതിക വിദ്യക്കായി 548.05 കോടി രൂപയും ഉള്‍പ്പെടെയാണിത്.
Agriculture
കൊല്ലത്തിന്റെ പ്രസിദ്ധി ലോകമെങ്ങും അറിയുന്നത് കശുവണ്ടിയുടെ പേരിലാണ്. ലോകത്തിന്റെ ഏതു കോണിൽനിന്നും ആളുകൾ കൊല്ലത്തെത്തിയാൽ കശുവണ്ടിപ്പരിപ്പ് വാങ്ങലും രുചിയറിയലും പ്രധാനമാണ്. കശുവണ്ടിയുടെ ഉപയോഗം അനുദിനം വർധിക്കുകയാണ്.
സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ കൊറിച്ചിരുന്ന കശുവണ്ടി ഇപ്പോൾ സാധാരണക്കാരും കഴിക്കുന്നു. ബിരിയാണിയിലും ബിസ്കറ്റിലും പുഡ്ഡിങ്ങിലും കറികളിൽപോലും കശുവണ്ടി ചേർക്കുന്നത് സാധാരണമായി. മുളപ്പിച്ച കശുവണ്ടിപോലും അടുക്കളയിലേക്കു വരികയാണ്.
അതുകൊണ്ടുതന്നെ കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കശുവണ്ടി ബിസിനസിലൂടെ സ്വന്തം മേൽവിലാസം സൃഷ്ടിച്ച കന്പനിയാണ് ഞക്കാടൻ കാഷ്യു എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട്സ്.
അവരുടെ സാരഥി അസ്ഗർ ബഷീർ എന്ന യുവാവ് പയറ്റിത്തെളിഞ്ഞതു വിജയത്തിലേക്കുള്ള വഴിയാണ്. പണ്ടത്തെപ്പോലെ കശുവണ്ടിയുടെ ഈറ്റില്ലമെന്നു കൊല്ലത്തെ വിളിക്കാൻ കഴിയില്ലെങ്കിലും പല ഫാക്ടറികളും പൂട്ടികിടക്കുന്പോഴും ഈ യുവാവ് നേടിയ വിജയം ചെറുതല്ല.
സ്വന്തം മേൽവിലാസം ഈ വ്യവസായത്തിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. കമ്പനി സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ വേളമാനൂർ എന്ന സ്ഥലത്താണ്. പല ഡിപ്പാർട്ട്മെന്റുകളിലുമായി മുന്നൂറോളം സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ട്.
ഇക്കൂട്ടത്തിൽ അന്യ സംസ്ഥാന തൊഴിലാളികളുമുണ്ട്. പ്രധാനമായും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഡൽഹി അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കും പരിപ്പ് കയറ്റി അയക്കുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാനഗ്രി എന്ന ആഫ്രിക്കൻ രാജ്യത്തിൽനിന്നു കശുവണ്ടി ഇറക്കുമതി ചെയ്തും കച്ചവടം നടത്തുന്നുണ്ട്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ അസ്ഗർ പത്ത് വർഷമായി സ്വന്തമായി ബിസിനസ് ചെയ്യുന്നു. അസ്ഗറിന്റെ കുടുംബം അന്പതുവർഷമായി കശുവണ്ടി ബിസിനസിൽ ഉണ്ട്.
പഴയതുപോലെയില്ല
പഴയ പോലെയുള്ള ഉത്പാദനം ഇന്നു കൊല്ലത്ത് നടക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇല്ലെന്നാണ് അസ്ഗർ ബഷീർ വെളിപ്പെടുത്തുന്നത്. പലരും വ്യവസായം നിർത്തി മറ്റു മേഖലകളിലേക്കു തിരിഞ്ഞു.
മുന്പുണ്ടായിരുന്നതിന്റെ 50 ശതമാനം പോലും ഫാക്ടറികൾ ഇപ്പോൾ കൊല്ലത്തില്ല. കുടിൽ വ്യവസായമായിപ്പോലും ഉത്പാദനം നടന്നിരുന്ന കൊല്ലത്ത് ഇപ്പോൾ ആയിരത്തിലേറെ ഫാക്ടറികൾ കാടുപിടിച്ച് അടഞ്ഞ് കിടപ്പുണ്ട്.
ഇവിടെ ക്ഷീണം സംഭവിച്ചപ്പേൾ അയൽസംസ്ഥാനങ്ങളിൽ വ്യവസായം വർധിച്ചു. അതോടെ പരിപ്പ് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്ന അവസ്ഥയുണ്ട്. കൂലിയും തൊഴിൽ പ്രശ്നങ്ങളും അതിനെ ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധി
സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ് തിരിച്ചടിയാണ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും പ്രതിസന്ധിയുണ്ടാക്കുന്നു.
Agriculture
ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കുകൾക്കിടയിലും കാർഷിക വൃത്തിയിൽ ആത്മസംതൃപ്തി കണ്ടെത്തുകയാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ആസാദ് തോമസ്.
സ്റ്റേഷനിലെ ജോലിസമയം കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തി കാർഷിക ജോലിയിൽ ഏർപ്പെടുന്നതാണ് ആസാദിന്റെ രീതി. പുരയിടത്തിൽ എല്ലാത്തരം കൃഷികളും ഉണ്ടെങ്കിലും ജാതിക്കൃഷിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ നേരം ഇരുട്ടുവോളം കൃഷിപ്പണികളിലേർപ്പെടും.
കുരുമുളകും ഏലവും ജാതിയും ഉൾപ്പെടെ എല്ലാത്തരം കൃഷികളും ആസാദിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ജാതികൃഷിയിൽ പുതുമ തേടുന്ന ഈ പോലീസ് ഉദ്യോഗസ്ഥൻ മുപ്പത്തിയഞ്ചോളം ഇനത്തിൽപ്പെട്ട ജാതി മരങ്ങളാണ് നട്ടുവളർത്തിയിരിക്കുന്നത്.
റൗണ്ട് ലീഫ്, ഇന്തോനേഷ്യൻ, പാലത്തിങ്കൽ ഗോൾഡ്, നിലമ്പൂർ ജാതി, ആലപ്പുഴ ജാതി ഇങ്ങനെയുള്ള ഓരോ ഇനവും വ്യത്യസ്തവും ഏറെ കായ്ഫലമുള്ളവയുമാണ്. ഇവയുടെ എല്ലാത്തിന്റെയും തൈകൾ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
കൃഷിച്ചെലവ് കുറവും പരിപാലിക്കാൻ എളുപ്പവും എന്നതാണ് ജാതികൃഷിയോട് താത്പര്യമുണ്ടാകാൻ കാരണമെന്ന് ആസാദ് പറയുന്നു. ജാതിക്കൃഷി വീട്ടമ്മമാർക്കുപോലും നോക്കിനടത്താൻ കഴിയുന്നതാണെന്നും കർഷകർക്ക് കഴിയുന്നത്ര പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്നും ആസാദ് പറയുന്നു.
ഹൈറേഞ്ചിലെ മാതൃകാ കൃഷിത്തോട്ടം എന്ന നിലയിൽ ആസാദ് തോമസിന്റെ കാർഷിക പ്രവർത്തനങ്ങൾ മനസിലാക്കാൻ കൃഷിയിൽ താത്പര്യമുള്ള പുറം നാടുകളിൽ നിന്നുള്ളവർ പോലും കഞ്ഞിക്കുഴിയിൽ എത്തുന്നുണ്ട്.
Agriculture
എംഎസ്ഡബ്ല്യു റാങ്കോടെ പാസായ മരിയയോടും മരീനയോടും ഇനി എന്താണു ഭാവി പരിപാടിയെന്ന് ചോദിച്ചവരോട് അവർ പറഞ്ഞു ഞങ്ങൾ കൃഷിയിലേക്കു തിരിയുകയാണെന്ന്. ഇതു കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്തിനാണ് കൃഷിയിലേക്ക് എന്നു ചോദിച്ചവരുണ്ട്.
പക്ഷേ, ഇതൊക്കെ മുന്നോട്ടുള്ള കുതിപ്പിനുള്ള ഊർജമാണെന്ന് അവർ മനസിലാക്കി. ഇന്ന് അഞ്ചേക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളും ഇരട്ട സഹോദരിമാരുമായ മരിയയും മരീനയും.
കൃഷി ചെയ്താൽപ്പോരാ മാർക്കറ്റിംഗും നല്ല രീതിയിൽ ചെയ്താൽ മാത്രമേ മികച്ചനേട്ടം കൊയ്യാൻ കഴിയൂ. അതിനു വ്യത്യസ്തമായ ഒരു രീതി ഈ മിടുക്കികൾ കണ്ടെത്തി. "തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് അങ്ങനെയാണ്.
തുടർന്ന് സ്വന്തം ഉത്പന്നങ്ങളായ ഏലവും കുരുമുളകും ഗ്രാന്പൂവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഇൻസ്റ്റഗ്രാം പേജിനൊപ്പം ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചു.
കളിച്ചു നടക്കുന്ന പ്രായത്തിൽ കൃഷിയിടത്തിലിറങ്ങി
കൃഷി ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഇവർ പറയുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൈയുംപിടിച്ച് പറമ്പിൽ ഇറങ്ങിയ ഇവർക്ക് കൃഷിയുടെ എ ടു സെഡ് കാര്യം കാണാപ്പാഠമാണ്.
ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പൂ, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ കൃഷി തുടങ്ങിയവയും ഇവർക്കുണ്ട്. ഏലത്തിനു ചിന്പുപൊട്ടുന്നതു മുതൽ വിളവെടുക്കുന്നതുവരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർക്കറിയാം. ഏലയ്ക്കാ വിളവെടുത്തു കഴിഞ്ഞാൽ അത് സ്റ്റോറിൽ എത്തിക്കുന്നതും വിൽപന നടത്തുന്നതും ഇവർ തന്നെയാണ്.
ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും ഉത്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ട്. ദൂരെയുള്ള ആളുകൾക്ക് കൊറിയർ വഴി ഉത്പന്നങ്ങൾ എത്തിച്ചു നൽകും.
ഇതു കൂടാതെ എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചു. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും പഠനം ആരംഭിച്ചു.
ഫാം ടൂറിസത്തിന് അനന്തസാധ്യത
ഫാം ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇവർ. ഇൻസ്റ്റഗ്രാം പേജ് കണ്ട് നിരവധിപേർ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്നു ചോദിച്ച് വിളിക്കാറുണ്ട്.
ഇത് പ്രയോജനപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അവധിക്കാലത്ത് കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതലും. ഇത്തരം ആളുകളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണിവർ.
ബ്രാൻഡായി തനി ഇടുക്കിക്കാരി
തനി ഇടുക്കികാരി എന്ന ബ്രാൻഡിലാണ് ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും തേനും ഗ്രാന്പൂവും ഒക്കെ വിപണിയിലെത്തിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.
ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായെന്നും ഇവർ പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൃഷി ആരംഭിക്കാം എന്നുവിചാരിച്ചാൽ വിജയിക്കണമെന്നില്ല. കൃഷി പരീക്ഷണമാണ്.
ആദ്യം ചെറിയരീതിയിൽ ചെയ്ത് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ.
തോട്ടത്തിൽനിന്ന് അധിക വരുമാനം
ഏലത്തോട്ടങ്ങളിൽനിന്ന് കർഷകന് അധിക വരുമാനം നേടാൻ കഴിക്കുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്.
ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം. തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്.
പരാഗണം എളുപ്പമാക്കാൻ തേനീച്ചകൾ സഹായിക്കും. ഇതിനു പുറമെ തേൻ വിൽപ്പനയിലൂടെ അധിക വരുമാനം നേടാനും കഴിയും.
ഫോണ്‍: 8137050948
District News
മങ്കൊമ്പ് : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ടും ജലാശയങ്ങളിൽ ഒഴുക്കനുഭവപ്പെടുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.
ഷട്ടറുകൾ താഴ്ത്തിയ സാഹചര്യത്തിലും കുട്ടനാടൻ ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ ഒഴുക്കനുഭവപ്പെട്ടിരുന്നു. രാത്രി കാലങ്ങളിലാണ് ഇത്തരത്തിൽ വേലിയേറ്റം അനുഭവപ്പെടുന്നത്. കടലിൽ നിന്നുള്ള വെള്ളം ജലാശയങ്ങളിലേക്കു കയറുന്നതിന്റെ സൂചനയാണിത്.
ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിന്റെ അളവ് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ കുട്ടനാടൻ ജലാശയങ്ങളിൽ പൊതുവെ തെളിഞ്ഞ വെള്ളമാണുള്ളത്. ഇത് ഓരുവെള്ളത്തിന്റെ സാന്നിധ്യത്തിന്റെ ലക്ഷണമാണെന്നാണ് മുതിർന്ന കർഷകരുടെ അഭിപ്രായം.
കടലിൽനിന്നുള്ള നീരൊഴുക്കു വർധിച്ചാൽ വെള്ളത്തിൽ ഉപ്പുരസം കൂടുതലാകും. ആഴ്ചകൾക്കു മുൻപുതന്നെ കുട്ടനാടിന്റെ തെക്കൻ മേഖലകളിൽ ഓരുവെള്ളത്തിന്റെ സാന്നിധ്യമനുഭവപ്പെട്ടിരുന്നു. ഇതു വലിയതോതിൽ കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിലവിൽ കുട്ടനാട്ടിൽ പുഞ്ചകൃഷി പാതിവഴി പിന്നിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കടലിൽ നിന്നുള്ള വെള്ളം ജലാശയങ്ങളിലേക്കു കയറുന്നത് കൃഷിക്കു ഭീഷണിയാകാനിടയുണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ശരിയായ രീതിയിൽ താഴ്ത്തി നിലനിർത്താത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് കർഷകരുടെ പരാതി.
ഷട്ടറുകൾ ശരിയായ രീതിയിൽ താഴ്ത്തി ക്രമീകരിക്കാത്തതോ, മത്സ്യബന്ധനത്തിനു സഹായകരമായ രീതിയിൽ രാത്രി കാലങ്ങളിൽ ഉയർത്തുന്നതോ ആണ് വേലിയേറ്റത്തിനു കാരണമാകുന്നതെന്നാണ് കുട്ടനാടൻ കർഷകർ പറയുന്നത്. മുൻ വർഷങ്ങളിലും ഇത്തരം പരാതികൾ ഉയർന്നിരുന്നു.ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവിശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ, വനാതിര്‍ത്തികളില്‍ വന്യജീവികളെ ആകര്‍ഷിക്കാത്ത ഇനം വിളകള്‍ കര്‍ഷകരെക്കൊണ്ടു കൃഷി ചെയ്യിക്കാനുള്ള നീക്കവുമായി വനംവകുപ്പ്.
വന്യജീവിശല്യം പരിഹരിക്കാനുള്ള മാര്‍ഗമെന്ന പേരിലാണു പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്. വന്യജീവിശല്യം സംസ്ഥാന സര്‍ക്കാര്‍ ‘സംസ്ഥാന സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ‘മിഷന് മഞ്ഞക്കൊന്ന’ എന്ന പദ്ധതിയോടൊപ്പം ‘മിഷന് കൃഷി പുനരുജ്ജീവനവും വന്യജീവി ആക്രമണ ലഘൂകരണവും’ എന്ന മറ്റൊരു പദ്ധതിയും വനംവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കാത്തതും എന്നാല്‍, കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുന്നതുമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്നാണു വനംവകുപ്പിന്റെ അവകാശവാദം. ആധുനിക സാങ്കേതികവിദ്യ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, കാര്‍ഷികോത്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, മൂല്യാധിഷ്ഠിത നഷ്ടപരിഹാരം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ഇതുസംബന്ധിച്ച് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വന്യജീവികള്‍ നാട്ടിലിറങ്ങി എല്ലാത്തരം വിളകളും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് കൃഷിരീതികളില്‍ മാറ്റം വരുത്താനുള്ള പദ്ധതി. ഏതു തരം വിളകളാണ് പ്രോത്സാഹിപ്പിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വന്യജീവികളെ ആകര്‍ഷിക്കുന്ന വിളകള്‍ കര്‍ഷകര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതാണ് വന്യജീവിശല്യത്തിനു കാരണമെന്ന നിലപാട് നേരത്തേതന്നെ വനംവകുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് വാഴ, തെങ്ങ്, കമുക് അടക്കമുള്ള കൃഷികള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി വനംവകുപ്പ് പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്.
വനവുമായി കൂടിക്കലര്‍ന്നു സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിലെ ആയിരക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ വനംവകുപ്പിന്റെ പുതിയ നീക്കം ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.
വനവിസ്തൃതി കൂടുതലുള്ള ജില്ലകളിലെ കര്‍ഷകരെയാണ് ഇതു പ്രധാനമായും ബാധിക്കുക. പ്രത്യേക ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായി പീരുമേട് റിസര്‍ച്ച് വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോബ് നേര്യപറമ്പിലിനെ വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Agriculture
പതിനഞ്ച് വർഷം മുമ്പ് നടന്ന അലങ്കാര മത്സ്യവളർത്തൽ പരിശീലന ക്ലാസ് വാഴക്കുളം നടുക്കര തൈയിൽ മനോജിന്റെ കരിയർതന്നെ മാറ്റിമറിച്ചു.
ഐടിസി അധ്യാപകനിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ബ്രീഡറിലേക്കുള്ള മനോജിന്റെ യാത്ര തുടങ്ങാൻ കാരണമായത് ഇൻഫാമിന്റെ നേതൃത്വത്തിൽ വാഴക്കുളത്തു നടന്ന എംപിഇഡിഎ പരിശീലനമാണ്.
ഒരു ദിവസത്തെ പരിശീലന ക്ലാസിൽനിന്നു ലഭിച്ച അറിവുമായി ചെറിയ തോതിൽ അലങ്കാര മത്സ്യവളർത്തൽ ആരംഭിച്ചു. നിരവധി ഫാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2010ൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംപിഇഡിഎ) സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ അന്‍പതു ശതമാനം സബ്സിഡിയോടെ 15,000 ലിറ്റർ ശേഷിയുള്ള കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചു.
ഏഞ്ചൽ, ഗപ്പി മീനുകളെയാണ് ആദ്യം വളർത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്‍ക്കുന്നതിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. വിപണി കണ്ടെത്തുന്നതിനാണ് ആദ്യകാലത്ത് ബുദ്ധിമുട്ടിയതെന്ന് മനോജ് പറഞ്ഞു.
വരുമാനത്തിന്റെ ഇരുപത് ശതമാനം ഫാം വിപുലീകരണത്തിന് മാറ്റിവച്ചു. പിന്നീട്, ഓസ്കാർ, ഡിസ്കസ് തുടങ്ങിയ മീനുകളുടെ ബ്രീഡിംഗും റെയറിംഗും ആരംഭിച്ചു.
മത്സ്യക്കൃഷി മേഖലയിൽ വിവിധ ബന്ധങ്ങളും വളർത്തിയെടുക്കാൻ ശ്രമിച്ചു. വിപണി കണ്ടെത്തുന്നതിന് ബന്ധങ്ങൾ സഹായിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആൽബിനോ, പിങ്ക്, ബ്ലാക്ക് ജെയിന്റ് ഗൗരാമി, അലങ്കാര മത്സ്യങ്ങളായ റെഡ് സ്പോർട്ട് സെവറം, പ്ലാറ്റി, പത്തിനം ഗപ്പികൾ, രണ്ടിനം സോൾ ടെയിൽ, നാലിനം ഷ്രിംബ്സ് എന്നിവയെ ബ്രീഡ് ചെയ്യുകയും വളർത്തി വില്പനയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു.
വിപണിയുടെ ആവശ്യമനുസരിച്ചാണ് ബ്രീഡ് ചെയിക്കുന്നതും വളർത്തുന്നതും. വിപണിയിൽ കുറച്ചുമാത്രം എത്തുന്ന ബ്രീഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. ഇതു നോക്കിയാണ് ഫാമിൽ ബ്രീഡിംഗ് നടത്തുന്നത്. കോവിഡ് കാലത്തിനു മുമ്പുതന്നെ സെവറം മീനുകളെ ബ്രീഡ് ചെയ്യിപ്പിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് സെവറം നല്ല രീതിയിൽ വില്പന നടത്താൻ സാധിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനൊപ്പം സെവറം മീനുകളെ പാഴ്സൽ അയയ്ക്കാൻ സാധിച്ചു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അന്നു കൂടുതൽ മീൻ കുഞ്ഞുങ്ങൾ കയറിപ്പോയത്. എല്ലാ ആഴ്ചയിലും മീൻകുഞ്ഞുങ്ങളുടെ വില്പന നടത്തുന്നതിനാൽ ഓവർ സ്റ്റോക്കായി മീനുകൾ കെട്ടിക്കിടക്കുന്നില്ല.
ഗ്ലാസ്, ഫൈബർ, സിമന്റ്, പടുതാക്കുളങ്ങൾ, കുളങ്ങൾ എന്നിവയിലാണ് മീൻ വളത്തുന്നത്. സ്വാഭാവിക രീതിയിലും കൃത്രിമ രീതിയിലും ഫാമിൽ ബ്രീഡിംഗും റെയറിംഗും നടത്തുന്ന മനോജിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
Agriculture
നാല്പതു വർഷമായി പഴച്ചെടികളുടെ കൃഷിയും പരീക്ഷണവുമായി മുന്നേറുകയാണ് ഇടുക്കി ജില്ലയിൽ മേലേചിന്നാർ വാത്തുക്കുടി പഞ്ചായത്തിൽ ഉപ്പൻമാക്കൽ വീട്ടിൽ ജോസഫ് ജോസഫ് എന്ന കർഷകൻ.
