x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യമൃഗങ്ങളെ അതിജീവിച്ച് കനകരാജിന്‍റെ പച്ചക്കറിക്കൃഷി

ജോജി വര്‍ഗീസ്
Published: June 9, 2026 01:13 PM IST | Updated: June 9, 2026 01:13 PM IST

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം പതിവായ പ്രദേശത്ത് പച്ചക്കറിക്കൃഷി വിജയകരമായി നടത്തി ശ്രദ്ധേയനാകുകയാണ് ഗോത്ര യുവാവ് കനകരാജ്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാളിച്ചിറ ഉന്നതിയില്‍ താമസിക്കുന്ന കനകരാജ് ജോലിത്തിരക്കുകള്‍ക്കിടയിലും കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കയാണ്.

അര ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയ പച്ചക്കറിത്തോട്ടം നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും പ്രചോദനമായി മാറി. കാളിച്ചിറയില്‍ കൃഷി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആന, മാന്‍, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ ഏതുസമയത്തും കൃഷിയിടങ്ങളില്‍ കടന്നുകയറുന്ന സാഹചര്യമാണിവിടെ. ഈ പ്രതിസന്ധിയെ അതിജീവിച്ചാണ് കനകരാജ് കൃഷിയിടം പരിപാലിക്കുന്നത്.

വീടിനോട് ചേര്‍ന്ന സ്ഥലത്ത് ഇടവിളയായാണ് അദ്ദേഹം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പയര്‍, ബീന്‍സ്, കാബേജ്, ചീര, പച്ചമുളക്, പടവലം, വെള്ളരി, നേന്ത്രവാഴ തുടങ്ങിയ നിരവധി വിളകളാണ് കൃഷിയിടത്തിലുള്ളത്. ഓരോ സീസണിലും മികച്ച വിളവാണ് ലഭിക്കുന്നത്.

ദിവസേന ശരാശരി 30 കിലോഗ്രാം പയര്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് കനകരാജ് പറയുന്നു. വെള്ളരി, ചീര തുടങ്ങിയ വിളകളും നല്ല തോതില്‍ ലഭിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വിപണികളിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. നാട്ടുകാര്‍ കൃഷിയിടത്തിലെത്തിയും ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.

നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രമോട്ടറായി ജോലി ചെയ്യുന്ന കനകരാജ് ജോലിക്ക് പോകുന്നതിനുമുമ്പ് കൃഷിയിടത്തിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. പുലര്‍ച്ചെ ആറോടെ കൃഷിയിടത്തിലെത്തുന്ന അദ്ദേഹം ജലസേചനം, കളനീക്കം, വളപ്രയോഗം തുടങ്ങിയ ജോലികള്‍ നിര്‍വഹിച്ച ശേഷമാണ് ജോലിക്കിറങ്ങുന്നത്. വൈകുന്നേരങ്ങളിലും കൃഷിയിടത്തില്‍ സമയം ചെലവഴിക്കും.

വന്യമൃഗപ്രതിരോധത്തിന് വിവിധ മാര്‍ഗങ്ങള്‍ കനകരാജ് പരീക്ഷിക്കുന്നുണ്ട്. രാത്രി കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കൃഷിയിടം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമായ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ച അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയില്ല.

ഓരോ നഷ്ടവും പുതിയ പാഠമായി ഉള്‍ക്കൊണ്ടാണ് മുന്നോട്ടുള്ള യാത്ര. നാടന്‍കോഴി വളര്‍ത്തലും കനകരാജിന്റെ വരുമാന മാര്‍ഗങ്ങളിലൊന്നാണ്. കൃഷിയില്‍നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് കോഴിവളര്‍ത്തല്‍. ഇതിലൂടെ കുടുംബത്തിന് അധിക വരുമാനം ലഭിക്കന്നുണ്ട്. കൃഷിയില്‍ ആഭിമുഖ്യമുണ്ടെങ്കില്‍ ഏത് സാഹചര്യത്തിലും വിജയം നേടാമെന്ന് കനകരാജ് പറയുന്നു.

Tags : vegetable farming agriculture wild animals

Recent News

Corehub Up