ഇടുക്കി ജില്ലയിൽ ആലക്കോട് കണ്ടത്തിൽ മോളി ആന്റണിയുടെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല. മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ രസതന്ത്രമറിഞ്ഞ് നൂറുമേനി വിളവു നേടുന്ന ഇവർ പൂർണമായും ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്.
ആറേക്കറിൽ 35ഓളം വിളകളാണ് കൃഷി ചെയ്തിരിക്കുന്നത്. വ്യത്യസ്തയിനം പഴവർഗങ്ങളാണ് തഴച്ചുവളർന്ന് ഫലം ചൂടി നിൽക്കുന്നത്. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണിൽനിന്ന് വാങ്ങിയ 200ഓളം കായ്ഫലമുള്ള റംബുട്ടാൻ കൃഷിയിടത്തിലുണ്ട്.
ഞാലിപ്പൂവൻ, റോബസ്റ്റ, കാളി, ചുണ്ടില്ലാൻ, നേന്ത്രൻ ഇനത്തിൽപ്പെട്ട 600ഓളം വാഴ, മംഗോസ്റ്റിൻ, അബിയു, ഡ്രാഗണ് ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, ലിച്ചി, ഞാവൽ, പപ്പായ, പേര, ചാമ്പ, ചെറുനാരകം, നീലം, കൊളംബ്, മൂവാണ്ടൻ ഇനത്തിൽ മാവ്, പ്ലാവ് എന്നിവയും തോട്ടത്തിലുണ്ട്.
ഇതിനുപുറമെ ജാതി, കശുമാവ്, ടിതഡി, കുറ്റ്യാടി ഇനം തെങ്ങുകൾ, ആയിരത്തിൽപരം കമുക് എന്നിവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിപാലിച്ചുവരുന്നു. ഓരോ വിളകൾക്കും അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്.
പച്ചക്കറികൾ:
ഒട്ടുമിക്ക പച്ചക്കറികളും ഇവിടെയുണ്ട്. പാവൽ, പടവലം, തക്കാളി, കോവൽ, പീച്ചിൽ, ചുരയ്ക്ക, വള്ളിപ്പയർ, ചതുരപ്പയർ, വഴുതന, നിത്യവഴുതന, വെണ്ട, ചീര, കാന്താരി, കൊമ്പൻ, വെള്ളരി, കുന്പളം, മത്തൻ, മുരിങ്ങ തുടങ്ങിയവ കൃഷികളുമുണ്ട്.
വളപ്രയോഗം:
ചാരം, ചാണകം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് ചെടികൾക്ക് നൽകുന്നത്. ഒരു പശുവിനെയും പോത്ത് കിടാരിയെയും വളർത്തുന്നുണ്ട്. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന കീറി വെള്ളം എത്തിക്കുന്നതിനാൽ ജലസേചനം ഏറെ സൗകര്യപ്രദമാണ്.
തോട്ടത്തിൽ കാന കീറിയിരിക്കുന്നതിനാൽ വേനലിൽ മണ്ണിന്റെ ഈർപ്പം നിലനിർത്താനും വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.
പരമ്പരാഗതമായ കൃഷി അറിവുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ വിളകൾക്ക് കാര്യമായ കീടബാധ ഉണ്ടാകാറില്ല.

ചക്കച്ചുള വിതരണം
ചക്കച്ചുളയുടെ വിപണനവും ഈ വനിതാ കർഷകയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നു. 85ഓളം പ്ലാവുകളാണ് തോട്ടത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
മൂപ്പെത്തിയ ചക്ക വെട്ടിയൊരുക്കി ചുള പായ്ക്കറ്റുകളിൽ ആക്കി തൊടുപുഴ കാർഡ്സിലും പ്രാദേശിക മാർക്കറ്റുകളിലും വിൽപന നടത്തുകയാണ് ചെയ്യുന്നത്.
ഓർഡർ നൽകിയാൽ വീടുകളിലെത്തിച്ചും ഇവ നൽകും. കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് മോളി ആന്റണി പറഞ്ഞു.
ഡിസംബർ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ചക്ക സുലഭമായി ലഭിക്കുന്നത്. സീസണ് പ്രയോജനപ്പെടുത്തിയാണ് ചക്കച്ചുള വിൽപന നടത്തുന്നത്.
ഭാവിപദ്ധതി
ചക്കയുടെ ഔഷധ ഗുണവും പോഷകസന്പന്നയും പ്രയോജനപ്പെടുത്തി വിവിധ മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് തയാറെടുക്കുകയാണ് മോളി ആന്റണി.
കോഴയിൽ നടന്ന മൂല്യ വർധിത ഉത്പന്നങ്ങളുടെ പരിശീലനത്തിൽ പങ്കെടുത്ത ശേഷം ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്കപ്പഴം കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടെ നിർമാണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ഉപകരണങ്ങൾ ഉടൻ സജ്ജമാക്കും.
കിസാൻ സർവീസ് സൊസൈറ്റി അംഗമായ മോളി ആന്റണിക്ക് കാർഷിക മേഖലയിലെ പ്രവർത്തന മികവിന് കഐസ്എസിന്റെ നാഷണൽ തല അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭർത്താവ് ആന്റണി ഉത്പാദന-വിപണന പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ പിന്തുണ നൽകി വരുന്നു.
ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന മക്കളായ സൗമി, രമ്യ, ബിബിൻ എന്നിവർ നാട്ടിലായിരുന്നപ്പോൾ ആദ്യകാല കാർഷിക പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹകരണം നൽകിയിരുന്നു.
കൃഷി മികച്ച വരുമാനം മാത്രമല്ല, അനിതരണ സാധാരണമായ സന്തോഷവും നൽകുമെന്നാണ് മോളി ആന്റണിയുടെ അഭിപ്രായം.
ഫോണ്: 9847385813
Tags : Agriculture Karshakan