തന്റെ അഞ്ചരയേക്കർ വസ്തുവിൽ പഴവർഗവിളകളുടെ ഒരു വലിയ ശേഖരമാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൂടുതലായി കൃഷി ചെയ്തിരിക്കുന്നത് അവക്കാഡോ ആണ്. പൊള്ളാക്ക്, ഹാസ് എന്നയിനങ്ങളാണു നട്ടിരിക്കുന്നത്.
പൊള്ളോക്ക് ഇനത്തിന്റെ ഒരു കായ്ക്ക് എഴുന്നൂറ് ഗ്രാം തൂക്കം ഉണ്ടാകും. ഹാസിന് മുന്നൂറു മുതൽ നാനൂറു ഗ്രാംവരെ തൂക്കം വരും. ഹാസ് ഇനത്തിന് രുചിയും ഓയിലിൽ അളവ് കൂടുതലുമുണ്ട്. കായുടെ പുറംതോടിന് കട്ടി കൂടുതലായതിനാൽ കൂടുതൽ നാളുകൾ സൂക്ഷിക്കുവാൻ സാധിക്കുന്നതിനാൽ മാർക്കറ്റിൽ ഡിമാന്റും കൂടുതലാണ്.
മറ്റിനങ്ങൾ പെട്ടെന്നു പഴുത്തുപോകുമെന്നാണ് ജോസഫിന്റെ അഭിപ്രായം. നൂറു ശതമാനവും ജൈവ കൃഷി രീതി പിന്തുടരുന്ന തോട്ടത്തിൽ നാനൂറ് അവക്കാഡോ മരമുണ്ട്. നിലവിൽ അഞ്ഞൂറ് കിലോ മുതൽ എഴുനൂറ്റി അമ്പതു കിലോവരെ വിളവ് ലഭിക്കുന്നുണ്ട്. മരമൊന്നിന കുറഞ്ഞത് അന്‍പതു കിലോഗ്രാം എന്ന തോതിൽ വിളവെടുക്കാൻ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
നല്ല നീർവാർച്ചയുള്ള സ്ഥലമായിരിക്കണം അവക്കാഡോ നടുവാൻ തെരഞ്ഞെടുക്കേണ്ടത്. പതിനെട്ടടി അകലത്തിൽ വേണം മരങ്ങൾ നടുവാൻ. രണ്ടടി വലുപ്പത്തിൽ കുഴിയെടുത്ത് ആവശ്യത്തിന് ജൈവവളങ്ങൾ ഇട്ട് കുഴി ഒരുക്കി വേണം തൈകൾ നടാൻ.
തൈകളുടെ ചുവട്ടിൽ ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കരുത്. വേനൽക്കാലത്ത് ജലസേചനം നടത്തുന്നത് വിളവ് വർധിപ്പിക്കുവാൻ സഹായിക്കും. വിളവെടുപ്പ് കൃത്യമായും സൂക്ഷ്മതയോടും വേണമെന്ന് ജോസഫ് പറഞ്ഞു.
എഴുപതു മുതൽ എണ്പതു ശതമാനം വിളവാകുമ്പോൾ കായ്കൾ പറിച്ചെടുക്കണം. കൂടുതൽ മൂത്തുപോയാൽ കായ്കൾ വിണ്ടുകീറുകയും വില്പനക്കു പറ്റാതാകുകയും ചെയ്യും.
അവക്കാഡോയിൽ വെസ്റ്റ് ഇന്ത്യൻ, മെക്സിക്കൻ, ഗ്വാട്ടിമാല എന്നീ മൂന്നു വർഗങ്ങളാണ് കാണുന്നത്. ഒട്ടേറെയിനങ്ങൾ അവക്കാഡോയിൽ കണ്ടുവരുന്നുണ്ട്. അതാതു പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് നടുന്നതാണ് ഉത്തമം.
ദീർഘകാലത്തെ കൃഷി ജീവിതത്തിൽനിന്ന് പഠിച്ച് നല്ലയിനവും ഗുണമേ·യുള്ളതുമായ വിവിധയിനം നടിൽ വസ്തുക്കൾ വിപണനം നടത്തുവാനായി ഉപ്പൻമാക്കൽ എന്ന പേരിൽ ഒരു നഴ്സറിയും ജോസഫ് നടത്തിവരുന്നു.
വിവിധയിനം അവക്കാഡോ, കുരുമുളകിന്റെ വിവിധയിനം, ജാതി, റംബൂട്ടാൻ തുടങ്ങി മറ്റെല്ലായിനങ്ങളും, കുരുമുളകിന് താങ്ങുകാലായി ഉപയോഗിക്കുന്ന താങ്ങുമരങ്ങളുടെ തൈകളും വിറ്റുവരുന്നു.
ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂട്ടായി ന്ധഭാര്യ മിനിയും മക്കളായ ഡോണിയ, ആഗ്നസ്, ആഷിൽ എന്നിവരുമുണ്ട്. അടിമാലിയിൽനിന്നു മുപ്പതു കിലോമീറ്ററും കട്ടപ്പനയിൽ നിന്നും ഇരുപത് കിലോമീറ്ററും നെടുങ്കണ്ടത്തുനിന്ന് പന്ത്രണ്ട് കിലോമീറ്ററും സഞ്ചരിച്ചാൽ ഉപ്പൻമാക്കൽ വീട്ടിലെത്താം.
ജോസഫ് ജോസഫ്
ഫോണ്‍: 8590347709
Agriculture
കാർഷികരംഗത്ത് ഒരുകാലത്ത് സ്വയംപര്യാപ്തമായിരുന്ന മലയാളിയുടെ അടുക്കള ഇന്നു പൂർണമായും അന്യസംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യോപയോഗത്തിന്റെ അറുപതു ശതമാനത്തോളം ഇറക്കുമതിയാണ്.
അരി, പച്ചക്കറി, പഴം, ഗോതമ്പ്, ധാന്യങ്ങൾ എന്നിവ ലഭിക്കാൻ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ സംസ്ഥാനത്ത് എത്തണം. രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 1.2 ശതമാനം 38,860 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി.
ഇതിൽ 19.7 ലക്ഷം ഹെക്ടറാണ് കൃഷിക്കു യോഗ്യമായ ഭൂമി. ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ പ്രതിശീർഷ ഭൂലഭ്യത 0.18 ഹെക്ടർ ആണ്. കൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര കൃഷി ഭൂമി ലഭ്യമാക്കാനും കേരള നവോധാൻ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
തരിശായി കിടക്കുന്ന ഭൂമിയെ വാണിജ്യകൃഷിക്ക് ഉപയോഗപ്പെടുത്തി, കർഷകർ, കർഷക കൂട്ടായ്മകൾ, സംരംഭകർ, കയറ്റുമതിക്കാർ, സ്റ്റാർട്ട്അപ്പുകൾ എന്നിവയ്ക്കു നൽകുകയാണ് പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാതെ, പാട്ട വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള തരിശുഭൂമിയാണ് കൈമാറ്റം ചെയ്യുന്നത്. കേരള അഗ്രോബിസിനസ് കമ്പനിയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സ്വകാര്യ ഭൂവുടമകൾക്കും പങ്കാളിയാകാം.
എന്നിരുന്നാലും, കാർഷിക മേഖലയിൽ നൂതനസാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന ഈ കാലത്ത് വേണ്ടത്ര കൃഷി ഭൂമി ലഭ്യമില്ലാത്തതു മാത്രമാണോ കൃഷി കുറയുന്നതിന് പിന്നിൽ.
കൃഷി ഭൂമിയുടെ വൻതോതിലുള്ള ഉപയോഗമാറ്റവും തൊഴിൽ ക്ഷാമവും ഉത്പാദനച്ചെലവ് ഉയരുന്നതും വിലസ്ഥിരതയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവുമാണ് കൃഷി കുറയാൻ കാരണം.
കൃഷി ഭൂമിയും പാടശേഖരങ്ങളും വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ടൗണ്‍ഷിപ്പുകൾ, റിസോർട്ടുകൾ എന്നിവയായി മാറി. ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യം ഉയർന്നതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.
കാർഷിക വിളകളുടെ ഉത്പാദനച്ചെലവിലുള്ള വർധന, തൊഴിൽ ക്ഷാമം, കൃഷിയിലുള്ള യുവാക്കളുടെ താത്പര്യക്കുറവ്, രാസവളം, വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവ് വർധന, നാശനഷ്ടങ്ങൾ എന്നിവ മറ്റുകാരണങ്ങളാണ്.
1970 ൽ 8.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 2.4 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. പാർപ്പിടങ്ങൾക്കും അടിസ്ഥാന സൗകര്യവികസനങ്ങൾക്കുമായി കൃഷി ഭൂമി തരംമാറ്റിയതാണ് ഇതിനു കാരണം. റോഡ്-റെയിൽ വികസനം, നഗരവത്കരണം, കൃഷി നിയമങ്ങളുടെ ലംഘനം എന്നിവയും കൃഷി ഭൂമി കുറയാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നത്, കൃഷി ഒരു മോശം തൊഴിലാണ് എന്ന ചിന്ത ഒരു വിഭാഗം യുവാക്കളുടെ ഇടയിൽ ഉയരാൻ കാരണമായി. ചേറിലും മണ്ണിലും അധ്വാനിക്കുന്നതിന് പകരം വെള്ളക്കോളർ ജോലിക്കാണ് യുവാക്കൾ ആദ്യപരിഗണന നൽകിയത്.
ഗൾഫ് നാടുകളിൽ തൊഴിലവസരങ്ങൾ ഉണ്ടായതും കേരളത്തിലെ കാർഷിക മേഖലയ്ക്കു തിരിച്ചടിക്കു കാരണമായി. കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാക്കളിൽ ഭൂരിഭാഗവുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയത്. തൊഴിലാളി ക്ഷാമം മൂലം നിരവധി പാടശേഖരങ്ങൾ തരിശിട്ടു.
പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണവുമാണ് കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണം. കാർഷിക വിളകൾ വിളവെടുപ്പ് പ്രായമാകുന്പോഴാണ് വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്നത്.
വിളനാശത്തിനു സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്ന കേരളത്തിലെ കാർഷിക മേഖലയ്ക്കു കനത്തവെല്ലുവിളിയാണ് വനം-വന്യജീവി സംരക്ഷണ നിയമം നൽകിയത്.
കൃഷിഭൂമിയിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ഈ പ്രദേശത്തെ കർഷകർ പൂർണമായി കൃഷി ഉപേക്ഷിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചു.
