ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.
ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി.
എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്.
കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ.
എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം.
പഠനകാലത്തെ പാഷനു പിന്നാലെ
2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന മേളകളിലാണ് പങ്കെടുത്തിരുന്നത്. കുറച്ച് സ്റ്റോക്ക് എടുക്കും.
അതുമായി പ്രദർശനത്തിനു പോകും. അതു വിറ്റു തീരുമ്പോൾ മടങ്ങും എന്നതായിരുന്നു രീതി. എക്സിബിഷനുകളിൽനിന്നും ചെടി വാങ്ങുന്നവർ പിന്നീട് കാണുമ്പോൾ നല്ല ചെടിയായിരുന്നു, ഇപ്പോഴും ആരോഗ്യത്തോടെ വളരുന്നുണ്ട് എന്നൊക്കെ പറയുന്നത് വലിയ പ്രചോദനമായി.
അങ്ങനെ എറണാകുളത്തെ വീട്ടിലേക്കും എട്ടു സെന്റ് സ്ഥലത്തേക്കും തന്റെ പാഷനെ മൻമോഹൻ എത്തിച്ചു. 2014 ൽ 5,000 രൂപയുടെ സ്റ്റോക്കുമായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് നഴ്സറി ആരംഭിച്ചു.
അങ്ങനെ ഇൻഡോർ പ്ലാന്റുകളെ വളർത്തിയും വിൽപ്പന നടത്തിയും പഠനകാലത്തേ സ്വന്തം വഴി ഈ യുവാവ് കണ്ടെത്തിയിരുന്നു. പക്ഷേ, വാടക സ്ഥലങ്ങൾക്ക് പരിമിതികളുണ്ട്.
കാരണം പെട്ടെന്ന് സ്ഥലം മാറുമ്പോഴൊക്കെയും ഈ ചെടികളെ പാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോവുക, അവയെ വീണ്ടും പരിപാലിച്ചു വളർത്തുക അൽപ്പം റിസ്കാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ട ചെടികൾ നശിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. സ്വന്തമായി അൽപ്പം സ്ഥലം അതിലൊരു നഴ്സറി എന്ന സ്വപ്നം അങ്ങനെ മൻമോഹന്റെയുള്ളിൽ കടന്നു കൂടി.

സ്വന്തമായ ഇടം
ഒരു വർഷം മുന്‍പ് കാസർഗോഡ് ജില്ലയിലെ നീർച്ചാലിൽ ഒന്നര ഏക്കർ സ്ഥലം വാങ്ങി. പൈ അഗ്രി ഫാം ആൻഡ് നഴ്സറിയിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇൻഡോർ പ്ലാന്റുകളാണ് പ്രധാനമായുമുള്ളത്.
മണിപ്ലാന്റിന്റെ 12ലധികം വ്യത്യസ്തയിനങ്ങൾ, പീസ് ലില്ലി, സ്നേക്ക് പ്ലാന്റ്, സിംഗോണിയ, തുടങ്ങിയവയ്ക്കൊപ്പം ബൊഗെയിൻ വില്ലയും മറ്റു സീസണൽ പൂച്ചെടികളുമുണ്ട്.
ഇൻഡോർ പ്ലാന്റ് ഇനത്തിൽ വരുന്ന അൽപം ഉയരം വെയ്ക്കുന്ന ലക്കി ബാംബൂവുമുണ്ട്. 3500ഓളം ഓർക്കിഡുകളുണ്ട്. മൊത്തമായും ചില്ലറയായും വിൽപന നടത്തുന്നുണ്ട്.
ഓണ്‍ലൈനായും ഓഫ്ലൈനായുമാണ് കച്ചവടം. മീഷോയാണ് പ്രധാന ഓണ്‍ലൈൻ പ്ലാറ്റ്ഫോം. വാട്ട്സാപ്പിലും മറ്റും ലഭിക്കുന്ന ഓർഡറുകളും സ്വീകരിക്കും.
ഇന്ത്യയിൽ എല്ലായിടത്തേക്കും പാർസൽ സർവീസുണ്ട്. കൂടാതെ, കേരളത്തിൽ ധാരാളം ചെറുകിട കടകളിലേക്കും ചെടികൾ വിതരണം ചെയ്യുന്നുണ്ട്.
പ്രദർശന വിപണന മേളകളിലും പങ്കെടുക്കുന്നുണ്ട്. അറിഞ്ഞും കേട്ടും നേരിട്ടെത്തുന്ന ഉപഭോക്താക്കളുമുണ്ടെന്ന് മൻമോഹൻ പറയുന്നു. നൂറു കിലോമീറ്ററിനുള്ളിലുള്ള ഓർഡറുകളാണെങ്കിൽ നേരിട്ട് എത്തിച്ചു നൽകും.
ആമസോണ്‍, ഫ്ളിപ്കാർട്ട് എന്നീ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലേക്കും ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഉടനെ എത്തും.

പാഷനാണ് പ്രധാനം
മദർ പ്ലാന്റുകളിൽ നിന്നുമാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്. നഴ്സറിയിൽ സഹായത്തിനായി രണ്ടു ജോലിക്കാരുണ്ട്. എല്ലാക്കാലത്തും ഡിമാൻഡുള്ള ഇനമാണ് ഇൻഡോർ പ്ലാന്റുകൾ.
മാത്രവുമല്ല റിസ്കും കുറവാണ്. പക്ഷേ, വിപണിയിൽ എപ്പോഴും നല്ല കച്ചടം ഉണ്ടാകണമെന്നില്ല. ഇടയ്ക്ക് വില്പന കുറയും. ചിലപ്പോൾ പ്രതീക്ഷിക്കാത്ത സമയത്ത് ഉയർന്ന വിൽപനയുണ്ടാകും.
അതുകൊണ്ട് വരുമാനം അല്ലെങ്കിൽ ലാഭം എത്ര കിട്ടും എന്നു നോക്കി മാത്രം കൃഷി ചെയ്യാനാകില്ല. പാഷനാണ് പ്രധാനം, നഴ്സറി പതിയെ വളരുന്നതെയുള്ളു.
അതുകൊണ്ടു തന്നെ ചെറുകിട കച്ചവടക്കാരിലേക്കാണ് ചെടികൾ അധികവും എത്തിക്കുന്നത്. വലിയ ഉപഭോക്താക്കളിലേക്ക് വരും വർഷങ്ങളിൽ എത്തും.
പ്രതിവർഷം 16 ലക്ഷം ചെടികളുടെ വില്പനയാണ് ലക്ഷ്യം. അതിലേക്ക് എത്താനാകുമെന്നും മൻമോഹൻ പറഞ്ഞു. മാതാപിതാക്കളും ഭാര്യ ചൈത്രയും മകൻ ആയുഷും മൻമോഹനു പൂർണപിന്തുണയുമായി കൂടെയുണ്ട്.
ഫോണ്‍: 9061248143
Tags : Agriculture Karshakan