ജോസ് പി. ജോർജ്
യുകെയിൽ സോഫ്റ്റ്വെയർ എൻജിനിയറായിരുന്ന ജോസ് പി. ജോർജ് പത്തു വർഷം മുൻപ് ജോലി രാജിവെച്ച് നാട്ടിലെത്തുന്പോൾ മനസിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയിലേക്കൊരു കുടിയേറ്റം.
എന്നാൽ, പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ല, ആ സ്വപ്നം പാതിവഴിയിൽ പൊലിഞ്ഞു. പക്ഷേ പാലാ രാമപുരം ഏഴാച്ചേരി സ്വദേശിയായ പാറേമാക്കൽ ജോസ് വെറുതെയിരിക്കാൻ തയാറായില്ല.
വിദേശത്തെ മികച്ച ഐടി കരിയറിനോട് വിടപറഞ്ഞ് വെറും 30 കോഴികളുമായി സ്വന്തം നാട്ടിൽ അദ്ദേഹം ഒരു പൗൾട്രി ഫാം ആരംഭിച്ചു. ഇന്ന് ആയിരക്കണക്കിന് കാടകളും കോഴികളും താറാവുകളുമായി പാറേമാക്കൽ അഗ്രി ഫാം എന്ന സംരംഭത്തിന്റെ ഉടമയാണ് ഈ എംസിഎക്കാരൻ.
30 കോഴികളിൽനിന്ന് തുടങ്ങിയ കാർഷിക വിപ്ലവം
ചെറുപ്പകാലം മുതൽക്കേ മുയലും കോഴിയുമൊക്കെ ജോസിന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. പഠനത്തിൽ ഉഴപ്പുമെന്നു പറഞ്ഞ് അന്ന് വീട്ടുകാർ നിരുത്സാഹപ്പെടുത്തിയെങ്കിലും, മൃഗങ്ങളോടും പക്ഷികളോടുമുള്ള ഇഷ്ടം കൈവിടാൻ അദ്ദേഹം തയാറായിരുന്നില്ല.
പിന്നീട് എംസിഎ പാസായി യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്തപ്പോഴും ജോസിൻറെ മനസ് കൃഷിക്കൊപ്പമായിരുന്നു. നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന സമയത്താണ് പരീക്ഷണാടിസ്ഥാനത്തിൽ 30 ബിവി 380 ഇനം കോഴികളെ വാങ്ങിയത്.
ഇതിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ 300 കാടകളെ വാങ്ങി കാടവളർത്തലിലേക്കും തിരിഞ്ഞു. വൈകാതെ കാടമുട്ടയ്ക്കും കാടയിറച്ചിക്കും വിപണിയിൽ ഡിമാന്റ് കൂടിയതോടെ പക്ഷികളുടെ എണ്ണം വർധിപ്പിച്ചു.
പുറത്തുനിന്ന് കുഞ്ഞുങ്ങളെ വാങ്ങുന്പോൾ വരുന്ന വലിയ ചെലവ് ഒഴിവാക്കാൻ ജോസ് സ്വന്തമായി ഇൻകുബേറ്റർ വാങ്ങാൻ തീരുമാനിച്ചു. ഒരേസമയം 6000 കാടമുട്ടകൾ വരെ വിരിയിക്കാൻ ശേഷിയുള്ള അത്യാധുനിക ഇൻകുബേറ്ററാണ് ഇന്ന് പാറേമാക്കൽ അഗ്രിഫാമിന്റെ കരുത്ത്.
ആഴ്ചയിൽ വിരിഞ്ഞിറങ്ങുന്നത് 3000 കാടക്കുഞ്ഞുങ്ങൾ
ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് 28 ദിവസം വളർത്തിയ ശേഷം വിൽക്കുന്ന രീതിയായിരുന്നു ആദ്യം സ്വീകരിച്ചിരുന്നത്. ഇതിനു ചെലവു കൂടിയതിനാലാണ് ഇൻകുബേറ്റർ വാങ്ങിയത്.
സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ കഴിയുന്നതിനാൽ മുൻപത്തേക്കാൾ ഉത്പാദനച്ചെലവ് കുറയ്ക്കാൻ കഴിഞ്ഞെന്ന് ഈ കർഷകൻ പറയുന്നു. ആഴ്ചയിൽ മൂവായിരം കാടക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന വിധത്തിലാണ് ഫാമിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ രണ്ടായിരം കുഞ്ഞുങ്ങളെ ഫാമിൽ തന്നെ വളർത്തും ബാക്കിയുള്ളവയെ ആവശ്യക്കാർക്ക് വിൽക്കും. കാടയ്ക്കു പുറമെ റെയിൻബോ റൂസ്റ്റർ പൂവൻ കോഴികൾ, വിഗോവ താറാവ്, ഗിനി തുടങ്ങിയവയും പാറേമാക്കൽ ഫാമിന്റെ ഐശ്വര്യമായി വളരുന്നുണ്ട്.
ആദ്യ രണ്ടാഴ്ച പ്രത്യേക പരിചരണം
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തട്ടുതട്ടുകളായിട്ടുള്ള പ്രത്യേക കൂട്ടിലാണ് ആദ്യം പാർപ്പിക്കുക. ഈ ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് കൃത്യമായി ചൂട് നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി 40 വാട്ടിന്റെ ബൾബുകളാണ് ഉപയോഗിക്കുന്നത്.
ഇരുന്നൂറോളം കുഞ്ഞുങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലാണ് ഓരോ കൂടുകളും തയാറാക്കിയിരിക്കുന്നത്. ചൂട് നൽകുന്നതിനൊപ്പം പ്രധാനപ്പെട്ടതാണ് ഭക്ഷണക്രമവും കുടിവെള്ളവും. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് കുടിവെള്ളം കൂടുകളിൽ എത്തിക്കുന്നത്.
തീറ്റയായി ആദ്യം പ്രീസ്റ്റാർട്ടറാണ് നൽകുക. വിരിഞ്ഞ് അഞ്ചു ദിവസങ്ങൾക്കു ശേഷം തീറ്റ ട്രേയിൽ വച്ചു നൽകും. പതിനാല് ദിവസം കഴിയുന്പോൾ ഇവയെ വിരിപ്പ് രീതിയിലുള്ള വലിയ കൂട്ടിലേക്ക് മാറ്റും.
വിരിപ്പിലേക്ക് മാറ്റുന്നതിനു മുൻപ് തറയിൽ വിരിക്കാൻ തീപ്പെട്ടി കന്പനികളിൽ നിന്ന് കൊണ്ടുവരുന്ന പ്രത്യേക അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നത്. ഇതിന് സാധാരണ അറക്കപ്പൊടിയുടെ അത്രയും പൊടിപടലങ്ങൾ ഉണ്ടാകില്ല എന്നത് പക്ഷികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഇത് പിന്നീട് കൃഷിക്കുള്ള മികച്ച ജൈവവളമായി വിൽക്കും. നാലാഴ്ച പ്രായമാകുന്പോൾ ഇവയ്ക്ക് ഫിനിഷർ തീറ്റ നൽകിത്തുടങ്ങും. നാലാമത്തെ ആഴ്ചയിൽ ആണ്, പെണ് കാടകളെ വേർതിരിക്കുകയാണ് അടുത്ത ഘട്ടം.
പെണ് കാടകളെ മുട്ട ഉത്പാദനത്തിനായും ആണ് കാടകളെ ഇറച്ചിക്കായും വിപണിയിൽ എത്തിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പ്രതിരോധ മരുന്നുകൾ നൽകുന്നതാണ് തന്റെ ഫാമിന്റെ വിജയരഹസ്യമെന്ന് ജോസ് പറയുന്നു.
പ്രതിസന്ധികളിൽ തളരാതെ ഐടി ബുദ്ധി കാർഷിക മേഖലയിൽ പ്രയോഗിച്ച ജോസ് ഇന്ന് ലക്ഷക്കണക്കിന് യുവാക്കൾക്ക് ഒരു വലിയ പ്രചോദനമാണ്.

മികച്ച മുട്ട ഉത്പാദനത്തിന് ശാസ്ത്രീയ പരിചരണം
ഫാമിൽനിന്ന് പ്രതിദിനം ശരാശരി 400 മുട്ടകൾ വരെ ലഭ്യമാകുന്ന തരത്തിലാണ് ഉത്പാദനം ക്രമീകരിച്ചിരിക്കുന്നത്. മുട്ടകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പതിവ് തീറ്റയ്ക്കൊപ്പം ബ്രോയിലർ സ്റ്റാട്ടർ കൂടി ഉൾപ്പെടുത്താറുണ്ട്.