രാസവളങ്ങളുടെ വിലവർധന, കൂലി വർധന, മേഖലയിൽ ദീർഘകാലത്തേക്കുള്ള സർക്കാർ നയങ്ങളുടെ അഭാവവും കൃഷി കുറയുന്നതിന് കാരണമായി.
Agriculture
സ്വർഗീയ ഫലം എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ പഴവർഗമാണ് കൈതച്ചക്ക. 1493ൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷമാണ് കൈതച്ചക്കയെകുറിച്ച് പുറംലോകമറിയുന്നത്.
ബ്രസീലിന്റെ തെക്കുവടക്ക് ഭാഗങ്ങളിലും വടക്കൻ അർജന്റീനയിലും പരാന-പരാഗ്വേ എന്നിവിടങ്ങളിലുമാണ് കൈതച്ചക്ക ഉത്ഭവിച്ചതെന്നാണ് ശാസ്ത്രനിഗമനം. 550കളിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിലേക്കു കൈതച്ചക്ക എത്തിച്ചത്.
രണ്ടു പതിറ്റാണ്ടായി കേരളത്തിൽ കൈത കൃഷിക്ക് പ്രചാരമേറുകയാണ്. നിലവിൽ സംസ്ഥാനത്ത് അറുപതിനായിരം ഹെക്ടറിൽ കൈതകൃഷിയുണ്ട്. ഓരോ വർഷവും ആറു ലക്ഷം ടണ്‍ പൈനാപ്പിൾ വിളയിക്കുന്നതിലൂടെ ഇപ്പോൾ വരുമാനം വരുമാനം രണ്ടായിരം കോടി രൂപ.
പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിൾ പെരുമ വണ്ടികയറുന്നത്. ഭൗമസൂചകാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിളിന്റെ മണവും രുചിയും വലിപ്പവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
പ്രാദേശിക വിപണിക്കു പുറമേ വടക്കേ ഇന്ത്യയാണ് പൈനാപ്പിളിന്റെ പ്രധാന വിൽപനകേന്ദ്രം. എ, ബി, സി, ഡി എന്നീ ഗ്രേഡുകളിലാണ് വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡ്. 600 ഗ്രാം മുതൽ ഒരു കിലോവരെ ബി ഗ്രേഡും അതിനുതാഴെ സി, ഡി ഗ്രേഡുകളും.
ഗ്രേഡ് അനുസരിച്ചാണ് വില. ഏക്കറിന് ഒൻപതിനായിരം തൈകളാണ് നടുക. 12 ടണ്‍വരെ വിളവു കിട്ടും. ഒന്നാം വർഷം മുതൽ വിളവെടുക്കാം. നട്ടാൽ മൂന്നുവർഷം വരെ തുടരെ വിളവെടുക്കാം.
പൈനാപ്പിൾ കൃഷിയിലേക്ക് കർഷകർ ആകർഷിക്കപ്പെടുന്നതിന്റെ കാരണം വരുമാനം പെട്ടെന്ന് ലഭിക്കുമെന്നതാണ്. ഇന്ത്യൻ മാർക്കറ്റിലേക്കുപോലും ആവശ്യത്തിന് പൈനാപ്പിൾ നൽകാൻ നിലവിൽ സാധിക്കുന്നില്ല.
ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗവും പരീക്ഷണാടിസ്ഥാനത്തിൽ പൈനാപ്പിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിൾ കയറ്റി അയച്ചത്.
കപ്പലിൽ ചെലവ് കിലോ 20 രൂപ മാത്രം. പരീക്ഷണം വിജയിച്ചാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.
ക്യൂൻ എന്നറിയപ്പെടുന്ന ക്യൂ ഇനവും മൗറീഷ്യസ് ഇനവുമാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ഒരു ചെടിയിൽനിന്ന് ഒന്നാം വിളവെടുത്ത് കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളക്കുന്ന തൈയിൽനിന്ന് പിന്നീടും വിളവെടുക്കാം.
ഇത്തരത്തിൽ പരമാവധി മൂന്ന് വർഷംവരെ വിളവ് ലഭിക്കും. അത്യുൽപാദനശേഷിയുള്ള എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്കു ഒരു വിഭാഗം കർഷകർ മാറിയിട്ടുണ്ട്. ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നെല്ലാം വിശേഷണമുള്ള എംഡി 2 വിന് പെനാപ്പിൾ വിപണിയിൽ വലിയ മൂല്യമുണ്ട്.
മൗറീഷ്യസ് ഇനം പാകമായാൽ അപ്പോൾതന്നെ വിളവെടുക്കണം. വിപണി അനുകൂലമല്ലെങ്കിൽ നഷ്ടം വരുത്തും. ഇത് വരുമാനത്തെയും കയറ്റുമതിയെയും ബാധിക്കും.
മൗറീഷ്യസിനേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലമുള്ള എംഡി 2 ഇനം കൂടി കൃഷി ചെയ്യാനായാൽ കയറ്റുമതി വിപണി കൂടി പ്രയോജനപ്പെടുത്താനാകുമെന്നതാണ് നേട്ടം. സിലിണ്ട ർ ആകൃതിയുള്ള എംഡി 2വിന്റെ മൂല്യവർധന എളുപ്പമാണ്.
മൗറീഷ്യസിന്റെ തൊലിക്കു താഴെയുള്ള കണ്ണിന് ആഴം കുടുതലായതിനാൽ കൂടുതൽ കനത്തിൽ തൊലി ചെത്തി നീക്കേണ്ടിവരും. എഡി 2വിന് അതു കുറവയതിനാൽ തൊലി നീക്കുന്പോൾ നഷ്ടം 30 ശതമാനം വരെ കുറയും. രുചിയിലും മധുരത്തിലും എംഡി 2 ഏറെ മെച്ചവുമാണ്.
മൗറീഷ്യസ് ഇനം കാനി നട്ട് 12 മാസം പിന്നിടുന്നതോടെ ആദ്യ വട്ടം വിളവെടുപ്പു നടക്കും. എംഡി 2 ഇനത്തിനത് 18 മാസം വരെയെടുക്കും. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവായിരിക്കും. ഇതും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.
അതേസമയം എംഡി 2 കൃഷി വ്യാപകമായാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാകും. മൗറീഷ്യസ് ഇനം ഏക്കറിൽ 10,000 തൈകളാണ് നടുന്നത്. എന്നാൽ മുള്ളില്ലാത്ത ഇനമായ എംഡി 2 കൂടുതൽ അടുപ്പിച്ച് 18,000-25,000 വരെ തൈകൾ നടാം. അത്തരത്തിൽ ഉൽപാദനവും ഇരട്ടിയാകും.
Agriculture
എറണാകുളത്ത് ഫുട്വെയർ ഷോപ്പ് നടത്തിയിരുന്ന സൂരജ് ഭാര്യാപിതാവിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ചെമ്മീൻ കൃഷിയിലേക്കു കടന്നത്.
ഹൈടെക് രീതിയിൽ ഏഴുവർഷമായി വനാമി ചെമ്മീൻ കൃഷിചെയ്യുന്ന കൊടുങ്ങല്ലൂർ എറിയാട് നന്ദന അക്വാ ഫാം ഉടമ സൂരജ് ലക്ഷങ്ങളുടെ നേട്ടമാണുണ്ടാക്കുന്നത്.
ജീവിതത്തിൽ വഴിത്തിരിവായ വനാമി വിശേഷങ്ങളിലൂടെ...
മത്സ്യകൃഷിയിലെ വിജ്ഞാനകോശം
എറണാകുളം കാക്കനാട് പായിത്ര വീട്ടിൽ സുകുമാരന്റെയും വിജയമ്മയുടെയും രണ്ടാമത്തെ മകൻ സൂരജ് കൊടുങ്ങല്ലൂർ പുല്ലൂറ്റിൽനിന്നു സിനിയെ വിവാഹം ചെയ്യുന്പോൾ സിനിയുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാര്യാപിതാവ് സുധാകരൻ ചെമ്മീൻ കൃഷിയിലെ വിജ്ഞാനകോശമായി മാറുന്ന കാഴ്ചയാണ് പിന്നീടയാൾ കണ്ടത്. നാരായണമംഗലം കണക്കൻകടവിൽ 17 ഏക്കർ പാടം വാങ്ങി അവിടെ മത്സ്യക്കൃഷി നടത്തിയാണ് സുധാകരൻ "തന്റേതായ മത്സ്യലോകം’ തീർത്തത്.
2003ൽ ഗൾഫ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അമ്മായച്ഛൻ വല്ലാർപാടം എംപിഇഡിഎയിലും കൊച്ചിയിലെ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നാഗപട്ടണത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാ കൾച്ചറിലുമെല്ലാം വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത് ശാസ്ത്രീയ കൃഷിരീതികൾ സ്വായത്തമാക്കി.
ശേഷമാണ് മീൻ പാടത്തേക്ക് ഇറങ്ങിയത്. ആ വർഷം ഗ്രീൻ മഡ് ക്രാബ് ആയിരുന്നു കൃഷി. ഇതിന് ഇന്ത്യയിലെ ഏറ്റവും നല്ല ഞണ്ടു കർഷകനുള്ള 2003ലെ കേന്ദ്രസർക്കാർ അവാർഡ് ലഭിച്ചു.
പിന്നെ വിവിധതരം മത്സ്യക്കൃഷികൾ പരീക്ഷിച്ചു. കരിമീൻ, തിലാപ്പിയ (പിലോപ്പി), കണന്പ്, തിരുത, പൂമീൻ. 2017ൽ ചെയ്ത കാരച്ചെമ്മീൻ കൃഷിക്ക് സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനുള്ള അവാർഡ് ലഭിച്ചു.
2018ലെ പ്രളയത്തിനുശേഷമാണ് വനാമി ചെമ്മീൻ കൃഷിയിലേക്കു തിരിഞ്ഞത്. രണ്ടു പ്രകൃതിദത്ത കുളങ്ങളിലും ഒരു ബയോഫ്ളോക്ക് പോണ്ടിലും ആയിരുന്നു കൃഷി. നാലര ലക്ഷം കുഞ്ഞുങ്ങളെ ഇറക്കിയായിരുന്നു പരീക്ഷണം. ഇതു വൻവിജയമായി.
ബിരുദധാരിയായ മകൻ സനേഷും അച്ഛനൊപ്പം കൂടി; പാത പിന്തുടർന്നു. ഇന്ന് 76-ാം വയസിലും സുധാകരൻ വനാമി കൃഷിയിൽ വിജയയാത്ര തുടരുന്നു. ഒപ്പം കുറച്ച് കരിമീൻ, തിരുത, പൂമീൻ, ചെമ്പല്ലി എന്നിവയും.
