രണ്ടുപതിറ്റാണ്ടിലേറെ സ്വന്തമായി നടത്തിയ സൂക്ഷ്മപഠനത്തിലൂടെ കണ്ടെത്തിയ അറിവുകൾ പ്രയോജനപ്പെടുത്തി തേൻകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിയായ കൂട്ടുങ്കൽ ജോമി തോമസ്.
വർഷങ്ങൾക്കു മുമ്പ് പിതാവ് നൽകിയ ഒരു ചെറുതേനീച്ചപ്പെട്ടിയിൽനിന്നായിരുന്നു തേൻകൃഷിയുടെ തുടക്കം. തേനും തേനീച്ചയും ഇദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. അതിനാൽതന്നെ തേൻകൃഷിയിൽ പുത്തൻപരീക്ഷണങ്ങൾക്ക് ജോമി മുന്നോട്ടുവന്നു.
ഇങ്ങനെ ലഭിച്ച പുത്തൻ അറിവുകളാണ് സിബിഎസ്ഇ സ്കൂളുകളിലെ പാർട്ട് ടൈം ചിത്രകല അധ്യാപകൻ കൂടിയായ ജോമിയെ ശ്രദ്ധേയനാക്കുന്നത്.
തേനീച്ചകളുടെ സ്വഭാവം, ഭക്ഷണരീതി, തേൻനിർമാണം, വ്യത്യസ്ത ഇനം തേനീച്ചകളുടെ സവിശേഷതകൾ എന്നിവയെല്ലാം ഒരുപതിറ്റാണ്ടോളം നിരീക്ഷിച്ചാണ് ഈ കർഷകൻ തേനീച്ചകൃഷിയിൽ സ്വന്തമായ പാത വെട്ടിത്തുറന്നത്.
പുരയിടത്തിൽ 250 തേനീച്ചകോളനികൾ
ലളിതമായ രീതിയിൽ ആരംഭിച്ച ചെറുതേനീച്ചകൃഷി ഘട്ടംഘട്ടമായി വർധിപ്പിച്ച് 250 തേനീച്ചകോളനിയിൽ എത്തിക്കാൻ ഇദ്ദേഹത്തിനായി. ബി-ഹണി ഇടുക്കി എന്ന ബ്രാൻഡിലാണ് ചെറുതേൻ വിപണനം നടത്തിവരുന്നത്.
കിലോയ്ക്ക് ശരാശരി 2,500 രൂപയ്ക്കാണ് വിൽപ്പന. അനുകൂല കാലാവസ്ഥ തേൻ ഉത്പാദനത്തിന് പ്രധാനമാണ്. വീടിനോടു ചേർന്ന അരയേക്കർ പുരയിടത്തിൽ ജാതി, കൊക്കോ, തെങ്ങ്, കുരുമുളക്, റമ്പുട്ടാൻ, തന്നാണ്ടുകൃഷികൾ എന്നിവയ്ക്കൊപ്പമാണ് തേനീച്ചകോളനികൾ സ്ഥാപിച്ചിരിക്കുന്നത്.
പരിപാലനം
മറ്റുജോലികൾക്കിടയിലും ആയാസമില്ലാതെ ചെയ്യാൻ കഴിയുന്നുവെന്നതാണ് തേനീച്ചകൃഷിയുടെ പ്രത്യേകത. വീടിനോടുചേർന്ന ഭാഗത്തും പുരയിടങ്ങളിലും മഴ നനയാതെ സൂക്ഷിക്കാനായാൽ എത്ര കോളനി വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പുരയിടങ്ങളിൽ സ്റ്റാന്റിൽ ഉറപ്പിച്ചും വീടിന്റെ ഇറമ്പിൽ വള്ളിയിൽ കെട്ടിത്തൂക്കിയും കൂടുകൾ സ്ഥാപിക്കാം. കൂടിനുള്ളിൽ ഈർപ്പം തട്ടിയാൽ ഈച്ചകൾ ചത്തുപോകാനും കൂട് ഉപേക്ഷിച്ച് പോകാനും സാധ്യതയേറെയാണ്.
ഇതോടൊപ്പം മുട്ടകളിൽ പൂപ്പൽ ബാധിക്കുകയും മുട്ട വിരിയാതിരിക്കുകയും ചെയ്യും. അതിനാൽ ഏറെ ശ്രദ്ധ ഇക്കാര്യത്തിൽ അനിവാര്യമാണ്. അമിതമായ ചൂടും ദോഷം ചെയ്യും. കൂടുകളുടെ പ്രവേശന കവാടങ്ങൾ തമ്മിൽ ഒരടി അകലമെങ്കിലും വേണം.
