റഷീദ്
കോതമംഗലത്തിന് സമീപം പിടവൂരില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ റഷീദിന്റെ വീട്ടുമുറ്റം കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും. വെറും 11 സെന്റ് സ്ഥലത്ത് വൈവിധ്യമാര്‍ന്ന കൃഷികളാണ് ഒരുക്കിയിരിക്കുന്നത്.
അതില്‍ ഏറ്റവും ശ്രദ്ധേയമായത് വീടിന് മുന്നിലെ പന്തലിലാകെ പടര്ന്നുനില്ക്കുന്ന മുന്തിരിവള്ളികളും കുലകളുമാണ്.
മുന്തിരിക്ക് പുറമെ കപ്പ, ചേന, ചേമ്പ്, വാഴ, തെങ്ങ്, മാവ്, പ്ലാവ്, റമ്പൂട്ടാന്‍, പേര, മുരിങ്ങ വിവിധയിനം പച്ചക്കറികള്‍ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ മിക്ക വിളകളും ഈ കൊച്ചുപുരയിടത്തില്‍ വിളയുന്നുണ്ട്.
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളിലാണ് കൃഷിപരിപാലനം.

ചെറുപ്പം മുതലേ കൃഷിയോടുള്ള താത്പര്യവും നല്ല ഭക്ഷണം കഴിക്കണമെന്ന ആഗ്രഹവുമാണ് ഇന്ന് ഈ മാതൃകാ കൃഷിയിടത്തിലേക്ക് എത്തിച്ചതെന്നാണ് റഷീദ് പറയുന്നത്.
ജൈവകര്‍ഷകനായ റഷീദ് നാടിന്റെ അഭിമാനമാണെന്നും ഇവിടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ നാട്ടുകാര്‍ക്കും ലഭിക്കുന്നുണ്ടെന്നും പ്രദേശവാസികളും പറയുന്നു.
ഓട്ടോറിക്ഷയുടെ സ്റ്റിയറിംഗില്‍ നിന്ന് കൃഷിയിടത്തിലേക്ക് കടന്നു വന്ന റഷീദ്, അധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ചെറിയൊരു പുരയിടം പോലും സമൃദ്ധിയുടെ മാതൃകയാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്.