Agriculture
എള്ള് കൃഷിയില്‍ സ്വന്തം കൃഷിഅനുഭവങ്ങളും യന്ത്രവത്കരണവും സമന്വയിപ്പിച്ചപ്പോള്‍ വിളഞ്ഞത് നൂറുമേനി. കരിമണ്ണൂര്‍ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തില്‍ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ള് കൃഷിയില്‍ പുതുപരീക്ഷണത്തിന് തയാറായത്.
പഴയകാലത്ത് നിരവധി കര്‍ഷക കുടുംബങ്ങളില്‍ എള്ള് കൃഷി സര്‍വസാധാരണമായിരുന്നു. നെല്‍കൃഷി സമൃദ്ധമായിരുന്ന വേളയില്‍ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ള് കൃഷി നടത്തിവന്നിരുന്നത്.
എന്നാല്‍ നെല്‍കൃഷി അന്യംനിന്നുപോയതോടെ ഏക്കര്‍കണക്കിനു പാടങ്ങള്‍ ഇന്നു വന്‍ നിര്‍മിതികളായി മാറി. ഇതിനുപുറമേ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉള്‍പ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു.
മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനു പറ്റിയ സാഹചര്യമില്ലാത്തതിനാല്‍ ഭൂരിപക്ഷം കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍നിന്നും ഈ കൃഷി അന്യംനിന്നുപോകാന്‍ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ള് കൃഷിയില്‍ ഒരു കൈ പയറ്റാന്‍ തയാറെടുത്ത് മുന്നോട്ടുവന്നത്. റബര്‍ത്തോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വില്പ്പനയ്ക്കായിട്ടിരുന്ന ഒരേക്കര്‍ സ്ഥലത്താണ് ഇരുവരും ചേര്‍ന്ന് കാരെള്ള് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.
ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാല്‍ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി.
തൊഴിലാളികളെ നിയോഗിച്ചാല്‍ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവില്‍ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്ക് ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതല്‍ സമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു.
അതിനാല്‍ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചത്. ഒരേക്കറില്‍ 600 ഗ്രാം വിത്താണ് വിതച്ചത്.
യന്ത്രവത്കരണം ഫലം കണ്ടു
യന്ത്രവത്കരണത്തിലൂടെയാണ് കൃഷിയുടെ 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ചത്. ചെറിയ ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതെടുത്തു. പിന്നീട് നെല്‍കൃഷിക്ക് പാടം ഒരുക്കുന്ന ഞവരി ഉപയോഗിച്ച് വിത്ത് പാകുന്നതിനു ചെറിയ ബെഡ്ഡുകള്‍ തയാറാക്കി.
53 ബെഡ്ഡുകളാണ് ഇപ്രകാരം തയാറാക്കിയത്. ഒരു ബെഡ്ഡില്‍ നാലു ലൈന്‍ എന്ന കണക്കില്‍ വിത്തുകള്‍ പാകുന്നതിനു സ്വന്തം പരിജ്ഞാനം പ്രയോജനപ്പെടുത്തുകയായിരുന്നു.
സാധാരണ കൈ ഉപയോഗിച്ച് മണ്ണില്‍ ചെറിയ കുഴികളെടുത്താണ് വിത്തുകള്‍ പാകുന്നത്. കൈ ഉപയോഗിച്ചാല്‍ വിരലുകളുടെ തൊലി പോകാനുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍ ചെറുവലിപ്പത്തിലുള്ള പിവിസി പൈപ്പിന്റെ അടിഭാഗം ചെരിച്ച് മുറിച്ചശേഷം ഇതുപയോഗിച്ച് ചെറുതായി മണ്ണ് നീക്കി ഇതിനുള്ളിലൂടെ വിത്തുകള്‍ കുഴിയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. കുനിഞ്ഞുനിന്നു വിത്ത് പാകുന്ന ഭാരിച്ച ജോലിയും ഇതിലൂടെ ഒഴിവാക്കാനായി.
ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തില്‍ സ്വീകരിച്ചത്. ആറുതവണ വളം നല്‍കിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടില്‍ നേരിട്ട് നല്‍കിയില്ല. മിസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് ഇലവളം (ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളം അല്പം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു. കള പറിക്കാന്‍ മാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു.
ഒരു ചെടിയില്‍ 100 മുതല്‍ 150 വരെ കായ്കളാണുള്ളത്. ഒരുകായയില്‍ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പോഷകസമൃദ്ധമാണിത്.
നവജാത ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ ഉത്തമം. അതിനാല്‍ വന്‍ ഡിമാൻഡാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിര്മാണത്തിനും മിഠായികള്‍ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്.
കാഡ്സ് പഠനയാത്ര
വിജയകരമായി നടപ്പാക്കിയ യുവകര്‍ഷകരുടെ എള്ള് കൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തില്‍ എത്തുന്നത്.
തൊടുപുഴ കാഡ്സ് ചെയര്മാന് ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തില്‍ എള്ള് കൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കര്‍ഷകരെ പങ്കെടുപ്പിച്ച് ഇവിടേക്ക് പഠനയാത്രയും നടത്തിയിരുന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധി കര്‍ഷകര്‍ ഇവിടെ എത്തുന്നുണ്ട്.
കരിമണ്ണൂര്‍ കൃഷിഭവനില്‍നിന്നുള്ള മികച്ച പിന്തുണ തങ്ങള്‍ക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു. സ്ഥലം ലഭ്യമായാല്‍ അടുത്ത സീസണില്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം.
ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഈ വര്‍ഷം മഴ മാറാന്‍ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതല്‍ 100 ദിവസം വരെയാണ് വിളവെടുപ്പിനു വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
Agriculture
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പ്രഥമ പുരസ്കാര ജേതാവ്, ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവൻ റാം അഭിനവ് കിസാൻ പുരസ്കാര ജേതാവ്, അക്വാകൾച്ചർ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ചെയർമാൻ, കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ത്രൈമാസികയായ ജല കർഷകൻ എഡിറ്റർ എന്നീ നിലകളിലും ചെന്നൈയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓരു ജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാർഷിക രീതികൾക്ക് നേതൃത്വവും നൽകിവരുന്ന മത്സ്യക്കർഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമനുമായി നടത്തിയ അഭിമുഖം.
മൂന്നുപതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പുരുഷോത്തമൻ ശാസ്ത്രീയ അടിത്തറയുടെയും മൂന്നുപതിറ്റാണ്ടിലേറെയുള്ള തന്റെ അനുഭവസന്പത്തുംകൊണ്ട് വിജയങ്ങൾ കീഴടക്കിയുള്ള ജൈത്രയാത്രയിലാണ്.
ചെമ്മീൻകൃഷിയും മത്സ്യക്കൃഷിയും കല്ലുമ്മക്കായ് കൃഷിയും നടത്തുന്നതിനു പുറമേ മത്സ്യവിത്തുൽപ്പാദനവും അലങ്കാര മത്സ്യക്കൃഷിയും ഇദ്ദേഹം നടത്തുന്നു.
അഞ്ചര ഹെക്ടർ ചെമ്മീൻപാടത്ത് കൃഷിയിറക്കിയ ഇദ്ദേഹം തന്റെ കൃഷിയിടം പത്ത് ഹെക്ടറായി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണിപ്പോൾ.
ശാസ്ത്രീയരീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയാണ് അക്വാകൾച്ചർ. ഇത് തെറ്റിക്കുകയോ കൃഷി രീതിയിൽ വെള്ളം ചേർക്കുകയോ ചെയ്താൽ കൈപൊള്ളും. കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ കൃഷി ലാഭകരമാക്കാം.
വിത്തിറക്കുന്നതുമുതൽ മാർക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവർക്ക് പരാജയമുണ്ടായിട്ടില്ല. ചിലർ പരാജയപ്പെട്ടുവെന്ന് പറയുന്നതിന്റെ കാരണം അശാസ്ത്രീയത കൊണ്ടാവാം. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസൂത്രണമുണ്ടാവുക, ആവശ്യത്തിനു മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്.
ആവശ്യത്തിൽ കൂടുതൽ തീറ്റ കൊടുത്താൽ പണം നഷ്ടമാകുന്നതിന് പുറമേ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷി നാശത്തിനുമിടയാകും. ചെമ്മീൻ പാടത്തുള്ള വൈറസ് വ്യാപനം വലിയ വെല്ലുവിളിയാണ്.
കൃഷി ചെയ്യുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാൽ ചെമ്മീൻപാടത്തെ വെള്ളം മാറ്റുന്നതിലൂടേയും പക്ഷി, ഞണ്ടുകൾ എന്നിവയിലൂടേയും വൈറസുകളുണ്ടാകാം.
ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും. എങ്കിലും ഒരേ കൃഷിയുടെ ആവർത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്.
ഇതിനായാണ് ചെമ്മീൻ പാടങ്ങളിൽ കരിമീൻ, പൂമിൻ, കാളാഞ്ചി, തിരിത, ചെന്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ്.
ചെമ്മീൻ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീൻ പാടങ്ങളുടെ ബണ്ടിന് മുകളിലെ ഉപ്പ് ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഈ സമയത്താണ് ബണ്ടിന് മുകളിൽ പച്ചക്കറികൃഷി ചെയ്യേണ്ടത്. കേരളത്തിലെ ഓരുജല കർഷകർ നന്നായി കൃഷിചെയ്താൽ ഓണക്കാലത്ത് വിഷമില്ലാത്ത പച്ചക്കറി ലഭിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീൻ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും സാധിക്കും. ഇത് താൻ തെളിയിച്ചതാണ്.
ചെമ്മീൻ പാടത്തെ വിളവെടുപ്പിനുശേഷം പാടങ്ങൾ വൃത്തിയാക്കുന്പോൾ കോരിമാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കുവാൻ. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കരിമീൻ 500 മുതൽ 2000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാൽ 24 മണിക്കൂറിനുള്ളിൽ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻകൃഷിപോലെ കരിമീൻകൃഷി ലാഭകരമല്ലായെങ്കിലും കരിമീൻ വിത്തുൽപ്പാദനം നഷ്ടമല്ലായെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് കരിമീൻ വിത്തുൽപ്പാദനം നടന്നിരുന്നത്. ആലപ്പുഴയിൽ 18 രൂപക്ക് കൊടുക്കുന്ന കരിമീൻ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമൻ നൽകിയത്.
ഉപ്പുവെള്ളത്തിനു പുറമേ ശുദ്ധജലത്തിൽ അൽപം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാൻ ഈ കരിമീൻ വിത്തുകൾക്കാവുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻ പാടത്ത് കരിമീൻ കൃഷി നടത്തി വൈറസ്ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.
Agriculture
പണിക്കാരില്ലാത്തതിനാൽ കൃഷി ഉപേക്ഷിച്ചെന്ന പരിഭവത്തിന് പരിഹാരമാവുകയാണ് തിരുമാറാടിയിലെ വനിതാ ഗ്രീൻ ആർമി. എന്തു കാർഷിക ജോലിയും വിശ്വസിച്ച് ഏൽപിക്കാം, സമയത്തു വെടിപ്പായി ചെയ്തു തരും.
