മൂന്നുപീടിക: കയ്പമംഗലത്ത് സർവീസ് റോഡുപണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു എംപിക്കു നിവേദനംനൽകി. ദേശീയപാത 66 മൂന്നുപീടിക പനമ്പിക്കുന്നു മുതൽ കയ്പമംഗലം പന്ത്രണ്ടുവരെ പടിഞ്ഞാറെ സർവീസ് റോഡ് ഉടൻ നിർമാണം പൂർത്തിയാക്കണമെന്നും കാളമുറി സ്റ്റോപ്പിൽ ബസുകൾ നിർത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നേതൃത്വത്തിൽ ബെന്നി ബഹനാൻ എംപിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാളമുറി സർവീസ് റോഡ് വഴി ബസുകൾ സഞ്ചരിക്കാൻ നടപടി സ്വീകരിക്കണമെന്ന പഞ്ചായത്തിന്റെ അഭ്യർത്ഥന തിരസ്കരിച്ച, ദേശീയപാത നിർമാണ കരാർ കമ്പനിയായ ശിവാലയയുടെ തീരുമാനത്തിൽ പഞ്ചായത്ത് ഭരണസമിതി എംപിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ദേശീയപാത 66ൽ കയ്പമംഗലം കാളമുറിയിൽ ബസുകൾ പടിഞ്ഞാറെ സർവീസ് റോഡിലൂടെ വരുന്നതിനുപകരം മേൽപ്പാലത്തിലൂടെയാണ് പോകുന്നത്. ഇതുമൂലം കാളമുറി സ്റ്റോപ്പിൽ ഇറങ്ങാനാകാതെ 500 മീറ്ററോളം തെക്ക് പനമ്പിക്കുന്നിലും അതുപോലെതന്നെ വടക്ക് പന്ത്രണ്ടിലും ഇറങ്ങിനടക്കേണ്ട സ്ഥിതിവിശേഷമാണ്.
ഇതിൽ പ്രതിഷേധിച്ച് ഭരണ, പ്രതിപക്ഷ പാർട്ടികൾ പലപ്രാവശ്യം പ്രതിഷേധവുമായി എത്തിയിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം സിപിഐ കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയപാത പനമ്പിക്കുന്നിൽ പ്രതിഷേധസമരം നടത്തി. ഇതിനുപിറകേയാണ് ഇപ്പോൾ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ഇതേ ആവശ്യവുമായി സ്ഥലം എംപിയെ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരാണ് എംപിയെ സന്ദർശിച്ചത്. ആവശ്യങ്ങൾ ഉടൻ പരിഹരിക്കാമെന്ന് എംപി ഉറപ്പ് നൽകിയതായി സന്ദർശകസംഘം അറിയിച്ചു.