ന്യൂഡൽഹി: സ്കൂളുകളിൽ പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികളുടെയും സാനിറ്ററി പാഡുകളുടെ അഭാവവുംമൂലം പെണ്‍കുട്ടികൾക്കു പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി.
ആർത്തവ ശുചിത്വം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻകാല ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.
പെണ്‍കുട്ടികൾക്കു സൗജന്യമായി ഓക്സോബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ നൽകണമെന്നും ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനുവരി 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
വിധി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ കഴിയുന്നത്ര പെണ്‍കുട്ടികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിയിലെ നിർദേശം സംബന്ധിച്ച തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
നിർദേശം നടപ്പാക്കുന്നുണ്ടോ എന്നറിയാൻ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിധിന്യായം പാലിക്കുന്നുണ്ടോയെന്ന് ഓരോ മൂന്നു മാസത്തിന്റെ ഇടവേളയിൽ നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു.
Tags : Supreme Court sanitary napkins school dropping