വൈദികവൃത്തിയുടെ വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ സന്ദേശവും ജനങ്ങളിലേക്ക് പകരുകയാണ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ കൊല്ലം തില്ലേരി സെന്റ് ആന്റണീസ് ആശ്രമത്തിലൂടെ. വിശുദ്ധ ഫ്രാൻസിസിനെപോലെ ലാളിത്വവും സാഹോദര്യവും പ്രാർഥനയും പ്രകൃതിയോടു ചേർന്നുള്ള ജീവിതവുമാണ് ആശ്രമത്തിൽനിന്നും ഒഴുകുന്നത്.
പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ചെടികളും മൃഗങ്ങളും പക്ഷികളും ആശ്രമത്തിനൊരു ചൈതന്യമാണ് പകരുന്നത്. ആറ് ഏക്കർ വരുന്ന കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് കണ്ണിനു കുളിരു പകരുന്നു.
ഇവിടെയാണ് പശുഫാം സ്ഥിതി ചെയ്യുന്നത്. എച്ച്എഫ്, ജേഴ്സി, എച്ച്എഫ് ക്രോസ് ഇനത്തിൽപ്പെട്ട 20 പശുക്കളും രണ്ട് എരുമകളും ആറോളം പശുക്കിടാങ്ങളും ഫാമിനൊരു ജീവനാണ് നൽകുന്നത്.
പശുഫാമിന്റെ പരിപാലകനായ ഫാ. അൽഫോൻസ് ലൂഷ്യസിനെ കാണുന്പോൾ ആ പശുക്കിടാങ്ങളുടെ സന്തോഷപ്രകടനം കാണേണ്ടതുതന്നെ. സാധാരണനിലയിൽ പശുഫാമിലേക്ക് അച്ചനെത്തുന്നതു ളോഹയിലല്ല.
എന്നും കാണുന്ന വേഷത്തിലെത്തിയാൽ പിന്നെ ശരീരത്തിലേക്ക് പാഞ്ഞുകയറിയുള്ള സ്നേഹപ്രകടനമാണ്. 21 അടി ഉയരത്തിലും 60 അടിനീളത്തിലും 45 അടി വീതിയിലുമുള്ള മനോഹരമായ പശുഫാമാണ് ഈ തോട്ടത്തിലെ മറ്റൊരു ആകർഷണം.
കാറ്റും വെളിച്ചവും കയറുന്ന ഫാം. പശുക്കൾക്കായി ഫാനും ഒരുക്കിയിട്ടുണ്ട്. കോണ്ക്രീറ്റ് തറകളും കന്നുകാലികളുടെ കാലിനു പ്രശ്നം ഉണ്ടാകാതെയിരിക്കാൻ റബർമാറ്റും കുടിക്കാൻ വെള്ളവും ഒരുക്കിയിട്ടുണ്ട്.
കുളിപ്പിക്കാൻ ഇഷ്ടംപോലെ വെളളം. വൃത്തിയും വെടിപ്പുമാണ് ഫാമിന്റെ പ്രത്യേകത. നിലവിൽ 12 പശുക്കളെ കറക്കുന്നുണ്ട്. 35 ലിറ്റർ പാലു നൽകുന്ന പശുക്കൾ വരെയുണ്ട്. രണ്ട് എരുമകളെയും കറക്കുന്നു.
വെളുപ്പിനെ അഞ്ചിനും ഉച്ചക്ക് രണ്ടിനുമാണ് യന്ത്രമുപയോഗിച്ചു കറക്കുന്നത്. ഇവയുടെ പരിപാലനത്തിനായി തൊഴിലാളികളുണ്ട്. ദിവസവും 150 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. ആവശ്യത്തിന് എടുത്തശേഷം കവറിലാക്കി പുറത്തു നാട്ടുകാർക്കു കൊടുക്കുന്നുണ്ട്.

കോണ്വെന്റുകൾക്കും മിൽമയ്ക്കും ബേക്കറികൾക്കും കൂടാതെ പാലെടുത്ത് ഉപജീവനം നയിക്കുന്ന ഒരാൾക്കും പാൽ നൽകുന്നുണ്ട്. ഇവയുടെ തീറ്റയ്ക്കായി ഒരേക്കർ സ്ഥലത്ത് തീറ്റപ്പുൽകൃഷി ചെയ്യുന്നു.
പശുക്കിടാങ്ങളെ പേരെടുത്തു വിളിച്ചാണ് തന്റെ സാന്നിധ്യം അച്ചനും വൈദിക വിദ്യാർഥികളും അറിയിക്കുന്നത്. മാളു, ചോട്ടി, അപ്പു, ഡെല്ല എന്നിവയാണ് പേരുകൾ. പേരുവിളി കേട്ടാൽ ഇവയുടെ സന്തോഷപ്രകടനം കണ്ടറിയേണ്ടതുതന്നെ.
ഇവിടുത്തെ ചാണകം വെറുതെ കളയാതെ കൃഷിക്ക് ഉപയോഗിക്കുകയാണ്. തീറ്റപ്പുൽകൃഷിക്കെല്ലാം ഉപയോഗിക്കുന്നത് ഈ ചാണകമാണ്. പശുക്കളെ കൂടാതെ ലാർജ് വൈറ്റ് ഇനത്തിൽപ്പെട്ട 20ഓളം പന്നികളാണ് ഫാമിലുള്ളത്.
കൃഷിത്തോട്ടത്തോടൊപ്പം പശുഫാമും മീൻവളർത്തലും ആടുഫാമും മുയലും കോഴിയും താറാവും വാത്തയും ഈ കൃഷിയിടത്തിലുണ്ട്. താറാവും കോഴിയും ചൈനീസ് വാത്തകളും കൂടെ മണിത്താറാവുകളും നിറഞ്ഞുനിൽക്കുന്നു. ഇവയ്ക്കെല്ലാം നീന്തിക്കളിക്കാൻ കുളവും ഈ കുളത്തിൽ മീൻ വളർത്തലുമുണ്ട്.
ശുദ്ധമായ പാലും മരുന്നടിക്കാത്ത പച്ചക്കറിയും ഉപയോഗിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ ഭൂമി ഉപയോഗപ്പെടുത്തുന്നത്. തെങ്ങ്, വാഴ കൂടാതെ സർവ പച്ചക്കറികളും ഈ ഭൂമിയിൽ നട്ടുവളർത്തുന്നുണ്ട്. കൃഷിപരിപാലനത്തിന്റെ ചുമതല ഫാ. ക്ലീറ്റസ് ആന്റണിക്കാണ്.
ഇതൊന്നും പണം ഉണ്ടാക്കാനോ, ലാഭം കൊയ്യാനോ ഒന്നുമല്ല. പ്രകൃതിയോടു ചേർന്നു ജീവിക്കുക. ശുദ്ധവായു ശ്വസിച്ചു ഈ പറന്പിലൂടെ നടക്കുക. ഓരോ ചെടിയുടെയും വളർത്തുമൃഗങ്ങളുടെയും അടുത്ത് അല്പനേരം പങ്കിടുന്പോൾ ലഭിക്കുന്ന അനുഭവം വലുതാണ്.
വിശുദ്ധ ഫ്രാൻസിസിനെ പോലെ പ്രാർഥന ജീവിതത്തോടൊപ്പം പ്രകൃതിയോടും ചേർന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഫാ. അൽഫോൻസ് ലൂഷ്യസ് പറയുന്നു.
ചിത്രങ്ങൾ: റോണോ റിബൈറോ
Tags : Agriculture Karshakan