വലിപ്പമുള്ള മുട്ടകളിൽനിന്ന് മാത്രമേ മികച്ച പ്രതിരോധശേഷിയും പെട്ടെന്ന് വളർച്ച കൈവരിക്കാനുള്ള കരുത്തുമുള്ള കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങൂ. വംശവർധനവിലെ പോരായ്മകൾ മൂലമുണ്ടാകുന്ന ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ അതീവ ശ്രദ്ധയാണ് ഇവിടെ നൽകുന്നത്.
മാനുവൽ ഹാച്ചറിയിൽ വളരുന്ന പെണ്കാടകളിൽ നിന്നാണ് വിരിയിക്കാനാവശ്യമായ മുട്ടകൾ പ്രധാനമായും കണ്ടെത്തുന്നത്. മുട്ട ഉത്പാദനത്തിൽ ഇടിവ് വരാതിരിക്കാൻ നിശ്ചിത സമയപരിധി കഴിയുന്പോൾ പഴയ ബാച്ചുകളെ മാറ്റും.
പകരം എല്ലാ മാസവും പുതിയ കുഞ്ഞുങ്ങളെ എത്തിക്കും. സാധാരണയായി ഒരു കാടയിൽനിന്ന് പരമാവധി പത്തുമാസം വരെയാണ് മുട്ട ലഭിക്കുക. ഇതിനുശേഷം മുട്ട ഉത്പാദനം കുറയുന്നതോടെ ഇവയെ ഇറച്ചി ആവശ്യങ്ങൾക്കായി വിപണിയിൽ എത്തിക്കുകയാണ് പതിവ്.
ഇറച്ചിക്കോഴിക്കു പിന്നാലെ ടർക്കിയും
കാടവളർത്തലിൽ തന്േറതായ മുദ്രപതിപ്പിച്ച ഈ കർഷകൻ ഇപ്പോൾ ഇറച്ചി ആവശ്യങ്ങൾക്കായി റെയിൻബോ റൂസ്റ്റർ ഇനത്തിൽപ്പെട്ട പൂവൻകോഴികളെയും ഫാമിൽ വിജയകരമായി വളർത്തുന്നുണ്ട്. വിരിഞ്ഞ് ഒരു ദിവസം മാത്രം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് ഫാമിലെത്തിക്കുന്നത്.
ശാസ്ത്രീയമായ പരിചരണത്തിലൂടെയും കൃത്യമായ തീറ്റക്രമത്തിലൂടെയും ശരാശരി രണ്ട് കിലോഗ്രാമിലധികം തൂക്കമാകുന്പോൾ ഇവയെ ഇറച്ചിക്കായി വിപണിയിലെത്തിക്കും. മികച്ച വളർച്ചാ നിരക്കുള്ള റെയിൻബോ റൂസ്റ്റർ കോഴികൾക്ക് വിപണിയിൽ വൻ ഡിമാൻഡാണുള്ളത്.
ടർക്കി കോഴികളുടെ വളർത്തലും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. ഇതിന്റെ ആദ്യഘട്ടമായി 250 ടർക്കിക്കുഞ്ഞുങ്ങളെ ഉടൻ തന്നെ ഫാമിലെത്തിക്കും.
കൊല്ലം കുരീപ്പുഴയിലുള്ള സർക്കാർ ടർക്കി ഫാമിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ടർക്കികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേക ശ്രദ്ധയാണ് ജോസ് നൽകുന്നത്.
കേരളത്തിൽ ടർക്കി വളർത്തൽ വലിയ രീതിയിൽ വാണിജ്യാടിസ്ഥാനത്തിൽ വികസിച്ചിട്ടില്ലെങ്കിലും, കൊളസ്ട്രോൾ വളരെ കുറഞ്ഞതും അതീവ രുചികരവുമായ ഇതിന്റെ മാംസത്തിന് ഇന്ന് വിപണിയിൽ വലിയ സാധ്യതകളുണ്ടെന്ന് ജോസ് പറയുന്നു.
വരും സീസണുകളിൽ ടർക്കി വളർത്തലിലൂടെ വലിയൊരു വിപണി മുന്നേറ്റമാണ് താൻ ലക്ഷ്യമിടുന്നതെന്നും ഈ കർഷകൻ പറയുന്നു.
ഫോണ്: 9605099384
Tags : Quail Farming Agriculture