"മണ്ണ് പൊന്നാണ്..... മനസ് വിത്താണ്’ എന്ന ആപ്തവാക്യം അന്വർഥമാക്കുകയാണ് കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ. സ്കൂൾ മാനേജർ റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിലിന്റെ അനുഗ്രഹത്തോടും ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിലും അധ്യാപകരും വിദ്യാർഥികളും കൈകോർത്തപ്പോൾ കഴിഞ്ഞ പത്തു വർഷമായി സ്കൂൾ വളപ്പിലെ മണ്ണിൽ പൊന്നു വിളയുകയാണ്.
മികച്ച കർഷകനായ പിടിഎ പ്രസിഡന്റ് ജോളി ജോസഫ് എല്ലാ പിന്തുണയുമായി അധ്യാപകർക്കൊപ്പമുണ്ട്. സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിനാണ് ഈ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.
വൈവിധ്യമാർന്ന കൃഷി രീതികൾ
സ്കൂളിനു ചുറ്റുമുള്ള അരയേക്കറോളം സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കൃഷി രീതികളാണ് ഇവിടെ അവലംബിക്കുന്നത്.
"കുംഭത്തിൽ നട്ടാൽ കുടത്തോളം' എന്ന് പറയുന്നതുപോലെ കുംഭമാസത്തിൽ തന്നെ കിഴങ്ങുവർഗങ്ങളായ കാച്ചിൽ, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്ത് തുടങ്ങുന്നു.
സ്കൂൾ വളപ്പിലെ ചപ്പുചവറുകൾ മുഴുവൻ കുഴികളിലിട്ട് മൂടി തടം തയാറാക്കുന്നു. സ്കൂൾ വളപ്പിൽനിന്നുതന്നെ ശേഖരിക്കുന്ന വിത്തുകൾ ഉപയോഗിക്കുന്നു എന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
തുടർന്നുള്ള മാസങ്ങളിൽ പയർ, പാവൽ, കോവൽ, വെണ്ട, വെള്ളരി, വഴുതന, തക്കാളി, പടവലം, കുക്കുന്പർ, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നു.
കുട്ടികൾക്കു പരസ്പര സഹകരണവും ഉത്തരവാദിത്വ ബോധവും പ്രകൃതിയോടുള്ള സ്നേഹവും വളർത്താൻ ഇവിടുത്തെ കൃഷിരീതികൾ സഹായകമാകുന്നു. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി അടുക്കള മാലിന്യത്തിൽനിന്നു നിർമ്മിക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്.
ഇതു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ സഹായിക്കുന്നു. വിദ്യാർഥികളും അധ്യാപകരും ഒത്തൊരുമിച്ചു പച്ചക്കറി പരിപാലനവും വെള്ളം നനക്കലും കളപറിക്കലും വളമിടീലുംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു പോരുന്നു.
ആഴ്ചകൾക്കുള്ളിൽതന്നെ നട്ടുനനച്ച വിത്തുകളെല്ലാം മുളപൊട്ടുന്നതിലൂടെ പച്ചക്കറിത്തോട്ടം പച്ചപ്പുകൊണ്ട് നിറയാൻ തുടങ്ങും. വളർച്ചയുടെ ഓരോ ഘട്ടവും കുട്ടികൾക്കു നേരിട്ടു മനസിലാക്കാൻ സാധിക്കുന്നത് അവർക്കു ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ്.
തോട്ടത്തിന്റെ പല ഭാഗങ്ങളിലും നട്ടുപിടിപ്പിച്ചിട്ടുള്ള ബന്തിച്ചെടികളുടെ പ്രത്യേക ഗന്ധം കീടങ്ങളെ പച്ചക്കറിത്തോട്ടത്തിൽനിന്ന് അകറ്റി നിർത്തുന്നു. ഇവർ സ്വീകരിച്ചിരിക്കുന്ന പ്രകൃതി തരുന്ന ഈ ജൈവ പ്രതിരോധ മാർഗം തികച്ചും മാതൃകാപരമാണ്.
സമഗ്രമായ മാറ്റങ്ങൾ
വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിക്കുന്നതിലൂടെ വിഷാംശമില്ലാത്ത പച്ചക്കറികൾ കഴിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സീസണ് സമയത്ത് ലഭിക്കുന്ന കുക്കുന്പർ ഉപയോഗിച്ച് നിർമിക്കുന്ന സലാഡ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പറന്പിൽ ഏകദേശം 400 മൂട് കപ്പ കൃഷി ചെയ്യുന്നുണ്ട്, കപ്പയിലെ തന്നെ നാടൻ ഇനങ്ങളാണ് ഇവിടെ കൃഷിചെയ്ത് പോരുന്നത്.
ശീതകാല വിളകൾ
നവംബർ മാസത്തോടെ ശീതകാല കൃഷിക്ക് നിലമൊരുക്കുകയാണ് അടുത്ത ഘട്ടം. ശീതകാല വിളകളായ കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ നവംബർ മാസം നടുന്നതോടെ ശീതകാല കൃഷിക്കു തുടക്കമായി.
വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിടുന്ന ശീതകാല വിളകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും കാഴ്ചയുടെ വസന്തം വിടർത്തും. ഈ വിളകൾ കാണുന്നതിനും കൃഷി രീതികൾ മനസിലാക്കുന്നതിനുമായി ധാരാളം ആളുകൾ സ്കൂളിലെത്താറുണ്ട്.
കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ സ്കൂളിൽ ഭക്ഷ്യമേള നടത്തിവരുന്നു. തോട്ടത്തിൽനിന്നു പറിച്ചെടുക്കുന്ന കപ്പയും ചേനയും കാച്ചിലുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ മേളയുടെ മാറ്റുകൂട്ടുന്നു. നാടൻ വിഭവങ്ങൾ ആണ് ഭക്ഷ്യമേളയുടെ ആകർഷണീയത.
കപ്പബിരിയാണിയാണ് രുചിയിലും ജനപ്രീതിയിലും മുന്നിൽ. വറ്റ മീൻ കൊണ്ടുണ്ടാക്കിയ മീൻകറിയും കപ്പയും ആണ് മറ്റൊരു വിഭവം, കോളിഫ്ളവർ ബജി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു വിഭവമാണ്.
ഒട്ടേറെ മറ്റു വിഭവങ്ങളും ഭക്ഷ്യമേളയിൽ ഇടം പിടിക്കാറുണ്ട് കൂടാതെ പറമ്പിൽനിന്നു ശേഖരിക്കുന്ന പച്ചക്കറികൾ, കപ്പ, ചേന, കാച്ചിൽ, ചേന്പ് തുടങ്ങിയവ വാങ്ങുവാൻ നിരവധി നാട്ടുകാരും മാതാപിതാക്കളും എത്തിച്ചേരാറുണ്ട്. നാടിന്റെ ഉത്സവമായി ഇവിടുത്തെ ഭക്ഷ്യമേള മാറിയിട്ടുണ്ട് എന്നതാണ് സത്യം.

അംഗീകാരങ്ങളുടെ നെറുകയിൽ
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന കൃഷി വകുപ്പ്, കേന്ദ്ര പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, കോട്ടയം ജില്ലാ കൃഷി വകുപ്പ്, ചങ്ങനാശേരി സബ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മന്റ്, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് തുടങ്ങി നിരവധി ഇടങ്ങളിൽനിന്നു ബിനുസാറിനെയും സ്കൂളിനെയും തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.
2019ൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡും 2025ൽ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഏറ്റവും മികച്ച അധ്യാപക അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
കൂടാതെ കേരള സർക്കാരിന്റെ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ പച്ചക്കറി വികസന പരിപാടിയിൽ പൊതുസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഈ വിദ്യാലയം കരസ്ഥമാക്കി.
കോട്ടയം ജില്ലാ കൃഷി വകുപ്പിന്റെ മികച്ച പ്രഥമാധ്യാപകൻ, ജില്ലയിലെ മികച്ച പൊതുസ്ഥാപനം, മാടപ്പള്ളി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയം, രാഷ്ട്രദീപിക ലിമിറ്റഡ് ഏർപ്പെടുത്തിയ "ജൈവ നന്മ’ അവാർഡ്, പോസ്റ്റൽ വകുപ്പിന്റെ "സ്വച്ഛതാ ഹി സേവ’ പുരസ്കാരം എന്നിവ അവയിൽ ചിലതാണ്.
സ്കൂൾ വളപ്പിൽ പരിപാലിച്ചുപോരുന്ന ഫലവൃക്ഷങ്ങളും പൂന്തോട്ടവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ഓണത്തിനു മുന്നോടിയായി ഓണപ്പൂക്കളത്തിനുള്ള ബന്ദിപ്പൂ കൃഷി ഒരു കാഴ്ച തന്നെയാണ്. ഉദ്യാനത്തിനു നടുവിലുള്ള മീൻകുളവും ഹൃദ്യമായ കാഴ്ച നൽകുന്നു.
12 മാസവും ഫലം തരുന്ന പ്ലാവ്, മാവ്, പേര, ലൂവി, പീനട്ട്, സപ്പോർട്ട തുടങ്ങിയ ഫല വൃക്ഷങ്ങളും ലക്ഷ്മി തരു, മാതളം, നെല്ലി പോലുള്ള ഔഷധ വൃക്ഷങ്ങളും ഇവിടുത്തെ ജൈവ ഉദ്യാനത്തിന് മാറ്റ് കൂട്ടുന്നു.
കൂട്ടായ്മയുടെ വിജയമായി മാറിയ ഇവിടുത്തെ കൃഷി പ്രവർത്തനങ്ങൾ വളരെ അനുകരണീയമാണ്. വിദ്യർഥികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനുള്ള മാടപ്പള്ളി പഞ്ചായത്തിന്റെ ഈ വർഷത്തെ സമഗ്ര പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതും ഈ വിദ്യാലയത്തിൽവെച്ചായിരുന്നു.
കഴിഞ്ഞ ഒരു ദശകത്തോളമായി ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തിയ ഈ കൂട്ടായ പരിശ്രമം സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ്.
കുട്ടിക്കർഷകൻ ഇ-മെയിൽ വിലാസം: [email protected]
Tags : Kurumpanadom Karshakan Agriculture