ചെറുതോണി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തങ്കമണി പോലീസിന്റെ നേതൃത്വത്തിൽ തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി ജൂണിയർ ഡിവിഷൻ കേഡറ്റുകളുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ സെമിനാറും ഫ്ലാഷ് മോബും സിഗ്നേച്ചർ കാമ്പയിനും നടന്നു.
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ റാലി തങ്കമണി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു.
തങ്കമണി ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനം കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലി ഉദ്ഘാടനം ചെയ്തു. തങ്കമണി സ്കൂൾ പ്രിൻസിപ്പൽ സാബു കുര്യൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് കാട്ടുപാലം, സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ തങ്കച്ചൻ, ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിൻ കളത്തികാട്ടിൽ, കായികാധ്യാപകനായ ഫ്രാങ്ക്ളിൻ വി. ഷാജി, സർക്കിൾ ഇൻസ്പെക്ടർമാരായ
ബിജു ബേബി, പി.ഡി. സേവ്യർ, സന്തോഷ് മാനുവൽ എന്നിവർ പ്രസംഗിച്ചു. തങ്കമണി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സിഗ്നേച്ചർ കാമ്പയിനിലും ബോധവത്കരണ ക്ലാസുകളിലും റാലിയിലും രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും വ്യാപാരികളും പങ്കെടുത്തു.
രക്ഷിതാക്കൾക്കായി സബ് ഇൻസ്പെക്ടർ സന്തോഷ് മാനുവൽ ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് വിദ്യാർഥികൾ ഫ്ളാഷ് മോബും സൂംബാ ഡാൻസും അവതരിപ്പിച്ചു.
Tags : Anti-drug Nattuvishesham District News