പാലാ: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിലൂടെ പ്രസിദ്ധമായ കുറിച്ചിത്താനം കെ.ആര്. നാരായണന് ഗവ. എല്‍പി സ്കൂളിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ആര്. നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ക്കു നിവേദനം നല്കി.
നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം ശോച്യാവസ്ഥയിലാണ്. മഴയത്ത് ചോര്‍ന്നൊലിച്ച് മേല്‍ക്കൂര നശിച്ച് അപകടാവസ്ഥയിലുമാണ്. ഗവ. എല്‍പി സ്കൂള്‍ ആയിരുന്ന സ്കൂളിന് കെ.ആര്. നാരായണനോടുള്ള ആദരവിന്റെ ഭാഗമായാണ് അന്ന് മന്ത്രിയായിരുന്ന പി.ജെ. ജോസഫ്, ഉഴവൂര്‍ വിജയന് എന്നിവര്‍ മുന്‍കൈയെടുത്ത് കെ.ആര്. നാരായണന് ഗവ. എല്‍പി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തത്.
കെ.ആര്. നാരായണന് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരിക്കേ സ്കൂളില്‍ എത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറ ലൈബ്രറി കെട്ടിടം നിര്‍മിച്ചു നല്‍കുകയും വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ നനയാതിരിക്കാന്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടേണ്ട ഗതികേടിലാണ്.
അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു.
Tags : school Nattuvishesham District News