ഇവരുടെ കാർഷിക നഴ്സറികളിൽ വഴുതന, പയർ, തക്കാളി, പച്ചമുളക്, പീച്ചിൽ, പാവൽ, പടവലം, വെണ്ട തുടങ്ങിയവയുടെ ലക്ഷക്കണക്കിന് തൈകൾ ഉത്പാദിപ്പിച്ച് വിറ്റഴിക്കുന്നു.
മാവ്, പ്ലാവ്, കടപ്ലാവ്, തെങ്ങ്, കവുങ്ങ് എന്നിവയുടെ തൈകളും തയാറാക്കുന്നു. ചേന, ഇഞ്ചി, കച്ചോലം, കാച്ചിൽ, ചേന്പ്, കിഴങ്ങ് നടീൽ വസ്തുക്കളും വിൽപനയ്ക്കുണ്ട്.
പുല്ലുവെട്ടും തെങ്ങിനു തടമെടുക്കലും തേങ്ങാ പിരിക്കലും തെങ്ങൊരുക്കലും ഇവർക്ക് നല്ല വരുമാനമാണ്. ദിവസം മുപ്പതു തെങ്ങിൽ വരെ കയറി തേങ്ങയിടുന്നവർ ഇവർക്കൊപ്പമുണ്ട്. ഒരു തെങ്ങിൽ തേങ്ങ ഇടാൻ 65 രൂപയും മുകൾഭാഗം വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി.
പാന്പാക്കുടയിലെ ബയോഫാർമസിയിൽ രാസ, ജൈവ, കുമിൾ കീടനാശിനികൾ തയാറാക്കി സംഘം കർഷകരിലെത്തിക്കുന്നുണ്ട്. കുമിൾ ബാധയ്ക്ക് ജൈവ കുമിൾനാശിനിയും ബാക്ടീരിയൽ രോഗത്തിന് ജീവാണു കീടനാശിനികളും കൊടുക്കും.
പാന്പാക്കുട അഗ്രോ വികസന കേന്ദ്രം ഇതോടകം പത്തു കോടി രൂപയുടെ ടേണ്‍ ഓവർ നേടിയതായും മൂന്നു കോടി രൂപയുടെ സർവീസ് ചാർജ് വിതരണം ചെയ്തതായും ഹരിത സേവന കേന്ദ്രത്തിന്റെ ഫസിലിറ്റേറ്ററും മുൻ അസിസ്റ്റന്റ് കൃഷി ഓഫീസറുമായ വി.സി. മാത്യു പറഞ്ഞു.
സംസ്ഥാനത്തുതന്നെ ഒരു ഹരിത സംഘത്തിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇവിടെയാണ്. നഗരങ്ങളിലെ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് പച്ചക്കറികൾ ഗ്രോബാഗിലും ചെടിച്ചട്ടിയിലും തയ്യാറാക്കി നൽകുന്നുണ്ട്.
ചട്ടികളിലും ഗ്രോബാഗിലും മണ്ണും വിളവും നിറച്ച് കിളിർപ്പിച്ച തൈകൾ ഇവർ വീടുകളിൽ എത്തിച്ചുതരും. കൂത്താട്ടുകുളം, പാന്പാക്കുട, പിറവം, രാമമംഗലം, മുളക്കുളം എന്നിവിടങ്ങളിൽ കാലങ്ങളായി തരിശുകിടന്ന അറുപത് ഹെക്ടറിലേറെ പാടങ്ങളെയാണു പച്ചപ്പട്ടാളം പച്ചപ്പണിയിച്ചത്.
ചലച്ചിത്ര നടൻ ശ്രീനിവാസൻ പാട്ടത്തിനെടുത്ത പാടവും ഇതിൽപ്പെടും. കാടും പടലും കയറിക്കിടന്ന പന്ത്രണ്ട് ഏക്കർ കരഭൂമി നെൽപ്പാടമാക്കി ഇവർ കൂത്താട്ടുകളം കൃഷിഭവനു കീഴിൽ വിസ്മയം തീർത്തു. കണ്ട നാട് പാടശേഖരത്തിലും പിറവത്തെ ചേല്ലേത്തു പാടത്തും പതിറ്റാണ്ടുകൾക്കുശേഷം വിതയും കൊയ്ത്തും നടത്തിയത് ഇതേ കൂട്ടായ്മയാണ്.
Agriculture
മണ്ണിൽ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യവികസിപ്പിച്ച് മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എൻഎഫ്പിഒ). ഗ്രോബാഗുകളിൽ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എൻഎഫ്പിഒ വികസിപ്പിച്ചത്.
കർണാടകയിലെ നഞ്ചൻഗോഡിൽ സംഘടന കോംപോ എക്സ്പേർട്ട് എന്ന കെമിക്കൽ കന്പനിയുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻ വിജയമായി.
മണ്ണില്ലാക്കൃഷി കൂടുതൽ തോട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എൻഎഫ്പിഒ. ചെലവുകുറവും ഉയർന്ന ഉത്പാദനവുമാണ് മണ്ണില്ലാകൃഷിയുടെ നേട്ടം.
ഗ്രോബാഗിൽ ചകിരിച്ചോറും എൻഎഫ്പിഒ സോയിൽ പവറും (സോയിൽ ഗോൾഡ് ജൈവവളം) നിറച്ചശേഷമാണ് ഇഞ്ചിവിത്തുകൾ നടുന്നത്. റിയോഡി ജനീറോ, ചൈനീസ് വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. ഡ്രിപ്പ് ഇറിഗേഷൻ വഴി ഗ്രോബാഗിലെ ചെടികൾക്ക് വെള്ളത്തോടൊപ്പം വളവും നൽകി.
ഒരേക്കർ സ്ഥലത്ത് 22 ലിറ്റർ ശേഷിയുള്ള 22,000 ഗ്രോബാഗുകളിൽ കൃഷിചെയ്യാം. ഒരു ഗ്രോബാഗിൽനിന്ന് മൂന്നു മുതൽ അഞ്ചു കിലോഗ്രാംവരെ വിളവ് ലഭിക്കും. കള വരാതിരിക്കാൻ വീഡ്മാറ്റുകളിലാണ് ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത്.
ഇത്രയും ബാഗുകളിൽ നടുന്നതിന് 30 ചാക്ക് (1,800 കിലോഗ്രാം) ഇഞ്ചിവിത്താണ് വേണ്ടത്. ആറ് കിലോഗ്രാം ചകിരിച്ചോറാണ് ഒരു ബാഗിൽ വേണ്ടത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ചകിരിച്ചോർ കുറഞ്ഞ വിലയിൽ സുലഭമാണ്.
ഉത്പാദനം കൂടും
വിളവെടുപ്പ് പ്രായമായപ്പോൾ ഗ്രോബാഗുകളിൽ ഇഞ്ചിക്കു മുകളിൽ വീണ്ടും ചകിരിച്ചോറ് നിറയ്ക്കും. ഒരു ഏക്കറിൽ ഏകദേശം എട്ടു ലക്ഷം രൂപയാണ് മണ്ണില്ലാ ഇഞ്ചിക്കൃഷിക്ക് ചെലവ്. ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചിക്കൃഷി ചെയ്യാമെന്നത് മണ്ണില്ലാക്കൃഷിയുടെ സവിശേഷതയാണ്.
ഒരു ബാഗിലെ ചെടിയിൽ കീട-രോഗബാധ കണ്ടാൽ അപ്പാടെ നീക്കം ചെയ്ത് മറ്റു ബാഗുകളിലെ ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്താമെന്നതും പ്രത്യേകതയാണ്. മണ്ണില്ലാക്കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഇഞ്ചിയുടെ ഗുണനിലവാരം സാധാരണരീതിയിൽ വിളയിക്കുന്നതിനേക്കാൾ വളരെ ഉയർന്നതാണ്.
ഗ്രോബാഗും ചകിരിച്ചോറും വിത്തും വളവും ഡ്രിപ് ഇറിഗേഷൻ ഉപകരണങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് എൻഎഫ്പിഒ കർഷകർക്ക് ലഭ്യമാക്കും.
ഗ്രോബാഗിൽ കൃഷി വിജയിച്ചതോടെ കൃഷിക്കായി സ്ഥലവും മണ്ണും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ലെന്ന് എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.
മഴയെ ആശ്രയിച്ച് കൃഷി ഇറക്കേണ്ട ആവശ്യമില്ല. മോട്ടർ ഉപയോഗിച്ച് ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷനിലൂടെ നൽകാം. പോളി ഹൗസിൽ വെർട്ടിക്കൽ ഫാമിംഗിലും മണ്ണില്ലാകൃഷി പരീക്ഷിക്കാം.
പരന്പരാഗതരീതിയെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയർന്ന ഉത്പദാനം ലഭിക്കുന്നതാണ് മണ്ണില്ലാ ഇഞ്ചിക്കൃഷി. പ്രയോഗിക്കുന്ന വളവും വെള്ളവും ഗ്രോബാഗിനു പുറത്തുപോകാത്തതാണ് ഉയർന്ന ഉത്പാദനത്തിനു സഹായകമാകുന്നത്.
മണ്ണിൽ നടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മണ്ണില്ലാക്കൃഷിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും കീടനാശികളും മതിയാകും. തുള്ളിനന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വെള്ളം-വളം-കീടനാശിനിപ്രയോഗം.
Agriculture
കുട്ടികളിൽ കാർഷിക സംസ്കാരം, സ്വയം പര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്നതിനും പഠനത്തിലെ നിഷ്ക്രിയത്വത്തിൽനിന്ന് പ്രായോഗികവും അനുഭവപരമായ വിദ്യയ്ക്കുവേണ്ടിയും സുൽത്താൻ ബത്തേരി സർക്കാർ സർവജന ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് വിദ്യാർഥികൾ നമ്മുടെ കൃഷിത്തോട്ടം എന്ന പദ്ധതിയിലൂടെ സ്കൂളിൽ മികവുറ്റ രീതിയിൽ ജൈവകൃഷി പരിപാലനം നടത്തിവരുന്നു.
നഗരസഭയുടെ സ്റ്റുഡൻസ് കൗണ്‍സിൽ പ്രോജക്ടിന്റെ ഭാഗമായി ടവമറല ചലേ എമൃാശിഴ എന്ന കൃഷിരീതി സ്കൂളിൽ 2022 കാലഘട്ടത്തിൽ ആരംഭിച്ചു. കൂടാതെ സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷി നിലമാക്കി മാറ്റിയും ചെടിച്ചട്ടികളിൽ മണ്ണ് നിറച്ചും മറ്റുമായി ഈ പദ്ധതി നടപ്പിലാക്കുന്നു. വഴുതന, പയർ, ബീൻസ്, കാബേജ്, തക്കാളി, കോളിഫ്ളവർ, കക്കരി, വാഴ, ഇഞ്ചി എന്നിവയാണ് കൂടുതലായി കൃഷി ചെയ്യുന്നത്.
ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു. കൃഷിഭവൻ, ഞഅഞട എന്നിവിടങ്ങളിൽനിന്ന് സ്വീകരിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും തൈകളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ജലസേചനത്തിനായി സ്പ്രിംഗ്ലർ സെറ്റ് ഘടിപ്പിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഇന്റർവെൽസമയത്തുമായി കൃഷി പരിപാലനം നടത്തിവരുന്നു.
സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നു.
കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ കൃഷിയെ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കുന്നു.
കൃഷിത്തോട്ടത്തിൽനിന്നു ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നത് കൂടാതെ, അധികമായി വരുന്നതു വില്പന നടത്തി മറ്റു സേവന പദ്ധതികളിലേക്കും നീക്കിവയ്ക്കുന്നു.
കൃഷിയോടുള്ള അനുകൂല സമീപനം വളർത്തുന്നതിലൂടെ വീട്ടിലും, സമീപപ്രദേശങ്ങളിലും കൃഷിത്തോട്ടം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ പ്രാപ്തമാകുന്നു.
നൂതന കൃഷിരീതികളുടെ സാധ്യതകളിലൂടെ കാർഷികവൃത്തിയിലൂടെ സന്പാദ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ കൈവരിക്കാൻ ഇടയാക്കുന്നു.
സ്കൂൾ പ്രിൻസിപ്പലിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് വിദ്യാലയത്തിൽ ഒരു നല്ല പച്ചക്കറിത്തോട്ടം രൂപീകരിക്കാൻ സാധിച്ചത്.
SUNDAY DEEPIKA
ജാഗ്വര്‍ ലാൻഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്ള്യുവിലും ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളമുള്ള ജോലിചെയ്തിരുന്ന എംബിഎക്കാരൻ. ജോലിയും ശന്പളവും വേണ്ടെന്നുവച്ച് ഒരുദിവസം അയാൾ മണ്ണിലേക്കിറങ്ങി. 18 ഏക്കർ ഭൂമിയിൽ പൊന്നുവിളയിച്ചു. മുന്‍പു വാങ്ങിയിരുന്ന ശന്പളത്തിന്റെ നാലിരട്ടി വരുമാനം നേടുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന യുവകര്ഷകന് ഇപ്പോൾ.
മാത്തുക്കുട്ടിയുടെ തോട്ടത്തിൽ റബറും തെങ്ങും കമുകും ജാതിയും കുരുമുളകും പച്ചക്കറികളും പഴവര്ഗങ്ങളുമെല്ലാമുണ്ട്. ഈ തൊടിയിലും പറമ്പിലും ഇണങ്ങാത്ത മൃഗങ്ങളില്ല. പോത്ത്, കോഴി, താറാവ്, ആട്, പന്നി, മത്സ്യം തുടങ്ങി യവയെല്ലാം ഇവിടെയുണ്ട്. ഓമനിക്കാന്‍ കുതിരയും കഴുതയും നായ്ക്കളും പൂച്ചകളും. ടിജെടി എന്ന സ്വന്തം ഔട്ട്ലെറ്റിലൂടെയാണ് മാംസത്തിന്റെയും മത്സ്യത്തിന്റെയും വിപണനം നടത്തുന്നത്.
കോർപറേറ്റ് ജോലി പോരാ
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി ഉന്നത പഠനത്തിനുശേഷം ജോലിതേടി പോയെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരമ്പര്യം പിന്തുടര്ന്നുകൊണ്ടേയിരുന്നു. കോര്‍പറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നല്‍കിയില്ല. കൂട്ടുകാരനോടൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സര്‍ദാര്‍ജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടത്തെ കൃഷിയും കാര്‍ഷിക സംരംഭങ്ങളും കണ്ട് തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു നാട്ടിലേക്കുള്ള മടക്കം.
500 കോഴികളുമായി റബര്‍ തോട്ടത്തിലെ ഒരു ഷെഡില്‍ കോഴി വളര്‍ത്തല്‍ ആദ്യം തുടങ്ങി.കോഴിക്കൂടുകള്‍ വികസിച്ച് ഇപ്പോള്‍ ഏഴായിരം കോഴികള്‍ വരെയുണ്ട്. കോഴികളെ ഇവിടെത്തന്നെ ഡ്രസ് ചെയ്തു വിവിധ ഉത്പന്നങ്ങളാക്കുന്ന മൂല്യവര്‍ധിത രീതിയാണ് മാത്തുക്കുട്ടി പിന്തുടരുന്നത്.
80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു വിറ്റിരുന്ന മാത്തുക്കുട്ടി 80 രൂപയ്ക്കു നല്ല ബ്രോയിലര്‍ കോഴിയിറച്ചി വില്ക്കാന് തുടങ്ങി. ലോലിപോപ്, ഡ്രംസ്റ്റിക് എന്നിങ്ങനെയായി ദിവസവും ശരാശരി മൂന്നു ടണ്‍ മാംസമാണു ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നു കയറിപ്പോകുന്നത്. മുട്ടക്കോഴികളാണു മറ്റൊരു ആദായ മാര്‍ഗം. 60 മുട്ടക്കോഴികളുണ്ട്. നൂറു കാടകളും അത്രയുംതന്നെ താറാവുകളുമുണ്ട്.
കോഴി സംസ്കരണത്തിലെ ശേഷിക്കുന്ന തൂവലും ശരീരഭാഗങ്ങളും വെറുതേ കളയുന്നതു കണ്ടപ്പോഴാണ് മാത്തുക്കുട്ടിയുടെ ബിസിനസ് മനസ് പന്നി വളര്‍ത്തലിലേക്കു തിരിഞ്ഞത്. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ പിഗ് ഫാമില്‍ ഇപ്പോള്‍ 400 പന്നികളുണ്ട്. കോഴിയിറച്ചിക്കൊപ്പം ഇപ്പോൾ നല്ലയിനം പന്നിയിറച്ചിയും മാത്തുക്കുട്ടി വിപണിയിലെത്തിക്കുന്നു.
കാൽലക്ഷം മീനുകൾ
പന്നിഫാമിലെ മാലിന്യം ഒഴിവാക്കാരനാണ് പറമ്പിലെ പാറക്കുളത്തില്‍ മത്സ്യകൃഷി ആരംഭിച്ചത്. ഇപ്പോൾ അഞ്ചു കുളങ്ങളിലായി 25,000 മീനുകളുണ്ട്. പന്നിഫാമിലെയും ചിക്കന്‍ പ്രോസസിംഗ് യൂണിറ്റിലെയും അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
ചാണകം ലഷ്യമിട്ടാണു പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചത്്. ഒപ്പം ശുദ്ധമായ പാലും ലഭിക്കും. പശുക്കളെ വാങ്ങിയതോടെ പറമ്പിലെ രണ്ടരയേക്കറില്‍ പുല്‍കൃഷിയും തുടങ്ങി. പശുവിന് ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റിലെ അവശേഷിക്കുന്ന സ്ലറി തീറ്റപ്പുല്ലിന് നല്ല വളമായി. 600 കിലോഗ്രാം തീറ്റപ്പുല്ല് ഇന്ന് ആനകള്‍ക്കുള്ള തീറ്റയായി ദിവസവും വില്‍ക്കുന്നു. 45 ദിവസം കൂടുമ്പോള്‍ ഒരേക്കറില്‍നിന്നും 11 ടണ്‍ പുല്ല് ലഭിക്കുന്നുണ്ട്.
പശുവളര്‍ത്തല്‍ അത്ര ആദായകരമായി തോന്നാത്ത മാത്തുക്കുട്ടി പോത്തുകൃഷിയിലേക്ക് തിരിഞ്ഞു. ഹരിയാനയില്‍നിന്നുള്ള മുറ ഇനത്തില്‍ പെട്ട 25 പോത്തുകളാണ് കൂട്ടില്‍ മിനുങ്ങിനില്ക്കുന്നത്. ആട് ഫാമില്‍ ഇപ്പോള്‍ 20 ആടുകളുണ്ട്. ആട്ടിന്‍കുഞ്ഞുങ്ങളുടെ വിപണനത്തോടൊപ്പം മാംസ ഉത്പാദനവുമാണ് ലക്ഷ്യം.
വെണ്ട, വഴുതന, പയര്‍, പാവല്‍, ചീര, മുളക് എന്നിവയാണ് പ്രധാന പച്ചക്കറി കൃഷി. പറമ്പില്‍ അവിടവിടായി 100 ചുവട് പാഷന് ഫ്രൂട്ടുമുണ്ട്. നല്ല ആദായമാണ് മാത്തുക്കുട്ടിക്ക് പാഷന് ഫ്രൂട്ട് നല്‍കുന്നത്. 250 ചുവട് റെഡ് ലേഡി പപ്പായയും മികച്ച ആദായം നൽകുന്നു. കുഞ്ഞന്‍ തെങ്ങുകള്‍ മാത്രം നൂറോളമുണ്ട്.
കമുക്, ജാതി, മാവ്, പ്ലാവ് എന്നിവയ്ക്കു പുറമേ ചേനയും ചേമ്പും കാച്ചിലും കപ്പയും ഇഞ്ചിയും, മഞ്ഞളും, വാഴയുമെല്ലാം നൂറുമേനി വിളവുനല്കുന്നു. അലങ്കാര കോഴികളും പക്ഷികളുമുണ്ട്. പറമ്പിനോടു ചേര്‍ന്നു തരിശായി കിടന്ന നെല്‍പ്പാടവും മാത്തുക്കുട്ടി വെറുതേയിട്ടില്ല- ഉമ വിത്തുപാകി പൊന്നു വിളയിച്ചു
പാഴാക്കില്ല ഒന്നും
മാലിന്യസംസ്കരണത്തിനും പുനര്‍ ഉപയോഗത്തിനും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നുള്ള ഖരമാലിന്യങ്ങള്‍ പുഴുങ്ങി വേവിച്ച് പന്നി, മീന്‍, താറാവ് എന്നിവയ്ക്ക് തീറ്റയ്ക്കുള്ള ഒരു ഭാഗമാക്കുന്നു. ഇവിടത്തെ ദ്രവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കുന്നു.
ശേഷിക്കുന്ന സ്ലറി നേരേ തീറ്റപ്പുല്ലു തോട്ടത്തിലേക്കും പച്ചക്കറി തോട്ടത്തിലേക്കുമാണു പോകുന്നത്. പന്നി ഫാമിലെ ഖരമാലിന്യങ്ങള്‍ നേരേ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ്. ദ്രവമാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക്. കൂടാതെ ഫാമുകളില്‍നിന്നുള്ള മൃഗങ്ങളുടെ വിസർജ്യവും മാലിന്യവുമെല്ലാം നല്ല വളമാക്കി വില്‍ക്കുകയാണ്.
