കൃഷിയിടത്തിൽ നിന്ന്
കൃഷി ചെയ്ത് അതിൽനിന്നു കിട്ടുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുകയാണ് കണ്ണൂർ ജില്ലയിലെ മാതമംഗലം കൂട്ടായ്മ. 2018ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരെ സഹായിക്കാൻ വയനാട്ടിലും ആലുവയിലും എത്തി സഹായങ്ങൾ നൽകിയായിരുന്നു രമേശൻ ഹരിതയുടെ നേതൃത്വത്തിൽ മാതമംഗലത്തെ ഒരു കൂട്ടം നല്ല മനുഷ്യർ.
അതിനു ശേഷമാണു നാട്ടിൽ തന്നെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മാതമംഗലം കൂട്ടായ്മ രൂപീകരിച്ചത്. കക്ഷി രാഷ്ട്രീയത്തിനും ജാതി ചിന്തകൾക്കും അതീതമായാണ് കൂട്ടായ്മയുടെ പ്രവർത്തനം. കൂട്ടായ്മയുടെ പ്രവർത്തകർ നൽകുന്ന സഹായവും കൃഷിചെയ്ത്, അതിൽനിന്നു കിട്ടുന്ന വരുമാനവുമാണ് കാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുന്നത്.
കൃഷി ജോലികൾ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് ചെയ്തുവരുന്നത്. കോവിഡ് കാലത്ത് 5,000 ഭക്ഷ്യകിറ്റുകൾ, കുട്ടികൾക്ക് ഫോണ്, ടിവി എന്നിവ നൽകി. അതിനുശേഷം ഇപ്പോഴും അസുഖ ബാധിതർക്ക് മരുന്ന്, സഹായധനം എന്നിവ നൽകിവരുന്നു.
ഓണം, റംസാൻ, വിഷു, നബിദിനം, ക്രിസ്മസ് അവസരങ്ങളിൽ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, സഹായധനം എന്നിവ വിതരണം ചെയ്യുന്നു.
വീട് ഇല്ലാത്തവർക്ക് അതിന് സൗകര്യങ്ങൾ നൽകാനുള്ള ശ്രമവും കൂട്ടായ്മ നടത്തി. രോഗികൾക്കുവേണ്ടി സാന്ത്വന യാത്രകൾ നടത്തിയും സഹായങ്ങൾ നൽകി.

കൊട്ടപ്പൂവ് പദ്ധതി
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതി പ്രകാരം ചെണ്ടുമല്ലി കൃഷിയും വിജയകരമായി നടത്തി വരുന്നുണ്ട്. ഈ വർഷവും ചെണ്ടുമല്ലി കൃഷി വിപുലമായി ചെയ്യുന്നുണ്ട്.
ഓണത്തിനും ശ്രീകൃഷ്ണ ജയന്തിക്കും വിജയദശമിക്കും കൂട്ടായ്മ പൂക്കൾ നൽകിയിട്ടുണ്ട്. വലിയതോതിലുള്ള പൂക്കൃഷിയായതിനാൽ ഇവിടെ സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.
ഇവർ ഉൾപ്പെടെ സംഭാവനകൾ നൽകാറുമുണ്ട്. ഇതും കാരുണ്യ പ്രവർത്തനത്തിനു വിനിയോഗിക്കുകയാണ്. ഈ വർഷം കാലാവസ്ഥ അനുകൂലമായതിനാൽ നല്ല വിളവ് പ്രതീക്ഷിക്കുന്നു. വെണ്ട, വഴുതന, പച്ചമുളക്, ചേന, വാഴ, കോവൽ എന്നിവയും കൃഷി ചെയ്തു വരുന്നുണ്ട്.
കൂട്ടായ്മയിൽ ഉള്ളവരെല്ലാം കാർഷിക മേഖലയിലുള്ളവരും കൃഷിയെ സ്നേഹിക്കുന്നവരും ആയതിനാൽ സമയം കണ്ടെത്തി ഒന്നിച്ചുകൂടി കൃഷി നടത്തുകയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നതുകൊണ്ട് കാരുണ്യ-സേവനപ്രവർത്തനങ്ങൾ നന്നായി ചെയ്യാനും സാധിക്കുന്നു.
കൂട്ടായ്മയുടെ രക്ഷാധികാരി മാതമംഗലത്തെ വ്യാപാരിയും കാരുണ്യ പ്രവർത്തകനുമായ രമേശൻ ഹരിതയാണ്.
Tags : Agriculture Karshakan