കാസര്‍ഗോഡ്: ജില്ലയിലെ റോഡുകളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന രാവിലെ എട്ടു മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു.
ഇന്നു മുതല്‍ നിരോധനം നടപ്പില്‍ വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഇത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അഥോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെയുമാണ് ടിപ്പര്‍ നിരോധനം. എന്നാല്‍ ജില്ലയില്‍ രാവിലെ എട്ടു മുതല്‍ വിവിധ വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് വിടുന്ന സ്കൂളുകളുണ്ട്. ഈ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. സ്കൂള്‍, കോളജ് പരിസരത്തെ റോഡ് സുരക്ഷ കര്‍ശനമാക്കണം. സുരക്ഷ സിഗ്നലുകളും സീബ്രാ ലൈനുകളും ഉറപ്പുവരുത്തണം. സ്കൂള്‍ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി കാണണം. രാവിലെയും വൈകുന്നേരവും കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ആര്‍ടിഒ ജെറാഡ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷാ അഥോറിറ്റി അംഗങ്ങളായ പോലീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍, കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനിയര്‍, കെആര്‍എഫ്ബി എക്സിക്യുട്ടീവ് എന്‍ജിനിയര്‍, തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍, ദേശീയപാത അഥോറിറ്റി പ്രതിനിധികള്‍ സംസാരിച്ചു.
Tags : Tipper Nattuvishesham District News