തേനീച്ചകൃഷിയിലും വിപണനത്തിലും നവതരംഗമായി ന്യൂജൻ ദന്പതികൾ. കുമളി ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാമിന്റെ പുതുതലമുറ സാരഥികളായ ടോം ഫിലിപ്പും മരിയയുമാണ് ചരിത്രം സൃഷ്ടിക്കുന്നത്.
കുമളിയിലെ ബീ ഫാമിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തേനീച്ചകളെ അടുത്തറിഞ്ഞ് തേൻ വാങ്ങാനുള്ള അവസരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. തേനീച്ചയുടെ ഉറ്റതോഴൻ കുമളി അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യുവിന്റെ പാത പിന്തുടർന്നാണ് ബിടെക് ബിരുദധാരിയായ ടോം തേനീച്ച പരിപാലനത്തിലേക്ക് എത്തിയത്.
ടോമിനു കൂട്ടായി എത്തിയ എംഎസ്ഡബ്ല്യു ബിരുദധാരി മരിയയും കാനഡയിലെ ജോലി ഉപേക്ഷിച്ചാണ് ബിസിനസിൽ പങ്കാളിയായത്. ഇന്ത്യയിലും വിദേശത്തുമായി എഴുപത് ടണ് തേൻ ഫിലിപ്സ് ഹണി വിപണിയിൽ എത്തിക്കുന്നുണ്ട്.
1993ൽ കുമളിയിലേക്ക് കുടിയേറിയ ഫിലിപ്പച്ചൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തേൻ ഉത്പാദകരിൽ ഒരാളാണ്. ഫിലിപ്പിന്റെ പുരയിടത്തിലും പരിസരത്തുമായി ആയിരത്തിലധികം വൻതേനീച്ചപ്പെട്ടികളും അറുനൂറിലധികം ചെറുതേനീച്ചപെട്ടികളുമുണ്ട്.
സീസണിൽ വൻതേൻ പെട്ടിയിൽനിന്ന് 20 കിലോയും ചെറുതേൻ പെട്ടിയിൽനിന്ന് 750 ഗ്രാമും തേൻ ലഭിക്കും.

തേൻ വില്പനയ്ക്കൊപ്പംതന്നെ ആവശ്യക്കാർക്ക് തേനീച്ചക്കൂടുകൾ അതാത് സ്ഥലത്തെത്തിച്ചു കൊടുക്കുകയും തേനീച്ച വളർത്തലിന് ആവശ്യമായ പരിശീലനവും മാർഗനിർദേശവും ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാമിന്റെ നേതൃത്വത്തിൽ നൽകിവരുന്നു.
വീട്ടുപരസരത്തെ ഫാം കൂടാതെ 37 ഇടങ്ങളിൽ ബീ ഫാം സജ്ജീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ ആറളം ഫാമിൽ 2,500 പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ ഒരു സീസണിൽ 40,000 തേനീച്ചപ്പെട്ടികൾ വിതരണം ചെയ്തിട്ടുണ്ട്.
ശുദ്ധമായ വൻതേൻ, ചെറുതേൻ, ഹണി വാക്സ് എന്നിവയാണ് വിപണനം നടത്തുന്നത്. ഹൈറേഞ്ചിലെ വനഭൂമിയിലെയും കൃഷിയിടങ്ങളിലെയും വ്യത്യസ്ത ഇനം പൂക്കളിലെ മധുവടങ്ങിയതിനാൽ ഔഷധഗുണമുള്ള ഫിലിപ്സ് ഹണിക്ക് ആവശ്യക്കാർ ഏറെയാണ്.
തായ്സിക് ബ്രൂഡ് രോഗത്തെ തടഞ്ഞു
പാരന്പര്യ തേനീച്ചക്കൃഷിയിൽ ശാസ്ത്രീയതയും സാങ്കേതിക വൈദഗ്ധ്യവും ഇടകലർത്തിയാണ് ഫിലിപ്പ് തേനീച്ചകളെ പരിപാലിക്കുന്നത്. 1991-1992ൽ തേനീച്ചകൾ കൂട്ടത്തോടെ ചത്തുപോയ തായ്സിക് ബ്രൂഡ് എന്ന രോഗം പടർന്നു പിടിച്ചപ്പോൾ പ്രതിവിധി കണ്ടെത്തി ഫിലിപ്പ് മാതൃകയായി.
പച്ചമഞ്ഞളും ആയുർവേദകൂട്ടുകളും ചേർത്തു തയാറാക്കിയ മരുന്ന് രോഗത്തെ ഫലപ്രദമായി തടയുന്നതായിരുന്നു. മരുന്നിന് ഖാദി ബോർഡ്, ഖാദി കമ്മീഷൻ, പൂന തേനീച്ച ഗവേണകേന്ദ്രം എന്നിവയുടെ അംഗീകാരം ലഭിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുടെയും 15 പുരസ്കാരങ്ങളും വിവിധ സംഘടനകളുടെയും നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫോണ്: +91 9400021196, 9961462885.
Tags : Agriculture Karshakan