സുൽത്താൻ ബത്തേരി: വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ "മുട്ടിക്കൊന്പൻ' കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം ഇന്നലെയും പരാജയം. ആനയെ കണ്ടെത്താനായില്ലെന്നും ദൗത്യം തുടരുന്നതായും അധികൃതർ അറിയിച്ചു.
നിരവധി ദിവസങ്ങളായി കുംകിയാനകളെ ഉൾപ്പെടുത്തി നടത്തിയ തെരച്ചിലിനൊടുവിലും ഫലം കാണാത്തത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് മുട്ടിക്കൊന്പനെ തേടി കുംകിയാനകൾ വനത്തിൽ പ്രവേശിച്ചെങ്കിലും ആനയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെയും തെരച്ചിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ആനയുടെ സാന്നിധ്യം കണ്ടെത്താനാകാത്തതിനാൽ ദൗത്യം പൂർത്തിയാക്കാനായില്ല.
ഇതിനിടെ ഞായറാഴ്ച രാത്രി കല്ലൂർ, കല്ലുമുക്ക് പ്രദേശങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ചു. പാന്പാക്കടച്ചാലിൽ ഏലിയാസിന്റെ കൃഷിയിടത്തിൽ കയറിയ ആന നിരവധി തെങ്ങുകൾ നാമാവശേഷമാക്കി. നാട്ടുകാർ ബഹളം വച്ചതോടെ ആന വനത്തിലേക്ക് മടങ്ങി. വെളിച്ചം കാണുന്പോൾ നേരെ ഓടിയെത്തുന്ന സ്വഭാവം കാണിക്കുന്നതുകൊണ്ട് ഇത് മുട്ടിക്കൊന്പൻ തന്നെയാണെന്നാണ് നാട്ടുകാർ ഉറപ്പിക്കുന്നത്.
മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള ഉണ്ണികൃഷ്ണൻ, വിക്രം, സൂര്യ, പ്രമുഖ എന്നീ കുംകിയാനകളെ ദൗത്യത്തിനായി വിന്യസിച്ചിരിക്കുകയാണ്. ഡോ. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച കാട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. ഒരുതവണ മുട്ടിക്കൊന്പൻ സംഘത്തിന് മുന്പിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഒരു വർഷത്തിലേറെയായി വടക്കനാട് മേഖലയിൽ തങ്ങി കൃഷിനാശം വിതയ്ക്കുന്ന മുട്ടിക്കൊന്പനെതിരേ നാട്ടുകാർ പലതവണ പരാതിപ്പെട്ടിരുന്നു. അടുത്തിടെ യുവ കർഷകനായ രജീവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ജനരോഷം ശക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം മൂന്നിന് മുട്ടിക്കൊന്പനെ പിടികൂടാൻ വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. എന്നാൽ തുടർച്ചയായ തെരച്ചിലുകൾക്കിപ്പുറവും ആനയെ കണ്ടെത്താനാകാത്തത് നാട്ടുകാരുടെ ആശങ്കയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്. കാട്ടാനയുടെ ശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : nattu vishesham Wildfires destroy agriculture