പുലര്‍ച്ചെ മൂന്നിന് മാത്തുക്കുട്ടിയും ഫാമും ഉണരും. ആദ്യം ഫുഡ് പ്രോസസിംഗ് യൂണിറ്റിലാണ് തിരക്ക്. സംസ്കരിച്ച മാംസ ഉത്പന്നങ്ങൾ ജില്ലയുടെ വിവിധ ഔട്ട്ലെറ്റുകളിലേക്കും ഓര്‍ഡര്‍ അനുസരിച്ചുള്ള സ്ഥലങ്ങളിലേക്കും അയ്ക്കും. നേരം പുലര്‍ന്നാല്‍ ഫാമിലെ ഓരോ വിഭാഗത്തിലും ജോലികള്‍ ആരംഭിക്കും. എല്ലായിടത്തും മാത്തുക്കുട്ടി ഓടിയെത്തും. ഉച്ചയ്ക്ക് അല്പസമയം വിശ്രമം. അതുകഴിഞ്ഞാല്‍ സായാഹ്നംവരെ കൃഷിയിടത്തില്‍.
കുടുംബത്തിന്റെ പിന്തുണ
പിതാവ് ടോമിയും അമ്മ മോളിയും ഭാര്യ തെരേസ, മക്കളായ അലക്സാണ്ടര്‍, മരിയന്‍ എന്നിവരും മാത്തുക്കുട്ടിക്ക് കൃഷിയില്‍ താങ്ങും തണലുമായി ഏപ്പോഴുമുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെങ്കില്‍ കര്ഷകന് കാര്‍ഷിക സംരംഭകനായി വളരണമെന്നാണ് മാത്തുക്കുട്ടിയുടെ പക്ഷം.
Agriculture
വളക്കൂറുള്ള മണ്ണിൽ ഒരു തൈ നട്ടാൽ കൈ നിറയെ ഫലം കൊയ്യാമെന്നാണ് പത്തനംതിട്ട കൊല്ലമുളയിലെ സെബാസ്റ്റ്യൻ ഫിലിപ്പോസിന്റെ വാദം. അതിനാൽ, സെബാസ്റ്റ്യൻ മക്കളെപ്പോലെ മണ്ണിനെയും സ്നേഹിക്കുന്നു.
ആരു ചതിച്ചാലും മണ്ണ് തന്നെ ചതിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. രണ്ട് പെണ്മക്കളെയും പഠിപ്പിച്ച് വിവാഹം ചെയ്തയച്ചതും മണ്ണു തന്ന വിളകൊണ്ടാണെന്നാണ് ഇദ്ദേഹം പറയുന്നത്. 75 വയസൊക്കെ ഇദ്ദേഹത്തിന് വെറും അക്കങ്ങൾമാത്രമാണ്.
അഞ്ച് ഏക്കർ കൃഷിഭൂമിയിൽ കപ്പയും ഇഞ്ചിയുമെല്ലാം ചേനയും ചേന്പുമെല്ലാം യഥേഷ്ടം വിളയുന്നു. കപ്പയും ഇഞ്ചിയുമാണ് മുൻ നിരക്കാരെങ്കിലും കാച്ചിലും ചേന്പും വാഴയും തുടങ്ങി സർവ്വതും ഇവിടെയുണ്ട്.
കപ്പക്കൃഷി
പുതുമഴ പെയ്യുമ്പോൾ മണ്ണിൽ തടമെടുക്കും. പിന്നീട് കപ്പത്തണ്ട് നടും. ഇല മുളയ്ക്കുന്പോൾ തടത്തിലേക്ക് ചാണകപ്പൊടി ഇടും. മൂന്ന് ബാച്ച് ആയിട്ടാണ് കപ്പയ്ക്ക് വളം ഇടുന്നത്. ഒപ്പം വളർന്നു വരുന്ന കളയും ഇവയ്ക്ക് വളമാകാറുണ്ട്.
നല്ല ചൂടുള്ള സമയത്താണ് വളം ഇടുന്നതെങ്കിൽ അൽപം നനച്ച് കൊടുക്കേണ്ടി വരും. പത്താം മാസം കപ്പ വിളവെടുക്കും. നടാനുള്ള കമ്പ് എടുക്കുന്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് വണ്ണമുള്ള തണ്ട് എടുക്കുക എന്നത്.
കപ്പത്തണ്ട് ലെവലിൽ മുറിക്കാനാണ് രണ്ടാമത് ശ്രദ്ധിക്കേണ്ടത്. അര അടി നീളത്തിലാണ് കപ്പത്തണ്ട് മുറിക്കേണ്ടത്. മുറിച്ച ഭാഗത്തുനിന്നും ഏകദേശം ഒരിഞ്ച് മുകളിൽ ചെറുതായി വരഞ്ഞു കൊടുക്കുക. അവിടെയാണ് വേരു കിളിർത്തു വരുന്നത്.
ഇങ്ങനെ ചെയ്യുമ്പോൾ വേരുകൾക്കും ശക്തി കൂടും. കലക്കിവച്ച റൂട്ടെക്സ് ലായനിയിൽ തണ്ടിന്റെ മുറിച്ച ഭാഗം മുക്കിവച്ച് പത്ത് മിനിട്ടിനു ശേഷം നട്ടാൽ മതി.
Agriculture
ജാനുവും ഫെബിയും ജൂലിയും ഇന്നു വലിയ സന്തോഷത്തിലാണ്. നോട്ടക്കാരൻ അഴകൻ എത്തുന്നതിനുമുമ്പായി തങ്ങളെ കുളിപ്പിക്കാനും തീറ്റ തരാനും തങ്ങളുടെ അമ്മ എത്തിയിട്ടുണ്ട്. പറഞ്ഞുവരുന്നത് കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിക്കു സമീപത്തെ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ കോണ്‍വെന്റിലെ പശുഫാമിനെക്കുറിച്ചാണ്.
പശുക്കൾക്കും പശുഫാം നോട്ടക്കാരനും മറ്റു സഹായികൾക്കും എല്ലാം സിസ്റ്റർ ജോസഫൈൻ എസ്വിഎം അമ്മയാണ്. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിക്കും നഴ്സിംഗ് കോളജിനും പുറകിലുള്ള മഠവും പരിസരവും പച്ചപ്പ് നിറഞ്ഞു നിൽക്കുകയാണ്.
കപ്പ, വാഴ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പാവൽ, കോവൽ എന്നിവയാണ് പ്രധാന കൃഷി. അതിരുകളിൽ തേക്കും മാവും പ്ലാവും ധാരാളമുണ്ട്. മൂത്ത ചക്കകൾ നിറഞ്ഞ നിരവധി ബഡ്ഡുപ്ലാവുകളും കൃഷിയിടത്തെ സമൃദ്ധമാക്കുന്നു.
കടപ്ലാവ്, പേര, ആത്ത, പപ്പായ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയും മറ്റു രണ്ടിടത്തായുള്ള മഠത്തിന്റെ കൃഷിഭൂമിയിലുണ്ട്. ഫാം സിസ്റ്റർ എന്നു മഠത്തിലെ സഹപ്രവർത്തകർ വിളിക്കുന്ന സിവിൽ എൻജിനിയറായ സിസ്റ്റർ ജോസഫൈൻ പതിനൊന്നു വർഷമായി കിടങ്ങൂരിലെ മഠത്തിലുണ്ട്.
പ്രീഡിഗ്രി പഠനത്തിനുശേഷം സഭാവസ്ത്രം സ്വീകരിച്ച ജോസഫൈൻ പിന്നീട് സിവിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി. മഠത്തിന്റെ തന്നെ കടുത്തുരുത്തി, അമനകര ഐടിസികളിൽ അധ്യാപികയായി പ്രവർത്തിച്ചു.
ജനറലേറ്റിന്റെ കീഴിൽ കുട്ടനാട് മുതൽ ബംഗളൂരു വരെയുള്ള മഠങ്ങളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചു. കിടങ്ങൂർ ആശുപത്രി, മഠം എന്നിവയുടെ നിർമാണപ്രവർത്തന മേൽനോട്ട ചുതമല വഹിക്കുമ്പോഴും കൃഷിയും പശുവളർത്തലും ഒരു ഹരമായി സിസ്റ്റർ മുന്നോട്ടു കൊണ്ടുപോവുകയാണ്.
പേരും ജനനമാസവും
അഞ്ചു പശുക്കളും രണ്ടു കിടാരികളുമാണ് ഫാമിൽ ഉള്ളത്. മഠത്തിലെ തൊഴുത്തിൽ ജനിച്ച പശുക്കളാണ് എല്ലാം. രേഖകൾ സൂക്ഷിക്കേണ്ടതിനാൽ ജനിച്ച മാസം കണക്കാക്കി പശുക്കൾക്ക് പേരിടും, ജനുവരിയിൽ ജനിച്ച കിടാവ് ജാനു, ഫെബ്രുവരിയിലേത് ഫെബി, ജൂണിലേത് ജൂലി എന്നിങ്ങനെ.
ഡിസംബർ 25ന് ജനിക്കുകയാണെങ്കിൽ ക്രിസ്റ്റി എന്ന പേരുനൽകുമെന്നും സിസ്റ്റർ പറഞ്ഞു. രാവിലെ പത്തുമണിക്കും വൈകുന്നേരം ആറുമണിക്കുമാണ് പശുക്കളെ കറക്കുന്നത്. പറന്പിലെ കൃഷിപ്പണികൾക്കും പശുക്കൾക്കുള്ള പുല്ല് അരിയുന്നതിനുമായി മാത്തുക്കുട്ടി, തോമസ് എന്നീ സഹായികളുമുണ്ട്.
പശുത്തൊഴുത്തിലെ പണികളെല്ലാം സിസ്റ്ററിന്റെയും അഴകന്റെയും നേതൃത്വത്തിലാണ് ചെയ്യുന്നത്. അഴകൻ മറ്റു ഫാമുകളിലും കറവയ്ക്കു പോകുന്നതിനാലാണ് ആദ്യ കറവ രാവിലെ പത്തിനു നടക്കുന്നത്. നാല്പതിലധികം ലിറ്റർ പാൽ പതിവായി ലഭിക്കും.
പശുക്കളിലേതെങ്കിലും ചനയിലാണെങ്കിൽ കുറവുണ്ടാകും. ഇരുപത്തിയഞ്ച് ലിറ്ററോളം പാൽ മഠത്തിലെ ആവശ്യത്തിന് ഉപയോഗിക്കും. ബാക്കി മഠവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ആവശ്യക്കാർക്കും നൽകും.
പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് പശുക്കൾക്ക് നൽകുന്നത്. പശുക്കൾക്ക് വെള്ളം കുടിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്.