തേനീച്ചകൾ അവരവരുടെ സ്വന്തം കൂട് കണ്ടെത്തുന്നത് ഗന്ധം, ശബ്ദം എന്നിവയിലൂടെയാണ്. ഓരോ കോളനിയിലേയും ഈച്ചകൾക്ക് വ്യത്യസ്ത ഗന്ധമാണുള്ളത്. സ്വന്തം കൂട്ടിലെ ഈച്ചകളെ തിരിച്ചറിയുന്നതും ഇതിലൂടെയാണ്.

കൂട് നിർമാണം
തേനീച്ചകൾക്കായി കൂട് നിർമിക്കുന്ന കാര്യത്തിലും ഏറെ ശ്രദ്ധയും കരുതലും ആവശ്യമുണ്ടെന്നാണ് ജോമിയുടെ അഭിപ്രായം. മുള ഉപയോഗിച്ച് നിർമിക്കുന്ന കൂടുകളാണ് ചെറുതേനീച്ചകൾക്ക് ഏറ്റവും അനുയോജ്യം.
ഇതിലെ ശീതളിമ പകരുന്ന അന്തരീക്ഷം തേനീച്ചകൾക്ക് ഏറെ സഹായകമാണ്. ഇതിനു പുറമേ കറയുള്ള മരങ്ങളുടെ പലക ഉപയോഗിച്ച് കൂട് നിർമിക്കുന്നതും നല്ലതാണ്. കറയുള്ളതും ഗന്ധമില്ലാത്തതുമായ മരങ്ങളുടെ പലക ഉപയോഗിച്ച് കൂട് നിർമിച്ചാൽ കൂടുതൽ തണുപ്പ് നിലനിൽക്കും.
ചെറിയ കൂടുകൾക്ക് സ്ഥലപരിമിതിയുള്ളതിനാൽ റാണി ഈച്ച കൂടുതൽ മുട്ടകളിട്ട് വിരിയിക്കുമ്പോൾ സെറ്റ് പിരിക്കൽ നടത്തും. അതിനാൽ വലിപ്പമുള്ള കൂടുകളാണ് അനുയോജ്യം. അല്ലെങ്കിൽ തേനിന്റെ ഉത്പാദനം കുറയും.
വ്യത്യസ്ത തരം തേനീച്ചകൾ
വലിയ മരങ്ങളിലും പാറയിടുക്കിലും വനാന്തർഭാഗങ്ങളിലും കൂട് നിർമിക്കുന്ന ഏറ്റവും ആക്രമണകാരികളായ പെരുംതേനീച്ച, മരപ്പൊത്തിലും മണ്പൊത്തിലും കയ്യാലപ്പൊത്തുകളിലും ധാരാളമായി കാണുന്ന ഇറ്റാലിയൻ തേനീച്ചകൾ, കറുപ്പുനിറം കൂടുതലുള്ള ഞൊടിയൻ തേനീച്ചകൾ, മരക്കൊന്പുകളിൽ കോലുപോലുള്ള ആകൃതിയിൽ തൂങ്ങികിടക്കുന്ന കോൽത്തേനീച്ചകൾ, വലിപ്പത്തിലും നിറത്തിലും സ്വഭാവത്തിലും വ്യത്യസ്തതയുള്ള ചൂടുകൂടിയ കാലാവസ്ഥയിലുള്ള ചെറുതേനീച്ചകൾ, ചെറിയ വലിപ്പമുള്ളതും ദേഹത്തും ചിറകുകളിലും വെള്ളനിറം കൂടിയതുമായ കണ്ണിത്തേനീച്ചകൾ അഥവാ വെള്ളതേനീച്ചകൾ, വലിപ്പവും ആരോഗ്യവും കൂടുതലുള്ള പന്നിമൂക്കൻ തുടങ്ങിയ ഇനം തേനീച്ചകളുണ്ടെന്നാണ് ജോമി കണ്ടെത്തിയിരിക്കുന്നത്.
തേനീച്ച കൃഷിയിൽ തന്റെ നാലുപതിറ്റാണ്ടുകാലയളവിലെ അനുഭവം മുൻ നിർത്തി ഇദ്ദേഹം "കൂടുണ്ടോ, തേൻ തരാം' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഭാര്യ സാലിയും മകൻ ജിബിനും പ്രോത്സാഹനവുമായി കൂടെയുണ്ട്.
ഫോണ്: 9447721413
Tags : Agriculture Karshakan